വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ നാട്ടില്‍ സ്ത്രീധന സമ്പ്രദായമില്ലായിരുന്നു, പ്രത്യേകിച്ച് മലബാറില്‍. മുസ് ലിംകള്‍ക്കിടയിലെ പുതിയാപ്പിള സമ്പ്രദായം കാരണം അധികാരമില്ളെങ്കിലും സ്വത്തവകാശം സ്ത്രീക്കുണ്ടായിരുന്നു. വിവാഹാനന്തരവും സ്വന്തംവീട്ടില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷിതത്വമുണ്ടായിരുന്നു. മരുമക്കത്തായമുള്ള നായര്‍ തറവാടുകളിലും സ്ത്രീകള്‍ ഇതുപോലെ സാമ്പത്തികസാമൂഹിക സുരക്ഷിതത്വം അനുഭവിച്ചുപോന്നു. എന്നാലിന്ന് സ്ത്രീധനം പല പെണ്‍കുട്ടികളുടെയും മംഗല്യസ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായിക്കൊണ്ടിരിക്കുകയാണ്. ഗാര്‍ഹികപീഡനത്തിന് പ്രധാനകാരണം മദ്യപാനവും സ്ത്രീധനവുമാണ്. തന്‍െറ മകളെ അടിമയായി വില്‍ക്കുന്നതിന് പിതാവ് മരുമകന് നല്‍കുന്ന പണമായേ ഞാന്‍ സ്ത്രീധനത്തെ കാണുന്നുള്ളൂ.

കാലം മാറിയപ്പോള്‍ ആധുനിക വിദ്യാഭ്യാസരീതിയും അണുകുടുംബ സംവിധാനവുമെല്ലാം സാമൂഹികരീതിയില്‍ ഏറെ മാറ്റം വരുത്തി. ഇന്ന് കോളജുകളിലേറെയും പെണ്‍കുട്ടികളാണ് പഠിക്കാനെത്തുന്നത്. എന്നാല്‍, പലരും പിന്നീട് വിവാഹ മാര്‍ക്കറ്റിലേക്കിറങ്ങുകയാണ്. തന്‍െറ കല്യാണം എപ്പോള്‍ വേണമെന്ന് പറയാന്‍ അവള്‍ക്ക് കഴിയുന്നില്ല. വിദ്യാഭ്യാസപരമായും മറ്റും ഒരുപാട് പുരോഗതിയുണ്ടായെങ്കിലും ജോലിക്കുപോവുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചെങ്കിലും സാമൂഹികമായ ഡിസിഷന്‍ മേക്കിങ്ങില്‍ അവര്‍ വളരെയേറെ പിറകിലാണ്.

സാമ്പത്തികമായി തങ്ങള്‍ സ്വാശ്രയരാണെന്ന് പറയുമെങ്കിലും കിട്ടിയ ശമ്പളം മുഴുവന്‍ ഭര്‍ത്താവിനെ/ അച്ഛനെ ഏല്‍പിച്ച് പിറ്റേദിവസം ജോലിക്കു പോവുമ്പോള്‍ ബസ്ചാര്‍ജിന് അവരോടുതന്നെ കൈനീട്ടുന്ന സ്ത്രീകളാണ് ഏറെപ്പേരും. ഇതിനര്‍ഥം സ്ത്രീപുരുഷ സമത്വം നടപ്പായിട്ടില്ലെന്നതു തന്നെയാണ്. വീട്ടിലെ ലിംഗപരമായ തൊഴില്‍വിഭജനവും പ്രത്യുല്‍പാദന അവകാശങ്ങളും ലൈംഗിക അവകാശങ്ങളുമെല്ലാം പുരുഷാധിപത്യത്തിനു കീഴിലാണ്. പൊലീസ്, കോടതി, ഗവണ്‍മെന്‍റ്, മീഡിയ തുടങ്ങിയ ജനാധിപത്യമെന്നവകാശപ്പെടുന്ന പുരുഷാധിപത്യ പൊതുസംവിധാനങ്ങളൊന്നും സ്ത്രീയുമായി അധികാരം പങ്കുവെക്കാന്‍ തയാറാവുന്നില്ല. അതുകൊണ്ടാണ് സ്ത്രീ സംവരണബില്‍ ഇന്നും ഒരു ചാപിള്ളയായിരിക്കുന്നത്. സ്ത്രീകളുടെ അവസ്ഥ വിലയിരുത്തുമ്പോള്‍ ആശാവഹമായി തോന്നുന്ന ഒരേയൊരു കാര്യം അവര്‍ക്കുനേരെയുള്ള പ്രശ്നങ്ങള്‍ ഒരു രാഷ്ട്രീയ പ്രശ്നമായി ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട് എന്നതാണ്. അതൊരു സ്വകാര്യ പ്രശ്നമല്ല, സാമൂഹിക-രാഷ്ട്രീയ പ്രശ്നമാണ്.

ബോധന, മാനുഷി, പ്രചോദന തുടങ്ങിയ സ്ത്രീവിമോചന സംഘടനകളുടെ പ്രയത്നഫലമാണിത്. അതിക്രമങ്ങള്‍ കൂടുകയല്ലാതെ കുറഞ്ഞിട്ടുണ്ടെന്ന് പറയാനാവില്ല. ഈ അതിക്രമങ്ങള്‍ തന്നെയാണ് അവള്‍ രണ്ടാംകിട പദവി അനുഭവിക്കുന്നതിനുകാരണം. സ്ത്രീയായതുകൊണ്ടുമാത്രം അനുഭവിക്കപ്പെടേണ്ട ചൂഷണങ്ങളും വിവേചനങ്ങളും പീഡനങ്ങളും നിരവധിയാണ്. അവള്‍ പോരാടിയാലേ ജീവിക്കാന്‍ പറ്റൂവെന്ന നിലയാണുള്ളത്. എന്നാല്‍, പോരാടിയിട്ടും തളര്‍ന്നുപോയ ജിഷയുടെ ദുരന്തം നമ്മുടെ മുന്നിലുണ്ട്. വെറുമൊരു അമീറുല്‍ ഇസ് ലാം മാത്രമാണ് ഇതിനുപിന്നിലെന്ന് തോന്നുന്നില്ല. അയാള്‍ക്കു പിറകിലാരൊക്കെയുണ്ടെന്ന് കണ്ടെത്താന്‍ പുതിയ സര്‍ക്കാറും തയാറാവുന്നില്ല.

സൗമ്യ കേസിലും ഇതുപോലെ ദുരൂഹതകളേറെയാണ്. മന്ത്രിസഭയുടെ അറിവോടെയാണോ പബ്ളിക് പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായതെന്ന് വ്യക്തമല്ല. സൗമ്യ സ്വയം ചാടിയതാണെന്നല്ലേ സുപ്രീംകോടതിയുടെ കണ്ടെത്തല്‍. അവള്‍ അങ്ങനെ ചാടിയിട്ടുണ്ടെങ്കില്‍ അത് ഗോവിന്ദച്ചാമിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ലേ. അവളുടെ ജീവന് ഒരു വിലയുമില്ലേ. അനീതി ചെയ്താലും രക്ഷപ്പെടാമെന്ന തോന്നലാണ് സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ കൂടാന്‍ പ്രധാനകാരണം.

സ്ത്രീകള്‍ മാത്രമല്ല, ദലിതര്‍ക്കു നേരെയും മതന്യൂനപക്ഷങ്ങള്‍ക്കു നേരെയുമുള്ള ആക്രമണങ്ങളും ന്യായീകരിക്കാനാവാത്തതാണ്. ദലിത് വിഷയങ്ങള്‍ ദേശീയ പ്രാധാന്യമര്‍ഹിച്ചു വരുകയാണ്. ഹൈദരാബാദ് സര്‍വകലാശാലയിലും ജെ.എന്‍.യുവിലുമെല്ലാം ഉണ്ടായ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ ഏറെ പ്രതീക്ഷാവഹമാണ്. അതിന്‍െറ അലയൊലി കേരളത്തിലെ കാമ്പസുകളിലും മുഴങ്ങുന്നുണ്ട്. യാഥാസ്ഥിതിക സമൂഹം ഇന്നും ദലിതരെ അടിച്ചമര്‍ത്തുന്നുണ്ടെങ്കിലും പുതുതലമുറ അവരെ ചേര്‍ത്തു നിര്‍ത്തുന്നുണ്ട്.

പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ദയനീയ സാഹചര്യത്തില്‍ത്തന്നെയാണ് ഇന്നും ആദിവാസികളുള്ളത്. ദലിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമി നല്‍കാനായി രണ്ടാം ഭൂപരിഷ്കരണ ബില്‍ അവതരിപ്പിക്കണം. നിലവില്‍ വന്‍കിട കമ്പനികള്‍ ആദിവാസിഭൂമി തട്ടിപ്പറിച്ച് ഉപയോഗിക്കുകയാണ്. കേരളം മാറിമാറി ഭരിക്കുന്ന ഇടതു-വലതു മുന്നണികളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടാണ് ആദിവാസികളില്‍ ഒരുവിഭാഗം ബി.ജെ.പിയിലേക്ക് പോയത്. അവിടെയും നീതികിട്ടുമെന്ന പ്രതീക്ഷയില്ല. യഥാര്‍ഥത്തില്‍ അവരെ ഇരുമുന്നണികള്‍ ചേര്‍ന്ന് തള്ളിയിടുകയായിരുന്നു.

കേരളം പിറന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആദിവാസികളുടെ ദുരിതം തുടരുകയാണ്. പട്ടിണിയും സ്ത്രീപീഡനവുമാണ് ഏറ്റവുംവലിയ വെല്ലുവിളി. അവിവാഹിതരായ അമ്മമാരാണ് ഏറെയും. അവര്‍ക്ക് നല്‍കേണ്ടത് അവരുടെ സംസ്കാരത്തിന് അനുസരിച്ചുള്ള വിദ്യാഭ്യാസമാണ്. മതന്യൂനപക്ഷങ്ങളുടെ കാര്യം പരിശോധിക്കുമ്പോള്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പുവരെ ഉണ്ടായിരുന്ന മതസൗഹാര്‍ദത്തിനും ഐക്യത്തിനും ചെറിയ ഉലച്ചില്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. അടുത്തിടെയുണ്ടായ ബീഫ് വിവാദം നമ്മുടെ നാടിനെയും ബാധിച്ചു.

ഹിന്ദുത്വ വര്‍ഗീയതക്കൊപ്പംതന്നെ ഒരുഭാഗത്ത് മുസ് ലിം മതമൗലികവാദവും വര്‍ധിച്ചു. ബി.ജെ.പി പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറ നേതൃത്വം തന്നെ ഒരു അപകടസൂചനയാണ്. നമ്മുടെ നാട് എങ്ങോട്ടാണ് പോവുന്നതെന്ന ആശങ്കയിലാണ് ഓരോ ദിനവും മുന്നോട്ടുപോവുന്നത്. 60ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയിലെങ്കിലും നമ്മുടെ നാട്ടിലെ അവഗണിക്കപ്പെട്ടവരുടെയും മാറ്റി നിര്‍ത്തപ്പെട്ടവരുടെയും അവസ്ഥയില്‍ ഒരു മാതൃകാപരമായ മാറ്റംവരുമെന്ന് പ്രതീക്ഷിക്കാം.
തയാറാക്കിയത്: നഹീമ പൂന്തോട്ടത്തില്‍

Tags:    
News Summary - k ajitha react womens issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.