ത്രിതലത്തിലും ബീഫ് ഉലത്ത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്‍െറ രാഷ്ട്രീയ ചേരുവയില്‍ വെന്തും വേവാതെയും ബീഫ്. മസാലയിട്ട് പുരട്ടുംപോലെ അത് കേരളത്തിലെ രാഷ്ട്രീയ ചീനച്ചട്ടികളില്‍ കിടന്നുരുളുകയാണ്. കേരളത്തിലെന്ത് ബീഫ് എന്നു ചോദിച്ചിരുന്നവര്‍ക്കുപോലും അതിന്‍െറ രുചിയൊന്ന് പറഞ്ഞേ പറ്റൂ എന്ന അവസ്ഥയിലായിരിക്കുകയാണ് കാര്യങ്ങള്‍. എന്തിന്, വെജിറ്റേറിയന്‍മാര്‍ക്കു പോലും അതിലൊന്ന് തൊടാതെ മുന്നോട്ടുപോകാന്‍ കഴിയുന്നില്ല.

കൊത്തിക്കൊത്തി മുറത്തില്‍ക്കയറിക്കൊത്തുന്നതു പോലെ കേരള ഹൗസിന്‍െറ അടുക്കളയില്‍ വരെ കൊത്തിത്തുടങ്ങിയതോടെയാണ്  കേരളത്തില്‍ ഇതുവരെ കാണാതെയും കേള്‍ക്കാതെയും ഇരുന്നവര്‍ക്കും ബീഫെന്നു പറയാതെ വയ്യാതായത്. തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളും നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങളുമെല്ലാം ഇപ്പോള്‍ ബീഫ് മയമാണ്. തുടക്കം മുതല്‍ സിപി.എം അടക്കമുള്ള ഇടതുപക്ഷത്തിന് ബീഫിന്‍െറ കാര്യത്തില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല. തങ്ങളുടെ ഇഷ്ടഭക്ഷണമാണ് അതെന്നു മാത്രമല്ല, ഇഷ്ടമുള്ളവര്‍ക്കെല്ലാം അത് കൊടുക്കണമെന്നുള്ള നിലപാടിലുമായിരുന്നു അവര്‍. വി.എസും കോടിയേരിയും പ്രസംഗങ്ങളില്‍ ബീഫ് പുരട്ടിയപ്പോള്‍ പി.ബി അംഗങ്ങളായ പിണറായിയും ബേബിയും അവിടം കൊണ്ടും നിര്‍ത്തിയില്ല. കേരള ഹൗസില്‍ ബീഫ് പരിശോധനക്ക് പൊലീസത്തെിയപ്പോള്‍ പിണറായി അവിടെ പറന്നത്തെി. ഇന്നലെ ബേബി അവിടെച്ചെന്ന് ബീഫെന്ന പോത്തിറച്ചി കഴിക്കുകയും ചെയ്തു.

ഇതുവരെ തൊട്ടുതൊട്ടില്ല എന്ന മട്ടിലായിരുന്നു കോണ്‍ഗ്രസെങ്കിലും കേരള ഹൗസില്‍ കേന്ദ്ര പൊലീസ് കയറി ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്തതോടെ, അവരും ചൂടായി. ഡല്‍ഹി പൊലീസ് തെറ്റ് മനസ്സിലാക്കി തിരുത്തിയില്ളെങ്കില്‍ നിയമനടപടിക്ക് പോകുമെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭായോഗം ചേര്‍ന്ന് പ്രഖ്യാപിച്ചത്. അതേസമയം, ബീഫിലെ കോണ്‍ഗ്രസ് നിലപാട് ചോദിച്ചപ്പോള്‍ ഇവിടെ അതു കിട്ടുന്നുണ്ടല്ളോയെന്ന മറു ചോദ്യമായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. ഇന്ത്യന്‍ നിലപാട് പറയേണ്ടത് ഹൈകമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോത്തിന്‍െറ കാര്യത്തില്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. എന്തുവന്നാലും ആരെതിര്‍ത്താലും കേരള ഹൗസില്‍ പോത്തിറച്ചിക്കറി വില്‍ക്കും.

ഒരാഴ്ച മുമ്പ് ഇഷ്ടമുള്ളവര്‍ക്കെല്ലാം ബീഫ് കഴിക്കാമെന്നും അതില്‍ കൈയിടാന്‍ താന്‍ വരില്ളെന്നും ഉറപ്പുപറഞ്ഞ്, തണുത്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ ഡല്‍ഹി സംഭവത്തോടെ ബീഫ് വറുത്തു മൂക്കുംപോലെ ഒന്ന് മൂത്തിരിക്കുകയാണ്. ഡല്‍ഹിയില്‍ ബീഫ് വിറ്റാല്‍ റെയ്ഡല്ല, പലതും സംഭവിക്കാമെന്നാണ് അദ്ദേഹത്തിന്‍െറ മുന്നറിയിപ്പ്. മുരളി ചൂടായി നില്‍ക്കുകയാണെങ്കിലും പുതിയ കൂട്ടുകാരനായ വെള്ളാപ്പള്ളിക്ക് ബീഫിനോട് വിരോധമില്ളെന്ന് നയം വ്യക്തമാക്കിയതിനാല്‍  ഇനിയും അദ്ദേഹം കടുക്കില്ളെന്ന് ആശ്വസിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.