പുരട്ച്ചി തലൈവിയുടെ രാഷ്ട്രീയ ജീവിതം

പുരട്ച്ചി തലൈവിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും ഒപ്പത്തിനൊപ്പം. ‘മക്കള്‍ തിലകം’ എം.ജി.ആറിന്‍െറ ഇദയക്കനിയായിരുന്ന ജയലളിത രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് യാദൃച്ഛികമായിരുന്നു. 1982ലാണ് ജയലളിത അണ്ണാ ഡി.എം.കെയില്‍ ചേരുന്നത്. എം.ജി.ആറിന്‍െറ സാന്നിധ്യത്തില്‍ ‘പെണ്ണിന്‍ പെരുമൈ’ (സ്ത്രീ മഹത്വം) എന്ന വിഷയത്തെ ആസ്പദമാക്കി ജയലളിത നടത്തിയ പ്രസംഗമാണ് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നിട്ടത്. 

’83 ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായി ജയലളിത നിയമിക്കപ്പെട്ടു. തുടര്‍ന്ന്, എം.ജി.ആര്‍ മത്സരിച്ച തിരുച്ചെന്തൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിനും ജയലളിത നേതൃത്വം നല്‍കി. ജയലളിതയുടെ ഇംഗ്ളീഷ് പ്രഭാഷണത്തിലുള്ള കഴിവ് തിരിച്ചറിഞ്ഞ എം.ജി.ആര്‍ 1984ല്‍ അവരെ രാജ്യസഭയിലേക്ക് അയച്ചു. ജയലളിത പാര്‍ട്ടിക്കകത്ത് പിടിമുറുക്കുന്നതില്‍ ഉന്നത നേതാക്കളില്‍ കടുത്ത അസംതൃപ്തിയാണ് ഉയര്‍ന്നത്. ഈ കാലയളവില്‍ ജയലളിതയുടെ ആത്മകഥ തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നതും വന്‍ വിവാദത്തിന് കാരണമായിരുന്നു. എം.ജി.ആര്‍ നിര്‍ദേശിച്ചതനുസരിച്ച് പരമ്പര പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 

’84ല്‍ അസുഖം ബാധിച്ച് ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സന്ദര്‍ഭത്തില്‍ അധികാരം കൈയാളിയത് ജയലളിതയായിരുന്നു. അതേവര്‍ഷത്തില്‍ എം.ജി.ആറിന്‍െറ അസാന്നിധ്യത്തില്‍ നടന്ന ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയതും ജയലളിതയായിരുന്നു. ’87ല്‍ എം.ജി.ആറിന്‍െറ മരണശേഷം അണ്ണാ ഡി.എം.കെ രണ്ടായി പിളര്‍ന്നു. പാര്‍ട്ടി ചിഹ്നമായ ‘ഇരട്ടിയില’ തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു. ’88 ജനുവരി ഏഴിന് 96 നിയമസഭാംഗങ്ങളുടെ പിന്തുണയോടെ എം.ജി.ആറിന്‍െറ ഭാര്യ ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായി. പിന്നീട് ആറ് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ച സംഭവം വിവാദമായ പശ്ചാത്തലത്തില്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുകയായിരുന്നു. 

’89ലെ തെരഞ്ഞെടുപ്പില്‍ എം.ജി.ആറിന്‍െറ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് അവകാശപ്പെട്ടാണ് ജയലളിത രംഗത്തിറങ്ങിയത്. ബോഡിനായ്ക്കന്നൂരില്‍നിന്നാണ് ജയലളിത ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്നാട് നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവും ജയലളിതയായി. ജയലളിതാ വിഭാഗത്തിന് 27 സീറ്റുകളാണ് ലഭിച്ചത്. ’89 ഫെബ്രുവരിയില്‍ പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങളും ലയിച്ചു. തുടര്‍ന്ന്, അണ്ണാ ഡി.എം.കെയുടെ ജനറല്‍ സെക്രട്ടറിയായി ജയലളിത തെരഞ്ഞെടുക്കപ്പെട്ടു. ’89ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമുണ്ടാക്കിയ അണ്ണാ ഡി.എം.കെ ചരിത്രവിജയം നേടി. ’91ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റില്‍ 225 എണ്ണത്തില്‍ വിജയിച്ച് തെരഞ്ഞെടുക്കപ്പെട്ട തമിഴ്നാട്ടിലെ ആദ്യ വനിത മുഖ്യമന്ത്രിയായി. ബര്‍ഗൂര്‍, കാങ്കേയം നിയമസഭ സീറ്റുകളില്‍നിന്നാണ് ജയലളിത വിജയിച്ചത്. 

1991-’96 വരെയുള്ള ജയലളിതാഭരണം സ്വജനപക്ഷപാതവും അഴിമതികളും കൊണ്ട് നിറഞ്ഞതായിരുന്നു. വളര്‍ത്തുമകന്‍ സുധാകരന്‍െറ ആഢംബര വിവാഹം ജനമനസ്സുകളില്‍ കടുത്ത അപ്രീതിക്ക് കാരണമായി. ഇപ്പോള്‍ ബംഗളൂരു പ്രത്യേക കോടതി ശിക്ഷിക്കപ്പെട്ട അവിഹിത സ്വത്ത് സമ്പാദ്യവും ഈ കാലയളവിലുള്ളതായിരുന്നു. ’96ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബര്‍ഗൂരില്‍ ജയലളിത തോറ്റു. അണ്ണാ ഡി.എം.കെ 168 സീറ്റില്‍ മത്സരിച്ചെങ്കിലും നാല് സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ലണ്ടനിലെ പ്ളസന്‍റ് സ്റ്റേ ഹോട്ടല്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നതിനാല്‍ 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല.

അതേസമയം, അണ്ണാ ഡി.എം.കെ മുന്നണി 234 സീറ്റില്‍ 195 സീറ്റുകള്‍ നേടി അധികാരത്തിലത്തെി. അണ്ണാ ഡി.എം.കെക്ക് മാത്രമായി 132 അംഗങ്ങളുണ്ടായിരുന്നു. 2001 മേയ് 14ന് നിയമസഭാംഗമല്ളെങ്കിലും ജയലളിത രണ്ടാം തവണ മുഖ്യമന്ത്രിയായി. എന്നാല്‍, 2001 സെപ്റ്റംബറില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അര്‍ഹതയില്ളെന്ന് സുപ്രീംകോടതി വിധിച്ചു. ഇതേ തുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് വിശ്വസ്തനായ ഒ. പന്നീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി അവരോധിച്ചു. 2002 മാര്‍ച്ചില്‍ മദ്രാസ് ഹൈകോടതിയില്‍നിന്നുണ്ടായ അനുകൂല വിധിയിലൂടെ വീണ്ടും അധികാരത്തില്‍ തിരിച്ചത്തെി. 2002 ഫെബ്രുവരിയില്‍ ആണ്ടിപട്ടി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2006ല്‍ അണ്ണാ ഡി.എം.കെ  69 സീറ്റുകളോടെ പ്രതിപക്ഷത്തായി. 2011ലും 2016ലും മൃഗീയ ഭൂരിപക്ഷത്തോടെ ജയലളിത അധികാരം നിലനിര്‍ത്തി. 

തമിഴക ഭരണത്തില്‍ കരുണാനിധിയും ജയലളിതയും മാറിമാറി അധികാരത്തില്‍ വരുമ്പോള്‍ പരസ്പരം അഴിമതി-ക്രിമിനല്‍ കേസുകള്‍ ചുമത്തുന്നത് പതിവാണ്. ജയലളിതയുടെ പേരിലുള്ള അഴിമതി കേസുകളുടെ വിചാരണക്ക് മാത്രമായി മൂന്ന് പ്രത്യേക കോടതികള്‍ രൂപവത്കരിച്ചു. ജയലളിതക്കെതിരെ മാത്രം ഡി.എം.കെ മുന്‍കൈയെടുത്ത് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11 കേസുകളിലും വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിലൂടെ ജയലളിത കുറ്റവിമുക്തയായി. എന്നാല്‍, 66 കോടി രൂപയുടെ അിവിഹിത സ്വത്ത് സമ്പാദ്യ കേസില്‍ മാത്രം ജയലളിത ശരിക്കും കുരുങ്ങുകയായിരുന്നു. ’96ല്‍ അധികാരത്തില്‍ കയറിയ കരുണാനിധി സര്‍ക്കാര്‍ ഇതേ കേസുമായി ബന്ധപ്പെട്ട് ജയലളിതയെ മാസങ്ങളോളം ജയിലിലടച്ചിരുന്നു. ഈ കാലയളവിലാണ് ജയലളിതക്കെതിരായ തെളിവുകള്‍ ശേഖരിച്ചത്. 

സുബ്രമണ്യം സ്വാമിയാണ് ആദ്യം കേസ് നല്‍കിയതെങ്കിലും ഡി.എം.കെ ജനറല്‍ സെക്രട്ടറിയായ പ്രഫ. കെ. അന്‍പഴകന്‍ പിന്നീട് കേസില്‍ കക്ഷി ചേരുകയായിരുന്നു. തെളിവുകള്‍ ശക്തമാണെന്ന് തിരിച്ചറിഞ്ഞിരുന്ന ജയലളിത കേസ് വിചാരണ പരമാവധി നീട്ടിക്കൊണ്ടുപോവുന്ന തന്ത്രമാണ് പയറ്റിയത്. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിത ജീവിതത്തില്‍ രണ്ട് കേസുകളിലായി മൊത്തം 49 ദിവസം ജയില്‍വാസമനുഭവിച്ചു. 1996ല്‍ കളര്‍ ടി.വി അഴിമതി കേസില്‍ കുടുങ്ങിയാണ് അന്നത്തെ ഡി.എം.കെ സര്‍ക്കാര്‍ ജയലളിതയെ അറസ്റ്റ് ചെയ്തത്. അന്ന് ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ 28 ദിവസം വിചാരണ തടവുകാരിയായി കഴിഞ്ഞു. പിന്നീട് ജാമ്യത്തിലറങ്ങി. അവിഹിത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ 21 ദിവസമാണ് തള്ളിനീക്കിയത്. കേസില്‍ കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ച് നാല് വര്‍ഷത്തെ തടവിനും 100 കോടി രൂപ പിഴയും ശിക്ഷയായി വിധിച്ചതിനെ തുടര്‍ന്നാണ് ജയിലിലടച്ചത്. അഴിമതി കേസില്‍ കോടതിവിധിയെ തുടര്‍ന്ന് രണ്ടുതവണ ജയലളിത മുഖ്യമന്ത്രിപദത്തില്‍നിന്ന് ഇറങ്ങി. ജാനകി രാമചന്ദ്രനുശേഷം തമിഴകത്തിലെ രണ്ടാമത്തെ വനിത മുഖ്യമന്ത്രിയായിരുന്നു ജയലളിത. 

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.