രാഹുല്‍ എത്തുന്നു; പ്രചാരണത്തിന് നാന്ദികുറിക്കലാവും

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിച്ച ജനരക്ഷായാത്രയുടെ സമാപനത്തോടനുബന്ധിച്ച് ചൊച്ചാഴ്ച വൈകീട്ട് അഞ്ചിന് ശംഖ്മുഖം കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ജനുവരി നാലിന് കാസര്‍കോടുനിന്ന് ആരംഭിച്ച യാത്ര ശനിയാഴ്ച സമാപിച്ചെങ്കിലും രണ്ടുദിവസത്തെ ഇടവേളക്കുശേഷമാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാന നേതാക്കളെല്ലാം സംബന്ധിക്കും. തെക്കന്‍ ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരായിരിക്കും പ്രധാനമായും സമ്മേളനത്തില്‍ പങ്കെടുക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ചൊവ്വാഴ്ചത്തെ സമ്മേളനം പ്രചാരണപരിപാടിയുടെ നാന്ദികുറിക്കല്‍ കൂടിയാവും. അതിനാല്‍ത്തന്നെ സി.പി.എമ്മിനും ബി.ജെ.പിക്കും എതിരെ ശക്തമായ പ്രതികരണം രാഹുല്‍ ഉള്‍പ്പെടെ നേതാക്കളില്‍ നിന്ന് ഉണ്ടാകാനിടയുണ്ട്.

രാഹുല്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി രാത്രി മാസ്കറ്റ് ഹോട്ടലില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ നിയമസഭാ തെരഞ്ഞെടുപ്പുതന്നെയായിരിക്കും മുഖ്യചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്നത് ഇവിടെയാണ്. ഭരണത്തുടര്‍ച്ച യാഥാര്‍ഥ്യമാകുമെന്ന് പാര്‍ട്ടി നേതൃത്വം ഒരുഘട്ടത്തില്‍ ഏകദേശം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പോടെ ചിത്രം മാറി. തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് തോല്‍വികള്‍ ഏറ്റുവാങ്ങിയ ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-യു.ഡി.എഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. തോല്‍വിയുടെ ഞെട്ടല്‍ മാറുംമുമ്പ് ഉയര്‍ന്ന സോളാര്‍ -ബാര്‍ കോഴ ആരോപണങ്ങള്‍ സര്‍ക്കാറിനെയും മുന്നണിയെയും കൂടുതല്‍ പ്രതിരോധത്തിലാക്കി. സര്‍ക്കാറിന്‍െറയും യു.ഡി.എഫിന്‍െറയും പ്രതിച്ഛായക്ക് കാര്യമായ മങ്ങലേറ്റ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കേരളത്തിലത്തെുന്നത്. അതിനാല്‍ അദ്ദേഹം നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങളെല്ലാം സ്വാഭാവികമായും ഉയര്‍ന്നുവരും. രാഹുല്‍ ടീമിലെ ചിലര്‍ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഉണ്ട്. അടുത്തിടെ ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. അവരില്‍നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍െറ കൂടി അടിസ്ഥാനത്തിലായിരിക്കും നേതാക്കളുമായുള്ള രാഹുലിന്‍െറ ചര്‍ച്ച.

പഴയപോലെ പരസ്യമായി ഗ്രൂപ് തിരിഞ്ഞ് നേതാവിന്‍െറ മുന്നില്‍ പരാതിക്കെട്ട് അഴിക്കാന്‍ തയാറാവില്ളെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണമെന്ന ആവശ്യം സംസ്ഥാന നേതാക്കള്‍ ഉന്നയിക്കും. ആരോപണങ്ങള്‍ മുന്നണിയുടെയും പാര്‍ട്ടിയുടെയും പ്രതിച്ഛായയെ ബാധിച്ചുവെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ തര്‍ക്കമില്ല. അതേസമയം, അതിനുള്ള പരിഹാരം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഗ്രൂപ്പിന് പകരം വിജയസാധ്യതക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യം രാഹുലിന് മുന്നില്‍ ഉയര്‍ന്നേക്കും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി മാത്രമാണ് ചൊവ്വാഴ്ച രാത്രിയില്‍ രാഹുല്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ആരെങ്കിലും കാണണമെന്ന് താല്‍പര്യപ്പെട്ടാല്‍ അനുവദിക്കുമെന്നാണ് കെ.പി.സി.സി വ്യക്തമാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.