പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് പാര്‍ട്ടി സ്റ്റേറ്റിലേക്കോ?

ഒടുവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ ഇന്ന് കാല് കുത്തി. ഇറങ്ങാന്‍ അനുവദിക്കില്ല എന്ന സംഘ്പരിവാര്‍ മുന്നറിയിപ്പിനിടയില്‍ കനത്ത പൊലീസ് വലയം തീര്‍ത്താണെങ്കിലും കേരളത്തിന്‍െറ മുഖ്യമന്ത്രി കര്‍ണാടകയില്‍ പ്രവേശിച്ചു. ജനാധിപത്യ ഇന്ത്യയില്‍ കേട്ടുകൂടാത്ത ഒരു മുദ്രാവാക്യമാണ് പിണറായി വിജയന്‍െറ സന്ദര്‍ശനത്തിനെതിരെ ഉയര്‍ന്ന് വന്നത്.

 ഇത് എഴുതുമ്പോള്‍ ഓര്‍മ വരുന്നത് കണ്ണൂര്‍ ജില്ലയിലെ ചില ഗ്രാമങ്ങളാണ്. കൃത്യമായി പറഞ്ഞാല്‍ ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷം മുമ്പ് ഈ ലേഖകന്‍ പാനൂരില്‍ ബസിറങ്ങി കൊങ്കച്ചി ഗ്രാമത്തിലേക്ക് പോകാനുള്ള വഴിയന്വേഷിച്ചു. ഞാനൊരു പുതിയ മുഖമാണവര്‍ക്ക്. എവിടെ നിന്ന് വരുന്നു? എവിടേക്ക് പോകുന്നു? ആരാണ് നീ? തുടങ്ങിയ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ എനിക്ക് അന്ന് കൊങ്കച്ചിയിലേക്ക് പോകാനായില്ല. കണ്ണൂര്‍ ജില്ലയിലെ മറ്റ് പല ഗ്രാമങ്ങളിലേക്ക് പോയപ്പോഴും ഈ ചോദ്യങ്ങളെയെല്ലാം അഭിമുഖീകരിച്ച കാലമുണ്ടായിരുന്നു.

പാര്‍ട്ടി ഗ്രാമം നിലനിര്‍ത്താനും വെട്ടിപ്പിടിക്കാനുമുള്ള പോരാണ് കണ്ണുര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കാതലെന്ന് അന്ന്​ മനസിലായി. ഇപ്പോഴിതാ, മംഗളൂരു മറ്റൊരു ചിത്രം നല്‍കുന്നു. പാര്‍ട്ടി ഗ്രാമം എന്ന സി.പി.എമ്മി​​െൻറ സങ്കുചിതത്വം പാര്‍ട്ടി സ്റ്റേറ്റ് എന്ന സംഘ്പരിവാറി​​െൻറ വലിയ സങ്കുചിതത്വത്തിലേക്ക് വളരുകയാണെന്ന പാഠമാണത്. മതം മാത്രമല്ല, എതിരഭിപ്രായം രാഷ്ട്രീയപരമായി പോലും അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ഒരു ഫാഷിസ്റ്റ് ഭൂമികയാണ് സംഘ്പരിവാര്‍ രൂപപ്പെടുത്തുന്നത്​.

ദക്ഷിണേന്ത്യയിലെ ഏറ്റവും മാരകമായ വര്‍ഗീയ വിഷം നിര്‍ഗളിക്കുന്ന മണ്ണാണ് ദക്ഷിണ കനറ. കാമ്പസുകളില്‍ പോലും രണ്ട് മതസ്ഥര്‍ക്ക് ഒരുമിച്ചു നടക്കാന്‍ കഴിയാത്ത വിധം സമൂഹത്തെ ധ്രൂവീകരിച്ചു കൊണ്ടിരിക്കുന്ന നാട്. സദാചാര പൊലീസ് ഇവിടെ സാമൂഹിക വിരുദ്ധവേഷത്തില്‍ മാത്രമല്ല, ഒരു സിദ്ധാന്തത്തിന്‍െറ മുഖപടമണിഞ്ഞ ശരിയായ കാവിപ്പോലീസായും വിലസുന്ന നാടാണിത്. 

 രണ്ട് വ്യത്യസ്ത മതവിഭാഗത്തില്‍ പെടുന്ന കൗമാര കൂട്ടായ്മ പള്ളിക്കൂടത്തില്‍ മാത്രമല്ല, പൊതുനിരത്തില്‍ പോലും ഒരുമിച്ചു നടക്കുന്നത് സഹിക്കാത്തവരുടെ നാട്. അവിടെയാണ് സി.പി.എം. ഒരു മതസൗഹാര്‍ദ സമ്മേളനം സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചു കൊണ്ടുപോയത്. സി.പി.എമ്മിന്‍െറ മതസൗഹാര്‍ദ സമ്മേളനത്തിന് അതിന്‍െറതായ പ്രാധാന്യമുണ്ട്. അതില്‍ രാഷ്ട്രീയമായ ലക്ഷ്യം വേറെയുണ്ടാവാമെങ്കിലും മതസൗഹാര്‍ദമെന്ന മുദ്രാവാക്യം ഏറ്റവും ഉച്ചത്തില്‍ ഉയര്‍ന്നു പൊങ്ങേണ്ട ഒരു നാടാണ് ദക്ഷിണ കനറ.

കേരളത്തില്‍ തങ്ങളുടെ പ്രവര്‍ത്തകരെ കൊന്നുകൊലവിളിക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഇവിടെ കാല്​ കുത്തരുത് എന്നാണ് സംഘ്പരിവാറി​​െൻറ ആവശ്യം. വ്യത്യസ്ത രാഷ്ട്രീയാഭിപ്രായം പറയുന്നതിന്‍െറ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ പിണറായി വിജയന് മംഗളൂരുവിലെ മതസൗഹാര്‍ദ പരിപാടിയില്‍ പങ്കെടുക്കാനുള്ള ധാര്‍മികമായ അര്‍ഹതയില്ല എന്നാണ് വിശ്വഹിന്ദു പരിഷത നേതാവ് പ്രൊഫ.എം.ബി.പുരാണിക് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയത്. പിന്തിരിപ്പനെന്ന് തോന്നുന്ന ഒരഭിപ്രായം പരസ്യമായും വലിയ സിദ്ധാന്തമായും വിളിച്ചു പറയാന്‍ മടിയില്ലാത്ത ഒരവസ്ഥയോളം സങ്കുചിതത്വം ഇവിടെ വളര്‍ന്നു എന്ന് ചുരുക്കം.

 

സി.പി.എമ്മിനെ സംബന്ധിച്ചെടുത്തോളം സംഘടനാപരമായി മംഗളൂരു ഒരു വലിയ അടിത്തറയുള്ള നഗരമല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പോലും ചില വാര്‍ഡുകളില്‍ കെട്ടിവെച്ച കാശിന് വേണ്ടി മല്‍സരിക്കേണ്ടി വരുന്ന ഗ്രാമങ്ങള്‍ ഏറെയാണ്. സാംസ്കാരികമായും മാനസികമായും കര്‍ണാടകയുടെ നിറം പകര്‍ന്നാടുന്ന മഞ്ചേശ്വരം മേഖല, അത് കേരളത്തിന്‍െറ ഭാഗമായിട്ട് പോലും സി.പി.എമ്മിന് തഴച്ചു വളരാന്‍ കഴിഞ്ഞിട്ടില്ല. ഡി.വൈ.എഫ്.ഐ. നേതാവ് ഭാസ്കര കുമ്പള പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു. ഏറ്റവും ആവേശകരമായി കന്നഡയിലും, തെലുങ്കിലും തുളുവിലും പ്രസംഗിക്കാനറിയുന്ന ഒരു നേതാവിന്‍െറ നിഷ്കാസനമായിരുന്നു അത്. ശക്തമായ ക്ഷേത്രസംസ്കാരത്തിന്‍െറ അടിവേരും അത്തരം സംസ്കാരവുമായി ബന്ധപ്പെട്ട ജീവിത സാഹചര്യങ്ങളെ പാര്‍ട്ടിയുടെ ഊര്‍ജമാക്കി വികസിപ്പിക്കുന്ന സംഘ്പരിവാറിനോട്, അത്രത്തോളം അടവ് നയപരമായി സമരസപ്പെടാനാവാത്ത മതനിരപേക്ഷ രാഷ്ട്രീയ പാത സി.പി.എമ്മിന് ഈ മേഖലയില്‍ അടുത്തൊന്നും പച്ചപിടിക്കാന്‍ വക നല്‍കുന്നതല്ല. അത് കൊണ്ടാണ് മംഗളൂരുവില്‍ പാര്‍ട്ടിയുടെ നിലപാട് ‘മതസൗഹാര്‍ദ’പരമായത്. 

ഇത്തരമൊരു പരിപാടിയില്‍ പിണറായി വിജയനെപ്പോലൊരു മുഖ്യമന്ത്രി കടന്നുവരുന്നതിലെ രാഷ്ട്രീയപരമായ അസഹിഷ്ണുത സംഘ്പരിവാറിനെ സംബന്ധിച്ചെടുത്തോളം അതിന്‍െറ ജന്‍മസിദ്ധമായ നിലപാടാണ്. സ്വാധീനമുള്ളിടത്ത് സ്വാധീനമില്ലാത്തവന് നിലനില്‍ക്കാന്‍ അവകാശമില്ളെന്ന ഫാഷിസ്റ്റ് ചിന്തയുടെ ശരിയായ മുഖമാണിത്. ഇന്ത്യക്കാരനായിപ്പോയി എന്നതിന്‍െറ പേരില്‍ ഒരാള്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചതിന്‍െറ വാര്‍ത്ത നിറഞ്ഞു നിന്ന ഒരു ദിവസം തന്നെ, മംഗ്ളൂരുവിലെ ഈ ‘സ്റ്റേറ്റ് ഫാഷിസം’ പ്രാദേശിക വാര്‍ത്താ വിശേഷങ്ങളില്‍ നിറഞ്ഞു നിന്നു എന്നത് യാദൃശ്ചികമായിരിക്കാം. 

ട്രംപ് അമേരിക്കയില്‍ ഉയര്‍ത്തി വിട്ട വംശവെറിയും, ‘ഇത് ഞങ്ങളുടെ സ്റ്റേറ്റ്’ എന്ന മംഗളൂരുവില്‍ വാശിയും, ഒരേ നാണയത്തിന്‍െറ രണ്ട് പുറങ്ങളാണ്. പക്ഷെ, രാജ്യത്തിന്‍െറ ഫെഡറല്‍ മൂല്യത്തിന് കത്തി വെക്കുന്നതാണീ ചിന്ത. അഖണ്ഡ ഭാരതം എന്നാല്‍, കേവലമായ ഉന്‍മാദ ദേശീയതയല്ല. ഓരോ സ്റ്റേറ്റും അതിന്‍െറ വ്യത്യസ്തതകളും വൈവിധ്യതകളും നിലനിര്‍ത്തി കൊണ്ട് ഇന്ത്യയെന്ന ഏകതയെ കെട്ടിപ്പൊക്കുന്ന ദേശീയതയാണ് യഥാര്‍ഥ ദേശീയത. അതിന് എതിരാണ് മംഗളൂരുവില്‍ ഉയര്‍ന്ന മുദ്രാവാക്യം. ഒരു വാര്‍ഡിലും, പഞ്ചായത്തിലും, ജില്ലയിലും, സ്റ്റേറ്റിലും ശക്തിയുള്ള പാര്‍ട്ടികള്‍ക്കും സമുദായങ്ങള്‍ക്കും മറ്റിടങ്ങളില്‍ ന്യൂനപക്ഷമായി സഹവസിക്കാന്‍ അര്‍ഹതയില്ല എന്നൊരു പിന്തിരിപ്പന്‍ ചിന്ത വളര്‍ത്തുന്ന മംഗളൂരു പ്രതികരണം നമ്മുടെ ഗ്രാമസ്വരാജിനും, അതിലുടെ ഉയര്‍ന്നു നില്‍ക്കുന്ന ജനകീയകൂട്ടായ്മക്കും എതിരാണ്.

കേരളത്തിലെ ബി.ജെ.പി.യുടെ നേതാവ് സുരേന്ദ്രന്‍ മംഗളൂരുവില്‍ നടത്തിയ പ്രസംഗം കേട്ടപ്പോഴൂം അല്‍ഭുതപ്പെട്ടു. കാസര്‍കോട്ടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദക്ഷിണ കനറ സംഘ്പരിവാര്‍ കുടുംബവുമായി വിധേയപ്പെട്ടു നില്‍ക്കുന്ന സുരേന്ദ്രന്‍െറ പ്രകോപന പ്രസംഗം സ്വാഭാവികമായിരിക്കാം. പക്ഷെ, ഒരു മാസം മുമ്പ് കണ്ണൂര്‍ കലക്ടറേറ്റില്‍ സമാധാന യോഗത്തില്‍ പിണറായി വിജയനോടൊപ്പം ഒരുമിച്ചിരുന്നവരായിരുന്നു സുരേന്ദ്രന്‍െറ നേതാക്കളെന്ന് മറക്കരുത്. കണ്ണൂര്‍ ജില്ലയിലെ കൊലപാതകം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സമാധാന യോഗം വിളിക്കണമെന്നത് സംഘ്പരിവാറിന്‍െറ മാത്രം ആവശ്യമായിരുന്നു. ഇതനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ സമാധാന യോഗം വിളിച്ചു കൂട്ടിയത്.കണ്ണൂരിലെ സി.പി.എമ്മിന്‍െറ മനസ്സ് കൂടെ നിര്‍ത്തി കൊണ്ട് തന്നെ സംഘ്പരിവാറിന്‍െറ ആവശ്യത്തിന് മുന്നില്‍ പരിഗണനാ പൂര്‍വം കൂട്ടു നില്‍ക്കുകയായിരുന്നു മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍. അങ്ങിനെയൊരാളോട് ഇത് വേണ്ടായിരുന്നു എന്നാണ് സുരേന്ദനെപ്പോലുള്ളവരോട് നമുക്ക് പറയാനുള്ളത്.


 

Tags:    
News Summary - party village turned to party state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.