വൈകിയത്തെുന്ന നീതി; മോക്ഷമില്ലാതെ ഇരകള്‍

വൈകിയത്തെുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന പഴമൊഴി പാഴ്മൊഴിയല്ളെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ്, രണ്ടായിരത്തോളം മനുഷ്യജീവനുകള്‍ ഹോമിക്കപ്പെട്ട ഗുജറാത്ത് വംശഹത്യ 15 വര്‍ഷം പൂര്‍ത്തീകരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വന്യമായരീതിയിലുള്ള കശാപ്പുകളും മാനഭംഗങ്ങളും സ്വത്തുനശീകരണവും അരങ്ങേറിയ കലാപത്തിലെ മുഖ്യപ്രതികളും മുഖ്യസൂത്രധാരന്മാരും പ്രഥമവിവര റിപ്പോര്‍ട്ടുകളില്‍നിന്നുപോലും രക്ഷപ്പെട്ടു. വ്യത്യസ്ത വിശ്വാസധാരകളെയും വീക്ഷണങ്ങളെയും സമന്വയിപ്പിച്ച മഹത്തായ മാതൃക എന്ന്് ലോകം വാഴ്ത്തിയ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയും നിയമവാഴ്ചയും നീതിന്യായ സംവിധാനവും അട്ടിമറിക്കപ്പെട്ട ആ ദുരന്തദിനങ്ങളുടെ ആഘാതം നീണ്ട 15 സംവത്സരങ്ങള്‍ക്കുശേഷവും ഇന്ത്യന്‍ ജനതയെ വേട്ടയാടുന്നു.

2002 ഫെബ്രുവരി അന്ത്യത്തിലും മാര്‍ച്ചിലുമായി അരങ്ങേറിയ കിരാതമായ ലഹളയില്‍ ലക്ഷക്കണക്കിന് മുസ്ലിംകളാണ് വീടും സ്വത്തും നഷ്ടപ്പെട്ട് ആലംബഹീനരായി മാറിയത്. ഇവര്‍ സന്നദ്ധസംഘടനകള്‍  സ്ഥാപിച്ച അഭയകേന്ദ്രങ്ങളിലാണിപ്പോഴും. സ്വന്തം ജന്മഗേഹങ്ങളിലേക്ക് തിരിച്ചുമടങ്ങാനാകാതെ നിസ്സഹായരായി ജീവിതം തള്ളിനീക്കുന്ന അശരണര്‍. സര്‍ക്കാര്‍ സഹായത്തിന്‍െറ അഭാവം, തിരികെയത്തെിയാല്‍ ജീവനുപോലും ഭീഷണി ഉയരുമെന്ന ആശങ്ക തുടങ്ങിയ നിരവധി കാരണങ്ങളാലാണ് അവര്‍ ക്യാമ്പുകളില്‍ അന്തിയുറങ്ങുന്നത്.

ഈ ഒന്നരപതിറ്റാണ്ടിനകം രാഷ്ട്രം നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. ഗുജറാത്ത് കലാപം സൃഷ്ടിച്ച ഹിന്ദുത്വ ജനപ്രീതിയാണ് മോദിക്ക് പ്രധാനമന്ത്രി പദം സമ്മാനിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. മോദി പ്രധാനമന്ത്രി പദത്തിലേറിയയുടന്‍ ഗുജറാത്തിലെ ഇരകള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പ്രഹരമേറ്റു. കലാപബാധിതര്‍ക്ക് നിയമോപദേശം നല്‍കിവന്ന ടീസ്റ്റ സെറ്റല്‍വാദ്, അവരുടെ ഭര്‍ത്താവ് ജാവേദ് ആനന്ദ് തുടങ്ങിയവര്‍ ഭരണകൂടത്തിന്‍െറ പ്രതികാര വേട്ടയുടെ ഇരകളായി മാറി. വിദേശ സംഭാവന ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി സി.ബി.ഐ ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ജനങ്ങളെ ഈ ദമ്പതികള്‍ വഞ്ചിക്കുകയാണെന്നായിരുന്നു ആരോപണം. എന്നാല്‍, ഈ ആരോപണങ്ങളത്രയും ഇരുവരും നിശിതമായി നിഷേധിക്കുന്നുണ്ട്. ഗുല്‍ബര്‍ഗ് മേഖലയില്‍ ചെറുത്തുനില്‍പ് മ്യൂസിയം സ്ഥാപിക്കാനായിരുന്നു സെറ്റല്‍വാദ് പണം സമാഹരിച്ചത്. എന്നാല്‍, ഇവിടെ ഭൂമിവില കുത്തനെ കൂടിയതിനാല്‍ പദ്ധതി ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.

കലാപബാധിത പ്രദേശങ്ങളിലെ ഭൂമി ഒറ്റയടിക്ക് വില്‍പന നടത്താന്‍ പറ്റില്ളെന്ന നിയമം ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദപാട്യ എന്നീ മേഖലകളില്‍ നടപ്പാക്കിയിരുന്നു. കലാപത്തിനിരയായവരുടെ രക്ഷ ഉന്നമിട്ടായിരുന്നു അത് നടപ്പാക്കിയത്. എന്നാല്‍, നിയന്ത്രണനിയമം സൃഷ്ടിച്ച നൂലാമാലകള്‍ ഇപ്പോള്‍ ഇരകള്‍ക്കുതന്നെ പീഡനമായി മാറിയ പശ്ചാത്തലത്തില്‍ ആക്ടില്‍നിന്ന് മേഖലയെ ഒഴിപ്പിക്കാന്‍ ഫിറോസ് പത്താന്‍ എന്നൊരാള്‍ കഴിഞ്ഞദിവസം കോടതിയില്‍ എത്തുകയുണ്ടായി.

ഗുജറാത്ത് കലാപങ്ങളില്‍ അതിഹീനമായ നിരവധി ആക്രമണസംഭവങ്ങള്‍ അരങ്ങേറുകയുണ്ടായെങ്കിലും 501 പേര്‍ക്കെതിരെ മാത്രമാണ് കേസ് ഫയല്‍ ചെയ്തത്. ഇതില്‍ 174 പേര്‍ക്ക് ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രികൂടിയായ മായാ കോട്നാനി ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് നിതാന്ത ജാമ്യം നേടി സ്വതന്ത്രജീവിതം നയിക്കുന്നുവെന്നതാണ് വൈചിത്ര്യം. നീതിയുടെ ഇരട്ടത്താപ്പിന്‍െറ ഒന്നാന്തരം ദൃഷ്ടാന്തമായി ഇത് ശേഷിക്കുന്നു. നരോദപാട്യയിലെ കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയതിന്‍െറ പേരില്‍ ജീവപര്യന്തം തടവാണ് അവര്‍ക്ക് വിധിക്കപ്പെട്ടിരുന്നത്. കോട്നാനിക്ക് ജാമ്യം അനുവദിച്ചതിനെ സംബന്ധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജെ.എസ്. ബന്ദൂക് വാലയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: ‘‘നരേന്ദ്ര  മോദിയുടെ ഇടപെടല്‍ ഇല്ലാതെ ഇത്തരമൊരു ജയില്‍മുക്തി സാധ്യമല്ല. യഥാര്‍ഥത്തില്‍ മോദിയുടെ പ്രതിച്ഛായക്കുതന്നെയാണിത് കൂടുതല്‍ കളങ്കമേല്‍പിച്ചത്. ഈ സ്ത്രീയെ വീണ്ടും തുറുങ്കിലടക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.’’

നരോദപാട്യ കുരുതിയില്‍ പങ്കുവഹിച്ച ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗിയും തൊടുന്യായങ്ങള്‍ ഉന്നയിച്ച് ജയിലിന് പുറത്തിറങ്ങി സ്വതന്ത്രജീവിതം നയിക്കുന്നു. കോട്നാനിക്കും ബജ്റംഗിക്കും ജീവപര്യന്തം വിധിച്ച ജസ്റ്റിസ് ജ്യോത്സ്ന യാഗ്നിക് നിതാന്ത വധഭീഷണിയില്‍ കഴിയുന്നു. ഗുല്‍ബര്‍ഗ് കുരുതിയില്‍ പങ്കാളികളായതിന്‍െറ പേരില്‍ 2016 ജൂണില്‍ 16 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിക്കപ്പെട്ടു. കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി ഉള്‍പ്പെടെ ഗുല്‍ബര്‍ഗില്‍ 63 പേരാണ് ക്രൂരമായ കശാപ്പിന് ഇരകളായത്. എന്നാല്‍, സംഭവത്തില്‍ ഗൂഢാലോചന നടന്നില്ളെന്നായിരുന്നു കോടതിവിധി. ഈ തീര്‍പ്പിനെതിരെ  ജാഫരിയുടെ സഹധര്‍മിണി സകിയ ജാഫരി നടത്തുന്ന നിയമയുദ്ധം ഒന്നര പതിറ്റാണ്ടിനുശേഷവും കോടതിയിലേക്കും പിന്നീട് ഗുജറാത്ത് ഹൈകോടതിലേക്കും തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതിയിലേക്കും വീണ്ടും ഹൈകോടതിയിലേക്കും കയറിയിറങ്ങി ഇന്ത്യന്‍ ജനതയുടെ ഒന്നടങ്കം ശ്രദ്ധ കവരുകയുണ്ടായി.

സുപ്രധാന കേസുകള്‍
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സുപ്രധാനമായ പല കേസുകളും ഒന്നരപതിറ്റാണ്ടിനുശേഷവും തീര്‍പ്പാകാതെ കോടതികളിലെ വ്യവഹാരവലകളില്‍ കുരുങ്ങിക്കിടക്കുന്നു എന്നത് നമ്മുടെ നീതിസങ്കല്‍പങ്ങളുടെ നിരര്‍ഥകതയിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്.

നരോദ ഗം: അഹ്മദാബാദ് നഗരപ്രാന്തത്തിലെ  നരോദ ഗം മേഖലയില്‍ 11 മുസ്ലിംകള്‍ കശാപ്പ് ചെയ്യപ്പെട്ട കേസ്. ബി.ജെ.പി നേതാവ് മായാ ബെന്‍ കോട്നാനി, ബജ്റംഗ്ദള്‍ നേതാവ് ജയദീപ് പട്ടേല്‍ എന്നിവരായിരുന്നു മുഖ്യപ്രതികള്‍. എന്നാല്‍, കേസില്‍ അന്തിമവിധി പുറത്തുവിടാതെ കോടതി കാത്തുനില്‍ക്കുന്നു.
സര്‍ദാര്‍പുര: മെഹ്സാന ജില്ലയിലെ സര്‍ദാര്‍പുരയില്‍ 33 പേരെ ചുട്ടുകൊന്ന സംഭവം. സ്ത്രീകളും കുട്ടികളുമായിരുന്നു ഭൂരിപക്ഷം ഇരകള്‍. പ്രതികളില്‍ 17 പേര്‍ക്ക് 2016 ഒക്ടോബറില്‍ ജീവപര്യന്തം വിധിച്ചു. തെളിവില്ളെന്ന കാരണത്താല്‍ 56 പ്രതികളെ വിട്ടയച്ചു.
ബെസ്റ്റ് ബേക്കറി കേസ്: മാര്‍ച്ച് ഒന്നിന് 14 പേരെയാണ് ഇവിടെ ജനക്കൂട്ടം കൊന്നുതള്ളിയത്. വഡോദര കോടതി എല്ലാ പ്രതികളെയും വിട്ടയച്ചു. എന്നാല്‍, സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള വിചാരണയില്‍ നാലുപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.
ദിപാദ ദര്‍വാസ്, കിഡിയാഡ്, ഗോദാശര്‍ തുടങ്ങിയ കേസുകളിലും നീതിപൂര്‍വമായ വിധികള്‍ ഉണ്ടായില്ല. 14 പേര്‍ കശാപ്പ് ചെയ്യപ്പെട്ട ഗോദാശര്‍ കേസില്‍ എല്ലാ പ്രതികളെയും ഗുജറാത്ത് ഹൈകോടതി കുറ്റമുക്തരാക്കുകയായിരുന്നു.

Tags:    
News Summary - justice comes late

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.