കോഴിക്കോട്: തനിച്ച് ഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുസ്ലിം ലീഗ്, കേരള കോൺഗ്രസ്–എം ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികളുമായി സി.പി.എം ഭരണം പങ്കിടാനൊരുങ്ങുന്നു. സംസ്ഥാന നേതൃത്വത്തിെൻറ ആശീർവാദത്തോടെ മലബാറിലെ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ‘അടവുനയം’ നടപ്പാക്കാനാണ് നീക്കം. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി കോൺഗ്രസും ബി.ജെ.പിയും ഒഴികെയുള്ള പാർട്ടികളുമായി നീക്കുപോക്കുണ്ടാക്കുന്നതിന് ജില്ലാ കമ്മിറ്റികൾക്ക് പാർട്ടി നേതൃത്വം അനുമതി നൽകി. ഇതാദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള രാഷ്ട്രീയ കൂട്ടുകെട്ടിന് സി.പി.എം മുൻകൈയെടുക്കുന്നത്.
കെ.എം. മാണിയുടെ രാജിയും ബാർകോഴ വിവാദവും കത്തിനിൽക്കുമ്പോഴാണ് മാണി വിഭാഗവുമായടക്കം ചേർന്ന് ഭരണം പങ്കിടാമെന്ന തീരുമാനം സി.പി.എം കൈക്കൊണ്ടത്. ‘ഭാവി’ മുന്നിൽക്കണ്ട് പാർട്ടി എടുത്ത തീരുമാനം വരുംദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചക്കിടയാക്കിയേക്കും. സംസ്ഥാനത്ത് കണ്ണൂർ, തൃശൂർ കോർപറേഷനുകളിലും കാസർകോട് ജില്ലാ പഞ്ചായത്തിലും നിരവധി മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ട്. ഇവിടങ്ങളിലാണ് ‘പരീക്ഷണ ഭരണ’ത്തിനുള്ള സാധ്യത ആരായുന്നത്.
കോഴിക്കോട് ജില്ലയിൽ പെരുവയൽ, മാവൂർ, നടുവണ്ണൂർ ഗ്രാമപഞ്ചായത്തുകളിൽ മുസ്ലിം ലീഗുമായും കൂടരഞ്ഞി പഞ്ചായത്തിൽ കേരള കോൺഗ്രസ്–എമ്മുമായും പ്രാദേശിക നേതൃത്വത്തിലുള്ളവർ പ്രാഥമിക ചർച്ച നടത്തിയതായാണ് സൂചന. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇവ ഫലപ്രദമാകുന്നപക്ഷം കണ്ണൂർ കോർപറേഷനും കാസർകോട് ജില്ലാ പഞ്ചായത്തുമുൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സുഗമമായ ഭരണം സാധ്യമാകുമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിെൻറ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാറിലെ സീറ്റുകൾ തൂത്തുവാരുന്നതിനും ഈ ബന്ധം സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, ഇതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. അതേസമയം, സി.പി.എം ബന്ധത്തെച്ചൊല്ലി മുസ്ലിം ലീഗിലും ഭിന്നാഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.