ശശികലക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെ

അപ്രതീക്ഷതിമല്ല തമിഴ്നാടില്‍ നിന്നുള്ള വാര്‍ത്ത. എന്നാല്‍, ഇത്ര വേഗത്തില്‍ ഇതു സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ചാകും അധികാരമാറ്റമെന്നാണ് കേട്ടിരുന്നത്. എന്നാല്‍, ജോല്‍സ്യന്‍ തിയതി കുറിച്ചതോടെ എല്ലാം വേഗത്തിലായിരുന്നു. ഫെബ്രുവരി എട്ടിനും ഒമ്പതിനും ഇടയില്‍ അധികാരമേല്‍ക്കാനാണ് ജോല്‍സ്യന്‍ സമയം കുറിച്ചതെന്നാണ് ചില തമിഴ് പത്രങ്ങള്‍ പുറുത്തു വിടുന്ന വിവരം. എന്നാല്‍, ശശികല കൂടി പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒരാഴ്ചക്കകം വിധി പറയുമെന്ന് സുപ്രീം കോടതി അറിയിച്ചതോടെയാണ് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലാന്‍ കുടുതല്‍ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനം. 


മൂന്നു പതിറ്റാണ്ട് കാലം ജയലളിതക്കൊപ്പം നിഴലായി നിന്നുവെന്നതിന്‍റ ഏക പരിഗണനയിലാണ് ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായതും ഇപ്പോള്‍ മുഖ്യമന്ത്രിയാകുന്നതും. ജയലളിതക്കൊപ്പം തോഴിയായി ഒപ്പമുണ്ടായിരുന്നുവെങ്കിലും അവര്‍ ഒരിക്കലും ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. ജനകീയ പിന്തുണയില്ലാതെയാണ് അധികാരത്തിലേക്ക് എത്തുന്നത് എന്ന വിത്യാസമുണ്ട്. മുഖ്യമന്ത്രിയായിരിക്കെ, എം.ജി.രാമചന്ദ്രന്‍റ നിര്യാണത്തെ തുടര്‍ന്ന് 1988 ജനുവരി ഏഴിന് തമിഴ്നാടിന്‍റ ആദ്യ വനിത മുഖ്യമന്ത്രിയായി അദേഹത്തിന്‍റ ഭാര്യ ജാനകി രാമചന്ദ്രന്‍ അധികാരത്തിലത്തെുമ്പോഴും അവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്നില്ല. എം.എല്‍.എയുമായിരുന്നില്ല. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും കഴിഞ്ഞില്ല. 23 ദിവസമായിരുന്നു കാലാവധി. തുടര്‍ന്ന് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായി. അപ്പോഴെക്കും ജയലളിതയുടെ നേതൃത്വത്തില്‍ മറ്റൊരു എ.ഐ.എ.ഡി.എം.കെ പിറന്നിരുന്നു. 1989ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ മധുര ജില്ലയിലെ ആണ്ടിപ്പട്ടിയില്‍ ജാനകിയും കേരളത്തോട് ചേര്‍ന്നുള്ള ബോഡിനായ്ക്കനുരില്‍ ജയലളിതയും മല്‍സരിച്ചു. ജയലളിത തെരഞ്ഞെടുക്കപ്പെട്ടു. ജാനകിയും ജാനകിയുടെ പാര്‍ട്ടിയും തോറ്റു.


ഇത്തവണ നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ നാലു വര്‍ഷത്തിലേറെ ബാക്കി നില്‍ക്കുന്നുവെന്നതാണ് ശശികലയുടെ നേട്ടം. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി ഭരണം നഷ്ടപ്പെടുത്താനും തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനും നിലവിലെ എം.എല്‍.എമാര്‍ ആഗ്രഹിക്കുന്നില്ല. കിട്ടുന്ന കാലം അധികാരത്തില്‍ തുടരുകയെന്ന മിനിമം പരിപാടി. അതിനും പുറമെ, 1988ലെ രാഷ്ട്രിയ സഹാചര്യമല്ല, എ.ഐ.എ.ഡി.എം.കെയിലുള്ളത്. അന്ന് പ്രചരണ വിഭാഗം സെക്രട്ടറി ജയലളിതയെന്ന കരിഷ്മയുള്ള നേതാവുണ്ടായിരുന്നു പാര്‍ട്ടി പിളര്‍ത്താന്‍. പുറമെ എം.ജി.ആറിനെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയില്‍ നിന്നും ചവുട്ടി പുറത്താക്കിയതിലൂടെ ലഭിച്ച സഹതാപവും.  എന്നാല്‍, ശശികലക്ക് ഇതൊന്നുമില്ല.  പ്രവര്‍ത്തകര്‍ക്കിടയില്‍ വേരുള്ള നേതാക്കള്‍ ആ പാര്‍ട്ടിയിലില്ല എന്നതാണ് പ്ളസും മൈനസും. എല്ലാവരും ജയലളിതയുടെ നിഴലില്‍ ആയിരുന്നതിനാല്‍ സ്വന്തം മണ്ഡലത്തിനോ ജില്ലക്കോ അപ്പുറത്തേക്ക് ആരും ‘വളര്‍ന്നില്ല’.  ഇത്തവണ മുഖ്യമന്ത്രിയായ ഒ.പന്നീര്‍ശെല്‍വം ജല്ലിക്കെട്ടില്‍ നിയമനിയമ നിര്‍മ്മാണം നടത്തിയതും ജനങ്ങള്‍ക്കൊപ്പം സമുഹ സദ്യയില്‍ ഭക്ഷണം കഴിച്ചും താഴത്തെട്ടിയലിറങ്ങിയപ്പോള്‍ വെല്ലുവിളി ആകുമോയെന്ന് ഭയന്ന് ശശികല കയ്യോടെ വേരറുക്കുകയും ചെയ്തു. 



എന്നാല്‍, മുഖ്യമന്ത്രിയാകുന്ന ശശികലക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. എ.ഐ.എ.ഡി.എം.കെ ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയാണ് സര്‍വാധികാരിയെന്നതിനാല്‍, എം.എല്‍.എമാരെയും നേതാക്കളെയും അടക്കി നിറുത്താനാകും. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് വരെ മറ്റൊന്നും അവര്‍ക്ക് ആലോചിക്കേണ്ടി വരില്ല. എന്നാല്‍, അതിന്മുമ്പ് കടമ്പകള്‍ ഏറെയുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിലെ വിധി തന്നെയാണ് പ്രധാനം. ശിക്ഷിക്കപ്പെടുകയും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്കും വരികയാണെങ്കില്‍ ജാനകിയെ പോലെ നിയമസഭാംഗമാകാന്‍ ഭാഗ്യം ലഭിക്കാത്ത മുഖ്യമന്ത്രിയായി ചരിത്രത്തില്‍ ഇടം പിടിക്കും. നിയമസഭാംഗമല്ലാത്ത ശശികലത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമെന്നത് മറ്റൊരു വെല്ലുവിളി. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ചെന്നൈ ആര്‍.കെ.നഗര്‍ മണ്ഡലം മാത്രമാണ് ഒഴിഞ്ഞ് കിടക്കുന്നത്്. അവിടെ മെയ് മാസത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, ശശികലക്ക് മണ്ഡലം അനുകൂലമല്ളെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സുരക്ഷിത മണ്ഡലം തേടിയുള്ള അന്വേഷണത്തില്‍ ആണ്ടിപ്പട്ടിയാണത്രെ പരിഗണനയില്‍. 1984ല്‍ എം.ജി.ആറും 2002ലും 2007ലും ജയലളിതയും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആണ്ടിപ്പട്ടിയില്‍ രണ്ടു തവണ മാത്രമാണ് എ.ഐ.എ.ഡി.എം.കെ പരാജയപ്പെട്ടിട്ടുള്ളത്. ജയലളിത മല്‍സരിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ആണ്ടിപ്പട്ടിയിലെ പ്രവര്‍ത്തകരെ നേരിട്ടറിയാമെന്നതാണ് ശശികലയെ ഈ മണ്ഡലവുമായി അടുപ്പിക്കുന്നത്. ഇതിന് പുറമെ ഒ.പന്നീര്‍ശെല്‍വത്തിന്‍റ സ്വാധീനമേഖല കുടിയാണിവിടം. അവിടുത്തെ എം.എല്‍.എ തങ്കതമിഴ് സെല്‍വം രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടത്രെ.


ഭരണാധികാരിയെന്ന നിലയില്‍  നേരിടേണ്ടി വരുന്ന കടുത്ത വെല്ലുവിളി തമിഴ്നാടിലെ വരള്‍ച്ചയാണ്. കാവേരി നദിതടം കടുത്ത ജലക്ഷാമം നേരടികുയാണ്. രണ്ടു മാസത്തിനിടെ 60ലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവന്നാണ് കര്‍ഷക സംഘടനകള്‍ വെളിപ്പെടുത്തുന്നത്. വരള്‍ച്ച രൂക്ഷമാകുന്നതോടെ കര്‍ഷകര്‍ക്കിടയില്‍ അസ്വസ്ഥത പടരും. ഇത്തവണ നെല്ലുല്‍പാദനം കുറയുമെന്നതിനാല്‍ ഭക്ഷ്യ ക്ഷാമവും രൂക്ഷമാകും. മുല്ലപ്പെരിയാറിലും പറമ്പിക്കുളം -ആളിയാറിലും വെള്ളമില്ലാത്തിനാല്‍ തെക്കന്‍ തമിഴ്നാടും രൂക്ഷമായ ജലക്ഷാമത്തിലേക്കാണ്. കുടിവെള്ളം പോലും കിട്ടാതെയാകുമെന്നാണ് വിവരം. ഇതിനെ ഏങ്ങനെ തരണം ചെയ്യുമെന്നത് വലിയ വിഷയമാകും. പഞ്ചായത്ത് അംഗമായി പോലും പ്രവര്‍ത്തിച്ച് പരിചയമില്ളെങ്കിലും ജയലളിതക്കൊപ്പം കണ്ടും കേട്ടും കാലം കഴിച്ചതിനാല്‍  ഭരണം പരിചയമുണ്ടെന്നത് ആശ്വസിക്കാം. ജയലളിത കൈമാറിയിരുന്നു നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ക്കും  എം.എല്‍.എമാര്‍ക്കും കൈമാറിയിരുന്നത് ശശികലയായിരുന്നുവത്രെ. പക്ഷെ, ജയലളിതക്കൊപ്പം ഉപദേശകരായി മുതിര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും ജല മാനേജ്മെന്‍റ് വിദഗ്ധരുമുണ്ടായിരുന്നു. ജയലളിതയെന്ന ഭരണാധികാരിയുടെ കമാണ്ടിംഗ് പവ്വര്‍ ആയിരുന്നു അവരുടെ ശക്തി. ഇന്നലെ വരെ തോഴിയായി മാത്രം കണ്ടിരുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്കാണ് മുഖ്യമന്ത്രിയായി ശശികല എത്തുന്നത്.
 


മാറ്റിവെക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പായിരിക്കും പാര്‍ട്ടിയുടെയും ഭരണത്തിന്‍റയും തലൈവിയെന്ന നിലയില്‍ ചിന്നമ്മ നേരിടുന്ന മറ്റൊരു വെല്ലുവിളി. ജയലളിത ജീവിച്ചിരിക്കെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കോടതി ഇടപെടലിനെ തുടര്‍ന്നാണ് മാറ്റി വെച്ചത്. കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെ തൂത്തു വാരിയതാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. ഇത്തവണ അടിതെറ്റിയാല്‍, ശശികലയൂടെ പ്രതിഭക്കും മങ്ങലേല്‍ക്കും. അതിന് പിന്നാലെ ലോകസഭാ തെരഞ്ഞെടുപ്പും എത്തും. സ്ഥാനാര്‍ഥി നിര്‍ണയം പോലും പ്രശ്നമാകും. പ്രത്യേകിച്ച് ലോകസഭാംഗം തമ്പിദുരൈയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി പദവിയിലേക്ക് വഴിയാരുക്കിയത് എന്നതിനാല്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഒന്നുറപ്പിക്കാം ശശികലക്ക് ഭരണം അത്ര എളുപ്പമായിരിക്കല്ല, ഒരു പക്ഷെ, ചരിത്രത്തില്‍ ഇടംപിടിക്കാനായിരിക്കും ശശികല ആഗ്രഹിക്കുന്നത്. ഒപ്പം ജയലളിയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്യാം. ഒരിക്കല്‍ ജയലളിതക്കൊപ്പം നിഴല്‍പോലെയുണ്ടായിരുന്ന സഹോദര പുത്രി ദീപ ഉയര്‍ത്തുന്ന ഭീഷണി നേരിടാനും ഇതല്ലാതെ മറ്റൊരു വഴി അവരുടെ മുന്നലില്ല. എ.ഐ.എ.ഡി.എം.കെ എം.പി യായ ശശികല പുഷ്പയും പല്ലും നഖവും ഉപുയാഗിച്ച് എതിര്‍ക്കാന്‍ രംഗത്തുണ്ട്. ബദല്‍ നേതാവില്ലാത്ത എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മറ്റൊരു വഴിയും തല്‍ക്കാലമില്ല. 2016 മെയിലെ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാമത് മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സത്യപ്രതിഞ്ജ ചെയ്യുന്നത്. മൂന്നാം തവണയും മറ്റൊരു വനിതക്ക് വേണ്ടി പന്നീര്‍സെല്‍വം സ്ഥാനമൊഴിഞ്ഞു. 

Tags:    
News Summary - sasikala natarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.