കേരളത്തില്‍ പി.ബി അംഗങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാന സമിതി യോഗം

തിരുവനന്തപുരം: സി.പി.എം സംഘടനാരൂപം മെച്ചപ്പെടുത്താനുള്ള കൊല്‍ക്കത്ത പ്ളീനം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനത്ത് പി.ബി അംഗങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാന സമിതി ചേരും. മൂന്നു ദിവസമായി ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. എന്നാല്‍, സംസ്ഥാന സമിതി ചേരുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ സെപ്റ്റംബറില്‍ ചേരുന്ന പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളാണ് അന്തിമ തീരുമാനമെടുക്കുക. സെപ്റ്റംബര്‍ ആറിനാണ് പി.ബി ചേരുന്നത്. 17 മുതല്‍ 19 വരെ കേന്ദ്ര കമ്മിറ്റിയും ചേരുന്നുണ്ട്.

കേരളത്തില്‍ വിപുലീകൃത സംസ്ഥാന സമിതി ചേരണമോ എന്നതാണ് സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തത്. എന്നാല്‍, സംഘടനാ ശുദ്ധീകരണ നടപടികള്‍ കേരള ഘടകം നടപ്പാക്കുന്നെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിലും കൊല്‍ക്കത്ത പ്ളീനം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തല്‍ നടപടികള്‍ സംസ്ഥാനത്ത് കീഴ്ഘടകംവരെ ചര്‍ച്ചചെയ്ത് നടപ്പാക്കിയിരുന്നു.

സംസ്ഥാനത്തെ സംഘടനാ ബലഹീനതകള്‍ പരിഹരിക്കാന്‍ 2014ല്‍ പാലക്കാട്ട് പ്രത്യേക പ്ളീനവും ചേര്‍ന്നു. ഇതൊക്കെ പരിഗണിച്ചാണ് സംസ്ഥാനത്ത് ഇനി വിശാല സംസ്ഥാന സമിതി വിളിക്കേണ്ടതില്ളെന്ന ധാരണയില്‍ സെക്രട്ടേറിയറ്റ് എത്തിയത്. പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ സെക്രട്ടേറിയറ്റ് ധാരണ പരിഗണിക്കും. തുടര്‍ന്നാവും പി.ബി അംഗങ്ങള്‍ ചേര്‍ന്നുള്ള സംസ്ഥാന സമിതിയുടെ തീയതിയടക്കം തീരുമാനിക്കുക.

ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍മാരുടെ കാര്യത്തില്‍ വരുംദിവസങ്ങളില്‍ അന്തിമ തീരുമാനമെടുക്കും. സി.പി.ഐയുമായി രണ്ട് സ്ഥാപനങ്ങള്‍ കൈമാറാനുണ്ട്. എല്‍.ഡി.എഫുമായി സഹകരിക്കുന്ന കക്ഷികള്‍ക്ക് നല്‍കേണ്ട സ്ഥാപനങ്ങളില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ധാരണയിലെത്തേണ്ടതുണ്ട്. ഓരോ സ്ഥാപനത്തിലെയും അംഗങ്ങള്‍ എത്രയാണെന്നും തീരുമാനിക്കണം. ഇക്കാര്യത്തില്‍ ഈമാസം 30ലെ എല്‍.ഡി.എഫ് യോഗത്തില്‍ ധാരണയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.