'ഫത് വ' വാർത്തയാകുമ്പോൾ...

തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം ആര് അധികാരത്തിലേറും ആര് മുഖ്യമന്ത്രിയാവും എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടക്കാണ് മാർച്ച് 15ന് ദേശീയ മാധ്യമങ്ങൾക്ക് 'ഫത് വ' വാർത്ത കിട്ടിയത്. തെരഞ്ഞെടുപ്പ് ചൂടിനേക്കാളും വൈറലാകാൻ സാധ്യതയുള്ള വാർത്തയായതിനാൽ ദേശീയ മാധ്യമങ്ങൾ വളരെ 'മികച്ച' രീതിയിൽ ഫത് വ വാർത്ത കൈകാര്യം ചെയ്തു. അസമിലെ ജനപ്രിയ ഗായികയും റിയാലിറ്റി ഷോ താരവുമായ നഹിദ് അഫ്രിനെതിരെ മുസ്ലിം മതപുരോഹിതർ ഫത്‌വ പുറപ്പെടുവിച്ചുവെന്നായിരുന്നു വാർത്ത.

'ഫത് വ' എന്ന വാക്കുള്ളതിനാൽ  മാധ്യമങ്ങൾ ഈ വാർത്ത ചൂടായി നൽകി. പൊതുപരിപാടികളില്‍ പാടരുതെന്ന് നഹിദ് അഫ്രിനോട് 46 പുരോഹിതര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്നുവെന്നായിരുന്നു വാർത്തകൾ. തുടർന്ന് ഇസ്ലാമിലെ യാഥാസ്ഥികതയും മറ്റും ചോദ്യം ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയും. ചില ചാനലുകൾ പ്രൈംടൈം ചർച്ചകൾ നടത്തി റേറ്റിങ് ഉയർത്തി. വാർത്തക്ക് പിന്നിലെ സത്യാവസ്ഥ അന്വേഷിക്കാൻ ആരും തുനിഞ്ഞില്ല എന്നത് ജേണലിസം ജീർണലിസമായി മാറുന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ്. 

Full View

മാർച്ച്​ 25ന്​ ​അസമിലെ പ്രമുഖ കോളജിൽ നടക്കുന്ന പരിപാടിയിൽ ആളുകൾ പങ്കെടുക്കരുതെന്ന്​ അഭ്യർഥിച്ച്​ 46 പേർ ഒപ്പിട്ട നോട്ടീസ്​ ഇറങ്ങിയിരുന്നു. ഇതാണ് ഫത് വയായി മാറിയത്. നോട്ടീസിനേക്കാളും വാർത്താ പ്രാധാന്യം ഫത് വക്കായതിനാൽ  മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. അസമീസ് വാർത്താ ചാനലാണ് ആദ്യം വാർത്ത 'ബ്രേക്ക്' ചെയ്തത്. വാർത്തകൾ വിൽപനച്ചരക്ക് മാത്രമായ പുതിയ കാലത്ത് ഒരു വാർത്ത 'ബ്രേക്ക്' ചെയ്യുകയെന്നതാണ് വലിയ കാര്യം. അതിനാൽ തന്നെ  തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബി.ജെ.പി നേതാക്കൾക്ക് കിട്ടിയ പൊൻതൂവലായി ഇത് മാറി. 

ഇസ് ലാമിനകത്ത് മുസ് ലിം സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനങ്ങളും സാംസ്കാരിക സ്വാതന്ത്ര്യവുമെല്ലാം ചൂണ്ടിക്കാണിച്ച് ചർച്ചകളിൽ ബി.ജെ.പി നേതാക്കൾ കത്തിക്കയറി. നഹിദ് അഫ്രിന് ഐക്യദാർഢ്യവുമായി അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാളും എഴുത്തുകാരി തസ് ലീമ നസ്റിനും രംഗത്തെത്തിയതോടെ  വാർത്തക്ക് ചൂടേറി.

ഇതെല്ലാം കണ്ടതോടെ സംഭവത്തിന് പിന്നിൽ ഐ.എസിന്‍റെ പിന്തുണയുണ്ടെയന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഫത് വ എന്നത് എന്താണെന്ന് തനിക്കറിയില്ലെന്നും സംഗീതം നിഷിദ്ധമാണെന്ന് ഇസ് ലാമിൽ പറയുന്നില്ലെന്നുമായിരുന്നു ഗായിക അഫ്രിനിന്‍റെ പ്രതികരണം. 

ഇതേസമയത്ത് ബി.ജെ.പി മന്ത്രി ഹിമന്ത ബിശ്വ ശർമ  പുറപ്പെടുവിച്ച 'ഫത് വ ' മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചു. ഗുവാഹത്തിയിലെ നെഹ്റു പാർക്കിൽ യുവാക്കൾ സംഘടിപ്പിച്ച യൂത്ത്ഫെസ്റ്റിവൽ മന്ത്രിയുടെ നേതൃത്വത്തിൽ തടയുകയും പരിപാടി നടത്താൻ അനുവദിക്കാതിരിക്കുകയും ചെയ്തു. അവിടെ കലാകാരൻമാരുടെ സ്വാതന്ത്ര്യമോ, ആവിഷ്കാര സ്വാതന്ത്യമോ ചർച്ചയായില്ല. 6000 യുവാക്കൾ ഒത്തുകൂടിയ പരിപാടി പൊലീസ് ഉദ്യോഗസ്ഥരും സൈനികരും ചേർന്ന് വലിയ സംഘമാണ് ഒഴിപ്പിച്ചത്. യുവാക്കളെ പാർക്കിൽ നിന്ന് ഒഴിപ്പിച്ച് ഗേറ്റ് അടക്കുകയും വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

ഫത് വ ഇറക്കിയതായി ചാനലുകളിൽ വാർത്ത വന്നത് മാത്രമേ കണ്ടിട്ടുള്ളുവെന്നും തങ്ങൾ ഇത് കണ്ടിട്ടില്ലെന്നുമാണ് അഫ്രിനിന്‍റെ മാതാവ് ഫാത്തിമ അൻസാരി അന്ന് പ്രതികരിച്ചത്. ഒരു ദിവസത്തിന് ശേഷം വാർത്തയുടെ വസ്തുത പുറത്തുവന്നു. ഒരു കൂട്ടമാളുകൾ വിതരണം ചെ​യ്ത നോട്ടീസിനെയാണ്​ മതവിധിയായി പ്രചരിപ്പിച്ചത്.  തുടര്‍ന്ന് പ്രമുഖ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തി. വാർത്ത വിശ്വാസ​യോഗ്യമായ കേന്ദ്രങ്ങളിൽ നിന്നല്ലെന്ന്​ ദേശീയ ചാന​ലായ എ.ൻ.​ഡി.​ടി.​വി​യും പ്രതികരിച്ചു. എന്നാൽ, പല മാധ്യമങ്ങളും തങ്ങൾക്ക് പറ്റിയ തെറ്റിന് ക്ഷമാപണം നടത്താനോ ശരിയായ വാർത്ത നൽകാനോ തയാറായിട്ടില്ല.

Tags:    
News Summary - Fatwa Against Nahid Afrin Didn’t Exist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.