ബാര്‍ കോഴക്കേസ്: മാണിയെ പ്രതിരോധിക്കാനാകാതെ കേരള കോണ്‍ഗ്രസ് നേതൃത്വം

കോട്ടയം: ബാര്‍ കോഴക്കേസിലെ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.എം. മാണിയെ പ്രതിരോധിക്കാന്‍ കഴിയാതെ കേരള കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയില്‍. തന്നെ സംരക്ഷിക്കാന്‍ പാര്‍ട്ടിയുടെ പ്രമുഖരാരും ഇനിയും രംഗത്തു വരാത്തതില്‍ മാണി കടുത്ത അമര്‍ഷത്തിലുമാണ്. ഇക്കാര്യം അടുത്ത വിശ്വസ്തരോട് അദ്ദേഹം പങ്കുവെച്ചു. ജോസഫ് എം. പുതുശേരിയും ജോയ് എബ്രഹാമും അടങ്ങുന്ന രണ്ടാം നിര നേതാക്കളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഏറ്റവും സീനിയറായ പി.ജെ. ജോസഫ് അടക്കമുള്ളവര്‍ തുടരുന്ന മൗനമാണ് വിജിലന്‍സ് അന്വേഷണം സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കാള്‍ മാണിയെ ആശങ്കപ്പെടുത്തുന്നത്.

പാര്‍ട്ടി സംസ്ഥാന ഭാരവാഹികളോ എം.എല്‍.എമാരോ ആരും തന്നെ മാണിയെ പ്രതിരോധിക്കാന്‍ ഇനിയും തയാറായിട്ടില്ല. മുമ്പ് ആരോപണ വിധേയനാകുമ്പോഴൊക്കെ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ സംരക്ഷകരായി രംഗത്തത്തെിയിരുന്നെങ്കില്‍ യു.ഡി.എഫ് വിട്ടതോടെ അതുമില്ലാതായി. പ്രശ്നാധിഷ്ഠിത പിന്തുണ വാഗ്ദാനം ചെയ്ത സി.പി.എമ്മും ബി.ജെ.പിയും ഒന്നുപോലെ കൈവിട്ടതും മാണിക്ക് തിരിച്ചടി തന്നെ. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെയെന്നാണ് സി.പി.എമ്മിന്‍െറ പ്രതികരണം. മുമ്പ് പാര്‍ട്ടിയിലും പുറത്തും മാണിക്കായി വാദിച്ചിരുന്ന പി.സി. ജോര്‍ജും ആന്‍റണി രാജുവും ഇപ്പോള്‍ പുറത്താണ്. ഇവരിപ്പോള്‍ മാണിയുടെ ഏറ്റവും വലിയ വിമര്‍ശകരുമായി. തുടരന്വേഷണം മാണിയുടെയും പാര്‍ട്ടിയുടെയും അന്ത്യത്തിനു വഴിയൊരുക്കുമെന്നായിരുന്നു ജോര്‍ജിന്‍െറ പ്രതികരണം.

അതേസമയം, പഴയ ജോസഫ് വിഭാഗത്തിന്‍െറ മൗനം മാണിയെ ഞെട്ടിക്കുന്നു. തുടരന്വേഷണം ഊര്‍ജിതമാക്കാന്‍ വിജിലന്‍സ് പ്രത്യേക സംഘത്തെ നിയോഗിച്ച് ചോദ്യംചെയ്യലടക്കം പ്രതിസന്ധികള്‍ ഓരോന്നായി വിടാതെ തന്നെ പിന്തുടരുമെന്നു ആശങ്കപ്പെടുന്ന മാണി സ്വന്തം പാര്‍ട്ടിയില്‍നിന്നുണ്ടാകുന്ന കയ്പേറിയ അനുഭവത്തില്‍ അതീവ ദു$ഖിതനാണെന്നാണ് വിവരം.

മാണിയെ ഒതുക്കാനുള്ള അണിയറ നീക്കങ്ങളും പാര്‍ട്ടിയില്‍ സജീവമാണ്. കൂറുമാറ്റ നിരോധനിയമത്തെ എങ്ങനെ മറികടക്കാനാകുമെന്ന ആലോചനയും ജോസഫ് വിഭാഗത്തില്‍ തകൃതിയാണ്. മാണിക്കൊപ്പം നില്‍ക്കുന്ന എം.എല്‍.എമാരുടെ പിന്തുണ തേടാനുള്ള നീക്കങ്ങളും പ്രമുഖര്‍ തള്ളുന്നില്ല. തല്‍ക്കാലം മാണി ഒറ്റക്ക് നില്‍ക്കട്ടെയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

കേസ് അന്വേഷണം ശക്തമാക്കാനുള്ള കരുനീക്കങ്ങളെ കോണ്‍ഗ്രസ് പിന്തുണക്കുമെന്ന ആശങ്കയും മാണിക്കുണ്ട്. വിജിലന്‍സ് അന്വേഷണം ഇനി പാര്‍ട്ടിയിലെ ആര്‍ക്കൊക്കെ എതിരെ തിരിയുമെന്ന ആശങ്കയിലുമാണ് കേരള കോണ്‍ഗ്രസ് നേതൃത്വം. മാണിക്ക് പുറമെ ജോസ് കെ. മാണിക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.