കോഴിക്കോട്: യു.ഡി.എഫ് വിടുന്നതിനെക്കുറിച്ചുള്ള ചർച്ച പാർട്ടിയിൽ സജീവമായിരിക്കെ ഇതുസംബന്ധിച്ച നിലപാട് രൂപപ്പെടുത്തുന്നതിെൻറ ഭാഗമായി ജെ.ഡി.യു ജില്ലാ കൗൺസിലുകൾ വിളിച്ചുചേർക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഭാരവാഹി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ജനുവരി 19ന് സംസ്ഥാന കൗൺസിൽ യോഗം കോഴിക്കോട്ട് വിളിച്ചുചേർക്കാനും തീരുമാനിച്ചു.
യു.ഡി.എഫ് വിടണമെന്ന ആവശ്യം ഭാരവാഹിയോഗത്തിലും ശക്തമായി ഉയർന്നെങ്കിലും മറിച്ചുള്ള അഭിപ്രായവും ഉണ്ടായിരുന്നു. നേതൃതലത്തിലുള്ള അഭിപ്രായം മാത്രമല്ല താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരവും ഇക്കാര്യത്തിൽ പരിഗണിക്കണമെന്ന ആവശ്യവുമുയർന്നു. ഇതെല്ലാം കണക്കിലെടുത്താണ് ജില്ലാ–സംസ്ഥാന കൗൺസിലുകൾ വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. ജനുവരി 20 മുതൽ ഫെബ്രുവരി രണ്ട് വരെ എല്ലാ ജില്ലകളിലും സംവരണ–മതേതര സംരക്ഷണ സമ്മേളനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
കീഴ്ഘടകങ്ങളിൽ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ദേശീയനേതൃത്വത്തിെൻറ അനുമതിയോടെ മാത്രമേ സംസ്ഥാനത്ത് ജെ.ഡി.യുവിന് മുന്നണിമാറ്റം സാധ്യമാകൂ. ഇടതുമുന്നണിയുടെ ഭാഗമാകുന്നതിൽ ദേശീയനേതൃത്വത്തിന് തത്വത്തിൽ എതിർപ്പില്ല.അതേസമയം, ദേശീയതലത്തിൽ ഉരുത്തിരിയുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾകൂടി പരിഗണിച്ചുകൊണ്ടേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാവൂ എന്ന അഭിപ്രായമാണവർക്ക്. നേരത്തേ എസ്.ജെ.ഡി, ജെ.ഡി.യുവിൽ ലയിക്കുന്ന സമയത്ത് സംസ്ഥാനത്തെ കാര്യങ്ങൾ തീരുമാനിക്കാൻ വീരേന്ദ്രകുമാറിന് പൂർണസ്വാതന്ത്ര്യം ദേശീയനേതൃത്വം നൽകിയിരുന്നു.
ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ രൂപപ്പെടുത്തുന്ന പൊതുമുന്നണിയിൽ കോൺഗ്രസിന് പ്രധാന പങ്കുവഹിക്കാനുണ്ടെന്നിരിക്കെ കോൺഗ്രസ് ബന്ധം വിച്ഛേദിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം സംസ്ഥാന–ദേശീയ നേതാക്കളിൽ പലർക്കുമുണ്ട്. ഡിസംബർ 20, 21 തീയതികളിൽ ചേരുന്ന നാഷനൽ എക്സിക്യൂട്ടിവ് യോഗത്തിൽ ഇതുൾപ്പെടെ കാര്യങ്ങൾ ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.