കത്ത് വിവാദം: ഹൈകമാന്‍ഡിന് മൗനം; ചര്‍ച്ച മാറ്റി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേതായി പുറത്തുവന്ന കത്തിനെക്കുറിച്ച് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ശനിയാഴ്ചയും പ്രതികരിച്ചില്ല. കത്ത് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളിപ്പറയാനോ, സ്ഥിരീകരിക്കാനോ ഹൈകമാന്‍ഡ് പ്രതിനിധികള്‍ തയാറായില്ല.

അതിനിടെ ഡല്‍ഹിയിലത്തെിയ രമേശ് ചെന്നിത്തല സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ച അരമണിക്കൂര്‍ നീണ്ടു. കത്ത് വിവാദവുമായി ബന്ധപ്പെട്ട് ചെന്നിത്തല നിലപാട് വിശദീകരിച്ചതായാണ് സൂചന. കൂടിക്കാഴ്ചയെക്കുറിച്ച് ഇരുവരും ഒന്നും വെളിപ്പെടുത്തിയിട്ടില്ല. കോടതിയില്‍ ഹാജരാകാനുള്ളതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, ഉപാധ്യക്ഷന്‍ രാഹുല്‍ എന്നിവരുമായി ചെന്നിത്തലക്ക് കൂടിക്കാഴ്ച നടത്താനായില്ല.  

കേരളവിഷയത്തില്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന ചര്‍ച്ചയും മാറ്റി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. രമേശ് ചെന്നിത്തല സ്ഥലത്തില്ലാത്തത് പരിഗണിച്ചാണ് യോഗം മാറ്റിയത്. വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്കുപോയ എ.കെ. ആന്‍റണിയെ ചെന്നിത്തല അനുഗമിക്കുന്നുണ്ട്. ഡിസംബർ 28നാണ് ഇവര്‍ തിരിച്ചത്തെുക. അതിനാല്‍, ഉമ്മന്‍ ചാണ്ടി, സുധീരന്‍, ചെന്നിത്തല എന്നിവര്‍ ഹൈകമാന്‍ഡ് പ്രതിനിധികള്‍ക്കൊപ്പം ഇരുന്നുള്ള ചര്‍ച്ച അതിനുശേഷമേ നടക്കാനിടയുള്ളൂ.

എന്നാല്‍, ഉമ്മന്‍ ചാണ്ടി, സുധീരന്‍ എന്നിവരില്‍ ആരെങ്കിലും ഡല്‍ഹിയിലത്തെിയാല്‍ ഹൈകമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ കത്ത് ചര്‍ച്ചയാവും. ശനിയാഴ്ച ചെന്നിത്തല എ.കെ. ആന്‍റണിയെയും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെയും കണ്ടു. ഡല്‍ഹിയാത്ര വ്യക്തിപരം മാത്രമാണെന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയില്‍ പറയുന്നകാര്യം പുറത്തുവിടാന്‍ പറ്റില്ളെന്നും അദ്ദേഹം തുടര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.