സന്നദ്ധപ്രവർത്തനത്തിന്​ മുന്നിട്ടിറങ്ങു​േമ്പാൾ

രക്ഷാപ്രവർത്തനത്തി​​​​െൻറ ഒന്നാം ഘട്ടം കഴിഞ്ഞു. നൂറു വർഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിനുമാണ് കഴിഞ്ഞയാഴ്ച കേരളം സാക്ഷ്യം വഹിച്ചത്. കേരളത്തെ മൊത്തം ബാധിച്ച ദുരന്തം മൂന്നോ നാലോ ദിവസമേ നീണ്ടുനിന്നുള്ളൂ എങ്കിലും ഭൗതികവും മാനസികവുമായ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽനിന്ന് നാടിനെയും ജനങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ ചുരുങ്ങിയത് അഞ്ചു വർഷവും ആയിരക്കണക്കിന് കോടി രൂപയും ആവശ്യമായി വരും. 
ലോകത്തെവിടെയും സന്നദ്ധ പ്രവർത്തകർ ഈ വിഷയത്തിൽ ഇടപെടാറുണ്ട്. കേരളത്തിലെ കാര്യത്തിലും ഇത് വ്യത്യസ്തമാകേണ്ട ഒന്നല്ല. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഏറെ ആളുകൾ കേരളത്തിൽ സന്നദ്ധ സേവനം നടത്താൻ തയാറാണ്. കേരളത്തിലെത്താൻ പറ്റാത്ത മലയാളികളും വിദേശങ്ങളിലിരുന്ന് ആകുന്ന രീതിയിൽ സന്നദ്ധ സേവനം നടത്താൻ തയാറാണ്. 

നിലവിലെ സാഹചര്യത്തിൽ സ്വന്തം താൽപര്യത്തിൽ, സ്ഥലത്തെ ഏതെങ്കിലും ഒരു ചെറിയ ഗ്രൂപ്പി​​​​െൻറ കൂടെ, സ്വന്തം വൈദഗ്​ധ്യത്തിന്​ പ്രത്യേക പ്രാധാന്യമില്ലാതെ, ഒരു മാർഗനിർദേശവും ഇല്ലാതെയാണ് കേരളത്തിലെ യുവാക്കൾ സന്നദ്ധപ്രവർത്തനത്തിന്​ ഇറങ്ങുന്നത്. ഇതൊരു നല്ല കാര്യമാണെങ്കിലും വേണ്ടത്ര കാര്യക്ഷമമല്ല. 
സന്നദ്ധപ്രവർത്തകർ എന്താണ് ചെയ്യേണ്ടത്? എങ്ങനെയാണ് അവരെ സംയോജിപ്പിക്കേണ്ടത്? അടുത്ത ദിവസങ്ങളിൽ തീർച്ചയായും വേണ്ടിവരുന്ന ചില സേവനങ്ങൾ പറയാം.

1. സർവേ അറിയാവുന്നവർ -ഈ വെള്ളപ്പൊക്കം പുഴയിൽനിന്ന്​ എത്രമാത്രം ദൂരെയെത്തി എന്ന് ഓരോ പുഴയുടേയും ഇരു കരകളിലും ട്രാൻസെക്റ്റ് എടുത്തുവെക്കണം. കുറച്ചുനാൾ കഴിഞ്ഞു ഭാഗ്യമുണ്ടെങ്കിൽ ഈ സ്ഥലത്തി​​​​െൻറ ഉപഗ്രഹ ചിത്രം കിട്ടിയെന്നു വരാം. അപ്പോൾ ഈ വിവരം ഗ്രൗണ്ട് ട്രൂത്തിങ്ങിന് ഉപയോഗിക്കാം. ഉപഗ്രഹ ചിത്രം കിട്ടാതിരിക്കുകയും (ക്ലൗഡ് കവർ കാരണം) സർവേ നടത്താതിരിക്കുകയും ചെയ്താൽ - അടുത്തയാഴ്ചതന്നെ എത്ര ദൂരം വരെ വെള്ളമെത്തി എന്നുള്ള സർവേ എടുത്തില്ലെങ്കിൽ 1924ലെ തലമുറ സുപ്രധാനമായ വിവരങ്ങൾ നഷ്​ടപ്പെടുത്തിയതു പോലെ നമ്മളും നഷ്​ടപ്പെടുത്തും. നമ്മുടെ അടുത്ത തലമുറ വീണ്ടും വെള്ളത്തിൽ മുങ്ങി മരിക്കും. സർവേ പഠിച്ച -റിട്ടയർ ചെയ്ത വില്ലേജ് ഉദ്യോഗസ്ഥർ തൊട്ട് സർവേ സ്‌കൂളിലും പോളി ടെക്നിക്കുകളിലും എൻജിനീയറിങ്​ കോളജിലും സിവിൽ എൻജിനീയറിങ്​ പഠിച്ച ആർക്കും ഈ പഠനം ഏറ്റെടുക്കാം.

2. കെട്ടിടങ്ങളുടെ സ്‌ട്രക്‌ചറൽ സേഫ്റ്റി: പതിനായിരക്കണക്കിന് വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. ഓരോന്നും ഒരു സിവിൽ എൻജിനീയർ സ്​റ്റാ​ൻഡേർഡ് ചെക്ക്‌ലിസ്​റ്റ്​ അനുസരിച്ച് കെട്ടിടത്തി​​​​െൻറ സുരക്ഷ അവലോകനം ചെയ്യണം. വീടുകളെ(എ) ഒരു കുഴപ്പവും ഇല്ലാതെ കയറി താമസിക്കാവുന്നവ (പച്ച സിഗ്​നൽ), (ബി) അത്യാവശ്യം റിപ്പയർ നടത്തി താമസിക്കാവുന്നത് (ഓറഞ്ച് സിഗ്​നൽ), (സി) സുരക്ഷിതം അല്ലാത്തത് (ചുവപ്പ് സിഗ്​നൽ) എന്നിങ്ങനെ മൂന്നായി തിരിക്കണം. കെട്ടിട സുരക്ഷയുടെ മാനദണ്ഡം അനുസരിച്ച് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് റിപ്പോർട്ട് തയാറാക്കുക. പി.ഡബ്ല്യു.ഡിയിൽനിന്നും എൻജിനീയറിങ്​ കോളജിൽനിന്നും റിട്ടയറായ സിവിൽ എൻജിനീയർമാരും, ഇപ്പോൾ കോളജിലും പോളിടെക്നിക്കിലും പഠിക്കുന്ന കുട്ടികളും ഒരുമിച്ചു ചേർന്ന് ഒരു മൂവായിരം പേരുടെ സംഘം ഉണ്ടാക്കിയാൽ ഓണാവധി കഴിയുമ്പോഴേക്ക് ഈ സർവേ പൂർത്തിയാക്കാം. 

3. ഇതുതന്നെയാണ് ഇലക്ട്രിക്കൽ എൻജിനീയർമാരുടെ കാര്യവും. ഓരോ വീട്ടിലെയും വൈദ്യുതി കണക്​ഷൻ, വയറിങ്​, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയൊക്കെ ഒരു പരിശോധന നടത്തി ഉപയോഗശൂന്യമായത്, റിപ്പയർ ചെയ്ത് ഉപയോഗിക്കാവുന്നത്, ഉടനെ ഉപയോഗിക്കാവുന്നത് എന്ന് തരംതിരിച്ചു കൊടുത്താൽ അത് വലിയ ആശ്വാസമാകും. വീട്ടിൽ എവിടെയെങ്കിലും വയറിങ്​ മോശമായിട്ടുണ്ടോ, ഷോക്ക് അടിക്കാൻ സാധ്യത ഉണ്ടോ എന്നൊക്കെ പരിശോധിക്കണം. നാട്ടിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്ന്​ റിട്ടയർ ചെയ്തവരുടെ നേതൃത്വത്തിൽ ഇപ്പോൾ കോളജിലും പോളിടെക്നിക്കിലും ഇലക്ട്രിക്കൽ എൻജിനീയറിങ്​ പഠിക്കുന്ന കുട്ടികൾ ഒരുമിച്ചുചേർന്ന് ഒരു മൂവായിരം പേരുടെ സംഘം ഉണ്ടാക്കിയാൽ ഈ ഓണാവധി കഴിയുമ്പോഴേക്ക് ഈ സർവേയും പൂർത്തിയാക്കാം. 

4. അതിശയകരമായ വിവരങ്ങളാണ് റിമോട്ട് സെൻസിങ്​ വഴി നമുക്ക് ഇപ്പോൾ ലഭ്യമാകുന്നത്. വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും മുമ്പുള്ള കേരളം, വെള്ളപ്പൊക്ക സമയത്തെ കേരളം, വെള്ളം ഇറങ്ങിയതിനു ശേഷമുള്ള കേരളം, വെള്ളത്തിൽ നിന്ന വിളകളും കളകളും ചീഞ്ഞുണങ്ങിയ കേരളം എന്നിങ്ങനെ പല ദിവസങ്ങളിലെ വിവിധ വ്യാപ്തിയുള്ള ഉപഗ്രഹ ചിത്രങ്ങൾ നമുക്ക് ലഭ്യമാക്കാൻ ശ്രമിക്കണം. അവ അനുസരിച്ച് മൊത്തം വെള്ളത്തിനടിയിലായ ഏരിയ, വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം, വിള നഷ്​ടം, ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ പ്രദേശങ്ങൾ എന്നിങ്ങനെ പലതും കണ്ടുപിടിക്കാം. ഇത് കേരളത്തിൽ നിന്നുകൊണ്ട് വേണമെന്നില്ല. കേരളത്തിൽനിന്നുമുള്ള റിമോട്ട് സെൻസിങ്ങിൽ പരിചയമുള്ള അനവധി ആളുകളുണ്ട്. അവരും നമ്മുടെ കോളജിലെ അധ്യാപകരും കൂടി ശ്രമിച്ചാൽ ഇത് സാധിക്കില്ലേ?

5. ദുരന്തത്തിൽ മരിച്ചവരേക്കാൾ അധികം ആളുകൾ മരിക്കാൻ കുടിവെള്ളത്തിലെ മാലിന്യം കാരണമാകും. നമ്മുടെ പരിസ്ഥിതി എൻജിനീയർമാരും നഴ്‌സുമാരും (വിദ്യാർഥികളും ഇപ്പോൾ ജോലിയിൽ അല്ലാത്തവരും) നല്ല പൊതുജനാരോഗ്യ വിദഗ്​ധരുടെ നേതൃത്വത്തിൽ കേരളത്തിലെ ഓരോ വീട്ടിലെയും സ്ഥാപനത്തിലെയും കുടിവെള്ളം ടെസ്​റ്റ്​ ചെയ്യുന്ന ഒരു രീതി ഉണ്ടാക്കണം. ഇതിനൊക്കെ വേണ്ട പ്രോട്ടോകോൾ ഇപ്പോൾ തന്നെയുണ്ട്. ടെസ്​റ്റിങ്​ കിറ്റുകൾ അയക്കാൻ മറുനാട്ടിലെ മലയാളികൾ ഇപ്പോൾതന്നെ തയാറാണ്. ഇങ്ങനെയൊരു സംഘമുണ്ടാക്കാൻ ആരാണ് മുൻകൈ എടുക്കുക?

6. ദുരന്തത്തി​​​​െൻറ കണക്കെടുപ്പ് കൂടുതൽ പ്രഫഷനൽ ആക്കണം. കുറച്ച്​ സിവിൽ എൻജിനീയർമാരും കോമേഴ്‌സുകാരും കൃഷി ശാസ്ത്രജ്ഞരും ഒത്തുകൂടി കൂടുതൽ ആധുനികമായ പ്രോട്ടോകോൾ ഉണ്ടാക്കണം. ഈ വിഷയത്തിലുള്ള വിദ്യാർഥികളെ സംഘടിപ്പിച്ച് കണക്കെടുക്കണം.

7. ഓരോ ദുരന്തശേഷവും ദുരന്തത്തിൽ അകപ്പെട്ട ഓരോ വ്യക്തിയും സ്വാഭാവികമായും മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. അക്കാര്യം മനസ്സിലാക്കി അവരെ വേണ്ട തരത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ മാസങ്ങൾക്കു ശേഷം ‘പോസ്​റ്റ്​ ട്രോമാറ്റിക്​ സ്‌ട്രെസ് ഡിസോർഡർ’ എന്ന മാനസികാവസ്ഥയിൽ അവരെത്തും, വിഷാദം ബാധിക്കും, ആത്മഹത്യകൾ കൂടും. നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഒരു വാക്ക് സമൂഹം കേട്ടിട്ടുകൂടി ഇല്ല. മാനസികാരോഗ്യ വിദഗ്​ധരുടെ സഹായം തേടുന്നത് ‘ഭ്രാന്തുള്ളവർ’ മാത്രമാണെന്നാണ് സമൂഹം ചിന്തിക്കുന്നത്. ആണുങ്ങൾ കരയില്ല എന്നും അവർക്ക് ഒരു സപ്പോർട്ടും വേണ്ട എന്നും സമൂഹം കരുതുന്നത്​ പൊട്ടത്തെറ്റാണ്. നമ്മുടെ സമൂഹത്തെ മൊത്തം അടുത്ത ആഴ്ചകളിലും മാസങ്ങളിലും കൗൺസൽ ചെയ്യാനുള്ള ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർ നമുക്കാവശ്യമുണ്ട്. അവർ പുറമെനിന്ന് വരില്ല. പക്ഷേ, അഞ്ചോ പത്തോ പേർ വന്നാൽ അവർ കേരളത്തിലുള്ള -ഇപ്പോൾ തൊഴിലില്ലാതെ നിൽക്കുന്ന ആയിരം നഴ്‌സുമാരെ പരിശീലിപ്പിച്ചാൽ അവർക്ക് നമ്മുടെ സമൂഹത്തെ സഹായിക്കാൻ പറ്റും.

ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ ഒരുമിച്ച് ഒരേ പ്രോട്ടോകോൾ അനുസരിച്ചു ചെയ്യേണ്ട ജോലി 50 പേർ 50 തരത്തിൽ ചെയ്യുന്നത് വ്യക്തിപരമായി സന്തോഷം ഉണ്ടാക്കുന്നതാണെങ്കിലും പ്രായോഗികമായി ഉപയോഗശൂന്യമാണ്. അതുപോലെത്തന്നെ ഹൈലി സ്‌കിൽഡ് ആയിട്ടുള്ളവർ സന്നദ്ധ സേവനം നടത്തുന്നതിനായി കെട്ടിടത്തിലെ ചളി മാറ്റാൻ പോകുന്നത് ഈച്ചയെ കൊല്ലാൻ കലാഷ്നിക്കോവും ആയി നടക്കുന്ന മണ്ടന്മാരെയാണ് ഓർമിപ്പിക്കുന്നത്.

എ​​​​െൻറ പുതിയ തലമുറയോട് ഇതേ പറയാനുള്ളൂ: ജീവിതത്തിലെ നിർണായകമായ സംഭവമാണിപ്പോൾ നമ്മെ കടന്നുപോകുന്നത്. മേൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ നോക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതം വ്യക്തിപരമായി മാറിമറിയും. ഒരു ദുരന്ത നിവാരണ വിദഗ്​ധനാകാൻ ഏറ്റവും എളുപ്പം ഒരു ദുരന്തത്തിലൂടെ കടന്നുപോവുകയാണ് എന്ന് ഞാൻ പറയാറുണ്ടല്ലോ. ദുരന്തത്തി​​​​െൻറ കണക്കെടുപ്പ് മുതൽ സൈക്കോ സോഷ്യൽ സപ്പോർട്ട് വരെ കേരളത്തിലെ ദുരന്തകാലത്ത് ചെയ്തവർക്ക് പിൽക്കാലത്ത് ആ രംഗത്ത്​ ഏറെ ജോലി സാധ്യത ഉണ്ടാകും.

(​െഎക്യരാഷ്​ട്രസഭയുടെ ദുരന്ത നിവാരണ 
വിഭാഗം ഉദ്യോഗസ്​ഥനാണ്​ ലേഖകൻ)

Tags:    
News Summary - kerala flood-open forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.