അരുവിക്കര: ബി.ജെ.പിയിലേക്ക് ചോര്‍ന്നത് 12000 വോട്ട്

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിക്കേണ്ട 12000ത്തോളം വോട്ട് ബി.ജെ.പിയിലേക്ക് ചോര്‍ന്നെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ബി.ജെ.പിക്ക് വോട്ട് ലഭിച്ചത് മുന്‍കൂട്ടി കാണാനായില്ളെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കവേ വ്യക്തമാക്കി. വോട്ട് ചോര്‍ച്ചയടക്കം തിരിച്ചടികള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അതേസമയം, പ്രചാരണരംഗത്തെ വി.എസിന്‍െറ സജീവതയെ വാനോളം പുകഴ്ത്തുന്നുണ്ട്.
ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും നല്‍കിയ വോട്ട് കണക്കുകളിലെ പൊരുത്തമില്ലായ്മ വെളിവാക്കുന്നതായിരുന്നു റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. അരുവിക്കരയില്‍ സി.പി.എമ്മിന് 2500 അംഗങ്ങളാണുള്ളത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് 65000 വോട്ട് ലഭിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. തെരഞ്ഞെടുപ്പിനുശേഷം 60000 വോട്ട് ലഭിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. പാര്‍ട്ടി വോട്ടും അനുഭാവികളുടെ വോട്ടുമടക്കം 50000 ത്തിലധികം വോട്ടെങ്കിലും ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കണമായിരുന്നു. ഒ. രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതോടെ ത്രികോണ മത്സരമായി. അത് മൂന്‍കൂട്ടി കാണുന്നതില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി, എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്നപ്പോള്‍ ലഭിച്ച വോട്ടിനെക്കാള്‍ 500ന് അടുത്ത് വോട്ട് മാത്രമാണ് കൂടുതല്‍ ലഭിച്ചത്. പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന ഈഴവ സമുദായത്തില്‍നിന്നാണ് കൂടുതല്‍ ചോര്‍ച്ചയുണ്ടായത്. മറ്റു സമുദായങ്ങളില്‍നിന്നും ചോര്‍ച്ചയുണ്ടായി. എന്നാല്‍, പാര്‍ട്ടി പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകള്‍ ചെറുതായിരുന്നെങ്കിലും അത് എല്‍.ഡി.എഫിന് ലഭിച്ചു. ബി.ജെ.പിക്ക് അനുകൂലമായ വോട്ട് ചോര്‍ച്ച മനസ്സിലാക്കുന്നതിലും ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
മാധ്യമങ്ങള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടും അതില്‍ വീഴാതെ പാര്‍ട്ടിക്കും സ്ഥാനാര്‍ഥിക്കുംവേണ്ടി വി.എസ്. അച്യുതാനന്ദന്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. പ്രചാരണത്തിന്‍െറ അവസാന ദിവസം ശാരീരിക അവശതകള്‍ മറന്ന് തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥിക്കൊപ്പം സഞ്ചരിച്ചതിനെയും യോഗം അഭിനന്ദിച്ചു. എന്നാല്‍, മണ്ഡലത്തിന്‍െറ ചുമതല നല്‍കിയ പിണറായി വിജയന്‍ പൊതുയോഗങ്ങളില്‍നിന്ന് മാറിനിന്നത് തിരിച്ചടിയായെന്ന അഭിപ്രായമുയര്‍ന്നു. ചര്‍ച്ചക്ക് മറുപടി നല്‍കിയ കോടിയേരി ബാലകൃഷ്ണന്‍, സംഘടനാ ചുമതല ഉണ്ടായിരുന്നതിനാലാണ് പിണറായി പൊതുയോഗങ്ങളില്‍നിന്ന് വിട്ടുനിന്നതെന്ന് വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടവരെ അടുത്ത തെരഞ്ഞെടുപ്പില്‍നിന്ന് ഒഴിവാക്കാനും സി.പി.എം തീരുമാനിച്ചു. സമൂഹത്തില്‍ പൊതുസമ്മതിയുള്ളവരെയും ചെറുപ്പക്കാരെയും സ്ത്രീകളെയും സ്ഥാനാര്‍ഥികളാക്കണമെന്നും നിര്‍ദേശിക്കുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് സംസ്ഥാന സമിതി അംഗീകരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.