തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറിയുടെ പ്രായപരിധി പ്രസ്താവന എൽ.ഡി.എഫിലും പുറത്തും ആശയക്കുഴപ്പത്തിെൻറ വിത്തുവിതക്കുന്നു. നേതാക്കൾക്ക് വിരമിക്കൽ പ്രായമില്ലെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവന സി.പി.എമ്മിെൻറ വേലിക്കുള്ളിൽനിന്ന് പുറത്തുപോയതായി തെളിയിക്കുന്നതാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം. സി.പി.എം സംസ്ഥാന നേതൃത്വത്തിൽ തന്നെ അസ്വസ്ഥത വിതച്ചതാണ് യെച്ചൂരിയുടെ പ്രസ്താവന. അനാവശ്യ വിവാദങ്ങൾക്ക് ഇടനൽകുന്നതാണ് ഇതെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാൽ, പരസ്യ പ്രതികരണത്തിന് മുതിർന്ന് അനുകൂല രാഷ്ട്രീയ സാഹചര്യത്തിന് ഭംഗം വരുത്തരുതെന്ന നിലപാടായിരുന്നു നേതാക്കൾക്ക്.
അതേസമയം മാധ്യമങ്ങൾ വിഷയം ഏറ്റെടുത്ത് ചർച്ചയാക്കിയതോടെ തങ്ങളുടെ നിയന്ത്രണത്തിന് പുറത്തേക്ക് കാര്യങ്ങൾ പോകുന്നെന്ന ആശങ്കയിലാണ് നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ നായക വിഷയത്തിൽ അഭിപ്രായം പറഞ്ഞ സി.പി.ഐ നേതാവ് സി. ദിവാകരനെ നിശബ്ദനാക്കാൻ സി.പി.എമ്മിന് കഴിഞ്ഞിരുന്നു.
ഇക്കാര്യത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ നിലപാടും സഹായകമായി. എന്നാൽ, ഇപ്പോൾ നായകപ്രശ്നത്തിൽ കാനം തന്നെ അഭിപ്രായം പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ്. സ്ഥാനാർഥി ആരെന്ന് തീരുമാനിക്കേണ്ടത് സി.പി.എം ആണെന്ന് ചൂണ്ടിക്കാട്ടിയ കാനം പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിന്ന സ്ഥാനാർഥികൾ തന്നെയാവണം എൽ.ഡി.എഫിനുണ്ടാകേണ്ടതെന്നതാണ് പൊതുതത്ത്വം എന്നാണ് ശനിയാഴ്ച പറഞ്ഞുവെച്ചത്. എൽ.ഡി.എഫിെൻറ പോരാട്ടങ്ങളുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറയും മുഖമാണ് വി.എസ്. അച്യുതാനന്ദൻ.
സംസ്ഥാന നേതൃത്വത്തിലെ ശക്തമായ വിഭാഗവും അദ്ദേഹവും തമ്മിൽ നിലനിൽക്കുന്ന ഭിന്നതയാണ് പലപ്പോഴും രാഷ്ട്രീയ ശത്രുക്കൾക്ക് തെരഞ്ഞെടുപ്പിലടക്കം ആയുധമായതും. ഏറെക്കാലത്തിന് ശേഷമാണ് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ സി.പി.എമ്മും എൽ.ഡി.എഫും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായപ്രകടനത്തോടെ മുന്നണിക്ക് പുറത്തുള്ളവർ ഇത് ആയുധമാക്കുമെന്ന വിമർശമാണ് സി.പി.എമ്മിനുള്ളത്. വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുന്നതാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നെ വി.എസിെൻറ പ്രായാധിക്യം ഉയർത്തിക്കാട്ടി സി.പി.എം സംസ്ഥാന നേതാക്കൾ തന്നെ നേരത്തേ പരസ്യപ്രതികരണം നടത്തിയതെന്ന വിമർശം ഘടകകക്ഷികൾക്കുമുണ്ട്. പിണറായി വിജയനാവും അടുത്ത തെരഞ്ഞെടുപ്പിൽ നയിക്കുകയെന്ന വ്യക്തമായ സൂചന ചില നേതാക്കൾ തന്നെ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
സി.പി.എമ്മിന് വെല്ലുവിളിയായ വെള്ളാപ്പള്ളി നടേശനും യു.ഡി.എഫ് നേതൃത്വത്തിെൻറ അഴിമതിക്കും എതിരെ ശക്തമായ നിലപാടുമായി രംഗത്തുനിൽക്കുന്നുണ്ട് വി.എസ്. അദ്ദേഹം മാറിനിൽക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇടനൽകുന്നത് എൽ.ഡി.എഫിന് തിരിച്ചടി സൃഷ്ടിക്കുമെന്നും അവർ വ്യക്തമാക്കുന്നു. കാനം നടത്തിയ പ്രസ്താവനയും അത്തരത്തിലുള്ളതായിരുന്നുവെന്നും സി.പി.ഐ നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.