ശങ്കർ പ്രതിമ: വിവാദങ്ങൾ കത്തുന്നു

തിരുവനന്തപുരം: ആർ. ശങ്കർ പ്രതിമാവിവാദം കത്തുന്നു. പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി, മുൻനിലപാടിലുറച്ച് ഭരണപക്ഷം രംഗത്തെത്തിയപ്പോൾ സംഭവം മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും തമ്മിലെ ഒത്തുകളി എന്ന തലത്തിലേക്ക് പ്രതിപക്ഷം മാറി. ഇതിനിടെ, പ്രതിഷേധം അറിയിച്ചുള്ള കത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചു. പ്രതിമ അനാച്ഛാദന ചടങ്ങിൽനിന്ന് ക്ഷണിച്ചശേഷം തന്നെ ഒഴിവാക്കിയതുപോലെ താങ്കൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരെങ്കിലും ഇങ്ങനെ പ്രവർത്തിച്ചിരുന്നെങ്കിൽ എന്തായിരുന്നിരിക്കും പ്രതികരണമെന്നാണ് ഉമ്മൻ ചാണ്ടി മോദിയോട് കത്തിൽ ചോദിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ ചടങ്ങിൽനിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധം നിലനിർത്തി, പ്രധാനമന്ത്രിയോടും വെള്ളാപ്പള്ളിയോടുമുള്ള ഉമ്മൻ ചാണ്ടിയുടെ മൃദു സമീപനത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ‘പ്രധാനമന്ത്രിയുടെ നടപടി ശരിയല്ലെന്ന് തുറന്നുപറയാനോ’, പ്രതികരിക്കാനോ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നാണ് നിയമസഭയിൽ ഇവർ ആരോപിച്ചത്. അതേസമയം, വെള്ളാപ്പള്ളി നടേശന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ചടങ്ങിലേക്ക് ക്ഷണിച്ച വെള്ളാപ്പള്ളി തന്നെയാണ് വരേണ്ടതില്ലെന്ന് അറിയിച്ചതെന്നും ആരെയും അപമാനിക്കുന്നത് കേരളത്തിെൻറ പാരമ്പര്യമല്ലെന്നതിനാലാണ് പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ കൂടുതൽ പ്രതികരിക്കാതിരുന്നതെന്നും ധനവിനിയോഗ ബിൽ ചർച്ചക്ക് മറുപടി പറയവെ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്രയും വിവാദമുണ്ടായിട്ടും കഴിഞ്ഞദിവസം നേരിൽ കണ്ടപ്പോൾ മുഖ്യമന്ത്രിയോട് ഇതേപ്പറ്റി സംസാരിക്കാനുള്ള സാമാന്യമര്യാദ പ്രധാനമന്ത്രി കാണിക്കാഞ്ഞതിൽ കടുത്ത പ്രതിഷേധമുണ്ടെന്ന് മന്ത്രി കെ.സി. ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയെ ചടങ്ങിൽനിന്ന് മാറ്റിനിർത്തിയത് മോദിയും ഉന്നത ബി.ജെ.പി നേതാക്കളും തയറാക്കിയ പദ്ധതിയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമാക്കുന്നതായി കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനും പറഞ്ഞു.

ചടങ്ങിൽനിന്ന് മുഖ്യമന്ത്രിയെ വിലക്കിയതിനെതിരെ രാഷ്ട്രീയം മറന്ന് രംഗത്തെത്തിയ സി.പി.എമ്മിെൻറ ചുവടുമാറ്റം ബുധനാഴ്ച രാവിലെ സി.പി.എം പി.ബി അംഗം പിണറായി വിജയനാണ് തുടങ്ങിവെച്ചത്. സംഭവത്തിൽ ഉമ്മൻ ചാണ്ടിയും വെള്ളാപ്പള്ളിയും ഒത്തുകളിക്കുകയായിരുന്നില്ലേയെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ലെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടപ്പോൾ മുഖ്യമന്ത്രി വായ തുറന്നപ്പോൾ ആർ.എസ്.എസിനെ കുറ്റപ്പെടുത്തി ഒരു വാചകംപോലും പറയാൻ തയാറായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഇതിലൂടെ വെള്ളാപ്പള്ളിയും ഉമ്മൻ ചാണ്ടിയും തമ്മിലെ ഒത്തുകളിയാണ് പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒത്തുകളി നാടകം നടത്തിയെന്നതിൽ  സംശയമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനും പറഞ്ഞു. ഒഴിവാക്കിയതിനെതിരെ പ്രതികരിക്കേണ്ടതിനുപകരം മുഖ്യമന്ത്രി അവരെ സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.