സമൂഹമാധ്യമങ്ങളും കേന്ദ്രത്തി​െൻറ കൈകളിലേക്ക്

ഒടുവിൽ നരേന്ദ്ര മോദി സർക്കാർ വിവാദ ഐ.ടി (വിവര സാ​ങ്കേതിക വിദ്യ) ചട്ട ഭേദഗതിയിലൂടെ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കവും സ്വന്തം നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വരുത്തിയ ഭേദഗതിചെയ്ത ചട്ടങ്ങൾ അനുസരിച്ച് സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതും മാറ്റംവരുത്തുന്നതും സംബന്ധിച്ച പരമാധികാരം കേ​ന്ദ്രസർക്കാർ നിയോഗിക്കുന്ന മൂന്നംഗ സമിതിക്കായിരിക്കും. മൂന്നുമാസത്തിനകം സർക്കാർ സമിതിയെ നിയോഗിക്കും. സർക്കാർ സമിതിക്ക് ​ഒരു അധ്യക്ഷനും രണ്ട് മുഴുസമയ അംഗങ്ങളുമുണ്ടാകും. സംയുക്ത പാർലമെന്ററി സമിതി നിർദേശിച്ച ഭേദഗതികളോടെ ഡേറ്റ സംരക്ഷണ നിയമം കൊണ്ടുവരാൻ ഇനിയും തയാറാകാത്ത കേന്ദ്ര വിവരസാ​ങ്കേതിക വിദ്യ-ഇലക്​ട്രോണിക് മന്ത്രാലയം, അതിനുമുന്നേയാണ് സമൂഹമാധ്യമങ്ങളുടെ നിയന്ത്രണം പൂർണമായും കൈപ്പിടിയിലൊതുക്കിയുള്ള നിർണായക ഭേദഗതി ​ഐ.ടി ചട്ടത്തിൽ വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച അപ്പീൽ കോടതികൾക്ക് പകരം കേന്ദ്രസർക്കാർ നിയോഗിക്കുന്ന മൂന്നംഗ സമിതി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. 2023 ജനുവരിയോടെ ഇതിനായുള്ള കേന്ദ്രസർക്കാർ സമിതി നിലവിൽവരുമെന്നും വിജ്ഞാപനത്തിലുണ്ട്.

സ്വയംനിയന്ത്രണത്തിനുപകരം കേന്ദ്ര നിയന്ത്രണം

ഓരോ സമൂഹമാധ്യമ കമ്പനിയും സ്വന്തം നിലക്ക് ഒരു പരാതിപരിഹാര ഉദ്യോഗസ്ഥനെ ​നിയമിക്കണമെന്നും ആ ഉദ്യോഗസ്ഥൻ രാജ്യത്തെ ക്രമസമാധാന പാലനത്തിനും അന്വേഷണങ്ങൾക്കും ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥരുമായി ഏകോപിച്ച് പ്രവർത്തിക്കണമെന്നുമുള്ള വ്യവസ്ഥ നിലനിൽക്കേയാണ് സമൂഹമാധ്യമ നിയന്ത്രണം പൂർണമായും സർക്കാറിനാക്കുന്ന പുതിയ നീക്കം. സമൂഹമാധ്യമ ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾ കിട്ടിയതായി 24 മണിക്കൂറിനകം സാക്ഷ്യപ്പെടുത്തണം. പരാതികൾ 15 ദിവസത്തിനം തീർക്കണം. ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ 72 മണിക്കൂറിനുള്ളിലും തീരുമാനമെടുക്കണം. ആ തീരുമാനങ്ങൾക്കുമേലുള്ള അപ്പീലിലാണ് കേന്ദ്രസർക്കാർ നിയോഗിക്കുന്ന സമിതി അന്തിമ തീരുമാനം കൈക്കൊള്ളുക. തങ്ങളുടെ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കങ്ങൾ നീക്കംചെയ്യാനുള്ള സമൂഹമാധ്യമങ്ങളുടെ അധികാരത്തിനുമേൽ ഇതോടെ കേന്ദ്രസർക്കാറിന്റെ നിയന്ത്രണംവരും. ഭരണകക്ഷി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും സർക്കാറിനെതിരായ വിമർശനങ്ങളുമൊക്കെ ഉള്ളടക്കമായി വേണ്ടതുണ്ടോ എന്ന് സർക്കാർതന്നെ തീരുമാനിക്കും.

ബദൽ നിർദേശങ്ങൾ തള്ളി നിയന്ത്രണവുമായി മുന്നോട്ട്

ഐ.ടി നിയമത്തിൽ നിയമഭേദഗതികളുമായി കഴിഞ്ഞ ജൂണിൽ കേന്ദ്ര സർക്കാർ ഒരു കരട് പ്രസിദ്ധീകരിച്ചിരു​ന്നു. തങ്ങളുടെ പോസ്റ്റുകളും ട്വീറ്റുകളും മതിയായ പരിശോധനയില്ലാതെ സമൂഹമാധ്യമങ്ങൾ നീക്കംചെയ്യുന്നുണ്ടെന്ന പരാതി ജനങ്ങൾക്കുണ്ടെന്നും അവ പരിഹരിക്കാൻ സംവിധാനമില്ലാത്തതിനാൽ കോടതിയെ സമീപിക്കുക മാത്രമാണ് പോംവഴിയെന്നും കരട് പുറത്തുവിട്ടപ്പോൾ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതേതുടർന്ന് ഗൂഗിളും ഫേസ്ബുക്കും വാട്സ്ആപ്പും ട്വിറ്ററും യൂട്യൂബുമെല്ലാം ബദൽ നിർദേ​ശങ്ങൾ മുന്നോട്ടുവെച്ച് സർക്കാറുമായി ചർച്ചക്ക്​ വന്നു. തങ്ങളുടെ തീരുമാനത്തിന്റെ കാര്യത്തിൽ ബാഹ്യ ഏജൻസിയെ അന്തിമതീർപ്പിനായി നിയോഗിക്കുന്നത് ഗൂഗിൾ എതിർക്കുകയും ചെയ്തു. എന്നാൽ, അതെല്ലാം തള്ളിയാണ് ചട്ടം ഭേദഗതി ചെയ്ത് കോടതിക്ക് പകരം സർക്കാർതന്നെ കോടതിയാകുന്ന അപ്പീൽ കമ്മിറ്റിയെ കൊണ്ടുവരുന്നത്. അപ്പീൽ കമ്മിറ്റി വരുന്നതോടെ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച പരാതികളിൽ അവ നീക്കം ചെയ്യേണ്ടതുണ്ടോ വല്ല മാറ്റവും വരുത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ അന്തിമതീരുമാനം സർക്കാറിനായിരിക്കും. രാജ്യത്ത് സമൂഹമാധ്യമങ്ങളിൽ ഇനി എന്ത് കാണണമെന്നും എന്ത് കാണരുതെന്നും കേന്ദ്രസർക്കാർ തീരുമാനിക്കും.

വാട്സ്ആപ്പും ഫേസ്ബുക്കും അന്വേഷണ ഏജൻസികളും

ഏകപക്ഷീയമെന്ന് ആക്ഷേപമുയർന്ന വടക്കുകിഴക്കൻ ഡൽഹി കലാപ അന്വേഷണത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്താൻ ഡൽഹി പൊലീസ് ആധാരമാക്കിയത് അറസ്റ്റിലായവർ പൗരത്വ സമരവേളയിൽ നടത്തിയ വാട്സ്ആപ് ചാറ്റുകളാണെന്നത് പ്രഥമവിവര റിപ്പോർട്ടുകളിലും ​​കുറ്റപത്രങ്ങളിലുമുണ്ട്. ഏറ്റവുമൊടുവിൽ പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടേതെന്നും പ്രഥമ വിവര റിപ്പോർട്ടുകളിലേതുമെന്നൊക്കെ പറഞ്ഞ് പല മാധ്യമങ്ങളിലും വന്ന വാർത്തകളും വാട്സ്ആപ് ചാറ്റുകൾ ആധാരമാക്കിയായിരുന്നു. ഡൽഹി പൊലീസ് കമീഷണറായിരുന്ന രാകേഷ് അസ്താനയുമായി ഡൽഹി വനിത പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സമൂഹമാധ്യമങ്ങളുമായുള്ള കേ​ന്ദ്ര അന്വേഷണ ഏജൻസികളുടെ ബന്ധം എങ്ങനെ എന്നാരാഞ്ഞിരുന്നു. വാട്സ്ആപ്പും ഫേസ്ബുക്കുമെല്ലാം തങ്ങളെ വളരെയേറെ സഹായിക്കുന്നുണ്ടെന്നും പൊലീസും സമൂഹമാധ്യമങ്ങളും പരസ്പരം ഏകോപനത്തോടെയും സഹകരണത്തോടെയുമാണ് ഡൽഹിയിൽ മുന്നോട്ടുപോകുന്നതെന്നുമായിരുന്നു അദ്ദേഹം നൽകിയ മറുപടി.

വാട്സ്ആപ് നിരോധിച്ച ഒരുകോടി അക്കൗണ്ടുകൾ

ഇന്ത്യൻ യൂസർമാരുടെ 23.28 ലക്ഷം അക്കൗണ്ടുകൾ ഒരുമാസത്തിനുള്ളിൽ മാത്രം നിരോധിച്ച വിവരം വാട്സ്ആപ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. 2021ലെ പുതുക്കിയ ഡിജിറ്റൽ മാധ്യമ മാർഗനിർദേശ പ്രകാരമുള്ള ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടിലാണ് വാട്സ്ആപ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ആഗസ്റ്റിലെ മാത്രം കണക്കാണിത്. നിയമ ലംഘനത്തിനെതിരെയുള്ള പരാതികളുടെ അടിസ്ഥാനത്തിലും തങ്ങളുടെതന്നെ സംവിധാനം വഴി നിയമലംഘനം കണ്ടുപിടിച്ചുമാണ് ആഗസ്റ്റിൽ മാത്രം കാൽകോടി അക്കൗണ്ടുകൾ നിരോധിച്ചതെന്നാണ് വാട്സ്ആപ് പറഞ്ഞത്. തങ്ങൾ വിലക്കിയ കാൽ കോടി അക്കൗണ്ടുകളിൽ 10 ലക്ഷത്തിലേറെയും വിലക്കിയത് സ്വന്തം നിലക്കുള്ള സംവിധാനം വഴിയാ​ണെന്നും ഏതെങ്കിലും പരാതികൾ ലഭിച്ചിട്ടില്ലെന്നും കമ്പനി പ്രത്യേകം വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് ഒന്നിനും 31നുമിടയിൽ 598 പരാതികൾ കിട്ടിയതിൽ നിരോധനം ആവശ്യപ്പെട്ട് കിട്ടിയവ 449 ആയിരുന്നെന്നും അതിൽ 19 എണ്ണം നിരോധിച്ചെന്നുമാണ് വാട്സ്ആപ് അറിയിച്ചത്. അതിന് തൊട്ടുമുമ്പത്തെ ജൂലൈയിൽ 23.87 യൂസർമാരെയും ജൂണിൽ 22 ലക്ഷം പേരെയും മേയിൽ 19 ലക്ഷം പേരെയും വിലക്കിയെന്നാണ് വാട്സ്ആപ് പുറത്തുവിട്ട കണക്ക്. ​ഈ വർഷം മേയ് മുതൽ ആഗസ്റ്റ് വരെയുള്ള നാലുമാസത്തിനുള്ളിൽ ഒരുകോടിക്ക് അടുത്ത് അക്കൗണ്ടുകൾ വിലക്കിയ വിവരമാണ് വാട്സ്ആപ് പുറത്തുവിട്ടത്. സ്വന്തം പ്ലാറ്റ്ഫോമിലുടെ അപകടകരമായ ഉള്ളടക്കങ്ങൾ വരാതിരിക്കാൻ തങ്ങളിപ്പോൾ ശ്രമിക്കുന്നുണ്ടെന്നും അതിനായി സ്വന്തം ടൂളുകൾ വികസിപ്പിച്ചിട്ടുണ്ടെന്നും വാട്സ്ആപ് വ്യക്തമാക്കുകയും ചെയ്തു.

ഉള്ളടക്കത്തിൽ തീരുമാനം ഇനി കേന്ദ്രസർക്കാറിന്

എന്നാൽ, ഉള്ളടക്കവുമായി ബന്ധപ്പെട്ട ഇത്തരം നടപടികളുടെ അന്തിമ തീർപ്പ് കൽപിക്കുക കമ്പനികളായിരിക്കില്ല, കേന്ദ്ര സർക്കാറായിരിക്കും. പുതുതായുണ്ടാക്കുന്ന അപ്പീൽ കമ്മിറ്റി സമൂഹമാധ്യമ ഉപയോക്താക്കളെ ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര വിവരസാ​​ങ്കേതിക ഇലക്ട്രോണിക്സ് മന്ത്രി അശ്വനി വൈഷ്ണവിന്റെ വാദം. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കുള്ള ശക്തമായ സന്ദേശമാണ് പുതിയ ചട്ടങ്ങളെന്നാണ് കേന്ദ്ര ഇലക്ട്രോണിക്-ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരൻ പറയുന്നത്. അമേരിക്കയിലും യൂറോപ്പിലും ആസ്ഥാനങ്ങളുള്ള കമ്പനികളുടെ കമ്യൂണിറ്റി മാർഗനിർദേശങ്ങൾ അവർ ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ ഇന്ത്യക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമാകാനാവില്ലെന്നാണ് മന്ത്രിയുടെ വാദം. ഇൗ നീക്കം ഗുണപരമാണെന്നും ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങളെ സമൂഹമാധ്യമങ്ങൾ മാനിക്കണമെന്നും അ​ക്രമമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ​മോ തെറ്റായ വിവരമോ ആയ ഉള്ളടക്കം 72 മണിക്കൂറിനകം നീക്കംചെയ്യുമെന്നും മന്ത്രി ആണയിടുന്നു.

അപ്പീൽ കമ്മിറ്റിയുടെ സെൻസർഷിപ്

കേ​ന്ദ്രസർക്കാറിന്റെ പുതിയ സമിതി അടിസ്ഥാനപരമായി സർക്കാറിന്റെ 'സെൻസർഷിപ് സ്ഥാപനമാ'യി മാറുമെന്നാണ് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ കുറ്റപ്പെടുത്തുന്നത്. ​ഉള്ളടക്കങ്ങൾ നീക്കംചെയ്യേണ്ടതുണ്ടോ ഇല്ലേ എന്ന തീരുമാനം ഉദ്യോഗസ്ഥർക്ക് വിട്ട​ുകൊടുത്തതിലൂടെ ഓൺലൈൻ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിധികർത്താക്കളായി അവരെ നിശ്ചയിക്കുകയാണ് ചെയ്തതെന്നും ഫൗണ്ടേഷൻ കുറ്റപ്പെടുത്തുന്നു.

ആദ്യം അവർ ടി.വി ശൃംഖലകൾ പിടിച്ചെടുത്തെന്നും ഇനിയവർ സമൂഹമാധ്യമങ്ങളെക്കൂടി കൈയടക്കാനാണ് പോകുന്നതെന്നുമാണ് മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബലിന്റെ മുന്നറിയിപ്പ്. മാധ്യമങ്ങളെ മൊത്തമായും പിടിച്ചെടു​ക്കലാണിത്. ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും ഒരു പെരുമാറ്റച്ചട്ടത്തിലേക്കും ആരോടും ഉത്തരം പറയേണ്ടതില്ലാത്ത ഒരു സർക്കാർ സംവിധാനത്തിലേക്കുമാണ് നാം നീങ്ങുന്നത്. ആകെക്കൂടി പൗരജനങ്ങളുടേതായി അവശേഷിച്ചിരുന്നത് സമൂഹമാധ്യമങ്ങ​ളായിരുന്നെന്നും സിബൽ ഓർമിപ്പിച്ചു.

സമൂഹമാധ്യമങ്ങൾ ഇനിയും അങ്കത്തിനിറങ്ങുമോ?

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങൾ രാജ്യത്തെ വിവിധ കോടതികളിൽ നിയമയുദ്ധം നടത്തുന്നതിനിടയിലാണ് നിയമപരമായ ഈ നീക്കം. കേന്ദ്രസർക്കാറിന്റെ സെൻസർഷിപ് നീക്കത്തിനെതിരെ നിയമയുദ്ധം നടത്തിയ സമൂഹമാധ്യമങ്ങൾ പുതിയ കേന്ദ്രസമിതിയെ കോടതിയിൽ ​പോയി വെല്ലുവിളിക്കുമോ എന്നതാണ് അ​പ്പോഴുയരുന്ന ചോദ്യം.

ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം എന്നിവയുടെയെല്ലാം ഉടമസ്ഥതയുള്ള മേറ്റയുടെ ഇന്ത്യൻ നയങ്ങൾ രൂപവത്കരിക്കുന്ന ചുമതല റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ട്വിറ്റർ ഇപ്പോൾ കൈവശപ്പെടുത്തിയ എലോൺ മസ്ക് ആകട്ടെ, കേന്ദ്രസർക്കാറിന്റെ നിയന്ത്രണം കോടതിയിൽ ചോദ്യംചെയ്തതിന് എതിരുമായിരുന്നു. ഉള്ളടക്കം സംബന്ധിച്ച തീരുമാനത്തിന് ഒരു കൗൺസിൽ ഉണ്ടാക്കുമെന്ന് 'ട്വിറ്റർ' ഏറ്റെടുത്തയുടൻ മസ്ക് വെള്ളിയാഴ്ച വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം കച്ചവടതാൽപര്യങ്ങൾക്കപ്പുറത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനായി മേറ്റയിൽനിന്നും ട്വിറ്ററിൽനിന്നും ഇനിയുമൊരങ്കം പ്രതീക്ഷിക്കാൻ വകയില്ല.

Tags:    
News Summary - Social media also in the hands of the center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.