ചെന്നൈ: വിശാലമായ മുറ്റത്തും പരിസരത്തും അവസരം കാത്തിരിക്കുന്ന തൂവെള്ള വസ്ത്രധാരികളുടെ പുരുഷാരം. ഇടക്ക് വര്‍ണസാരികള്‍ അണിഞ്ഞ സ്ത്രീകളും. പരസഹായികളുടെ തോളിലേറി എത്തിയവരും കുറവല്ല. യുവനിരയും മധ്യനിരയും ഇടിച്ചിടിച്ച് നില്‍പ്പാണ്. ഹൃദിസ്ഥമാക്കിയത് ഇടക്കിടെ ഉരുവിട്ട് ഉറപ്പിക്കുന്നുണ്ട്. ഓരോരുത്തരുടെയും കൈവശം പാര്‍ട്ടി സേവനത്തിന്‍െറ നീണ്ട അനുഭവം വിവരിക്കുന്ന പത്ര കട്ടിങ്ങുകള്‍ ഉള്‍പ്പെട്ട കെട്ടുകണക്കിന് പേപ്പറുകള്‍. അഭിമുഖം കഴിഞ്ഞ് ഇറങ്ങിവരുന്നവരുടെ അടുത്തേക്ക് ചോദ്യങ്ങള്‍ അറിയാന്‍ അടുത്തുകൂടുന്നവര്‍.

സ്ഥാനാര്‍ഥികളെ കണ്ടത്തൊന്‍ അഭിമുഖ പരീക്ഷ നടക്കുന്ന ചെന്നൈയിലെ പാര്‍ട്ടി പരിസരങ്ങളിലെ കാഴ്ചയാണിത്. പുലര്‍ച്ചെ തന്നെ പാര്‍ട്ടി ഓഫിസ് പരിസരം പരീക്ഷാര്‍ഥികളെ കൊണ്ട് നിറയും. ഉച്ചയോടടുക്കുന്തോറും തിരക്ക് സമീപത്തെ ഗതാഗതം മുടക്കുമാറ് വ്യാപിക്കും.  ആദ്യം എത്തിയ ചിലര്‍ ആ പരിഗണനയില്‍ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന അംഗമായാലും താമസിച്ചത്തെിയാല്‍ മുന്തിയ പരിഗണന വേണമെന്ന വാശിയൊന്നും നടപ്പില്ല. ദ്രാവിഡ മുന്നേറ്റ കഴകം, വിജയകാന്തിന്‍െറ ദേശീയ ദ്രാവിഡ മൂര്‍പ്പോക്ക് കഴകം, മുന്‍ കേന്ദ്രമന്ത്രി ജി.കെ. വാസന്‍ നേതൃത്വം നല്‍കുന്ന തമിഴ് മാനില കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നവരുമായി അഭിമുഖം തുടങ്ങിയത്.

ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രമാണുണ്ടാവുക. ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധി, ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍, എം.കെ. സ്റ്റാലിന്‍,  മുന്‍ മന്ത്രി ദുരൈ മുരുകന്‍ എന്നിവരാണ് അപേക്ഷകരെ കണ്ടത്. മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എണ്ണായിരത്തോളം അപേക്ഷകളാണ് ഡി.എം.കെക്ക് കിട്ടിയത്. അപേക്ഷ ഫീസ് ഇനത്തല്‍ 28 കോടി രൂപ പാര്‍ട്ടി ഫണ്ടിലേക്ക് ഒഴുകിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുടെ മണ്ഡലങ്ങള്‍ നേരത്തെ ഉറപ്പിച്ചു കഴിഞ്ഞു. ഭൂമിശാസ്ത്രപരമായ കാര്യങ്ങള്‍, വിജയ സാധ്യത, പ്രവര്‍ത്തന പാരമ്പര്യം, ജനസ്വാധീനം, പാര്‍ട്ടിക്കു വേണ്ടിയും ജനങ്ങള്‍ക്കും ചെയ്ത സേവനങ്ങള്‍, വ്യത്യസ്ത വികസന കാഴ്ചപ്പാടുകള്‍ എന്നിവ അടങ്ങിയതാണ് ചോദ്യാവലി.  ഭാവി എം.എല്‍.എമാരെ നേരിട്ട് കണ്ട് നിശ്ചയിക്കുന്നത് പാര്‍ട്ടി പ്രതിച്ഛായ നിലനിര്‍ത്താനാണെന്ന് വക്താവ് ടി.കെ.എസ്. ഇളങ്കോവന്‍ അഭിപ്രായപ്പെട്ടു. സീറ്റ് മോഹിച്ചത്തെുന്ന ചില വിരുതന്മാരെ കൈയോടെ പുറത്താക്കും.  സീറ്റുമോഹികളെയും യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകരെയും തിരിച്ചറിയാന്‍ മുഖാമുഖം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദിവസവേതനക്കാര്‍ മുതല്‍ വന്‍ കച്ചവടക്കാരും വിരമിച്ച ഉദ്യോഗസ്ഥരും മുന്‍ സിവില്‍ സര്‍വിസുകാരും എക്സിക്യൂട്ടിവും അഭിമുഖത്തിനത്തെുന്നുണ്ട്. ഇതിനിടെ വര്‍ഷങ്ങളുടെ പാര്‍ട്ടി സേവനം തെളിയിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണ പ്രവര്‍ത്തകരെയും കാണാം. മുതിര്‍ന്ന നേതാക്കളുടെ ശിപാര്‍ശയോടെ എത്തുന്നവരുടെ അപേക്ഷ പ്രത്യേകം മാറ്റിവെക്കും.  

മുന്‍ മന്ത്രി ആലഡി അരുണയുടെ മക്കളായ ഏഴില്‍വനനും പൂങ്കോതൈയും ഉള്‍പ്പെടെ ആറുപേരാണ് ആലുംകുളം നിയമസഭാ സീറ്റ് തേടി എത്തിയത്. മുന്‍  ഐ.പി.എസ് ഉദ്യോഗസ്ഥനായ എന്‍. വാനമലൈ ജാതി സമവാക്യങ്ങളാല്‍ താന്‍ നില്‍ക്കുന്ന മണ്ഡലത്തില്‍ ജയിക്കുമെന്ന് അവകാശപ്പെട്ടു. മുന്‍ ഐ.പി.എസ് ഓഫിസറായ വൈ. ജോണ്‍ നിക്കോള്‍സണ്‍ തിരുനെല്‍വേലി ജില്ലയിലെ അഞ്ചുമണ്ഡലങ്ങളിലെവിടെയെങ്കിലും അപേക്ഷിച്ചവരില്‍ പെടും. താന്‍ ഈ ജില്ലയുടെ മിക്ക പ്രദേശങ്ങളിലും 15 വര്‍ഷം ജോലി നോക്കിയതിനാല്‍ ജനങ്ങള്‍ക്ക് സുപരിചിതനാണെന്നായിരുന്നു മറുപടി.

കോയമ്പേടുള്ള പാര്‍ട്ടി ആസ്ഥാനത്താണ് ഡി.എം.ഡി.കെ നേതാവ് വിജയകാന്ത് അപേക്ഷകരെ കണ്ടത്. തിരുനെല്‍വേലി, കന്യാകുമാരി, തിരുവള്ളൂര്‍, നീലഗിരി ജില്ലകളിലുള്ളവരെ കണ്ടു. മറ്റ് സഖ്യകക്ഷികള്‍ക്ക് സീറ്റ് നല്‍കിയാല്‍ പരിഗണിക്കപ്പെട്ട അപേക്ഷകരുടെ പണം തിരികെ നല്‍കുമെന്നാണ് നേതൃത്വത്തിന്‍െറ വിശദീകരണം. അണ്ണാ ഡി.എം.കെയും ഇടതുപക്ഷവും വൈക്കോയും ഉള്‍പെട്ട ജനക്ഷേമ മുന്നണിയും അടുത്ത ദിവസങ്ങളില്‍ സ്ഥാനാര്‍ഥി മോഹികളെ കാണും. സഖ്യത്തില്‍ വ്യക്തത വരാത്തതിനാല്‍ ബി.ജെ.പി തീയതി തീരുമാനിച്ചിട്ടില്ല. ഡി.എം.കെയുമായി സീറ്റ് തീരുമാനമാകാത്തതിനാല്‍ കോണ്‍ഗ്രസും സംശയമുനമ്പിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.