വലിയപറമ്പിൽ 1995 ആവർത്തിക്കുമോ ?

തൃക്കരിപ്പൂർ: ലീഗ് വിമതന്റെ പിന്തുണയോടെ എൽ.ഡി.എഫ് ഭരണം കൈയാളിയ 1995 തെരഞ്ഞെടുപ്പ് ആവർത്തിക്കുമോ വലിയപറമ്പിൽ ? അന്ന് ഇരുമുന്നണികൾക്കും കിട്ടിയത് നാലുവീതം സീറ്റുകൾ. ഇപ്പോൾ പത്താം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായ ഉസ്മാൻ പാണ്ട്യാലയാണ് റിബൽ വേഷത്തിൽ എൽ.ഡി.എഫിനെ പിന്തുണച്ച് ഭരണത്തിലേറ്റിയത്.                  ബന്ധുവായ ഖാദർ പാണ്ട്യാലയാണ് എൽ.ഡി.എഫ് പിന്തുണയുള്ള എതിരാളി. സ്ഥാനാർഥി നിർണയത്തിൽ വാർഡിൽ നിന്നുള്ള നിർദ്ദേശം നിരകരിച്ചതാണ് ഖാദറിന്റെ വരവിൽ കലാശിച്ചത്. മുസ്‌ലിം ലീഗിലെ ഒരുവിഭാഗം ഖാദറിന്റെ ഒപ്പം പ്രചാരണത്തിൽ സജീവമാണ്. അനുഭവപാരമ്പര്യമുള്ള ഉസ്മാൻ ലീഗിന്റെ സീറ്റ് നിലനിർത്തുമെന്നാണ് അവരുടെപ്രതീക്ഷ. ഖാദർ ജയിച്ചാലും യു.ഡി.എഫിന് ഗുണകരമാവുന്ന തീരുമാനം എടുക്കുമെന്നാണ് വിമത വിഭാഗം പറയുന്നത്.            കോൺഗ്രസ് സീറ്റായ വലിയപറമ്പ ഏഴാം വാർഡിലെ ജയപരാജയം ഭരണം നിർണയിക്കുന്ന പാരമ്പര്യം തിരുത്തുന്നതിനും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചേക്കും. കോൺഗ്രസിന്റെ തന്നെ കന്നുവീട് കടപ്പുറം(5), സി.പി.എമ്മിന്റെ പന്ത്രണ്ടിൽ(11) വാർഡുകളും എങ്ങോട്ടും ചാഞ്ചാടാം. വലിയപറമ്പിൽ 14, കന്നുവീട്ടിൽ 89, പന്ത്രണ്ടിൽ 37 എന്നിങ്ങനെയാണ് കഴിഞ്ഞ തവണ ഭൂരിപക്ഷം.              ഒരിയരയിൽ കോൺഗ്രസ് നല്ല പോരാട്ടമാണ് നേരിടുന്നത്. ഇടയിലക്കാട് കോട്ട ഇളകാതെ നോക്കുകയാണ് സി.പി.എം. ഇക്കുറി വനിതാ സംവരണമായ മാടക്കാൽ ലീഗിന് നൽകിയതിൽ ഘടകകക്ഷിക്കുള്ള ഈർഷ്യ തീർന്നിട്ടില്ല. ബി.ജെ.പി ക്യാമ്പിലും സമാന പ്രശനമുണ്ട്. തയ്യിൽ കടപ്പുറം സി.പി.എമ്മിന്റെ പൊന്നാപുരം കോട്ടയാണ്.             പൊരിഞ്ഞ പോരാട്ടമാണ് കന്നുവീട് കടപ്പുറത്ത്. നേരത്തെ കോൺഗ്രസിലായിരുന്ന മുൻ പഞ്ചായത്തംഗമാണ് ഇടതുസ്വതന്ത്രനായി മത്സരിക്കുന്നത്. ഉദിനൂർ കടപ്പുറം യു.ഡി.എഫ് അട്ടിമറി പ്രതീക്ഷിക്കുന്ന വർഡാണ്. കുടുംബ വോട്ടുകൾ ഇവിടെ വിധി നിർണയത്തിൽ സ്വാധീനം ചെലുത്തും. ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന വലിയപറമ്പ വാർഡിൽ ഇരുമുന്നണികളും നേരിട്ട് ഏറ്റുമുട്ടുന്നു. യു.ഡി.എഫ് സ്ഥാനാർഥിയുടെ ബി.ജെ.പി കുടുംബ ബന്ധമാണ് എതിരാളികളുടെ പ്രധാന പ്രചാരണായുധം. സ്ഥാനാർഥി കോൺഗ്രസ് അംഗമാണെന്ന് വിശദീകരിച്ച് യു.ഡി.എഫ് നേരിടുന്നു.             മുൻ പഞ്ചായത്ത് പ്രസിഡന്റ് ജനവിധി തേടുന്ന പട്ടേൽകടപ്പുറത്തും മത്സരം പൊടിപാറും. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ എട്ടാം വാർഡ് അട്ടിമറിക്കാൻ   സ്വതന്ത്ര സ്ഥാനാർഥിയുടെ മുന്നേറ്റമാണ് യു.ഡി. എഫ് പിന്തുണക്കുന്നത്. പടന്ന കടപ്പുറം ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന വർഡാണ്. വെളുത്ത പൊയ്യയും(12), മാവിലാകടപ്പുറവും(13) ലീഗിന്റെ കോട്ടകളാണ്. ഒറ്റനോട്ടത്തിൽ വിസ്തീർണം: 16.12 ച.കി.മി ജനസംഖ്യ:  12790 വോട്ടർമാർ: 11062 പുരുഷൻ: 4987 സ്‌ത്രീ: 6061 പ്രവാസികൾ: 14 കക്ഷിനില: ആകെ വാർഡ്‌ : 13 മുസ്‌ലിം ലീഗ് -4 കോൺഗ്രസ്-3 സി.പി.എം -6 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.