മുന്നണിയുടെ നയങ്ങള്‍ക്കും സ്ഥാനാര്‍ഥിക്കുമാണ് ജനം വോട്ട് ചെയ്യുന്നത് –ചെന്നിത്തല

കോട്ടയം: ഒരു കക്ഷി പോയാല്‍ യു.ഡി.എഫ് ഇല്ലാതാവില്ളെന്നും  മുന്നണിയുടെ നയങ്ങള്‍ക്കും സ്ഥാനാര്‍ഥിക്കുമാണ് ജനം വോട്ട് ചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോട്ടയം ഡി.സി.സി ഓഫിസില്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് എം മുന്നണി വിടണമെന്ന് യു.ഡി.എഫിലെ ഒരു കക്ഷിയും ആഗ്രഹിച്ചിരുന്നില്ല.

ഉമ്മന്‍ ചാണ്ടി നേരിട്ടും കുഞ്ഞാലിക്കുട്ടി പലതവണ ഫോണില്‍ സംസാരിച്ചിട്ടും യു.ഡി.എഫ് വിട്ടുപോകാന്‍ കേരള കോണ്‍ഗ്രസ് സ്വയം തീരുമാനിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം പോയതിനാല്‍ യു.ഡി.എഫ് പിരിച്ചുവിടണമെന്ന് പറയാന്‍ കോടിയേരി ബാലകൃഷ്ണന് അവകാശമില്ല. അങ്ങനെയെങ്കില്‍ ജോസഫ് വിഭാഗവും ജനതാദളും ആര്‍.എസ്.പിയും മുന്നണി വിട്ടപ്പോള്‍ ഇടതു മുന്നണി മൂന്നു തവണ പിരിച്ചുവിടേണ്ടതായിരുന്നുവെന്നും രമേശ് പരിഹസിച്ചു.

40 ശതമാനം വോട്ട് ലഭിച്ച യു.ഡി.എഫിന്‍െറ ജനപിന്തുണക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. സി.പി.എമ്മുകാര്‍ക്ക് മാത്രമാണ് ആഭ്യന്തരവകുപ്പില്‍നിന്ന് നീതി നല്‍കുന്നത്. ഈരാറ്റുപേട്ടയില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി നസീറിനെ സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം. രണ്ടുതവണ ശ്രമിച്ചിട്ടും നസീറിന്‍െറ വീട്ടുകാര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചില്ല. വിഷയം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിനെതിരെ പെട്ടെന്നൊരു സമരം നടത്താന്‍ യു.ഡി.എഫ് ആഗ്രഹിച്ചിരുന്നില്ല. സര്‍ക്കാറിന്‍െറ തുടക്കത്തില്‍തന്നെ ജനവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചത് യു.ഡി.എഫിനെ സമരമാര്‍ഗത്തിലേക്ക് തള്ളിവിടുകയായിരുന്നു. 805 കോടിയുടെ അധികനികുതി ഭാരമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ജനങ്ങളില്‍ ചുമത്തിയത്. ഓണത്തിനു മുമ്പ് അവശ്യസാധനവില കുതിച്ചുയര്‍ന്നത് പൊതുവിതരണരംഗത്തെ സര്‍ക്കാറിന്‍െറ അനാസ്ഥയാണ് കാട്ടുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് 30ന് 14 ജില്ലകളിലും നടത്തുന്ന പ്രതിഷേധസമരമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.