ലീഗിനെ മെരുക്കാന്‍ മുഖ്യമന്ത്രി, പേരുദോഷമൊഴിവാക്കാന്‍ ലീഗ് കടുത്ത

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് സംബന്ധിച്ച ഹൈകോടതി വിധിയോടെ മുന്നണിനേതൃത്വവുമായി കൂടുതല്‍ ഇടഞ്ഞ മുസ്ലിം ലീഗിനെ മെരുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. പ്രതികൂലവിധിക്ക് പിന്നാലെ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ടെലിഫോണില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രി, കടുത്ത നിലപാടിലേക്ക് നീങ്ങരുതെന്ന് ആവശ്യപ്പെട്ടു. പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന അദ്ദേഹത്തിന്‍െറ ഉറപ്പ്  അര്‍ധമനസ്സോടെ സ്വീകരിച്ച കുഞ്ഞാലിക്കുട്ടി തല്‍ക്കാലം  പ്രശ്നങ്ങള്‍ക്കില്ളെന്ന് വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ വേണ്ടെന്ന അദ്ദേഹത്തിന്‍െറ നിര്‍ദേശത്തോട് മുഖ്യമന്ത്രിയും യോജിച്ചു.
ഇപ്പോഴത്തെ പ്രശ്നങ്ങളുടെയെല്ലാം പൂര്‍ണ ഉത്തരവാദി തെരഞ്ഞെടുപ്പ് കമീഷനാണെന്നാണ് ലീഗിന്‍െറ അഭിപ്രായം. കമീഷന്‍െറ നടപടികളോട് ശക്തമായ വിയോജിക്കുമ്പോഴും തല്‍ക്കാലം അവരുമായി തര്‍ക്കത്തിന് പോകേണ്ടെന്നും ലീഗ് മന്ത്രിമാരുടെ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
പുതിയ 28 മുനിസിപ്പാലിറ്റികളുടെ രൂപവത്കരണം ഹൈകോടതി അംഗീകരിച്ച സാഹചര്യത്തില്‍ അവ നിലനിര്‍ത്തി തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കമീഷനുമായി ആലോചിക്കണമെന്നും മുഖ്യമന്ത്രിയോട് ലീഗ്നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനുപുറമേ, നിയമസഭാ തരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍ മുന്നണിയുടെ  കെട്ടുറപ്പിന് ദോഷമുണ്ടാക്കുന്നതൊന്നും തങ്ങളില്‍ നിന്നുണ്ടാവരുതെന്നാണ് ലീഗിന്‍െറ തീരുമാനം. വെള്ളിയാഴ്ച മലപ്പുറത്ത് ചേരുന്ന നേതൃയോഗത്തിലാവും അന്തിമ നിലപാട് എടുക്കുക. അതേസമയം, വിഷയം ഇത്രത്തോളം വഷളാക്കിയത് കോണ്‍ഗ്രസാണെന്ന അഭിപ്രായവും ലീഗിനുണ്ട്. മുന്നണിയിലെ എല്ലാ കക്ഷികളുടെയും താല്‍പര്യം പരിഗണിച്ചാണ് തദ്ദേശസ്ഥാപനങ്ങളുടെ വിഭജനവും രൂപവത്കരണവും നടത്തിയത്. എന്നാല്‍ പ്രതിഷേധം ഉണ്ടായപ്പോള്‍ തങ്ങളെ  പ്രതിക്കൂട്ടിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.
വിഭജനത്തിനെതിരെ കോടതിയെ സമീപിച്ച സ്വന്തം അണികളെ  പിന്തിരിപ്പിക്കാന്‍  ശ്രമിക്കാതെ അവര്‍ ഇരട്ടവേഷം കളിക്കുകയുംചെയ്തു. പ്രശ്നത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും ലീഗ്നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. കമീഷന്‍െറ രാഷ്ട്രീയപശ്ചാത്തലത്തില്‍ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ തെറ്റുപറയാനാവില്ളെന്നും കമീഷണര്‍ മുന്‍ സി.പി.എം ഗ്രാമപഞ്ചായത്തംഗം ആയിരുന്നുവെന്നും  ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തുറന്നടിച്ചത് അദ്ദേഹത്തിലുള്ള ലീഗിന്‍െറ അവിശ്വാസപ്രകടനമാണ്.
കോടതിവിധിക്കെതിരെ ഇനിയും അപ്പീല്‍ നല്‍കിയാല്‍  തെരഞ്ഞെടുപ്പ് വൈകുമെന്ന് മാത്രമല്ല, പ്രതിപക്ഷം അത് പ്രചാരണായുധമാക്കുകയും ചെയ്യും. അതിനുവേണ്ടി സമ്മര്‍ദം ചെലുത്തിയാല്‍ ലീഗിന്‍െറ  അമിതതാല്‍പര്യമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. ഇത്തരം പേരുദോഷത്തില്‍നിന്നെല്ലാം ഒഴിവാകുന്നതിനുള്ള ഉപായമെന്ന നിലയിലാണ്  സമയത്ത് തെരഞ്ഞെടുപ്പെന്ന നിലപാടിലേക്ക് ലീഗ്നേതൃത്വം ചുവടുമാറ്റിയത്. ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍  തെരഞ്ഞെടുപ്പ് നടന്നാല്‍ യു.ഡി.എഫിന് നേട്ടമായിരിക്കുമെന്ന വിലയിരുത്തലും മാറിച്ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. തെരഞ്ഞെടുപ്പ് വൈകിയാല്‍ ഗുണം പ്രതിപക്ഷത്തിനായിരിക്കുമെന്നുമാത്രമല്ല, അതിന്‍െറ പഴിമുഴുവന്‍ തങ്ങള്‍ക്കുമേല്‍ വീഴുമെന്നും ലീഗ്  തിരിച്ചറിയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.