തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനെയും കടന്നാക്രമിച്ച് മന്ത്രി രമേശ് ചെന്നിത്തല ഹൈകമാൻറിന് അയച്ചതായി പുറത്തു വന്ന കത്തിനെച്ചൊല്ലി കോൺഗ്രസിൽ പോര്. ഇങ്ങനെയൊരു കത്തില്ലെന്ന് പറഞ്ഞ് ചെന്നിത്തലയും ഇത് അംഗീകരിച്ച് സുധീരനും ശാന്തത വരുത്താൻ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ,നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാർട്ടിയിൽ ഈ കത്ത് കത്തിപ്പടരുമെന്ന് ഉറപ്പാണ്. ചെന്നിത്തല നിഷേധിക്കുമ്പോഴും ഐ ഗ്രൂപ്പിെൻറ വാദങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് കത്തിലെ ഉള്ളടക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് ദൽഹിയിലെത്തിയ ചെന്നിത്തല അന്നാണ് ഹൈക്കമാൻറിന് കത്ത് നൽകിയതെന്നാണ് സൂചന.
കെ.പി.സി.സി നേതൃയോഗം നടക്കുന്ന ദിവസവും 22ന് ദൽഹിയിൽ ഹൈകമാൻറ് വിളിച്ച ചർച്ച നടക്കാനിരിക്കെയുമാണ് കത്ത് പുറത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്. നേതൃമാറ്റം ലക്ഷ്യമിട്ട് ഐ ഗ്രൂപ്പ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തൽ. അതേസമയം ഇത്തരത്തിൽ കത്തയച്ചിട്ടില്ലെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ കെ.പി.സി.സി ഭാരവാഹി യോഗത്തിന് മുമ്പ് ഇന്ദിരാഭവനിലെത്തിയ അദ്ദേഹം സുധീരനോട് കാര്യങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രിക്കെതിരെ കത്ത് നൽകിയിട്ടില്ലെന്ന് ചെന്നിത്തല അറിയിച്ചതായി സുധീരൻ യോഗത്തിൽ അറിയിക്കുകയും ചെയ്തു. കത്ത് ചെന്നിത്തലയുടേതല്ലെന്നതിന് തെളിവുകളും പുറത്തുവിട്ടിട്ടുണ്ട്.
ഇന്നലെ ഇക്കണോമിക് ടൈംസിലാണ് കത്ത് നൽകിയെന്ന വാർത്ത വന്നത്. പിന്നാലെ ചാനലുകളും കത്തിെൻറ പകർപ്പ് പുറത്തു വിട്ടു. 22ന് നേതാക്കളെ അടിയന്തിരമായി ഡൽഹിക്ക് വിളിപ്പിച്ചുവെന്ന വാർത്ത വന്നതിനെത്തുടർന്ന് നേരത്തെ നിശ്ചയിച്ച യോഗമാണിതെന്ന് സുധീരൻ അറിയിക്കുകയും ചെയ്തു. ഇങ്ങനെയൊരു കത്തില്ലെന്ന് നിലപാട് എടുത്ത ചെന്നിത്തല പകർപ്പ് പുറത്തു വന്നശേഷവും ഇത് ആവർത്തിക്കുകയായിരുന്നു. താൻ കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതുന്ന മാതൃകയിലുള്ളതല്ല പുറത്തുവന്നതെന്നാണ് അദ്ദേഹത്തിെൻറ വാദം.
ചെന്നിത്തല കെ.പി.സി.സി നിർവാഹക സമിതിയിൽ വിശദീകരിക്കും
മന്ത്രി രമേശ് ചെന്നിത്തല ഹൈകമാൻഡിന് അയച്ചെന്ന് പറയപ്പെടുന്ന കത്തിനെക്കുറിച്ച് കെ.പി.സി.സി നിർവാഹക സമിതിയിൽ അദ്ദേഹം വിശദീകരിക്കും. വ്യാഴാഴ്ച ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ പ്രസിഡൻറ് വി.എം. സുധീരനാണ് ഇക്കാര്യം അറിയിച്ചത്. എ.സി. ജോസ് വിഷയം ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ, ഇങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്ന് രമേശ് തന്നെ അറിയിച്ചതായി സുധീരൻ വ്യക്തമാക്കി. അതോടെ ചർച്ച അവസാനിപ്പിച്ചു.
ഡി.സി.സി പുന$സംഘടന വെള്ളിയാഴ്ച പൂർത്തിയാക്കാൻ ധാരണയായി. തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ് കരകുളം കൃഷ്ണപിള്ള രണ്ടു ദിവസംകൂടി ആവശ്യപ്പെട്ടു. എന്നാൽ, വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനകം പട്ടിക തരുന്നില്ലെങ്കിൽ തിരുവനന്തപുരത്ത് പുന$സംഘടന ഉണ്ടാകില്ലെന്ന് സുധീരൻ മുന്നറിയിപ്പ് നൽകി. നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയ വിഷയങ്ങളും ചർച്ചചെയ്യാൻ 22ന് ഡൽഹിക്ക് പോകുകയാണ്. അതിനുമുമ്പ് എല്ലാ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. ഡി.സി.സി പ്രസിഡൻറുമാരെ മാറ്റുന്നെന്ന് നിരന്തരം വാർത്തകൾ വരുന്നത് അരോചകമായിട്ടുണ്ടെന്ന് കെ.സി. അബു പറഞ്ഞു. വെള്ളാപ്പള്ളി–സംഘ്പരിവാർ ശക്തികളോട് മൃദുസമീപനമില്ലെന്ന് ബോധ്യപ്പെടുത്താൻ പാർട്ടിക്കായില്ലെന്ന വിലയിരുത്തൽ യോഗത്തിലുയർന്നു. 30ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശിവഗിരിയിൽ എത്തുന്ന സാഹചര്യത്തിൽ അതിന് വ്യാപക പ്രചാരണം നൽകാൻ തീരുമാനിച്ചു. 22ന് ഡി.സി.സി–മണ്ഡലം പ്രസിഡൻറുമാരെ ഉൾപ്പെടുത്തി ജനരക്ഷായാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.