പുതിയ രാഷ്ട്രീയ സാഹചര്യമനുസരിച്ച് മാറ്റങ്ങള്‍ തേടി ബി.ജെ.പി

തൃശൂര്‍: മാറിയ രാഷ്ട്രീയ സാഹചര്യത്തിനനുസൃതമായി പ്രത്യയശാസ്ത്രത്തിലും പ്രവര്‍ത്തനത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുറച്ച് ബി.ജെ.പി. അരുവിക്കര, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായ അംഗീകാരവും പാര്‍ട്ടിയിലേക്ക് എത്തിയ പുതിയ അംഗങ്ങളുടെ വിശ്വാസ്യതയും പരമാവധി ആര്‍ജിച്ച് വരുന്ന പഞ്ചായത്ത്, അസംബ്ളി തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബി.ജെ.പി രൂപംനല്‍കിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുള്ള അനൗപചാരിക ചര്‍ച്ചകളും ആരംഭിച്ചു. അതിന്‍െറ ഭാഗമായാണ് കഴിഞ്ഞ രണ്ട് ദിവസമായി തൃശൂരില്‍ നേതൃശില്‍പശാല സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു ശില്‍പശാല. സംഘടനാതലത്തില്‍ കൈക്കൊള്ളേണ്ട നിലപാടുകളെക്കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ ക്ളാസെടുത്തു.
ജനസംഘമുണ്ടാക്കിയ കാലഘട്ടത്തിലെ അടിസ്ഥാന ആശയങ്ങളില്‍ നിന്നും മാറിയ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി പ്രയോഗത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശമാണ് നേതാക്കള്‍ മുന്നോട്ട് വെച്ചത്. അതിനായി കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കേണ്ടതുണ്ട്. പാര്‍ട്ടി അംഗത്വത്തില്‍ വര്‍ധനയുണ്ടായെന്ന് നേതാക്കള്‍ വ്യക്തമാക്കിയെന്നല്ലാതെ അതുസംബന്ധിച്ച കണക്കുകള്‍ ശില്‍പശാലയില്‍ അവതരിപ്പിക്കപ്പെട്ടില്ളെന്നത് ശ്രദ്ധേയമാണ്. മെംബര്‍ഷിപ് കാമ്പയിനിന്‍െറ ചുമതലയുള്ള വ്യക്തിയും ശില്‍പശാലയില്‍ പങ്കെടുത്തില്ല.
സി.പി.എം ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളില്‍ നിന്നും ബി.ജെ.പിയിലത്തെിയ പുതിയ അംഗങ്ങളെ പാര്‍ട്ടിയെക്കുറിച്ചും സംഘടന പ്രത്യയശാസ്ത്രത്തെക്കുറിച്ചും കൂടുതല്‍ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും മെംബര്‍ഷിപ് കാമ്പയിന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ മേഖല, മണ്ഡലം തലത്തില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുള്ളത് ഈ ലക്ഷ്യം വെച്ചാണ്.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സെപ്റ്റംബറിലാണ് മേഖലാ ശില്‍പശാലകള്‍ നടത്തുക. അതിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ മണ്ഡലംതല ശില്‍പശാലകളും സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
രണ്ട് രാത്രിയും രണ്ട് പകലുമായാണ് മേഖലാ, മണ്ഡലം ശില്‍പശാലകള്‍ സംഘടിപ്പിക്കുക. ദേശീയ -സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ഈ ശില്‍പശാലകളില്‍ ക്ളാസുകള്‍ എടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.