കിഫ്ബി സ്വപ്നത്തില്‍ പണിത ക്ഷേമ ബജറ്റ്

തിരുവനന്തപുരം: ക്ഷേമ ബജറ്റെന്ന് വിശേഷിപ്പിക്കാമെങ്കിലും വികസന പദ്ധതികളില്‍ പലതും സ്വപ്നമായി നില്‍ക്കുന്നു. ഇത് യാഥാര്‍ഥ്യത്തിലത്തൊന്‍ കടമ്പകളേറെ കടക്കണം. ‘കിഫ്ബി’ എന്ന പണസമാഹരണ സ്ഥാപനത്തെ അതിരുവിട്ട് ആശ്രയിക്കുന്ന ബജറ്റ് സംസ്ഥാനത്തിന്‍െറ സാമ്പത്തിക ദൗര്‍ബല്യം തുറന്നുകാട്ടുന്നു. സ്വന്തം വരുമാനം കൊണ്ട് വികസനം നടക്കില്ല. നേരിട്ട് കടമെടുക്കുന്നതും തികയില്ല. അതിന് ധനമന്ത്രിയുടെ പരിഹാര നിര്‍ദേശമാണ് ‘കിഫ്ബി’. അഞ്ചുവര്‍ഷം കൊണ്ട് അരലക്ഷം കോടിയുടെ പദ്ധതികളാണ് കൈയില്‍.

സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയും വരുമാന ശോഷണവും കടമെടുപ്പ് പരിധിയും വെല്ലുവിളി സൃഷ്ടിക്കുന്ന ഘട്ടത്തില്‍ ബജറ്റിന് പുറത്ത് പണം കണ്ടത്തൊനാണ് ശ്രമം. ബജറ്റില്‍ പറഞ്ഞ സുപ്രധാന പദ്ധതികളെല്ലാം കിഫ്ബിയില്‍ കെട്ടിപ്പൊക്കിയതാണ്. മുമ്പ് ഇസ്ലാമിക് ബാങ്കില്‍ സ്വപ്നങ്ങള്‍ നെയ്ത് പദ്ധതികള്‍ പ്രഖ്യാപിച്ച ഐസക്കിന് അന്ന് ലക്ഷ്യം നേടാനായിരുന്നില്ല.  ഇപ്പോള്‍ കിഫ്ബിയാണ് താരം. അതിന്‍െറ പ്രായോഗികതയിലാണ് പ്രഖ്യാപനങ്ങളുടെ ഭാവി. 

ആദ്യവര്‍ഷം 4000 കോടിയോളം രൂപയുടെ പദ്ധതി മാത്രമേ പ്രഖ്യാപിക്കാനായുള്ളൂ. അതിന് പണം കിട്ടിയിട്ടില്ല. മാര്‍ച്ചില്‍ 11,000 കോടിയുടെ പദ്ധതി അംഗീകരിക്കുന്നുണ്ട്. ഇതിനുപുറമെ വരുന്ന വര്‍ഷം 25,000 കോടിയുടെയും. ബോണ്ടുകളിലൂടെയും മറ്റുമാണ് പണം സമാഹരിക്കുക. പ്രവാസികള്‍ക്ക് കെ.എസ്.എഫ്.ഇ ചിട്ടി നടത്തി അവര്‍ പണം കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കാനും പരീക്ഷണം നടത്തുന്നു. ഇതും ഇനി പ്രായോഗികമാകേണ്ട വിഷയമാണ്. കിഫ്ബിയില്‍ ഉദ്ദേശിക്കുന്ന പണം വന്നില്ളെങ്കില്‍ അവ അവംലംബിച്ച് പ്രഖ്യാപിച്ച പദ്ധതികളൊക്കെ കുഴയും. എന്നാല്‍, പുതിയ സാമ്പത്തിക സാഹചര്യത്തില്‍ ഇത് വിജയിപ്പിക്കാനാകുമോ എന്ന പ്രതീക്ഷയാണ് ധനമന്ത്രിയുടേത്.

ചോര്‍ച്ച ആരോപണങ്ങളൊക്കെ മാറ്റിനിര്‍ത്തിയാല്‍ ഒറ്റവാക്കില്‍ ക്ഷേമ ബജറ്റാണെന്ന് പറയാം. പശ്ചാത്തല വികസനം, ആരോഗ്യ-വിദ്യാഭ്യാസ മേഖല, സാമൂഹിക സുരക്ഷ എന്നിവയൊക്കെ പരിഗണിച്ചാലും സന്തുലിത ബജറ്റ്. ചോര്‍ച്ച ആരോപണം പക്ഷേ ബജറ്റിന്‍െറ ശോഭ തല്‍ക്കാലത്തേക്കെങ്കിലും കുറച്ചു. ക്ഷേമ പെന്‍ഷനുകളില്‍ 100 രൂപയുടെ വര്‍ധനക്ക് പുറമെ അര്‍ഹരായ 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള നീക്കം പ്രശംസാര്‍ഹമാണ്. നവകേരള മിഷനിലെ പദ്ധതികള്‍ പലതും കേരളത്തിന്‍െറ മുന്നോട്ടുള്ള പോക്കിന് വളരെ അനിവാര്യമാണ്. ആരോഗ്യസുരക്ഷയില്‍ ബജറ്റ് ഏറെ ശ്രദ്ധവെച്ചിട്ടുണ്ട്. ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ക്ക് ഇത് ആശ്വാസമാകും. സമ്പൂര്‍ണ ഇന്‍റര്‍നെറ്റ് പോലെ ഐ.ടി മയമാണ് ബജറ്റ്. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ്, വൈദ്യുതി ബോര്‍ഡ് കൂടിച്ചേര്‍ന്നുള്ള സംവിധാനം ശ്രദ്ധേയം. വിലക്കയറ്റം നേരിടാന്‍ പണം അനുവദിച്ചിട്ടുണ്ടെങ്കിലും അത് പര്യാപ്തമാകില്ല. സപൈ്ളകോക്കും കണ്‍സ്യൂമര്‍ഫെഡിനും ഹോര്‍ട്ടികോര്‍പിനും 450 കോടിയോളം അനുവദിച്ചെങ്കിലും അത് പര്യാപ്തമല്ല. 

കിഫ്ബി മാറ്റിനിര്‍ത്തിയാല്‍ ആകെ ഞെരുക്കമാണ് ബജറ്റില്‍. 16,043 കോടിയുടെ റവന്യൂ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. അതില്‍ നില്‍ക്കുമെന്നുറപ്പില്ല. ധനകമ്മിയാകട്ടെ 25,756 കോടി വരും. റവന്യൂ ചെലവുകള്‍ അതിവേഗം കുതിച്ചുയരുകയാണ്. അടുത്ത വര്‍ഷം ഇത് ഒരു ലക്ഷം കോടി കടക്കും. ശമ്പളം, പെന്‍ഷന്‍, പലിശ ഇനത്തിലെ ചെലവുകള്‍ കുതിച്ചുയരും. 

ബജറ്റ് കണക്കുകള്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വലിയ ആശങ്ക നല്‍കുന്നു. മധ്യകാല സാമ്പത്തിക അവലോകനത്തിലെ കണക്കുകളും ഇതിന് അടിവരയിടുന്നു. സംസ്ഥാനത്തിന്‍െറ പൊതുകടം രണ്ടുലക്ഷം കോടിയിലേക്ക് കുതിച്ചുയരാന്‍ പോവുകയാണ്. 2,07,026.81 കോടി. നടപ്പുവര്‍ഷം തന്നെ കടം 1,80,921 കോടിയിലത്തെുമെന്നാണ് കരുതുന്നത്. ശമ്പളച്ചെലവ് ഇക്കൊല്ലത്തെ 27,413.11 കോടിയില്‍നിന്ന് അടുത്തവര്‍ഷം 31,909.91 കോടിയായും പെന്‍ഷന്‍ ബാധ്യത 15,403.58 കോടിയില്‍നിന്ന് 18,174.29 കോടിയായും പലിശബാധ്യത12386.74 കോടിയില്‍നിന്ന് 13,631.83 കോടിയായും വര്‍ധിക്കും. രണ്ടുവര്‍ഷത്തിനകം പൊതുകടം രണ്ടര ലക്ഷം കോടി കവിയും. അതായത് 19-20ല്‍ 2,61,033.70 കോടി. ഇക്കൊല്ലം രണ്ടുലക്ഷം കോടിയിലത്തെുന്ന കടമാണ് രണ്ടുവര്‍ഷം കൊണ്ട് ഇങ്ങനെ കുതിച്ചുയരുന്നത്.

ശമ്പളം, പെന്‍ഷന്‍, പലിശബാധ്യത ഇക്കൊല്ലം 63,595 കോടിയിലത്തെും. ഇത് രണ്ട് വര്‍ഷം കഴിയുമ്പോള്‍ 75,294.31 കോടിയാകുമെന്നും മധ്യകാല സാമ്പത്തിക റിപ്പോര്‍ട്ട് പറയുന്നു. ശമ്പള പരിഷ്കരണ കുടിശ്ശിക നല്‍കാന്‍ രണ്ട് ഘട്ടമായി 1134.71 കോടി വേണം. അടിസ്ഥാന ശമ്പളത്തില്‍ 2.5 ശതമാനം നിരക്കിലും പെന്‍ഷന്‍ 10 ശതമാനം വെച്ചും വര്‍ധിക്കും. പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ 2111.99 കോടിയുടെ ബാധ്യതയും വരും. ബജറ്റിന് പുറത്ത് ഇത്ര വലിയ കടമെടുക്കുമ്പോള്‍ ഭാവിയില്‍ കടക്കെണി കൂടുതല്‍ മുറുകും. പലിശ ബാധ്യത കുതിച്ചുയരുകയും ചെയ്യും. 

 

Tags:    
News Summary - Kerala Budget 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.