അറിയണം, ചെറുക്കണം സി.ഒ.പി.ഡിയെ

ശ്വാസനാളങ്ങളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന തടസ്സങ്ങളുണ്ടാക്കുന്ന രോഗാവസ്ഥയാണ് സി.ഒ.പി.ഡി അഥവാ ക്രോണിക് ഒബ്സ്ട്രക്റ്റിവ് പൾമണറി ഡിസീസ്. സാധാരണയായി കണ്ടുവരുന്നതും എന്നാൽ പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയുന്നതുമായ ഈ രോഗം ക്രമേണ മൂർച്ഛിക്കുന്ന ഒന്നാണ്. ലോകത്ത് പ്രതിവർഷം 34 ലക്ഷം മരണങ്ങൾക്ക് കാരണമാകുന്ന സി.ഒ.പി.ഡിയുടെ മുഖ്യകാരണം പുകവലിയാണെങ്കിലും, വിറക്, ചകിരി തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകത്തിൽനിന്നുള്ള പുക ദീർഘകാലം ശ്വസിക്കുന്നതും സി.ഒ.പി.ഡി ഉൾപ്പെടെയുള്ള ശ്വാസകോശരോഗങ്ങൾക്ക് കാരണമാകാം.

വാഹനപ്പുക, റോഡിലെ പൊടിപടലങ്ങൾ, നിർമാണപ്രവർത്തനങ്ങൾ, വ്യവസായമലിനീകരണം, മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷപ്പുക എന്നിവ ശ്വാസകോശാരോഗ്യത്തെ സാരമായി ബാധിക്കുന്നു. ക്വാറി, നിർമാണമേഖല, വെൽഡിങ്, ഖനനം, മരപ്പണി, ഫാക്ടറികൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ ദീർഘകാലം പൊടിപടലങ്ങൾക്കും രാസവസ്തുക്കൾക്കും വിധേയരാകുന്നത് ഈ രോഗത്തിന് കാരണമാകാം.

ബാല്യകാലത്തെ ശ്വാസകോശ അണുബാധകൾ, പോഷകാഹാരക്കുറവ്, ആസ്ത്മ, വായുമലിനീകരണം എന്നിവയും രോഗസാധ്യത വർധിപ്പിക്കുന്നു. അപൂർവമായി കണ്ടുവരുന്ന 'ആൽഫ-1 ആന്റിട്രിപ്സിൻ' (Alpha-1 Antitrypsin) എന്ന പ്രോട്ടീന്റെ കുറവും (ജനിതക വൈകല്യം) സി.ഒ.പി.ഡിക്ക് കാരണമാകാം. കൂടാതെ, മറ്റുള്ളവർ പുകവലിക്കുമ്പോൾ ആ പുക ശ്വസിക്കേണ്ടിവരുന്ന അവസ്ഥ (പരോക്ഷ പുകവലി) പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും രോഗസാധ്യത കൂട്ടുന്നു.

നേരത്തേ തിരിച്ചറിയാം; ജീവൻ സംരക്ഷിക്കാം

രാവിലെയുള്ള തുടർച്ചയായ ചുമയും കഫവും, നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ പോലുള്ള ശാരീരിക അധ്വാനസമയങ്ങളിൽ അനുഭവപ്പെടുന്ന ശ്വാസംമുട്ടലും അവഗണിക്കരുത്. ഇവ സി.ഒ.പി.ഡിയുടെ പ്രാരംഭലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങളുള്ളവർ ഉടൻ വൈദ്യപരിശോധന തേടണം.

ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത അളക്കുന്ന 'സ്പൈറോമെട്രി' (Spirometry) എന്ന പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. പൂർണമായും ഭേദമാക്കാൻ കഴിയാത്ത രോഗമാണെങ്കിലും, നേരത്തേയുള്ള രോഗനിർണയവും കൃത്യമായ ചികിത്സയും വഴി രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.

നിലവിൽ സർക്കാർ ആശുപത്രികളിൽ പ്രവർത്തിച്ചുവരുന്ന ശ്വാസ് (SWAAS) ക്ലിനിക്കുകൾ സി.ഒ.പി.ഡി, ആസ്ത്മ തുടങ്ങിയ ശ്വാസകോശരോഗങ്ങൾ നേരത്തേ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാൻ സഹായിക്കുന്നു. കൂടാതെ, പുകയിലവിരുദ്ധ ക്ലിനിക്കുകളിലൂടെ പുകവലി ഉപേക്ഷിക്കുന്നതിനാവശ്യമായ കൗൺസലിങ്ങും ചികിത്സാസൗകര്യങ്ങളും ലഭ്യമാണ്. സി.ഒ.പി.ഡി ചികിത്സയിൽ ഇൻഹേലർ മരുന്നുകൾക്ക് നിർണായക സ്ഥാനമുണ്ട്. ഇൻഹേലർ ശീലമാകുമെന്നോ, ജീവിതകാലം മുഴുവൻ രോഗിയായി തുടരേണ്ടിവരുമെന്നോ, പാർശ്വഫലങ്ങൾ കൂടുതലാണെന്നോ ഉള്ള തെറ്റിദ്ധാരണകൾ കാരണം പലപ്പോഴും രോഗികൾ ചികിത്സയോട് വിമുഖത കാണിക്കാറുണ്ട്.

ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്നെത്തിക്കുന്നതിനാൽ തന്നെ ഇൻഹേലറുകൾ ഏറെ ഫലപ്രദവും, ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ പാർശ്വഫലങ്ങൾ താരതമ്യേന കുറവുള്ളതുമാണ്. ഇതിനുപുറമേ ശ്വസനവ്യായാമങ്ങൾ, ഫിസിയോതെറാപ്പി എന്നിവയിലൂടെ ശ്വാസംമുട്ടൽ കുറയ്ക്കാനും ശാരീരികക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

(മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ പൾമണോളജിസ്റ്റും മലപ്പുറം ജില്ലാ ശ്വാസ് നോഡൽ ഓഫിസറുമാണ് ലേഖിക)

Tags:    
News Summary - Know and Prevent COPD: Causes, Symptoms, and Treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.