രമേശ് ചെന്നിത്തല ഡൽഹിയിൽ; കത്ത് വിവാദത്തിൽ അന്വേഷണം

തിരുവനന്തപുരം/ന്യൂഡൽഹി: മുഖ്യമന്ത്രിയെ വിമർശിച്ച് താൻ അയച്ചെന്നപേരിൽ പുറത്തുവന്ന കത്തിെൻറ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മന്ത്രി രമേശ് ചെന്നിത്തല. അങ്ങനെയൊരു കത്ത് ഹൈകമാൻഡിന് നൽകിയിട്ടില്ല. ഒമ്പതുവർഷം കെ.പി.സി.സി പ്രസിഡൻറും 16 വർഷം എ.ഐ.സി.സി ഭാരവാഹിയുമായിരുന്ന തനിക്ക് ഹൈകമാൻഡിനോട് എങ്ങനെ കാര്യങ്ങൾ പറയണമെന്ന് അറിയാം.

മാധ്യമങ്ങളിലൂടെ പാർട്ടിയെ മോശമാക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. കെ.പി.സി.സി പ്രസിഡൻറായിരുന്നപ്പോഴുണ്ടായ തിക്താനുഭവങ്ങൾ പുറത്തുപറഞ്ഞ് വിവാദങ്ങളുണ്ടാക്കിയിട്ടുമില്ല –വെള്ളിയാഴ്ച കെ.പി.സി.സി നിർവാഹക സമിതി യോഗത്തിൽ അദ്ദേഹം വികാരഭരിതനായി പറഞ്ഞു. കത്തിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടതായി പിന്നീട് വാർത്താസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനും അറിയിച്ചു. ചെന്നിത്തലയെ അവിശ്വസിക്കേണ്ട കാര്യമില്ല. ജനങ്ങളെ ബോധ്യപ്പെടുത്താനാവുന്ന അന്വേഷണം ഏത് വേണമെന്ന് സർക്കാറിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കത്തയച്ച കാര്യം ചെന്നിത്തല നിഷേധിച്ചിട്ടുണ്ടെന്നും അതിനാൽ കത്തിെൻറ ഉറവിടം കണ്ടെത്താൻ അന്വേഷണം വേണമെന്നും സുധീരൻ യോഗം തുടങ്ങിയപ്പോൾ ആവശ്യപ്പെട്ടിരുന്നു. ചെന്നിത്തല നിഷേധിച്ചശേഷവും ചാനൽ ചർച്ചകളിൽ മറിച്ച് അഭിപ്രായം പറഞ്ഞ കെ.പി.സി.സി വൈസ് പ്രസിഡൻറ് ലാലി വിൻസെൻറും ഐ.എൻ.ടി.യു.സി പ്രസിഡൻറ് ആർ. ചന്ദ്രശേഖരനും സംഘടനാവിരുദ്ധ പ്രവർത്തനമാണ് നടത്തിയത്. ഒരിക്കൽക്കൂടി പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അഭിപ്രായം പറഞ്ഞാൽ എന്തുചെയ്യുമെന്ന് പന്തളം സുധാകരനോട് പറഞ്ഞിട്ടുണ്ട്. ചാനലുകൾക്ക് ഓരോദിവസവും ഓരോ അജണ്ടകളുണ്ട്. ചെന്നിത്തല കത്ത് നിഷേധിച്ച സാഹചര്യത്തിൽ അതിനനുസരിച്ച് പറയുന്നതിന് പകരം കത്തിനെ സാധൂകരിക്കുന്ന തരത്തിലാണ് ഇവർ പ്രതികരിച്ചത്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഇനി ഒരുനിമിഷംപോലും പാർട്ടിക്ക് പാഴാക്കാനില്ലെന്നും സുധീരൻ പറഞ്ഞു. വാർത്തകൾ വരുമ്പോൾത്തന്നെ ഗ്രൂപ് എന്നുപറഞ്ഞ് ചിലർ രംഗത്തിറങ്ങുന്നത് ശരിയല്ലെന്ന് എം.എം. ജേക്കബും പറഞ്ഞു.

ഹൈകമാൻഡിന് കത്തയച്ചെന്ന പ്രചാരണം പൂർണമായും തള്ളിയ ചെന്നിത്തല പക്ഷേ, പാർട്ടിയിലും ഭരണത്തിലും തിരുത്തലുകൾ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. പാർട്ടി ഒറ്റക്കെട്ടായി നിന്നാൽ മാത്രം ജയിക്കാനാവില്ല. രാഷ്ട്രീയമായും ഭരണപരമായും പരിഹരിക്കപ്പെടേണ്ട വിഷയങ്ങൾ പലതുമുണ്ട്. അവ പരിഹരിക്കണം. ഓരോരുത്തർക്കും വേണ്ട പരിഗണന നൽകണം. ബി.ജെ.പിയിലെ കുതികാൽവെട്ടും ഗ്രൂപ്പിസവും കുറച്ചുകാലം അവർക്കൊപ്പം ഉണ്ടായിരുന്നതിനാൽ നന്നായറിയാമെന്ന് മോഹൻ ശങ്കർ പറഞ്ഞു.

അതിനിടെ, വിവാദങ്ങൾക്കിടയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. എന്നാൽ പാർട്ടി അധ്യക്ഷ സോണിയഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല. വ്യാജകത്താണ് പുറത്തു വന്നിരിക്കുന്നതെന്ന് ചെന്നിത്തല അടക്കം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ആണയിടുന്നതിനിടയിൽ, കത്ത് കിട്ടിയെന്ന് ഹൈകമാൻഡ് സ്ഥിരീകരിച്ചതായി ചില ടി.വി ചാനലുകൾ വെള്ളിയാഴ്ച വാർത്ത നൽകി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.