ചെങ്കൊടിയേന്തുമോ കൈപ്പത്തി?

കൊല്‍ക്കത്ത: കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്ക് സി.പി.എമ്മിന്‍െറ സജീവ പരിഗണനയില്‍. പാര്‍ട്ടി പ്ളീനത്തിന് ശേഷം ഇക്കാര്യം പാര്‍ട്ടി ബംഗാള്‍ സംസ്ഥാനഘടകം ചര്‍ച്ചചെയ്യുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടി പ്ളീനത്തിന്‍െറ ആദ്യദിന ചര്‍ച്ചകള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.  

വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച ഇടതു ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തണമെന്ന അടവുനയത്തിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് തെരഞ്ഞെടുപ്പ് സഖ്യമാകാം. എന്നാല്‍, സംസ്ഥാന ഘടകങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമില്ളെന്നും കേന്ദ്ര കമ്മിറ്റിയുടെകൂടി അംഗീകാരത്തോടെ മാത്രമേ സഖ്യം അന്തിമമായി തീരുമാനിക്കൂവെന്നും യെച്ചൂരി വിശദീകരിച്ചു. സംഘടനാ സംവിധാനത്തിലെ പോരായ്മകളും തിരുത്തലും മാത്രമാണ് പ്ളീനം ചര്‍ച്ച ചെയ്യുന്നത്.

എന്നാല്‍, പ്ളീനം വേദിക്ക് പുറത്ത് നേതൃതലത്തിലെ ചൂടേറിയ ചര്‍ച്ച ബംഗാളിലെ കോണ്‍ഗ്രസ് സഖ്യമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ബംഗാള്‍ സംസ്ഥാന ഘടകം കോണ്‍ഗ്രസ് സഖ്യം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്. കാരണം, ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിച്ച്  ശക്തമായ ഒരു മത്സരത്തിനുള്ള  കെല്‍പ് പാര്‍ട്ടിക്ക് ഇല്ല. കേന്ദ്രഭരണം നഷ്ടപ്പെട്ട് ശോഷിച്ച കോണ്‍ഗ്രസിനോട് അത്ര കടുത്ത എതിര്‍പ്പ് തുടരേണ്ടതില്ളെന്ന നിലപാടുള്ള ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തോട് യോജിക്കുന്നു. ബംഗാളിലെ സഹകരണം സംബന്ധിച്ച് സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഏതാനും റൗണ്ട് ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മറ്റും കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അനുകൂലമല്ല. കോണ്‍ഗ്രസിനോട് നേരിട്ട് ഏറ്റുമുട്ടുന്ന കേരള ഘടകം സ്വാഭാവികമായും കാരാട്ട് പക്ഷത്തിനൊപ്പമാണ്.  പ്ളീനം ഉദ്ഘാടന റാലിയില്‍ യെച്ചൂരിയും മറ്റ് ബംഗാളില്‍ നിന്നുള്ള നേതാക്കളും പതിവ് കോണ്‍ഗ്രസ് വിമര്‍ശം അപ്പാടെ ഒഴിവാക്കിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ സോളാര്‍ വിവാദം, ബാര്‍ കോഴ എന്നിവ എണ്ണിപ്പറഞ്ഞ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചതും അതുകൊണ്ടാണ്.

 കാരാട്ടിന്‍െറ കാലത്ത് ആണവകരാറിനെ ചൊല്ലി രണ്ടാം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും കൈകോര്‍ത്തതോടെയാണ് വംഗനാട്ടില്‍ ഇടതുകോട്ട തകരാന്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ കാരാട്ട് പക്ഷത്തോട് അകന്ന ബംഗാള്‍ ഘടകം പുതിയ ജനറല്‍ സെക്രട്ടറി യെച്ചൂരിയോട് ചേരുമ്പോള്‍ സി.പി.എം കേന്ദ്രനേതൃത്വത്തില്‍ ചേരിതിരിവ് ബലപ്പെടുകയാണ്.

ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം യാഥാര്‍ഥ്യമായാല്‍ ഈ പോര് മൂക്കും. കേരള ഘടകവും കാരാട്ട് പക്ഷവും ഒരു ഭാഗത്തും യെച്ചൂരിയും ബംഗാള്‍ ഘടകവും മറുഭാഗത്തുമാകുമ്പോള്‍ എന്നും യെച്ചൂരിയോട് അടുത്തുനിന്ന വി.എസിന്‍െറ നിലപാട് എന്തായിരിക്കുമെന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. കോണ്‍ഗ്രസ്-സി.പി.എം സഖ്യത്തോട് ബംഗാള്‍ ഘടകം കോണ്‍ഗ്രസ് പ്രസിഡന്‍റ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് വലിയ താല്‍പര്യമില്ല.

എന്നാല്‍, സംസ്ഥാന കോണ്‍ഗ്രസില്‍ മിക്കവരും അനുകൂലമാണ്. സി.പി.എമ്മുമായി കോണ്‍ഗ്രസ് അടുക്കുന്നത് തടയാന്‍ മമതയും രംഗത്തുണ്ട്. ഈയിടെ ഡല്‍ഹിയിലത്തെിയ മമത ക്രിസ്മസ് ആശംസകളുമായി സോണിയയെ സന്ദര്‍ശിച്ചതിന്‍െറ പശ്ചാത്തലം ബംഗാളിലെ പുതിയ അടിയൊഴുക്കാണ്. അതിനിടെ, കോണ്‍ഗ്രസ്-സി.പി.എം സഖ്യം സ്വാഗതംചെയ്ത് മുന്‍ സി.പി.എം നേതാവ് സോമനാഥ് ചാറ്റര്‍ജി രംഗത്തുവന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.