മീ​ഡി​യ​വ​ണ്‍ ഫേ​സ് ഓ​ഫ് കേ​ര​ള പു​ര​സ്കാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഏ​റ്റു​വാ​ങ്ങുന്നു

‘നമ്മുടെ ശബ്ദം ഉച്ചത്തില്‍ ഉയരേണ്ട സമയമിത്’

കേരളത്തിന്‍റെ മുഖം എന്നു കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ പതിയുന്ന അനേകം മുഖങ്ങളുണ്ട്. നിപ ബാധിതരായ രോഗികളെ പരിചരിച്ച സിസ്റ്റര്‍ ലിനി, ഗര്‍ത്തത്തിലേക്ക് വീണുപോയവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ ത്യജിക്കേണ്ടിവന്ന ഓട്ടോ തൊഴിലാളി നൗഷാദ്, സ്വന്തം ജീവന്‍പോലും പരിഗണിക്കാതെ പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍വേണ്ടി ബോട്ടുമായി ഓടിയെത്തിയ നമ്മുടെ മത്സ്യത്തൊഴിലാളികള്‍... അങ്ങനെ വലിയൊരു നിര... നമ്മുടെ നാടിന്‍റെ മുഖം ഇവരാണ്​... കേരളത്തിന്‍റെ സമസ്ത നന്മയും ഉള്‍ച്ചേര്‍ന്നവരാണവര്‍. ഇന്ന് 10 വയസ്സ് തികയുന്ന മീഡിയവൺ ചാനൽ ഏർപ്പെടുത്തിയ പ്രഥമ ഫേസ് ഓഫ് കേരള പുരസ്കാരം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം

‘ഫേസ് ഓഫ് കേരള’ എന്ന പുരസ്കാരമാണ് മീഡിയവണ്‍ ഈ ചടങ്ങില്‍വെച്ച് നല്‍കിയത്. പുരസ്കാരങ്ങളോടുള്ള പൊതുവെയുള്ള എന്‍റെ മനോഭാവം മീഡിയവണിനും അറിയാവുന്നതാണ് എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ ഇത്, വ്യവസ്ഥിതിയുടെ ഭാഗമായ വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഭരണസംവിധാനത്തിന്‍റെ അപ്രീതിക്ക് പാത്രമായി ഒരു ഘട്ടത്തില്‍ അടച്ചുപൂട്ടപ്പെട്ട ഒരു സ്ഥാപനം നല്‍കുന്ന പുരസ്കാരമാണ്.

അതിന്‍റെ നിലപാടുകളില്‍ അധികാര വ്യവസ്ഥയോട് മര്‍ദന, മര്‍ദക സംവിധാനങ്ങളോടെല്ലാമുള്ള ഒരു എതിര്‍പ്പിന്‍റെ കനല്‍ നമുക്ക് കാണാന്‍ കഴിയും. ആ ഒരു നിലപാടിന്‍റെ ചൂട് പങ്കുവെക്കുന്ന മനസ്സാണ് എനിക്കുമുള്ളത്. അത് മതനിരപേക്ഷതക്കുവേണ്ടി വര്‍ഗീയ, അധികാര സംവിധാനത്തോട് ഒരു വിട്ടുവീഴ്ചയുമില്ലാതെ പൊരുതുന്ന ഒരു പ്രസ്ഥാനത്തിന്‍റെ ഭാഗമായതിലൂടെ രൂപപ്പെട്ടതാണ്. ഈ കാര്യത്തിലുള്ള മീഡിയവണിന്‍റെ നിലപാടും എന്‍റെയും എന്‍റെ പ്രസ്ഥാനത്തിന്‍റെയും ഈ കാര്യത്തിലുള്ള നിലപാടും പൊതുവെ യോജിക്കുന്നുണ്ട്.

അതാണ് ഈ പുരസ്കാരം സ്വീകരിക്കുന്നതിന് ഇടയാക്കിയ ഒരു ഘടകം. പൊതുവെ യോജിക്കുന്നു എന്നു പറയുമ്പോള്‍ മീഡിയവണിന്‍റെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നർഥമില്ല. വിയോജിപ്പിന്‍റെ മേഖലകള്‍ ഏറെ കാണും. പക്ഷേ, വിയോജിപ്പുകള്‍ ഒന്നും മതനിരപേക്ഷതക്കുവേണ്ടിയുള്ള നിലപാടിനെ, യോജിപ്പിനെ ഒരു തരത്തിലും ബാധിക്കുന്നില്ല. മീഡിയവണിനെ നിരോധിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാൻ സമയമെടുക്കാതെ തന്നെ ആ നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഞാനും എന്‍റെ പ്രസ്ഥാനവും അണിനിരന്നുവെന്നത് നാട് കണ്ടതാണ്. അത് മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യമാണ്. അത്തരം കാര്യങ്ങളില്‍ ഇനിയുള്ള ഘട്ടങ്ങളിലും ഇതു തന്നെയാകും നിലപാട്.

ഈ പുരസ്കാരം സ്വീകരിക്കാന്‍ തീരുമാനിച്ചതിന് മറ്റൊരു കാരണം, ഏതെങ്കിലും ഒരു കോർപറേറ്റ് സ്ഥാപനമല്ല ഇത് തരുന്നതെന്നാണ്. ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഇത് നിശ്ചയിക്കപ്പെടുന്നത്. അപ്പോള്‍ രണ്ടോ മൂന്നോ പേരുടെ ഇഷ്ടാനിഷ്ടമല്ല, ബഹുജനഹിതമാണ് ഈ പുരസ്കാരം നിര്‍ണയിക്കുന്നത്. പ്രേക്ഷകരുടെ വോട്ടാണ് നിര്‍ണയിച്ചത്. ഈ വിധി നിര്‍ണയത്തിന് ഏറിയോ കുറഞ്ഞോ ഒരു ജനാധിപത്യ സ്വഭാവമുണ്ട്. ജനാധിപത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളും ജനഹിതത്തെ അവഗണിച്ചുകൂടാ. ഈ പൊതുതത്ത്വവും ഈ അവാര്‍ഡ് സ്വീകരിക്കാമെന്ന് നിശ്ചയിച്ചപ്പോള്‍ എന്‍റെ മനസ്സിലുണ്ടായിരുന്നു. ഈ പുരസ്കാരം ഔപചാരികമായി സ്വീകരിക്കുമ്പോള്‍തന്നെ മറ്റൊരു കാര്യവും കൂടി വ്യക്തമാക്കേണ്ടതുണ്ട് എന്നു തോന്നുന്നു.

‘ഫേസ് ഓഫ് കേരള’ എന്നാണല്ലോ പുരസ്കാരത്തിന്‍റെ പേര്. എനിക്ക് പറയാനുള്ളത്...ഞാനല്ല ഫേസ് ഓഫ് കേരള എന്നുള്ളതാണ്. കേരളത്തിന്‍റെ മുഖം എന്നു കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ പതിയുന്ന മറ്റനേകം മുഖങ്ങളുണ്ട്. അതു വളരെ നീണ്ടനിരയായതുകൊണ്ട് അവരെ കുറിച്ച് മുഴുവന്‍ പറയാന്‍ ഞാന്‍ ഈ സമയം ഉപയോഗിക്കുന്നില്ല. പക്ഷേ, നിപ ബാധിതരായ രോഗികളെ പരിചരിച്ച സിസ്റ്റര്‍ ലിനി, ഓടയിലെ ഗര്‍ത്തത്തിലേക്ക് വീണുപോയവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ ത്യജിക്കേണ്ടിവന്ന ഓട്ടോ തൊഴിലാളി നൗഷാദ്...അങ്ങനെ വലിയൊരു നിര... പ്രളയഘട്ടത്തില്‍ സ്വന്തം ജീവന്‍പോലും പരിഗണിക്കാതെ പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍വേണ്ടി ബോട്ടുമായി ഓടിയെത്തിയ നമ്മുടെ മത്സ്യത്തൊഴിലാളികള്‍, നിര്‍ധനയായ യുവതിയുടെ വിവാഹം ഹൈന്ദവ ആചാരപ്രകാരം നടത്തുന്നതിനുവേണ്ടി പള്ളി അങ്കണം വിട്ടുകൊടുത്ത മുസ്‍ലിം പള്ളി കമ്മിറ്റി, നമ്മുടെ നാടിന്‍റെ മുഖം എന്നു പറയുന്നത് ഇവരാണ്, ഇതുപോലുള്ള നിരവധി പേരുടെ മുഖങ്ങളാണ് മനസ്സില്‍ ഉയര്‍ന്നുവരുന്നത്. ഈ വേദിയില്‍ എല്ലാവരെയും പരാമര്‍ശിക്കാന്‍ കഴിയാത്തത് ആ പേരുകളുടെ ബാഹുല്യം കൊണ്ടാണ്. കേരളത്തിന്‍റെ സമസ്ത നന്മയും ഉള്‍ച്ചേര്‍ന്നവരാണവര്‍. അവര്‍ക്ക് ഈ പുരസ്കാരം സമര്‍പ്പിക്കട്ടെ.

സിസ്റ്റർ ലിനി, ഓവുചാലിൽ വീണ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദ്

പുരസ്കാര സമര്‍പ്പണവുമായി ബന്ധപ്പെട്ട് മീഡിയവണ്‍ പുറത്തിറക്കിയ ക്ഷണക്കത്തില്‍ മഹാമാരിയുടെ കാലത്തെ ക്രിയാത്മക നടപടികളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെയോ സര്‍ക്കാറിന്‍റെയോ ശ്രമഫലമായല്ല നാം പ്രകൃതി ദുരന്തങ്ങളെയും മഹാമാരികളെയും അതിജീവിച്ചത്. കേരളത്തിന്‍റെയാകെ കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും ഫലമായാണത് സാധിച്ചത്. അത് കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ട ഘട്ടമാണിത്. കാരണം, കേരളത്തിന് അര്‍ഹതപ്പെട്ടതുപോലും നിഷേധിക്കുന്ന നിലയുണ്ടാകുന്നു. അത്തരമൊരു സാഹചര്യത്തില്‍ എല്ലാ വ്യത്യാസങ്ങള്‍ക്കും ഭേദചിന്തകള്‍ക്കും ഉപരിയായി ഒറ്റക്കെട്ടായിനിന്ന് പൊരുതാന്‍ നമുക്ക് കഴിയണം. അതു നാടിനുവേണ്ടിയുള്ള പോരാട്ടമാണെന്ന് നാം തിരിച്ചറിയണം. നമ്മുടെ ഒരുമയെയും ഭാവിക്കു വേണ്ടിയുള്ള പോരാട്ടത്തെയും ശക്തിപ്പെടുത്തുന്നതിന് മാധ്യമങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. പ്രത്യേകിച്ച് മതനിരപേക്ഷതയുടെ പക്ഷത്തുനില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും.

ഒരു വ്യക്തിയുടെ പേര് മാത്രം നോക്കി അയാള്‍ കുറ്റക്കാരനാണെന്നോ അല്ലെന്നോ വിധിയെഴുതുന്ന സാഹചര്യം രാജ്യത്ത് സംജാതമാകുന്നുണ്ട്. ഒരേ കുറ്റത്തിന്‍റെ പേരില്‍ രണ്ട് മതങ്ങളില്‍പെട്ടവര്‍ വെവ്വേറെ നിയമനടപടികള്‍ക്കും ശിക്ഷക്കും വിധിക്കപ്പെടുന്ന സാഹചര്യവും നമ്മുടെ രാജ്യത്തുണ്ട്. ഇതൊക്കെ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാക്കാന്‍ പോകുന്നതെന്ന കാര്യം കാണാതെ പോകരുത്. അത്തരം കാര്യങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയണം. വര്‍ഗീയതയെ മറ്റൊരു വര്‍ഗീയതകൊണ്ട് എതിര്‍ത്ത് തോൽപിക്കാനാവില്ല.

പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികൾ

മതനിരപേക്ഷതകൊണ്ട് മാത്രമേ വര്‍ഗീയതയെ തോൽപിക്കാന്‍ സാധിക്കൂ. വര്‍ഗീയ ശക്തികള്‍ പരസ്പരം ഇന്ധനം നല്‍കി സ്വയം ആളിപ്പടരുകയും ആളിപ്പടര്‍ത്തുകയും ചെയ്യും. ഭൂരിപക്ഷ വര്‍ഗീയത നമ്മുടെ രാജ്യത്ത് സൃഷ്ടിക്കുന്ന ആപത്തുകളുണ്ട്. അതിന്‍റെ ഭാഗമായി രൂപപ്പെട്ട ന്യൂനപക്ഷ വര്‍ഗീയതയുമുണ്ട്. ഇത് പരസ്പര പൂരകമായി വരുന്നുവെന്നത് നാം കാണേണ്ടതുണ്ട്. എന്തിന്‍റെ പേരിലായാലും വര്‍ഗീയതയെ വളരാന്‍ അനുവദിക്കരുത്. മതനിരപേക്ഷതയുടെ ഭാഗമായി നിന്നുകൊ

ണ്ട് വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതയെ എതിര്‍ക്കുകയെന്നതായിരിക്കണം നാം സ്വീകരിക്കുന്ന നിലപാട്. നമ്മുടെ രാജ്യം ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഏതു മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും അവകാശമുള്ളവരാണ് നമ്മുടെ രാജ്യത്തെ പൗരജനങ്ങൾ. എല്ലാവര്‍ക്കും തുല്യ അവകാശവും സ്വാതന്ത്ര്യവുമാണ് നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നത്. എന്നിട്ടും നമ്മുടെ രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത പൗരത്വ നിയമ ഭേദഗതി പാസാക്കപ്പെട്ടു. അതിനെതിരായ പ്രക്ഷോഭങ്ങളുടെ ഘട്ടത്തില്‍ ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ നമ്മുടെ മുന്നിലുള്ളതാണ്. ഇത്തരം ഘട്ടങ്ങളിലെല്ലാം ജനാധിപത്യത്തില്‍, മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ക്ക് മൗനം പാലിച്ചിരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, നമ്മുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ ഉയരേണ്ട ഘട്ടമാണിത്. അതില്‍ മാധ്യമങ്ങള്‍ക്കും തങ്ങളുടേതായ പങ്കുവഹിക്കാനുണ്ട്.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇന്ന് മാധ്യമ സ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്തലുകളുണ്ടാവുന്നു. മാധ്യമ സ്വാതന്ത്ര്യമുണ്ടെന്ന് അഭിമാനിക്കുന്ന നാടാണിത്. പക്ഷേ, ഒരു ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടായിട്ട് പല മാധ്യമങ്ങളും അതിനെ കുറിച്ച് ഉരിയാടുന്നില്ല. വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ 2021ലെ 142ല്‍ നിന്നും 2022ല്‍ 150ലേക്ക് നമ്മുടെ രാജ്യം താണുപോയി. ആകെ 180 രാജ്യങ്ങള്‍ മാത്രമുള്ള ഇന്‍ഡക്സില്‍ ആണ് 150ാം സ്ഥാനത്ത് നാം നില്‍ക്കുന്നതെന്നത് അപമാനകരമായ കാര്യമാണ്. പക്ഷേ, മാധ്യമങ്ങള്‍പോലും ഇതിനെ കുറിച്ച് ശബ്ദിക്കാത്ത ഘട്ടമാണിത്.

നേരത്തേ സൂചിപ്പിച്ചപോലെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ഒരാള്‍ക്കും ഈ ഘട്ടത്തില്‍ നിശ്ശബ്ദനായിരിക്കാന്‍ കഴിയില്ല. കേരളത്തിലെ മാധ്യമങ്ങള്‍ കേരളത്തിനുവേണ്ടി ശബ്ദിക്കണം. ഈ നാട്ടിലെ ജനങ്ങളാണ് കേരളത്തിന്‍റെ മുഖങ്ങളെങ്കില്‍ ഈ നാട്ടിലെ മാധ്യമങ്ങളാണ് കേരളത്തിന്‍റെ ശബ്ദങ്ങളാകേണ്ടതെന്നാണ് എനിക്ക് വിനയപൂര്‍വം ഓർമിപ്പിക്കാനുള്ളത്. ‘ഫേസ് ഓഫ് കേരള’ പുരസ്കാരം കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. 

Tags:    
News Summary - Pinarayi Vijayan-Speach-Media One Face of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.