ശരദ് യാദവിനും ലാലു പ്രസാദിനും രാംവിലാസ് പാസ്വാനുമൊപ്പം

സലാം, 'മൗലാന' മുലായം

നേതാവ് എന്ന വിളി സകല രാഷ്ട്രീയക്കാരും കൊതിക്കുന്നതാണ്. എന്നാൽ, 'നേതാജി' എന്ന് വർത്തമാനകാല രാഷ്ട്രീയം ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ അത് സമാജ്‍വാദി പാർട്ടി മേധാവി മുലായം സിങ് യാദവിനെ മാത്രം. പിന്നെയുമുണ്ട് ഏറെ പ്രശസ്തമായ മറ്റൊരു വിളിപ്പേര്. -മൗലാന മുലായം.

കാവിപ്പട ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പടർന്നുകയറുകയും രാജ്യത്തിന്റെ സാമൂഹിക-സാമുദായിക അന്തരീക്ഷത്തെ കലുഷമാക്കുകയും ചെയ്ത വേളയിൽ മുസ്‍ലിം ജനസമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനുവേണ്ടി നിലകൊണ്ടു എന്നതാണ് ആ വിളിപ്പേരിനാധാരം.

1990 ഒക്ടോബർ 30ന് സകല നിയന്ത്രണങ്ങളും തകർത്ത് ബാബരി മസ്ജിദിലേക്ക് കടക്കുമെന്ന് കർസേവകർ ഭീഷണിപ്പെടുത്തിയപ്പോൾ പൊലീസിനോട് വെടിവെക്കാൻ ഉത്തരവിടാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. നവംബർ രണ്ടിനും അദ്ദേഹം ഈ ഉത്തരവ് ആവർത്തിച്ചു.

1993ൽ കേന്ദ്രമന്ത്രിയായിരിക്കെ മാധ്യമം സന്ദർശിച്ചപ്പോൾ. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് സമീപം

28 കർസേവകർക്ക് ജീവൻ നഷ്ടമായി, മേൽജാതി ഹിന്ദുത്വരുടെ കൺകളിൽ മുലായമിന് വില്ലൻ പരിവേഷമായി. മൗലാന എന്ന പേര് ചാർത്തപ്പെട്ടതും അന്നുമുതലാണ്. വലിയ രാഷ്ട്രീയ വില അതിന് നൽകേണ്ടിവന്നെങ്കിലും ഒരിക്കൽ പോലും മുലായം തന്റെ നിലപാടിനെയോർത്ത് ഖേദിച്ചിട്ടില്ല.

വഴിതെറ്റിക്കപ്പെട്ട യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ടതിൽ സങ്കടമുണ്ടെങ്കിലും ക്രമസമാധാനത്തിലും രാഷ്ട്രീയ നൈതികതയിലും വിട്ടുവീഴ്ച ചെയ്യാൻ സാധിക്കുമായിരുന്നില്ല എന്ന് ഈ കുറിപ്പുകാരിയോട് അദ്ദേഹം പലവുരു പറഞ്ഞിട്ടുണ്ട്.

യു.പിയിലെ ഇട്ടാവയിലുള്ള ദരിദ്ര കർഷക കുടുംബത്തിൽ 1939 നവംബർ 22നാണ് മുലായമിന്റെ ജനനം. കഷ്ടതകൾക്കിടയിൽനിന്ന് ആഗ്ര സർവകലാശാലയിൽനിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയതും കരുത്തനായ ഗുസ്തിക്കാരനും സമർഥനായ രാഷ്ട്രീയക്കാരനുമായി വളർന്നതുമെല്ലാം അതിശയം തന്നെയാണ്.

ഗുസ്തിയിൽ എതിരാളിയെ തറപറ്റിക്കാൻ പയറ്റുന്ന അതേ തന്ത്രങ്ങളാണ് രാഷ്ട്രീയത്തിലും അദ്ദേഹം ആവർത്തിച്ചത്. അടുത്തനീക്കം എന്തായിരിക്കുമെന്ന് പലപ്പോഴും അടുപ്പക്കാർക്കുപോലും ഊഹിക്കാൻ കഴിയുമായിരുന്നില്ല.

രാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയ പ്രവേശനം നടത്തിയ മുലായം 1967ൽ ജസ്‍വന്ത് നഗറിൽനിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെടുമ്പോൾ പ്രായം കഷ്ടി 28. ആദ്യകാലത്ത് ചൗധരി ചരൺ സിങ്ങായിരുന്നു നേതാവും ഗുരുവും.

മകൻ അജിത് സിങ്ങിന് ലോക്ദൾ പാർട്ടിയുടെ നേതൃവടി കൈമാറാനുറച്ചതോടെ ചരൺ സിങ്ങിനെ വിട്ട് വി.പി. സിങ്ങിനൊപ്പം ചേർന്നു. യു.പിയിൽ ജനതാദളിന്റെ പ്രസിഡന്റും ബി.ജെ.പി പിന്തുണയിൽ മുഖ്യമന്ത്രിയുമായി. 1990ലെ വെടിവെപ്പിനെത്തുടർന്ന് ബി.ജെ.പി പിന്തുണ പിൻവലിച്ചെങ്കിലും താൻ അത്രകാലവും എതിർക്കുകയും അധികാരത്തിൽ നിന്നിറക്കാൻ പണിപ്പെടുകയും ചെയ്ത അതേ കോൺഗ്രസ് പാർട്ടിയുടെ സഹകരണത്തോടെ 1991 വരെ സർക്കാറിന് തുടരാനായി.

പാണക്കാട് ശിഹാബ് തങ്ങൾ, ജി.എം. ബനാത്ത്‍വാല, ഇ.അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പം മുസ് ലിം ലീഗ് വേദിയിൽ

അപ്പോഴേക്ക് എൽ.കെ. അദ്വാനി നയിച്ച രഥയാത്രയെത്തുടർന്ന് മന്ദിർ-മസ്ജിദ് രാഷ്ട്രീയം ഉച്ചസ്ഥായിയിലെത്തിയിരുന്നു. ബി.ജെ.പി കനത്ത ഭൂരിപക്ഷത്തോടെ അധികാരമേറി. അക്കാലത്ത് വി.പി. സിങ്ങുമായി വേർപിരിഞ്ഞ് സമാജ്‍വാദി പാർട്ടിയുണ്ടാക്കി.

1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്ന് കല്യാൺ സിങ്ങിന്റെ നേതൃത്വത്തിലെ ബി.ജെ.പി സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. ഗംഭീര ഭൂരിപക്ഷത്തോടെ അധികാരം വീണ്ടെടുക്കാനാവും എന്ന കണക്കുകൂട്ടലായിരുന്നു ബി.ജെ.പിക്ക്. പക്ഷേ, മുലായം അടുത്ത മായാജാലം കാണിച്ചു- ദലിതുകളെ സംഘടിപ്പിച്ച് കാൻഷി റാം രൂപം നൽകിയ ബഹുജൻ സമാജ് പാർട്ടിയുമായി സഖ്യമുണ്ടാക്കി.

രണ്ടക്കം തികക്കാനുള്ള സാധ്യത പോലും സഖ്യത്തിന് കൽപിക്കപ്പെട്ടില്ല. പക്ഷേ, എതിരാളിയുടെ ദൗർബല്യങ്ങളെക്കുറിച്ച് ആ ഗുസ്തിക്കാരന്റെ കണക്കുകൂട്ടൽ കിറുകൃത്യമായിരുന്നു. സഖ്യം 189 സീറ്റുകൾ നേടി

1993ൽ അധികാരമേറിയ സർക്കാർ പക്ഷേ, ബി.എസ്.പി പിന്തുണ പിൻവലിച്ചതോടെ രണ്ടു വർഷത്തിനകം വീണു. ബി.ജെ.പിയും ബി.എസ്.പിയും സല്ലാപമാരംഭിച്ച കാലമായിരുന്നു അത്. മുലായം പതുക്കെ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറി. 1996ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ സ്വന്തമാക്കി.

പ്രതിപക്ഷ പാർട്ടികളുടെ സർവസമ്മത നേതാവായിരുന്ന വി.പി. സിങ് വീണ്ടുമൊരു വട്ടംകൂടി പ്രധാനമന്ത്രിപദമേറ്റെടുക്കാൻ വിസമ്മതിച്ചപ്പോൾ ഉയർന്നുകേട്ട പേര് മുലായം സിങ് യാദവിന്റേതായിരുന്നു. പക്ഷേ, ലാലുപ്രസാദ് യാദവ് ഇതിനെ എതിർക്കുകയും എച്ച്.ഡി. ദേവഗൗഡ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മുലായമിന് പ്രതിരോധമന്ത്രി പദംകൊണ്ട് തൃപ്തിയടയേണ്ടിവന്നു. ആ ഒരു സംഭവത്തിന്റെ പേരിൽ ലാലുവിനോട് ഒരുകാലത്തും ക്ഷമിക്കാനായില്ല മുലായമിന്. എന്നിരുന്നാലും വർഷങ്ങൾക്കുശേഷം, തന്റെ സഹോദരന്റെ ചെറുമകനും ലാലുപ്രസാദ് യാദവിന്റെ ഇളയ മകളും തമ്മിലെ വിവാഹത്തിന് അദ്ദേഹം സമ്മതിച്ചു. ദേശീയ രാഷ്ട്രീയത്തിൽ നല്ലരീതിയിൽ മുന്നേറവെ വീണ്ടും ശ്രദ്ധ യു.പിയിലേക്കാക്കി.

 മുൻ എം.പിയും സോഷ്യലിസ്റ്റ് പാർട്ടി അധ്യക്ഷനുമായ അഡ്വ. തമ്പാൻ തോമസിനൊപ്പം 


ബി.എസ്.പിയെയും കോൺഗ്രസിനെയും തകർത്ത് അദ്ദേഹം സർക്കാർ രൂപവത്കരിക്കുകയും അന്ന് ബി.ജെ.പി വിമതനായിരുന്ന കല്യാൺ സിങ്, രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിങ് എന്നിവർ പിന്തുണക്കുകയും ചെയ്തു. ഈ സർക്കാർ 2007 വരെ തുടർന്നു. പിന്നീട് 2012 വരെ ബി.എസ്.പിയായിരുന്നു അധികാരത്തിൽ.

2012ൽ സകല രാഷ്ട്രീയ കണക്കുകൂട്ടലുകളെയും തെറ്റിച്ച് സമാജ്‍വാദി പാർട്ടി വൻ ഭൂരിപക്ഷം നേടി. പക്ഷേ, അത്തവണ മുലായം മാറിനിൽക്കുകയും മകനെ മുഖ്യമന്ത്രിപദത്തിൽ അവരോധിക്കുകയും ചെയ്തു. തനിക്ക് തെറ്റുപറ്റിയെന്ന് മുലായമിന് തോന്നിപ്പോയ ഒരേയൊരു രാഷ്ട്രീയ തീരുമാനമായിരുന്നു അത്.

അഖിലേഷ് അച്ഛനെ അനുസരിക്കുക പോയിട്ട് അദ്ദേഹം പറയുന്നതിന് ചെവികൊടുക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല. 2017ൽ, നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്, അഖിലേഷ് മുലായത്തെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിക്കളഞ്ഞു. ആ കാലം മുതലാണ് അദ്ദേഹം രോഗാതുരനാവുന്നതും ലഖ്നോവിലെയും ഡൽഹിയിലെയും ആശുപത്രികൾ കയറിയിറങ്ങാൻ തുടങ്ങിയതും.

60 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ മുലായം സിങ് യാദവ് ഒട്ടനവധി രാഷ്ട്രീയ ശത്രുക്കളെ സൃഷ്ടിച്ചു. പക്ഷേ, വലതുപക്ഷ വർഗീയ രാഷ്ട്രീയവുമായി ഒരിക്കൽ പോലും രാജിയായില്ല. മുസ്‍ലിംകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നതിൽനിന്ന് അവധിയെടുത്തതുമില്ല.

Tags:    
News Summary - Salaam Maulana Mulayam-samajwadi party founder patron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.