നായകന്‍ ആര്? മനസ്സ് തുറക്കാതെ വി.എസും സി.പി.എമ്മും

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍െറ നായകര്‍ ആരാകുമെന്ന സൂചന നല്‍കുന്ന നിര്‍ണായക യോഗം ആരംഭിക്കാനിരിക്കെ മനസ്സ് തുറക്കാതെ വി.എസ്. അച്യുതാനന്ദനും നേതൃത്വവും. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പിന്നീട് അറിയിക്കാമെന്ന് വി.എസ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. സ്ഥാനാര്‍ഥിത്വ വിഷയം അടക്കം ചര്‍ച്ച ചെയ്യാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് വി.എസിന്‍െറ പ്രതികരണം.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന പി.ബി ഉപസമിതിക്ക് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നായക വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. എന്നാല്‍, സെക്രട്ടേറിയറ്റിലും ബുധനാഴ്ചത്തെ സംസ്ഥാന സമിതിയിലും ഉയരുന്ന അഭിപ്രായങ്ങള്‍ നിര്‍ണായകമാവുമെന്ന സൂചന കോടിയേരിയുടെ പ്രസ്താവനയിലുണ്ട്. ഡല്‍ഹി ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സെക്രട്ടേറിയറ്റ് ചേരുന്നത്.

ലാവലിന്‍ കേസില്‍ യു.ഡി.എഫ് സര്‍ക്കാറിന് ഹൈകോടതിയില്‍ തിരിച്ചടി നേരിട്ടതോടെ ഒന്നര ദശാബ്ദത്തിന് ശേഷം പിണറായി വിജയന്‍െറ പാര്‍ലമെന്‍ററി രംഗത്തേക്കുള്ള കടന്നു വരവിനും വഴി തുറക്കുകയാണ്. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍െറയും സി.പി.എമ്മിന്‍െറയും നായക സ്ഥാനത്തേക്ക് പിണറായി എത്തണമെന്ന് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്.

അതേസമയം, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മത്സരരംഗത്ത് ഇത്തവണയും ഉണ്ടാകുമോ എന്നത് സംബന്ധിച്ച് അഭ്യൂഹം നിലനില്‍ക്കുകയാണ്. വി.എസിന്‍െറ ജനകീയത തെരഞ്ഞെടുപ്പ് രംഗത്ത് ഉപയോഗിക്കണമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കെല്ലാം ഏകാഭിപ്രായമാണ്. വി.എസിനെ മത്സരിപ്പിക്കണമോ എന്നത് സി.പി.എമ്മിന്‍െറ ആഭ്യന്തര വിഷയമാണെങ്കിലും തെരഞ്ഞെടുപ്പ് സാധ്യതകളെ അട്ടിമറിക്കുന്ന തീരുമാനം ഉണ്ടാകില്ളെന്നാണ് അവരുടെ വിശ്വാസം. സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിനും വിഷയം അവധാനതയോടെ കൈകാര്യം  ചെയ്യണമെന്ന നിലപാടിലാണ്.

വി.എസ് പ്രചാരണത്തില്‍ സജീവമാകണമെന്നും മത്സരരംഗത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും അഭിപ്രായമുള്ള ഒരു വിഭാഗം സി.പി.എം നേതൃത്വത്തിലടക്കമുണ്ട്. സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ഉയരുന്ന അഭിപ്രായങ്ങളാവും നായക വിഷയത്തിലേക്ക് വ്യക്തമായ സൂചന നല്‍കുക. ഒൗദ്യോഗിക വിഭാഗത്തിന് ഒപ്പം നില്‍ക്കുന്ന ഈ കമ്മിറ്റികളില്‍ ഉയരുന്ന അഭിപ്രായം കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.