???????? ????

ഇരകൾ കരയാൻ പാടില്ലാത്ത കാലം

വർത്തമാനകാല അറബ് മുസ് ലിം പരിതോവസ്ഥയെ അലിഗറിയിൽ പൊതിഞ്ഞ കൂർത്ത ഹാസ്യത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന പ്രതിഭാധനനാണ് ബ്രിട്ടനിൽ പ്രവാസ ജീവിതം നയിക്കുന്ന സിറിയൻ എഴുത്തുകാരൻ സകരിയ്യ താമിർ. "പത്താം ദിവസം കടുവ" എന്ന അദ്ദേഹത്തിന്‍റെ കഥ വിഖ്യാതമാണ്. കാട്ടിൽ നിന്ന് പുതുതായി പിടിച്ചു കൊണ്ട് വന്ന കടുവയോട് പരിശീലകൻ മൃഗരാജാവെന്ന ജാഡയൊന്നും വേണ്ടെന്ന് വെച്ച് അനുസരണയുള്ള കുട്ടിയെ പോലെ പെരുമാറാൻ കൽപിക്കുന്നു. കടുവ അതനുസരിക്കാതെ ഗർജ്ജിക്കുന്നു: ഞാൻ കാട്ടിലെ രാജാവാണ്. എന്നോട് കളിക്കുന്നത് സൂക്ഷിച്ചു വേണം. ഒരു മന്ദഹാസത്തോടെ തിരിഞ്ഞു നിന്ന് പരിശീലകൻ തന്‍റെ ശിഷ്യരോടായി പറഞ്ഞു: ഈ പോക്കിരിയുടെ ഗർവ് കണ്ടു പേടിക്കേണ്ട . ഇവന്‍റെ വയറിന്‍റെ നിയന്ത്രണം എനിക്കാവുവോളം അവനെ നിലക്ക് നിർത്താൻ എനിക്കാരുടെയും സഹായം വേണ്ട .പരിശീലകൻ പിന്നീട് അവിടെ എത്തിയത് അഞ്ചു നാൾ കഴിഞ്ഞാണ്. ആ അഞ്ചു നാളും കടുവക്ക് പട്ടിണിയായിരുന്നു.

കടുവയോട് പരിശീലകൻ പറഞ്ഞു. നീ ഗർവോക്കെ വേണ്ടെന്നു വെച്ച് നല്ല കുടിയായി ഒന്ന് മ്യാവൂ മ്യാവു എന്ന് ചൊല്ലൂ: എന്‍റെ കൈയിലുള്ള ഈ ഇറച്ചി കഷ്ണം ഞാൻ നിനക്ക് തരാം. ആദ്യമൊന്നു മടിച്ചെങ്കിലും അഞ്ചു നാളത്തെ പട്ടിണി കടുവയെ ആകെ തളർത്തിയിരുന്നു. അനുസരണയുള്ള ഒരു പൂച്ച കുട്ടിയെ പോലെ അവൻ മ്യാവു ഉതിർത്തു. വീണ്ടും നാല് നാൾ കഴിഞ്ഞാണ് പരിശീലകൻ കടുവയുടെ അടുത്തെത്തിയത്. നാല് നാൾ മുമ്പ് കഴിച്ച മാംസക്കഷ്ണത്തിന്‍റെ ഓർമ്മയിൽ അയാളെ കണ്ട മാത്രയിൽ കടുവ പൂച്ച കുട്ടിയെ പോലെ മ്യാവു തുടങ്ങി. പക്ഷെ ഇപ്പോൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്നത് ഒരു കെട്ട് വൈക്കോലായിരുന്നു. അയാൾ അത് കടുവയുടെ നേരെ നീട്ടി പറഞ്ഞു: ഇന്ന് മുതൽ ഇതാണ് നിന്‍റെ തീറ്റ. കടുവ മുരണ്ടു .മൃഗ രാജാവായ താൻ പുല്ല് തിന്നുകയോ; നടക്കില്ല. അയാൾ പറഞ്ഞു: വേണ്ട. എങ്കിൽ ഇന്ന് മുതൽ നീ പട്ടിണി കിടക്കൂ.

അസീമിനെ മർദിച്ച സ്ഥലം


ഏറെ നേരം കഴിഞ്ഞില്ല. പുല്ലെങ്കിൽ പുല്ല് എന്ന മട്ടിൽ കടുവ പരിശീലകനോട് കെഞ്ചി. കൊതിപ്പിച്ചു കൊണ്ട് പുല്ല് കടുവക്ക് നേരെ നീട്ടി കൊണ്ട് പരിശീലകൻ പറഞ്ഞു: ഇത് നിനക്ക് തരണമെങ്കിൽ പൂച്ച കുട്ടിയെ പോലെ മ്യാവൂ പറഞ്ഞാൽ പോര.ഒന്നാന്തരം ഒരു കാട്ടുകഴുതയെ പോലെ ഉച്ചത്തിൽ മോങ്ങണം. ഇതിനകം കടുവ ആകെ തളർന്നിരുന്നു. ഒട്ടും പ്രധിഷേധിക്കാതെ തന്നെ അവൻ കഴുതയെ പോലെ മോങ്ങാൻ തുടങ്ങി. ഇങ്ങിനെയാണ്‌ പൗരന്‍റെയും നാഗരികതയുടെയും ജനനമുണ്ടായതെന്നു പറഞ്ഞു താമിർ കഥയവസാനിപ്പിക്കുന്നു. അവകാശനിഷേധവും സ്വാതന്ത്ര്യ ധ്വംസനവും സ്ഥിരം കഥയായ അറബ് സമൂഹത്തിന്‍റെ പരിച്ഛേദമാണ് ഈ കഥയിലൂടെ താമിർ വരഞ്ഞു കാണിക്കുന്നതെങ്കിലും ഈ സറ്റയർ വർത്തമാന കാല ഇന്ത്യൻ പരിതോവസ്ഥയെ അടയാളപ്പെടുത്തുവാൻ ഏറെ യോജിച്ചതാണ്.

ദില്ലിലയിലെ ഒരു ഗല്ലിയിൽ ഗില്ലി ദണ്ഡ് കളിച്ചുകൊണ്ടിരിക്കെ ദാരുണമായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരൻ അസീമിന്‍റെ മരണത്തെ ചൂഴ്ന്ന് നിൽക്കുന്ന ഭയാനകമായ മൗനവും തുടർന്ന് കുട്ടിയുടെ പിതാവിൽ നിന്നുണ്ടായ പ്രസ്താവനയുമാണ് ഇപ്പോൾ ഇങ്ങിനെ കുറിക്കാൻ പ്രാകോപനം. പള്ളി മുറ്റം ആർക്കവകാശപ്പെട്ടെന്നതിനെ ചൊല്ലി ഏറെ നാളായി പ്രദേശത്തെ ക്യാമ്പിലെ വാല്മീകി വാസികളുമായി തർക്കത്തിലായിരുന്നു പളളി അധികൃതർ. എല്ലാവിധ രേഖകളും അധികൃതരുടെ കൈവശമണ്ടെങ്കിലും സംഘ്പരിവാറിന്‍റെ പ്രേരണ ഫലമായി വാൽമീകി സമുദായക്കാർ പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് ആരോപണമുണ്ട്. ആ തർക്കത്തിന്‍റെ അനുരണനം നിഷ്കളങ്കരായ ബാല മനസ്സുകളെപ്പോലും വിഷലിപ്തമാക്കിയിരുന്നു. നമ്മുടെ നാട്ടിലെ പോലെ ഹിന്ദുവോ, മുസ് ലിമോ, ക്രിസ്ത്യാനിയോ എന്നറിയാതെ അന്യോന്യം തോളിൽ കയ്യിട്ട് ചെങ്ങാത്തം കൂടുന്നതിന് പകരം സമുദായത്തിന്‍റെയും ജാതിയുടെയും തിരിവുകളും തുരുത്തുകളും തൊട്ടറിഞ്ഞാണ് ഹിന്ദി ബെൽട്ടിൽ പലപ്പോഴും ബാലസൗഹൃദങ്ങൾ പോലും നാമ്പിടുന്നത്. ആ സൗഹൃദങ്ങളാവട്ടെ എപ്പോഴും അപര ഭീതിയിലും ശത്രുതയിലുമാണ് ഊർജ്ജം കണ്ടെത്തുന്നത്.

അസീമിന്‍റെ മൃതദേഹം ആശുപത്രിയിൽ


ബാൽമീകി സമുദായകാരുമായി വർഷങ്ങൾ നീണ്ടു നിന്ന സംഘർഷത്തിന്‍റെ കഥ വിവരിക്കുന്ന ന്യൂസ്‌ക്ലിക്ക് ലേഖകനോട്‌ അസീമിന്‍റെ ജേഷ്ഠൻ അടക്കമുള്ള മദ്രസ വിദ്യാർഥികൾ പറഞ്ഞു: ബാൽമീകി കേമ്പിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ അവർ ഞങ്ങളെ മതപരമായി അധിക്ഷേപിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യും. തൊപ്പിയെ കളിയാക്കികൊണ്ട് അവർ പറയും. ഒരു നാൾ നിന്‍റെയൊക്കെയേ കഥ കഴിക്കാൻ ഞങ്ങൾ വരുന്നുണ്ട്. പലപ്പോഴും ക്യാമ്പ് വാസികൾ ചൂതാടുവാനും മദ്യപിക്കുവാനുമായി പള്ളി കോമ്പൗണ്ടിൽ എത്തുന്നു. അവർ ഒഴിഞ്ഞ മദ്യക്കുപ്പികൾ പള്ളിയിലേക്കെറിയുകയും നമസ്കാരികയാണെത്തുന്നവരെ അസഭ്യപൂജ നടത്തുകയും ചെയ്യുന്നു. അസീമിനെ കൊല ചെയ്യുന്ന സമയത്ത് സരോജ് എന്ന സ്ത്രീയടക്കം ഏതാനും മുതിർന്ന ആളുകൾ സ്ഥലത്തുണ്ടായിരുന്നു. അക്രമികളെ അവർ പ്രോത്സാഹിപ്പിക്കുകയായിരുന്നു. സരോജ് ആവട്ടെ ഇതിന് മുമ്പ് ദസറ ഉത്സവ വേളയിൽ പ്രകോപനപരമായി പള്ളി കോമ്പൗണ്ടിൽ വന്ന് രാവണക്കോലം ഹോമിച്ചവളാണ്. ഹിന്ദുത്വരുടെ പല അക്രമണ പദ്ധതികളുടെയും ഇപ്പോഴത്തെ ഒരു രീതിയാണ് പെണ്ണുങ്ങളെ മുമ്പിലിടുകയെന്നത്. 1997ലും 2000ത്തിലും ഹിന്ദുത്ത വാദികൾ ഇങ്ങിനെ കലാപത്തിന് ശ്രമിച്ചപ്പോഴും പൊലീസിന്‍റെ ഭാഗത്തു നിന്ന് നടപടിയൊന്നുമുണ്ടായില്ല.

ഇവിടെയാണ് അസീമിന്‍റെ കൊലപാതകം കുട്ടികൾ തമ്മിലുള്ള കശപിശ എന്നതിനപ്പുറം ചില മാനങ്ങൾ ആർജ്ജിക്കു ന്നത്. പള്ളി ഇമാമുമാർ, മദ്രസ വിദ്യാർത്ഥികൾ, മുഅദ്ദിനുകൾ തുടങ്ങിയവർക്കെതിരെ വർധിച്ചു വരുന്ന അക്രമങ്ങളും ആസുരമാകുന്ന വർഗ്ഗീയതയും തമ്മിലുള്ള പാരസ്പര്യമാണ് ഇത്. പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞൻ സതീഷ് ദേശ്പാണ്ഡെയുടെ അഭിപ്രായത്തിൽ മുസ് ലിംകളുടെ ദൃശ്യപരതയെ (Visibility) ഒരു നിലക്കും സഹിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥ സൃഷ്ടിക്കുവാനാണ് ഏറെ കാലമായി മധ്യവർഗത്തിന്‍റെ മുഖമൂടിയണിഞ്ഞു സവർണ ഹിന്ദുത്വം ശ്രമിച്ചു കൊണ്ടിരുന്നത്. അതിൽ വലിയ ഒരു പങ്ക് അവർ വിജയിച്ചുവെന്നാണ് സമീപസംഭവങ്ങൾ തെളിയിക്കുന്നത്. രാജ്യമൊട്ടുക്ക് വഖഫ് ഭൂമികളടക്കം എത്രയോ മുസ് ലിം ആരാധനാസ്ഥലികൾ അന്യാധീനപ്പെട്ടിരിക്കുന്നുവെന്നതാണ് വസ്തുത. എന്നാൽ പള്ളികളും മദ്‌റസകളും നിലകൊള്ളുന്ന ഓരോ ചീന്ത്‌ ഭൂമിയെയും ചൊല്ലി കലാപമുണ്ടാക്കാനാണ് പരിവാർ പ്രഭൃതികളുടെ ശ്രമം. ഹിന്ദുത്വത്തിന്‍റെ സങ്കുചിത രാഷട്രീയ അജണ്ടക്ക് വേണ്ട ഇന്ധനം ലഭിക്കുമെന്നതിനു പുറമെ രാജ്യത്തിന്‍റെ വമ്പിച്ച സ്വത്തും ഭൂമിയും കാലാ കാലങ്ങളായി കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന ഉപരിവർഗ സ്വത്വങ്ങൾക്ക് നേരെ സ്വാഭാവികമായുയരേണ്ട പ്രതിഷേധാഗ്നി തണുപ്പിക എന്ന ലക്ഷ്യം കൂടി ഇതിലൂടെ സംഘ് പ്രഭൃതികൾ നിർവഹിക്കുന്നു.

അസീമിന്‍റെ പിതാവ് ഖലീൽ അഹമ്മദ്


സമൂഹത്തിലെ ഏറ്റവും താണ കിടയിലുള്ള ബാൽമീകികളെ പോലും മുസ് ലിംകൾക്ക് നേരെ തിരിച് വിടാൻ ഇതിലൂടെ സംഘികൾക്ക് കഴിയുന്നു. സവർണരുടെ കൈകളിൽ ബാൽമീകി സമുദായം അനുഭവിക്കുന്ന പീഡനത്തിന്‍റെ ആഴമറിയാൻ ഓം പ്രകാശ് ബാൽമീകി എഴുതിയ "ജൂതാൻ" എന്ന ഒറ്റ ആത്മ കഥ വായിച്ചാൽ മതി. മാന്യമായ ഭക്ഷണവും തൊഴിലും മാത്രമല്ല വിസർജന സൗകര്യം പോലും നിഷേധിക്കപ്പെടുന്നതിനാൽ നിത്യവും പ്രഭാതകർമത്തിനിടെ സൂകരപടക്കോളോട് ഏറ്റുമുട്ടുന്ന രംഗങ്ങൾ അദ്ദേഹം ഈ ജീവിത കഥയിൽ വുവരിക്കുന്നുണ്ട്. അസീം വധത്തിൽ പക്ഷെ ഏറ്റവും ക്രൂരമായി തോന്നുന്നത് സംഭവത്തെ തുടർന്ന് കുട്ടിയുടെ പിതാവിന് നടത്തേണ്ടി വന്ന പ്രസ്താവനയാണ്. മകന്‍റെ കൊലക്ക് പിന്നിൽ വർഗ്ഗീയതയോ രാഷ്ട്രീയമോ ഒന്നുമില്ലെന്നും കുട്ടികൾ തമ്മിലുള്ള വെറും കശപിശ മാത്രമായിരുന്നുവെന്നുമാണ് ആ സാധു പറഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ സമാനമായ മറ്റൊരു സാഹചര്യത്തിൽ പശ്ചിമബംഗാളിൽ ഒരു ഇമാമിന്‍റെ 16കാരനായ മകൻ കൊല്ലപ്പെട്ടു. തന്‍റെ മകന്‍റെ കൊല ഒരു ഇഷ്യൂ ആക്കരുതെന്നായിരുന്നു അദ്ദേഹം അന്ന് മാധ്യമങ്ങളോട് കെഞ്ചിയത്.

ഇതിനർഥം ഇരകൾ ഇവിടെ കരയാൻ പോലും ഭയക്കുന്നുവെന്നാണ്. അഥവാ ഉച്ചത്തിൽ കരഞ്ഞു പോയാൽ അവർക്ക് ഊരും വേരും വേണ്ടെന്ന് വെച്ച് റോഹിൻഗ്യകളെ ഏതോ ഉലകത്തിൽ അഭയം തേടേണ്ട ഗതികേട് വന്നേക്കും. അരുന്ധതി റോയ് തന്‍റെ "ഉഡയ തമ്പുരാനി"ൽ പ്രശ്നവൽക്കരിക്കുന്ന ഒരു കാര്യം ഇവിടെ പ്രസക്തമാണ്. ഇന്ത്യയിലെ അസ്പൃശ്യർ (untouchable) എന്നും അധികാരി വർഗ്ഗങ്ങൾക്ക് സ്പ്ർശ്യർ ആണ്. അഥവാ അവരെ ബലാത്സംഗം ചെയ്താലോ, ശ്വാസം മുട്ടിച്ച് കൊന്നാലോ, തീക്കുണ്ഠത്തിലെറിഞ്ഞാലോ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. അസീമിന്‍റെ കൊലപാതകം മുഖ്യധാരാ മാധ്യമങ്ങൾ പലതും പ്രാദേശിക കോളങ്ങളിലൊതുക്കി കൊല്ലുകയായിരുന്നു (ജേണലിസത്തിലെ സ്ഥിരം ചൊല്ലായ Kill the story ഇത്തരം സന്ദർഭങ്ങളിൽ എത്ര പ്രസക്തമല്ല?)

ജാമിഅ ഫരീദിയ മുസ് ലിം പള്ളി


കൊല ചെയ്യപ്പെടുന്നതും ബലാത്സംഗത്തിന്നിരയാകുന്നതും ജാതി ശ്രേണിയിലെ ഉന്നത ജാതരാണെങ്കിൽ മാത്രമേ അത് ദേശീയ തലത്തിൽ ജഗപൊകയാവൂ. ഡൽഹി ബലാത്സംഗത്തെ തുടർന്ന് റോയ് നടത്തിയ ഒരു നിരീക്ഷണം തൽപ്പരകക്ഷികൾ വിവാദമാക്കിയിരുന്നു. ആഴ്ചയിൽ മൂന്നും നാലും ദലിതുകൾ ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു രാജ്യത്ത് എന്ത് കൊണ്ട് നഗരജീവിയായ ഒരു മധ്യവർഗ്ഗ സ്ത്രീയുടെ കാര്യത്തിൽ മാത്രം പൊതു സമൂഹം മുതലക്കണ്ണീരൊഴിക്കുന്നു എന്നായിരുന്നു അവർ ചോദിച്ചതിന്‍റെ സാരം. മതഭീകരതയുടെ താലിബാൻ തുരുത്തായ സ്വാത്തിൽ വെടിയുണ്ടക്കിരയായ മലാലയുടെ പേര് എല്ലാവർക്കുമറിയാം; എന്നാൽ സവർണ ഭീകരർ ആയുധം കാട്ടി സ്വന്തം മകനെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിക്കാൻ ശ്രമിക്കുകയും ക്രൂര മർദ്ധനത്തിന്നിരയാക്കുകയും ചെയ്ത സുരേഖ ഭോട്ട് മാംഗെ എന്ന ദലിത് സ്ത്രീയുടെ പേര്എത്ര പേർക്കറിയാം എന്ന് കൂടി അവർ മറ്റൊരു സന്ദർഭത്തിൽ ചോദിച്ചു.

കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധം


എഡ്വാർഡ് സഈദ് ഫലസ്തീനികളെ പറ്റി പറഞ്ഞ പോലെ ചില വിഭാഗങ്ങളെ 'എമിന​​​െൻറ്റ്‌ലി കില്ലബ്ൾ' ആയി നമ്മുടെ പൊതു വ്യവഹാരത്തിന്‍റെ ഉപബോധം കാണുന്നുവെന്നതാണ് വസ്തുത. ഇരകൾക്ക് ഉച്ചത്തിൽ കരയാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത് ഇതിന്‍റെ ഭാഗമാണ്. മകൻ കൊല്ലപ്പെട്ടതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് പശ്ചിമ ബംഗാളിലെ ഇമാമും കുട്ടികൾ തമ്മിലുള്ള കശപിശക്കപ്പുറം ഒന്നുമുണ്ടായിരുന്നില്ലെന്ന് ഹരിയാനയിലെ അബൂ അസീമും പറയേയേണ്ടി വരുന്നത് ഈ പശ്ചാത്തലത്തിലാണ്. രാഹുൽ ഈശ്വരിനെ പോലുള്ള നമ്മുടെ സവർണ്ണ ജിഹ്വകൾ സദാ പറയാറുള്ള ഒരു കാര്യമുണ്ട്: ഇരവാദം ഏറ്റവും അപകടകരമായ പ്രവണതയാണ്. അത് തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കുമുള്ള പാത സുഗമമാക്കുന്നു.

അതിനാൽ ഇരവാദത്തെ സദാ കരുതിയിരിക്കേണ്ടിയിരിക്കുന്നു. ഇതിന്നർത്ഥം ലളിതമാണ്. ദലിതരും ന്യൂനപക്ഷങ്ങളും ഉൾപ്പെടുന്ന പീഡിത വർഗ്ഗത്തിന് ഇനി ഒരു നിയോഗം കൂടിയുണ്ട്. അവർ സകല പീഢനങ്ങളും മർദ്ധനങ്ങളും നിശ്ശബ്ദം സഹിക്കണമെന്ന് മാത്രമല്ല "ഞങ്ങളെ ആരും ഒന്നും ചെയ്തില്ലേ, ചെയ്തില്ലേ" എന്ന് വിളിച്ച് കൂവുക കൂടി വേണം. അഥവാ, താമിറിന്‍റെ കഥയിലെ കടുവ പുല്ല് തിന്നാൽ മാത്രം പോര പുല്ലിന്‍റെ രുചി കേമമെന്ന് ഗീർവാണം പൊഴിക്കുക കൂടി വേണം.

(കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ് ലേഖകൻ)

ലേഖനത്തിന്‍റെ ഉള്ളടക്കം എഴുത്തുകാരന്‍റെ അഭിപ്രായങ്ങൾ മാത്രമാണ്...

Tags:    
News Summary - Mohammed Azeem murder case -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.