കൊന്നു തള്ളുന്നതിന്‍റെ മനുഷ്യാവകാശം

കേരള സര്‍ക്കാര്‍ ഹരിത കേരളം പദ്ധതി തുടങ്ങുന്നതിന്‍െറ വാര്‍ത്തകള്‍ കേട്ടിട്ടും പരിസ്ഥിതി കൂട്ടായ്മകള്‍ക്കും ജൈവകൃഷി സംഘങ്ങള്‍ക്കുമൊപ്പം സമരങ്ങള്‍ക്കും സംവാദങ്ങള്‍ക്കും നടന്ന ഒരുവന്‍ എന്ന നിലയില്‍ മനസിലെത്തേണ്ടിയിരുന്ന സന്തോഷമോ ആവേശമോ തോന്നിയില്ല. പച്ചിലക്കാടുകളില്‍ ചോരവീഴ്ത്തിയതിനെ ന്യായീകരിച്ച നാവുകൊണ്ട് ഹരിതസുന്ദര നവകേരളത്തെക്കുറിച്ച് വാഴ്ത്തു പറയുന്നത് വെള്ളം ചേര്‍ക്കാത്ത കാപട്യം മാത്രമാണ്.
ഭീകരവാദത്തെ ഇല്ലാതാക്കാന്‍ എന്ന പേരില്‍ നിരായുധരായ മനുഷ്യര്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുക എന്നത് വലതുപക്ഷ -വര്‍ഗീയ സര്‍ക്കാറുകളുടെ കര്‍മ പരിപാടിയാണ്. ഒറീസയിലെ കാണ്ഡമാല്‍ ജില്ലയിലെ മലാപംഗയില്‍ പേരുപോലുമിടാത്ത പിഞ്ചു കുഞ്ഞുള്‍പ്പെടെ ആറ് ദലിത്- ആദിവാസികളെ കൊന്നതിനും പൊലീസ് പറഞ്ഞത് മാവോവാദി വിരുദ്ധ ഓപ്പറേഷന്‍ എന്നായിരുന്നു. രാജ്യത്തിന്‍െറ പ്രകൃതി സമ്പത്ത് കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതിന് എതിരു പറയുന്നതാരോ അവരെയെല്ലാം മാവോയിസ്റ്റുകളെന്നോ വികസന വിരുദ്ധരെന്നോ ദേശവിരുദ്ധരെന്നോ വിളിച്ച് കള്ളക്കേസില്‍ കുടുക്കുക, ജയിലില്‍ പൂട്ടുക, തരം കിട്ടിയാല്‍ കൊന്നു തള്ളുക എന്ന രീതി എതാനും പതിറ്റാണ്ടുകളായി രാജ്യത്തെ നടപ്പു രീതിയാണ്, അന്ന് അവയെ ചോദ്യം ചെയ്യാനുള്ള അവകാശമെങ്കിലും അവശേഷിച്ചിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ അരുംകൊലകളും അരുതായ്മകളും അരുതേ എന്ന് പറയുന്നതു പോലും ജാമ്യമില്ലാതെ ജയിലില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ തക്ക കുറ്റമായിരിക്കുന്നു. മനുഷ്യാവകാശങ്ങള്‍ ഏറ്റവുമേറെ ഞെരിച്ചുടക്കപ്പെട്ട വര്‍ഷങ്ങളിലൊന്നാണ് കഴിഞ്ഞുപോകുന്നത്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വേമുല എന്ന അതിപ്രതിഭാ ധനനായ ദരിദ്ര ദലിത് വിദ്യാര്‍ഥിയെ ജാതിവെറിയരായ അധികാരി-അധ്യാപക വര്‍ഗം കൊന്നു കളഞ്ഞതാണ് ഓര്‍മയില്‍ വരുന്ന ആദ്യ പ്രഹരം. ഉന്നത വിദ്യാഭ്യാസ മേഖലയെ സമ്പന്ന വണിക്കുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ഥി സമൂഹത്തെ ദേശദ്രോഹ മുദ്രചാര്‍ത്തി നാടവടപ്പിക്കാനുള്ള ശ്രമം പിന്നാലെ വന്നു. അഫ്സല്‍ അനുസ്മരണ ചടങ്ങിന്‍െറ പേരില്‍ തലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥയും കോടതിമുറിയിലും വളപ്പിലും മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ഥി നേതാക്കളെയും തല്ലിച്ചതച്ചത് അടുത്ത കളങ്കം. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാക്കള്‍ വിഘടനവാദികളെ പിന്തുണച്ചു എന്നുമാണ് കുറ്റപത്രം ചമക്കപ്പെട്ടത്. മഷി ഉണങ്ങും മുന്‍പേ ചീനാര്‍ ഇലകളില്‍ രക്തത്തുള്ളികള്‍ വീണു.

പശുവിറച്ചിയുടെ പേരില്‍ ഒരു പട്ടാളക്കാരന്‍െറ പിതാവിനെ അടിച്ചു കൊന്ന് കൊല്ലമൊന്നു തികയവെ അദ്ദേഹത്തിന്‍െറ കുടുംബത്തെകൂടി ജയിലിലടപ്പിക്കാന്‍ ഒട്ടുവളരെ ശ്രമങ്ങള്‍ നടന്നു. അടിച്ചുകൊലക്കേസിലെ പ്രതികളിലൊരാള്‍ മരണപ്പെട്ടത് കസ്റ്റഡിയിലെ മര്‍ദനത്തെ തുടര്‍ന്നാണെന്ന ആരോപണം പരിശോധിച്ച് കുറ്റക്കാരെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാല്‍, രാഷ്ട്രനേതാക്കളുടെയും രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച നായകരുടെയും മൃതദേഹങ്ങളില്‍ പുതപ്പിക്കുന്ന മട്ടില്‍ ദേശീയ പതാകയില്‍ പൊതിഞ്ഞ് ആ ശരീരം നാലുനാള്‍ സംസ്കരിക്കാതെ ഭീഷണികളുടെ അകമ്പടിയില്‍ പൊതുദര്‍ശനത്തിന് വെച്ച് ഭരണകൂട തിണ്ണമിടുക്കു കാട്ടുകയാണ് പകരം ചെയ്തത്. നിലമ്പൂര്‍ കാട്ടിനുള്ളില്‍ കൊന്നിട്ട മാവോയിസ്റ്റു നേതാക്കളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതിനെതിരെ രംഗത്തു വന്നതും ഇതേ സംഘം. കൊലയില്‍ വലതുവര്‍ഗത്തെ മാതൃകയാക്കിയ ഇടതുഭരണകൂടം ആ ഭീഷണിക്കും നാണംകെട്ട് വഴങ്ങിക്കൊടുത്തു.


ചത്ത പശുവിന്‍െറ തോലുരിച്ചതിന് ദലിത് യുവാക്കളെ ക്രൂരമര്‍ദനത്തിനിരയാക്കിയത് മഹത്തായ മാതൃകാ സംസ്ഥാനമെന്ന് സ്വയം പൊങ്ങിപ്പറയുന്ന ഗുജറാത്തിലെ ഉനയില്‍. അതേതുടര്‍ന്ന് രൂപപ്പെട്ട ദലിത് പൗരാവകാശ സമൂഹത്തിന്‍െറ സംഘടിത മുന്നേറ്റം ഐതിഹാസികമാണ്, എന്നാല്‍, ജാര്‍ഖണ്ഡില്‍ പശുക്കളുമായി പോയ കച്ചവടക്കാരെ കെട്ടിത്തൂക്കി കൊന്നതും ഉനയിലെ മുന്നേറ്റം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ പിന്നാലെ പശുക്കച്ചവടക്കാരനെ അടിച്ചു കൊന്നതും ഹരിയാനയിലെ മേവാത്തില്‍ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും രക്ഷിതാക്കളെ കൂട്ടക്കൊല നടത്തിയതും മനുഷ്യാവകാശ കലണ്ടറിലെ കളങ്കത്താളുകള്‍. മാവോവാദത്തിന്‍െറ പേരുപറഞ്ഞ് മനുഷ്യാവകാശങ്ങളെയെല്ലാം കസ്റ്റഡിയില്‍ വെക്കുന്നതില്‍ കുപ്രസിദ്ധമായ ഛത്തീസ്ഗഢില്‍ മനുഷ്യാവകാശ പ്രവര്‍ത്തക സോണി സോറി ആസിഡ് ആക്രമണത്തിനിരയായതും പൊലീസ് ഭീഷണി സഹിക്കവയ്യാതെ മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിംഗാറാം കൊഡോപ്പി ആത്മഹത്യാ ഭീഷണി മുഴക്കിയതും പൊതുസമൂഹത്തിന് കാര്യമായ ചര്‍ച്ച പോലുമായിരുന്നില്ല. ആദിവാസികളെ പരസ്പരം ശത്രുക്കളാക്കി ആയുധമണിയിച്ച് കൊന്നൊടുക്കുന്ന സല്‍വാ ജുഡുമിനെതിരെ സുപ്രിംകോടതിയില്‍ നിന്ന് വിധി നേടിയെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക ഡോ. നന്ദിനി സുന്ദര്‍ ഉള്‍പ്പെടെ മനുഷ്യാവകാശ പ്രവര്‍ത്തകരെ കൊലക്കേസില്‍ കുടുക്കിയത് അതിനു പിന്നാലെ. പൊലീസ് മേധാവിക്കും ഭരിക്കുന്ന സര്‍ക്കാറിനും ഇഷ്ടമില്ലാത്ത മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ജയിലിലാകുന്ന ഛത്തീസ്ഗഢ് മോഡല്‍ മറ്റു പുരോഗമനവാദി സംസ്ഥാനങ്ങളും പിന്തുടരാന്‍ ഏറെ നാളുകള്‍ വേണ്ടെന്ന് നിലമ്പൂര്‍ കാട്ടിലെ വ്യാജ ഏറ്റുമുട്ടല്‍ കൊല നമ്മോടു പറയുന്നു.

ഭോപ്പാലില്‍ സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന പൊലീസ് പറയുന്ന ന്യായകഥകള്‍ ആ ചെറുപ്പക്കാരുടെ വേട്ടയാടപ്പെട്ട ശരീരം പോലെ തുളകള്‍ നിറഞ്ഞതാണ്. തെലങ്കാനയില്‍ കഴിഞ്ഞ വര്‍ഷം കോടതിയിലേക്ക് കൊണ്ടുപോകും വഴി കൈയാമം വെക്കപ്പെട്ട അഞ്ച് സിമി പ്രവര്‍ത്തകര്‍ പൊലീസിനെ വെടിവെച്ചെന്നും തിരിച്ചു വെടിവെച്ചപ്പോള്‍ അഞ്ചുപേരും മരിച്ചെന്നുമുള്ള ഉണ്ടവെച്ച നുണക്കഥ വിശ്വസിച്ച നമ്മള്‍ ഭോപ്പാല്‍ പൊലീസ് തിയറിയും വിശ്വസിക്കുന്നു. തനിക്ക് താല്‍പര്യമുള്ള മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന് കൊടിഞ്ഞിയില്‍ കൊലചെയ്യപ്പെട്ടത് അനില്‍ കുമാര്‍ എന്ന ഫൈസല്‍ അല്ല, ഇന്ത്യന്‍ മതേതരത്വവും അതിനു പരിരക്ഷ നല്‍കുന്ന ഭരണഘടനയുമാണ്. വര്‍ഷം തുടങ്ങിയത് രോഹിതിന്‍െറ വിയോഗത്തോടെയെങ്കില്‍ അവസാനിക്കുന്നത് നജീബ് അഹ്മദിന്‍െറ തിരോധാനവും അതിന്‍െറ ഉത്തരം കിട്ടാ ചോദ്യങ്ങളുമായാണ്. ബദായൂനില്‍ നിന്ന് ജെ.എന്‍.യു മോഹത്തോടെ വന്ന വിദ്യാര്‍ഥിയെ സംഘ്പരിവാര്‍ അക്രമികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും പിറ്റേനാള്‍ കാണാതാവുകയുമായിരുന്നു. ഭരണകൂടം ഇല്ലാതാക്കിയ മകനെത്തേടി അലഞ്ഞ ഈച്ചരവാര്യരെപ്പോലെ അവനെത്തേടി ഉമ്മ ഓഫീസുകള്‍ കയറി ഇറങ്ങുന്നു, നീതി നല്‍കണമെന്ന് യാചിച്ച് പൊലീസുകാര്‍ക്കു മുന്നില്‍ തേങ്ങുന്നു, ലവലേശം കാരുണ്യമില്ലാത്ത കാക്കിപ്പട അവരെ തലസ്ഥാനത്തെ പെരുവഴിയിലിട്ട് വലിച്ചിഴക്കുന്നു.


സേഷാചലത്ത് ചന്ദനകൊള്ളക്കാര്‍ എന്ന പേരില്‍ 20 തമിഴ് തൊഴിലാളികളെ കൊന്നു തള്ളിയ പൊലീസുകാരോട് നടത്തിയ ഉണര്‍ത്തല്‍ നിലമ്പുര്‍ കൊല മഹാനേട്ടമെന്ന് ആഹ്ലാദിക്കുന്ന ലോക്നാഥ് ബഹ്റയോടും അദ്ദേഹത്തിന്‍െറ മന്ത്രി പിണറായി വിജയനോടും, മറ്റെല്ലാ ഏറ്റുമുട്ടല്‍ കൊല വിദഗ്ധരോടുമായി ആവര്‍ത്തിക്കട്ടെ- കാടുകളും മലകളും കെട്ടിടങ്ങളുമായി പരന്നു കിടക്കുന്ന ഭൂപ്രദേശമല്ല നിങ്ങളുടെ കുപ്പായത്തിലും തൊപ്പിയിലും പുത്തന്‍ മെഡലുകള്‍ ചേര്‍ക്കപ്പെടാനായി രക്തസാക്ഷികളായ ആ മനുഷ്യര്‍ ചേര്‍ന്നതാണ് ഈ രാജ്യം. മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നതിനെതിരെ ശബ്ദമുയരുന്നില്ല എന്നാകില്‍ ദേശം ഏകാധിപത്യത്തിനും പൊലീസ് രാജിനും കീഴിലായെന്നാണ് പൊരുള്‍.

Tags:    
News Summary - india in human rights day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.