ശബരിമലയുടെ രാഷ്ട്രീയം

ആയിരം കൊല്ലങ്ങൾക്കു മുൻപത്തെ സംസ്കാരത്തിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു ഒരു കാലത്തു ആർ.എസ്.എസിന്‍റെ ശ്ര ദ്ധേയമായ ഒരു മുദ്രാവാക്യം. ഇതേപ്പറ്റി ഒരു വാർത്താ സമ്മേളനത്തിൽ ചോദിച്ചപ്പോൾ ഇ.എം.എസ് നമ്പൂതിരിപ്പാട്‌ ഇങ്ങിനെ പറഞ്ഞു... ആയിരം പോയിട്ടു അമ്പതു കൊല്ലം പിന്നിലേക്ക് പോകാൻ ഞാൻ തയാറല്ല. അങ്ങിനെ പോകേണ്ടി വന്നാൽ കുടുമയും പൂണൂലുമായി ഞാൻ നടക്കേണ്ടി വരും. അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും പൊരുതി നേടിയതാണ് ഇന്നത്തെ കേരളം. ശ്രീനാരായണഗുരുവും അയ്യൻകാളിയും ചട്ടമ്പി സ്വാമികളും വി.ടി ഭട്ടതിരിപ്പാടുമെല്ലാം കേരളത്തിലെ സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളികളായിരുന്നു. ഏ.കെ.ജിയും ഇ.എം.എസും പി. കൃഷ്ണപിള്ളയും കെ. കേളപ്പനും സാമൂഹ്യമാറ്റങ്ങൾക്കു രാഷ്ട്രീയ മാനം നൽകിയവരും. ഇവർ മാത്രമല്ല, ആര്യ പള്ളവും പാർവതി നെന്മേനിമംഗലവും ഉമാ അന്തർജനവും അടക്കം സ്ത്രീജനങ്ങൾ സമൂഹം ഇന്നത്തേക്കാൾ കടുകട്ടിയായിരുന്ന കാലത്തു അനാചാരങ്ങൾക്കെതിരെ മറക്കുട പൊളിച്ചു പുറത്തു വന്നവരാണ്.

നമ്പൂതിരി സമുദായത്തിലെ വിധവകളുടെ പുനർവിവാഹം, കീഴ്ജാതിക്കാരായ സ്ത്രീകൾക്കു മാറുമറയ്ക്കാനുള്ള അവകാശം, ക്ഷേത്രത്തിൽ കയറാനുള്ള അവകാശം തുടങ്ങിയവ ദീർഘ നാളത്തെ സമരത്തിലൂടെ പൊരുതി നേടിയതാണ്. ഇതിൽ പലതും പിന്നീട് നിയമമായി മാറിയിട്ടും ഏറെ കഴിഞ്ഞാണ് പ്രയോഗത്തിൽ വന്നത്. സ്ത്രീകൾ മാറുമറയ്ക്കുന്നതിനെതിരെ ആക്രമണോൽസുകാരായി രംഗത്തു വന്നതു കീഴ്ജാതിക്കാരായ സ്ത്രീകൾ തന്നെയായിരുന്നു. ജാതിഹിന്ദുക്കളുടെ പ്രേരണയിൽ അവർ മാറുമറച്ച സ്ത്രീകളെ കടന്നാക്രമിക്കുകയും മുലക്കച്ച വലിച്ചു കീറുകയും ചെയ്തു. ക്ഷേത്രത്തിൽ കയറാൻ വന്ന കീഴ്ജാതിക്കാരെ സവർണ ഹിന്ദുക്കളുടെ അടിമകളായ താഴ്ന്ന ജാതിക്കാർ തന്നെയാണ് അടിച്ചോടിച്ചത്. കാലാന്തരത്തിൽ അനാചാരങ്ങൾ കുഴിച്ചു മൂടപ്പെടുകയും സാമൂഹിക മാറ്റത്തിന്‍റെ സൗരഭം കേരളത്തിൽ പരക്കുകയും ചെയ്തു.

ശബരിമല സ്ത്രീ പ്രവേശനവും ഇത്തരത്തിൽ നവോത്ഥാന പാതയിലെ നാഴികക്കല്ലാണെങ്കിലും അതിന്‍റെ ഏറ്റവും വലിയ പോരായ്മ സമൂഹത്തെ ഇങ്ങനെയൊന്നിനു വേണ്ടി പാകപ്പെടുത്താനുള്ള മുന്നൊരുക്കങ്ങൾ നാട്ടിൽ ഉണ്ടായില്ല എന്നതാണ്. ഏതൊരു സാമൂഹ്യ മാറ്റവും സംഭവിക്കേണ്ടതു സമൂഹത്തിൽ നിന്നുള്ള സജീവ് ഇടപെടലുകളുടെ തുടർച്ചയായാണ്‌. കേരള സമൂഹം അനാചാരങ്ങളിൽ നിന്നു മോചിതമായതു അത്തരം ഇടപെടലുകളിലൂടെയും നിരന്തര സമരങ്ങളിലൂടെയുമാണ്. ശബരിമല വിഷയത്തിൽ ഇതേവരെ നടക്കാതിരുന്നതും അതു തന്നെയാണ്.

ഒരു സമൂഹത്തിൽ നില നിൽക്കുന്ന ആചാരം കാലാന്തരത്തിൽ അനാചാരമായി മാറുകയും അതിൽ നിന്നു കുതറിച്ചാടാനുള്ള ത്വര സമൂഹത്തിൽ രൂപപ്പെടുകയും ചെയ്യുമെന്നതു ചരിത്രപരമായ യാഥാർഥ്യമാണ്. എന്നാൽ, പത്തിനും അമ്പതിനും ഇടയിലുളള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കരുതെന്ന അലിഖിത നിയമം പൊതുവിൽ സ്വീകരിക്കപ്പെടുകയും അതൊരു ആചാരമായി ഇന്നും കൊണ്ടാടപ്പെടുകയുമാണ്. ഇതിനെതിരെ സമുദായത്തിലോ സമൂഹത്തിലോ ഇന്നേവരെ കാര്യമായ എതിർപ്പുകൾ ഉയർന്നിട്ടില്ല. ഇതേസമയം, യൗവന യുക്തരായ സ്ത്രീകൾ കാലാകാലങ്ങളിൽ ശബരിമലയിൽ വിലക്കുണ്ടായിരുന്നപ്പോഴും അതിനു മുൻപും ദർശനം നടത്തി എന്നതു വസ്തുതയാണ്. സ്ത്രീ പ്രവേശനത്തിനു നൽകിയ ഹരജിയിൽ എതിർകക്ഷികളായ ദേവസ്വം ബോർഡും പന്തളം കൊട്ടാരവും തന്ത്രി കുടുംബവും എൻ.എസ്.എസും തോറ്റു മടങ്ങിയതിനു പിന്നിൽ ഇതു സംബന്ധിച്ച തെളിവുകളും അതു നിഷേധിക്കാൻ പറ്റാത്ത സാഹചര്യവുമായിരുന്നു.

സുപ്രിംകോടതി പരിഗണിച്ചത് ശബരിമലയിൽ ഭരണഘടനാ ലംഘനം ഉണ്ടോ എന്നാണ്. ആചാരത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ കാര്യം അവിടെ വരുന്നില്ല. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യത, ലിംഗ സമത്വം തുടങ്ങിയവ ശബരിമലയിൽ ലംഘിക്കപ്പെടുന്നു എന്ന ബോധ്യപ്പെടലിൽ നിന്നാണ് സ്ത്രീ പ്രവേശന അനുകൂല വിധി വന്നത്. എന്നാൽ, നവോത്ഥാന കാലത്തെയെന്ന പോലെ ശബരിമലയിൽ പ്രവേശനം ആവശ്യപ്പെട്ടു ഏതെങ്കിലും വനിതാ സംഘടനയോ സാമൂഹിക പ്രവർത്തകരോ രാഷ്ട്രീയ പാർട്ടികളോ മുന്നോട്ടു വന്നിരുന്നില്ല. ആർ.എസ്.എസുമായി അടുത്ത ബന്ധമുള്ളവരായിരുന്നു കേസ് നടത്തിയത്.

ശബരിമല അടക്കം എല്ലാ ക്ഷേത്രങ്ങളിലും ലിംഗ വിവേചനം കൂടാതെ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കണമെന്ന നിലപാടായിരുന്നു ആർ.എസ്.എസിന്‍റേത്. ഏക സിവിൽ കോഡ് എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായാണ് ആർ.എസ്.എസ് ഇതിനെ കണ്ടത്. സ്വാഭാവികമായും വിധി വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തതും ആർ.എസ്.എസ് ആയിരുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവും ചരിത്ര വിധിയായി അതിനെ വിശേഷിപ്പിച്ചു. കേരളത്തിൽ എൻ.എസ്.എസ് ഒഴികെ ഒരു ജാതി-മത-രാഷ്ട്രീയ സംഘടനയുടെ നേതാവും വിധിയെ ആദ്യം എതിർത്തില്ല. നേരം ഇരുട്ടി വെളുത്തപ്പോൾ പക്ഷേ, നേതാക്കന്മാർ മലക്കം മറിഞ്ഞു. സ്ത്രീ പ്രവേശനത്തിനെതിരെ ബി.ജെ.പി കടുത്ത നിലപാട് എടുത്തു. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള ഇത്രയും കാലം ഉള്ളിൽ അടക്കി നിർത്തിയിരുന്ന തീവ്ര ഹിന്ദുവിനെ തുറന്നു വിട്ടു. ഹിന്ദു വോട്ടുകൾ മുഴുവൻ ബി.ജെ.പി കൊണ്ടു പോകുമോ എന്ന ആശങ്കയിൽ രമേശ് ചെന്നിത്തലയും കളത്തിലിറങ്ങാൻ നിർബന്ധിതനായി. മഹാപ്രളയത്തിന്‍റെ മുറിവുകൾ ഉണങ്ങാത്ത കേരളം അസ്വാസ്ഥ്യത്തിന്‍റെ പിടിയിലമർന്നു.

2019ൽ നടക്കാനിരിക്കുന്ന പാർലമെന്‍റെ തെരഞ്ഞെടുപ്പാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും പ്രശ്നം. രണ്ടാം തവണയും പ്രസിഡന്‍റായ ശ്രീധരൻ പിള്ളക്ക് ലോക്സഭയിൽ കേരളത്തിൽ നിന്നു അക്കൗണ്ട് തുറക്കാനായില്ലെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. ഉത്തരേന്ത്യയിൽ നിന്നു അധികം സീറ്റുകൾ കിട്ടാനിടയില്ലാത്ത കോൺഗ്രസിനു കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രതീക്ഷ. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനു അനുകൂലമായ നിലപാടാണ് കേസിൽ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ കൈക്കൊണ്ടത്.

സ്ത്രീ പ്രവേശനത്തിലെ സങ്കീർണത ചൂണ്ടിക്കാട്ടിയ സംസ്ഥാന സർക്കാർ വിധി എന്തായാലും നടപ്പാക്കാൻ ബാധ്യസ്ഥമാണെന്നാണ് അറിയിച്ചത്. വിധി വന്ന ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര വകുപ്പ് ദർശനത്തിനു വരുന്ന എല്ലാവർക്കും സുരക്ഷ നൽകണമെന്നും രേഖാമൂലം സംസ്ഥാന സർക്കാറിനു നിർദേശം നൽകിയിരിക്കുകയാണ്. ചുരുക്കത്തിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടി വിധി നടപ്പാക്കുന്നതിനെതിരെ ആക്രമണോൽസുക സമരം നടത്തുകയും വിധി നടപ്പാക്കണമെന്നു സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയും ചെയ്യുന്ന വിരോധാഭാസമാണ് സംസ്ഥാനത്തു പ്രകടമായിരിക്കുന്നത്.

ബി.ജെ.പിയുടെ ഈ ഇരട്ടത്താപ്പാണ് ശബരിമല സമരത്തിലെ ഏറ്റവും കൗതുക പൂർണമായ അധ്യായം. ആർത്തവം അശുദ്ധമല്ലെന്നും ശബരിമലയിലെ വ്രതകാല സമയം വെട്ടിക്കുറക്കണമെന്നും ലിംഗ വിവേചനം അവസാനിപ്പിക്കണമെന്നുമൊക്കെ ഫേസ്ബുക്കിലും പുറത്തും ഗർജ്ജിച്ച യുവ ശിങ്കങ്ങൾ ഇപ്പോൾ സ്ത്രീകളെ തടയാൻ ഉറക്കമിളച്ചു പമ്പയിൽ കാവലിരിക്കുകയാണ്‌. കോൺഗ്രസിന്‍റെ മതേതര പാരമ്പര്യം കളഞ്ഞു കുളിച്ചു ശബരിമലയിൽ തീവ്ര സമരം വേണ്ടെന്നു രാഹുൽ ഗാന്ധിയുടെ വിലക്കുള്ള സാഹചര്യത്തിൽ ഹിന്ദു വോട്ടിന്‍റെ ഗതിയിൽ കണ്ണുനട്ടു കോൺഗ്രസ് നേതാക്കളും തൊട്ടടുത്തുണ്ട്.

Tags:    
News Summary - Sabarimala Women Entry sabarimala issue -Openforum News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.