പാലായില്‍ ബാര്‍ കോഴയെക്കുറിച്ച് ഒന്നും പറയാതെ മാണി

പാലാ: ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ഒരുപാട് പേരുണ്ടാകുമെന്നും എന്നാല്‍, കരയുമ്പോള്‍ കൂടെ കരയാന്‍ ആരും ഉണ്ടാകില്ളെന്നും വികാരഭരിതനായി കെ.എം. മാണി. ‘എന്‍െറ സ്ഥാനം പോയതിന്‍െറ പേരില്‍ ഞാന്‍ കരയില്ല. പക്ഷേ നിങ്ങളില്‍ പലരും കരയുന്നുണ്ട്. സ്ഥാനമില്ലാത്ത എനിക്ക് നിങ്ങള്‍ നല്‍കുന്ന ഈ പിന്തുണയാണ് എന്‍െറ ശക്തി’- പ്രവര്‍ത്തകരുടെ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ മാണി പറഞ്ഞു.
മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം പാലായില്‍ എത്തിയ മാണിക്ക് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയ ആവേശകരമായ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍, ബാര്‍ കോഴയെക്കുറിച്ചോ അതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചോ ഒന്നും പറയാതെ മിനിറ്റുകള്‍ നീണ്ട പ്രസംഗം മാണി അവസാനിപ്പിച്ചു. തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് പാലായില്‍ പലതും തുറന്നുപറയുമെന്ന് വെള്ളിയാഴ്ച രാവിലെ മാണി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇതില്‍നിന്ന് തന്ത്രപൂര്‍വം അദ്ദേഹം ഒഴിഞ്ഞുമാറി. മന്ത്രി ബാബുവിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എതിരെ പ്രതികരിക്കണമെന്ന് അനുയായികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മാണി അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പ് മന്ത്രി കെ. ബാബുവിന്‍െറ കാര്യം പറയണമെന്ന് പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ അലറിയെങ്കിലും മാണി വഴങ്ങിയില്ല. എന്നാല്‍, തന്‍െറ രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മറുപടി മാണി നല്‍കി. വി.എസ്. അച്യുതാനന്ദന്‍ തനിക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കേണ്ടെന്നും താങ്കളുടെയും മകന്‍െറയും കാര്യമോര്‍ത്ത് കരഞ്ഞാല്‍ മതിയെന്നുമായിരുന്നു മാണിയുടെ പ്രതികരണം.
തന്‍െറ തൊട്ടടുത്ത മണ്ഡലത്തിലെ എം.എല്‍.എയായ പി.സി. ജോര്‍ജിനെതിരെയും മാണി ആഞ്ഞടിച്ചു. ‘സ്പീക്കര്‍ തന്നെ അദ്ദേഹത്തെ അയോഗ്യനാക്കി. ഇനി കൂടുതലൊന്നും പറയുന്നില്ല. എം.എല്‍.എക്കും നിയമസഭക്കും ഒരു നിലവാരമുണ്ട്. എം.എല്‍.എമാര്‍ക്ക് ചില യോഗ്യതകള്‍ വേണം. നിലപാട് വേണം. നിലപാട് അനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയണം. അല്ളെങ്കില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അത് ശാപമാണ്. ജോര്‍ജിന് നന്മ വരട്ടെ’- അദ്ദേഹം പരിഹസിച്ചു.
പാലാക്ക് പുറത്ത് ഒരു ലോകമുണ്ടെന്നും ഒരുപാട് ലോകം കണ്ട തന്നെ അതേക്കുറിച്ച് ആരും പഠിപ്പിക്കേണ്ടെന്നും കോണ്‍ഗ്രസ് എം.എല്‍.എമാരായ ടി.എന്‍. പ്രതാപനും വി.ഡി. സതീശനും പരോക്ഷമായി മാണി മറുപടി നല്‍കി. പാലായേക്കാള്‍ വലിയ ലോകം തനിക്കില്ല. എനിക്ക് സ്നേഹം പകര്‍ന്ന പാലാക്കാരെ മറക്കാനാകില്ളെന്നും വികാരഭരിതനായി അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ ഇരട്ട നീതിയെന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി പി.ജെ. ജോസഫ് വ്യക്തമാക്കി. ഇക്കാര്യം യു.ഡി.എഫ് അടിയന്തരമായി പരിശോധിക്കണം. സംശുദ്ധനായി കെ.എം. മാണി വീണ്ടും തിരിച്ചുവരുമെന്നും ജോസഫ് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.