പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ

കാസര്‍കോടിന്‍െറ രാഷ്ട്രീയ മനസ് എപ്പോഴും പ്രവചനാതീതമാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം ബി.ജെ.പിക്കും വളക്കൂറുള്ള മണ്ണില്‍ അയല്‍ ജില്ലയായ കണ്ണൂരിനെ പോലെ മൃഗീയ ആധിപത്യം ഉറപ്പിക്കാനായിട്ടില്ല ഇപ്പോഴും ഇടതിന്. ഇടതുപക്ഷത്തിന്‍െറ ഉരുക്ക് കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലം ഒരിക്കല്‍ മാത്രമാണ് യു.ഡി.എഫനൊപ്പം നിന്നത്.  എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി. സിദ്ധീഖും ബി.ജെ.പിയുടെ കെ. സുരേന്ദ്രനും പി. കരുണാകരന് ഭീഷണി ഉയര്‍ത്തിയത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ആശങ്ക ഉയര്‍ത്തി.

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നും ഇടതിനൊപ്പമാണ്.  ദക്ഷിണ കാനറയില്‍പെട്ട കാസര്‍കോട് നഗരവും പരിസര പ്രദേശങ്ങളും മുസ്ലീം ലീഗും ബി.ജെ.പിയും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തും കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക എന്നീ ബ്ളോക്ക് പഞ്ചായത്തുകളും ഇടതുപക്ഷം വിജയിച്ചപ്പോള്‍ മഞ്ചേശ്വരം, കാസര്‍കോട്, പരപ്പ എന്നീ ബ്ളോക്ക് പഞ്ചായത്തുകള്‍ യു.ഡി.എഫിനൊപ്പമാണ് നിന്നത്. നഗരസഭകളില്‍ കാസര്‍കോടും കാഞ്ഞങ്ങാടും യു.ഡി.എഫ് വിജയിച്ചപ്പോള്‍ നീലേശ്വരം എല്‍.ഡി.എഫിനൊപ്പമായിരുന്നു.  യു.ഡി.എഫിന് ഭരണമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് 16ല്‍ ഒമ്പതും നേടി എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.

38 പഞ്ചായത്തുകളില്‍ 15ല്‍ മാത്രമാണ് എല്‍.ഡി.എഫ് ഭരണം. നേരത്തേ അഞ്ച് പഞ്ചായത്ത് ഭരണം ഉണ്ടായിരുന്ന ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് മൂന്നായി. 20 പഞ്ചായത്തുകളില്‍ സ്വാധീനമുള്ള യു.ഡി.എഫില്‍ പലയിടത്തും മുന്നണിക്കുള്ളില്‍ പുകയുന്ന പടലപിണക്കങ്ങളിലാണ് എതിര്‍പക്ഷത്തിന്‍െറ നോട്ടം.  ‘കോ^ലീ^ബി’ സംഖ്യത്തിന്‍െറ പേരില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോഴും പഴികേള്‍ക്കുന്നുണ്ട് യു.ഡി.എഫ്.  കേന്ദ്രത്തിലെ അധികാര നേട്ടത്തോടെ വര്‍ധിച്ച ആത്മവിശ്വാസവുമായി ബി.ജെ.പി ഈ സഖ്യം ജില്ലയിലാകമാനം വ്യാപിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും വരുന്ന തെരഞ്ഞെടുപ്പ്.  ത്രിതല പഞ്ചായത്ത് ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പഞ്ചായത്താണ് പുത്തിഗെ. 2005^10 ഭരണകാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എം ശക്തിദുര്‍ഗമായ പഞ്ചായത്തില്‍ പാര്‍ട്ടിയെ തറപറ്റിക്കുന്നതിന് കോണ്‍ഗ്രസും ലീഗും ബി.ജെ.പിയും ചേര്‍ന്ന് കോ^ലീ^ബി സഖ്യമാണ് കുപ്രസിദ്ധിക്ക് കാരണം.

പുല്ലൂര്‍^പെരിയ, അജാനൂര്‍, മീഞ്ച, പടന്ന, വലിയപറമ്പ എന്നീ പഞ്ചായത്തുകളില്‍ നേരിയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് അധികാരത്തിലത്തെിയത്. അജാനൂര്‍ ഉള്‍പ്പെടെ പല യു.ഡി.എഫ് പഞ്ചായത്തുകളിലും മുസ്ലീംലീഗിനുള്ള ആധിപത്യം യു.ഡി.എഫിലെ മുന്നണി പ്രശ്നങ്ങള്‍ക്ക് കാരണമാണ്. അജാനൂരില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ വനിതാ സംവരണമുള്ള ചെയര്‍പേഴസണ്‍ സ്ഥാനം ഒറ്റ അംഗം മാത്രമുള്ള സോഷ്യലിസ്റ്റ് ജനതക്കായതും മുന്നണി തര്‍ക്കത്തിന്‍െറ ബാക്കിപത്രമാണ്. മുസ്ളീംലീഗിന് ഭൂരിപക്ഷമുള്ള കാഞ്ഞങ്ങാട്, പടന്ന  തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ വിഭാഗീയതയും യു.ഡി.എഫിന് തലവേദനയാണ്.  കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കവും രൂക്ഷമാണ്. കയ്യൂര്‍^ചീമേനി, പിലിക്കോട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് എതിരാളികളില്ല. കയ്യൂര്‍^ചീമേനിയിലെ 16 വാര്‍ഡുകളില്‍ 10ലും എതിരാളികള്‍ ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് പോലും നടക്കാറില്ല. ലീഗിന്‍െറ കുത്തകയായ കാസര്‍കോട് നഗരസഭയുടെ വികസന മുരടിപ്പിനെതിരെ യു.ഡി.എഫില്‍ തൊഴുത്തില്‍കുത്ത് തുടങ്ങി. ഭരണത്തിന്‍െറ എല്ലാ തലത്തിലും ലീഗിനുള്ള സ്വാധീനവും കോണ്‍ഗ്രസുകാരില്‍ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്.

ഇടത് മുന്നണിയില്‍ ബേഡകം എരിയ കമ്മിറ്റിയെ ചുറ്റിപ്പറ്റിയാണ് ആശങ്ക. പാര്‍ട്ടി ഗ്രാമമായ കുറ്റിക്കോല്‍ പഞ്ചായത്തില്‍ സി.പി.എമ്മില്‍ രൂപപ്പെട്ട വിഭാഗീയത സംസ്ഥാന തലത്തില്‍ തന്നെ പാര്‍ട്ടിക്ക് തലവേദനയാണ്. കാറടുക്ക ബ്ളോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചിടത്ത് എല്‍.ഡി.എഫാണ് ഭരിക്കുന്നത്. ഓരോന്ന് വീതം ബി.ജെ.പിക്കും യു.ഡി.എഫിനും. സി.പി.എം വിമതരുടെ ഭരണസമിതിയെന്നാണ് കുറ്റിക്കോല്‍ പഞ്ചായത്തിന്‍െറ അപരനാമം. ഐ.എന്‍.എല്‍, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി തുടങ്ങിയ ന്യൂനപക്ഷ സംഘടനകളുടെയും എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് തുടങ്ങിയ സംഘടനകളുടെയും മറ്റും ഓരോ പാര്‍ട്ടിയുടെ വിജയത്തിലും നിര്‍ണായക സ്വാധീനം ചെലുത്തും. 
ജില്ലാ പഞ്ചായത്ത്
എല്‍.ഡി.എഫ്-ഒന്ന്
നഗരസഭ
എല്‍.ഡി.എഫ്- ഒന്ന്
യു.ഡി.എഫ്- രണ്ട്
ബ്ളോക്ക് പഞ്ചായത്ത്
എല്‍.ഡി.എഫ്- മൂന്ന്
യു.ഡി.എഫ്- മൂന്ന്
ഗ്രാമ പഞ്ചായത്ത്
യു.ഡി.എഫ്- 20
എല്‍.ഡി.എഫ്- 15
ബി.ജെ.പി- മൂന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.