കോയമ്പത്തൂരിലെ ജമാഅത്തുകളുടെ പ്രതിനിധികൾ സം​ഗ​മേ​ശ്വ​ര​ർ ക്ഷേത്രത്തിലെത്തി പുരോഹിതരെ സന്ദർശിച്ചപ്പോൾ

കോയമ്പത്തൂർ കുളം കലക്കുന്നവരും ചേർത്തുപിടിക്കുന്നവരും

ഒരു ദശാബ്ദക്കാലത്തെ പരിശ്രമങ്ങൾക്കുശേഷമാണ് കോയമ്പത്തൂർ നഗരത്തിലെ സമുദായമൈത്രിയും വ്യാപാര -വ്യാവസായിക-സാമ്പത്തിക മേഖലയും മെച്ചപ്പെട്ടു തുടങ്ങിയത്. ഇനിയുമൊരു വർഗീയസംഘർഷം താങ്ങാനാവില്ലെന്നത് ജനങ്ങൾക്ക് നന്നായറിയാം

മൂവായിരം പൊലീസുകാരെ വിന്യസിക്കേണ്ടി വന്നു, 40 ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നു, അവസാനം സംസ്ഥാന പൊലീസിന് സാധിക്കാത്തതിനാൽ അന്വേഷണം എൻ.ഐ.എക്ക് കൈമാറേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. ഇത്തരമൊരു സാഹചര്യത്തിൽ ഉത്തരവാദിത്തബോധമുള്ള പ്രതിപക്ഷകക്ഷിയെന്ന നിലയിൽ ഒക്ടോബർ 31ബന്ദിന് ആഹ്വാനം ചെയ്യുകയാണ്'- കോയമ്പത്തൂർ കോട്ടൈമേടിൽ നടന്ന കാർ സ്ഫോടനത്തെച്ചൊല്ലി ഹർത്താലിന് ആഹ്വാനം ചെയ്ത് ബി.ജെ.പി മഹിളാമോർച്ച ദേശീയ അധ്യക്ഷയും കോയമ്പത്തൂർ സൗത്ത് എം.എൽ.എയുമായ വാനതി ശ്രീനിവാസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞതാണിത്.

കോയമ്പത്തൂർ മുൻ എം.പിയും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗവുമായ സി.പി. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ഹർത്താൽ ആഹ്വാനം. ബി.ജെ.പി നേതാക്കളെക്കാൾ മൂർച്ചയോടെ മറ്റൊരാളും സർക്കാറിനെതിരെ വിമർശനങ്ങളുതിർത്തു- കോയമ്പത്തൂരിലേത് ആസൂത്രിത ഭീകരാക്രമണമാണെന്നും ദേശവിരുദ്ധ ശക്തികളെ നിരീക്ഷിക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടെന്നുമുള്ള ആരോപണവുമായി രംഗത്തു വന്നത് തമിഴ്നാട് ഗവർണർ സാക്ഷാൽ ആർ.എൻ. രവിയാണ്.

സംസ്ഥാന പൊലീസ് നല്ലത്, പക്ഷേ സർക്കാർ മോശം എന്ന ധ്വനിയായിരുന്നു ആ വാക്കുകളിൽ. പൊലീസ് കാര്യക്ഷമമായാണ് പ്രവർത്തിച്ചതെങ്കിലും കേസ് എൻ.ഐ.എക്ക് കൈമാറണമെന്നാവശ്യപ്പെടാൻ സർക്കാർ നാലുദിവസം വൈകിപ്പിച്ചെന്നായിരുന്നു കുറ്റപ്പെടുത്തൽ. ബി.ജെ.പി നേതാക്കളും ഗവർണറും ഇതെല്ലാം പറയുമ്പോഴും വിരട്ടലുകളിൽ ഭയക്കില്ലെന്നും സമുദായ സൗഹാർദം തകർക്കാൻ അനുവദിക്കില്ലെന്നും ഉറപ്പിച്ച തമിഴ്നാട് സർക്കാർ ബന്ദിനെ കർശനമായി നേരിടുമെന്ന് പ്രഖ്യാപിച്ചു.

അതിനിടെ ബന്ദിനെതിരെ കോയമ്പത്തൂർ സ്വദേശി വെങ്കടേഷ് മദ്രാസ് ഹൈകോടതിയെ സമീപിച്ചു. കേസ് വാദം കേൾക്കവെ ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സംസ്ഥാന നേതൃത്വമറിയാതെയാണ് ചില നേതാക്കൾ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് കോടതിയെ അറിയിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.

കൂടിയാലോചിക്കാതെ ബന്ദ് പ്രഖ്യാപിച്ചവർക്കെതിരെ അച്ചടക്കനടപടി വേണമെന്ന് ബി.ജെ.പി ഘടകത്തിൽ ആവശ്യമുയർന്നു. തമ്മിലടി കനത്തതോടെ ബന്ദാഹ്വാനം പിൻവലിക്കുകയല്ലാതെ മാർഗമില്ലാതായി.

വാനതി ശ്രീനിവാസൻ പ്രതിനിധീകരിക്കുന്ന കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് സ്ഫോടനം നടന്ന കോൈട്ടമേട്. 1998 ലെ കോയമ്പത്തൂർ സ്ഫോടന പരമ്പരക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ തുടർച്ചയായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് സി.പി. രാധാകൃഷ്ണൻ. സ്ഫോടനവും വർഗീയ സംഘർഷവും സാധാരണ ജനങ്ങളുടെ മനസ്സിൽ നടുക്കം സൃഷ്ടിക്കുമ്പോൾ അതും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള അവസരമായാണ് ചിലർ ഇപ്പോഴും കാണുന്നതെന്ന് വ്യക്തം.

കോയമ്പത്തൂർ ഉക്കടം കോൈട്ടമേടിലെ ഈശ്വരൻ കോവിൽ വീഥിയിലെ സംഗമേശ്വരർ ക്ഷേത്രത്തിന് സമീപം ഒക്ടോബർ 23ന് പുലർച്ചെ നാലോടെയാണ് കാർ സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന ഉക്കടം ജി.എം നഗർ ജമേഷ മുബിൻ(29) കൊല്ലപ്പെടുകയും ചെയ്തു.

സംഭവം നടന്ന് 24 മണിക്കൂറിനകം ഉക്കടം സ്വദേശികളായ മുഹമ്മദ് തൽഹ(25), മുഹമ്മദ് അസാറുദ്ദീൻ(23), മുഹമ്മദ് റിയാസ്(27), ഫിറോസ് ഇസ്മായിൽ(27), മുഹമ്മദ് നവാസ് ഇസ്മായിൽ(26), കെ. അഫ്സർഖാൻ(28) എന്നിവരെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം(യു.എ.പി.എ) തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് എൻ.ഐ.എക്ക് കൈമാറാൻ മൂന്നു ദിവസത്തിനകം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിടുകയും ചെയ്തു. നിലവിൽ എൻ.ഐ.എ അന്വേഷണം പുരോഗമിക്കുകയാണ്.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വർഗീയ കലാപങ്ങൾക്കും ഭീകരാക്രമണത്തിനും സാക്ഷ്യംവഹിച്ച കോയമ്പത്തൂരിൽ സമാധാനവും സുസ്ഥിരതയും കൈമോശം വരാതെ സൂക്ഷിക്കുന്നതിന് സ്റ്റാലിൻ സർക്കാറും തമിഴക ജനതയും കടുത്ത ജാഗ്രതയാണ് പുലർത്തിയത്.

1998ലെ സ്‌ഫോടനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കഴിഞ്ഞ മാസം നടന്ന കാർ സ്‌ഫോടനത്തിന്റെ അളവും വ്യാപ്തിയും ചെറുതായിരിക്കാം. പക്ഷേ, അത് സൃഷ്ടിച്ചേക്കാവുന്ന ദൂരവ്യാപക സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങൾക്ക് നല്ല ബോധവും ഭയവുമുണ്ട്.

വ്യാപാര തർക്കത്തിൽ തുടങ്ങിയ വർഗീയത

ടെക്‌സ്‌റ്റൈൽ ഹബ്ബായ കോയമ്പത്തൂരിൽ 1980കളിൽ വ്യാപാരികൾക്കിടയിൽ ഉടലെടുത്ത കിടമത്സരമാണ് സാമുദായിക വിദ്വേഷത്തിന്റെ രൂപം പ്രാപിച്ചത്. 1998ലെ ബോംബ് സ്‌ഫോടനം അന്വേഷിച്ച ജസ്റ്റിസ് പി.ആർ. ഗോകുലകൃഷ്ണൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.

1983ൽ ഹിന്ദു-മുസ്‍ലിം മതമൗലികവാദികൾ പരസ്പരം അധിക്ഷേപ പ്രസംഗങ്ങൾ നടത്തുകയും പോരടിക്കുകയും ചെയ്തതോടെ സമുദായങ്ങൾ തമ്മിലെ ബന്ധം വഷളായി. ഇരു മൗലികവാദ സംഘങ്ങളെയും പിന്തുണച്ചിരുന്നത് വളരെ ചുരുക്കം ആളുകളായിരുന്നെങ്കിലും അക്രമ പരമ്പരകളിലേക്കും ക്രൂരമായ കൊലപാതകങ്ങളിലേക്കും നീങ്ങിയപ്പോൾ സകലർക്കും നഷ്ടം സംഭവിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കോൈട്ടമേടിൽ പരമ്പരാഗത മതാധികാര കേന്ദ്രങ്ങളായ ജമാഅത്തുകളെ മറികടന്ന് മതമൗലികവാദ ഗ്രൂപ്പുകൾ രൂപംകൊണ്ടു.

1997 ലെ കോയമ്പത്തൂർ കലാപത്തിലേക്ക് നയിച്ച മതധ്രുവീകരണത്തിനും വഴിമരുന്നിട്ടതും ഹിന്ദു-മുസ്‍ലിം മതമൗലികവാദ ഗ്രൂപ്പുകളുടെ വിദ്വേഷ പ്രസംഗങ്ങളായിരുന്നു. വിദ്വേഷ പ്രസംഗം തടയുന്നതിൽ ഭരണകൂടം ഇടപെട്ടിരുന്നെങ്കിൽ ഈ വ്യാവസായിക നഗരം കലാപഭൂമിയാവില്ലായിരുന്നു.

ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷം മേഖലയിൽ ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിലെ ബന്ധം ഏറെ വഷളായി. ഈ സാഹചര്യം മുതലെടുത്ത് എസ്.എ. ബാഷയുടെ നേതൃത്വത്തിൽ രൂപംകൊണ്ട അൽ-ഉമ്മ എന്ന മുസ്‍ലിം മതമൗലികവാദ സംഘടന കോയമ്പത്തൂരിൽ പിടിമുറുക്കി.

1997 ൽ സെൽവരാജ് എന്ന ട്രാഫിക് കോൺസ്റ്റബിളിനെ അൽ-ഉമ്മക്കാർ കൊലപ്പെടുത്തിയതിനെ തുടർന്ന് കോയമ്പത്തൂരിൽ പൊലീസ് സേന അഴിച്ചുവിട്ട കലാപത്തിൽ ഹിന്ദു വർഗീയ സംഘങ്ങളും കൈകോർത്തു. മുസ്‍ലിം ഉടമസ്ഥതയിലുള്ള കടകളും സ്ഥാപനങ്ങളും അവർ അടിച്ചു തകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. 1997 നവംബർ 29നും ഡിസംബർ 1നുമിടയിൽ നടന്ന അക്രമത്തിലും പൊലീസ് വെടിവെപ്പിലും 18 മുസ്ലിംകളാണ് കൊല്ലപ്പെട്ടത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ സുരക്ഷയൊരുക്കാൻ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട പല ഔട്ട്പോസ്റ്റുകളും ചെക്ക്പോസ്റ്റുകളും പലപ്പോഴും പീഡനകേന്ദ്രങ്ങളായി മാറി. ഏതെങ്കിലുമൊരു മുസ്ലിം യുവാവ് പെറ്റിക്കേസിൽ കുടുങ്ങിയാൽ പോലും മണിക്കൂറുകളോളം കസ്റ്റഡിയിൽവെച്ച് തീവ്രവാദ ബന്ധമന്വേഷിക്കുന്ന രീതി സമുദായത്തിൽ അരക്ഷിതാവസ്ഥ ഉടലെടുക്കാൻ കാരണമായി.

അതിനു പിറകെ 1998 ഫെബ്രുവരി 14ന് കോയമ്പത്തൂരിലെ 11 കേന്ദ്രങ്ങളിൽ നടന്ന മാരക ബോംബ് സ്‌ഫോടനപരമ്പര രാജ്യത്തെ ഞെട്ടിച്ചു. ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി തെരഞ്ഞെടുപ്പ് റാലിക്കായി നഗരം സന്ദർശിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സ്ഫോടനം. 58 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ ബാഷ ഉൾപ്പെടെയുള്ള അൽ-ഉമ്മ നേതാക്കളാണ് കുറ്റക്കാർ.

താങ്ങാനാവില്ല ഇനിയും ഒരു മുറിവ്

1997ലെ അക്രമവും 1998ലെ സ്‌ഫോടനപരമ്പരകളും കോയമ്പത്തൂരിലെ ഹിന്ദുക്കളുടെയും മുസ്‍ലിംകളുടെയും മനസ്സിൽ ആഴത്തിൽ മുറിവുണ്ടാക്കി. അവിശ്വാസത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇരുസമുദായങ്ങൾക്കുമിടയിലെ പിരിമുറുക്കത്തിന് അയവുവരുത്താനും സമാധാനം പുനഃസ്ഥാപിക്കാനും സമുദായ സംഘടനകളും ഭരണകൂടങ്ങളും നിരന്തര ശ്രമങ്ങൾ നടത്തി.

ഒരു ദശാബ്ദക്കാലത്തെ പരിശ്രമങ്ങൾക്കുശേഷമാണ് നഗരത്തിലെ സമുദായമൈത്രിയും വ്യാപാര -വ്യാവസായിക-സാമ്പത്തിക മേഖലയും മെച്ചപ്പെട്ടു തുടങ്ങിയത്. ഇനിയുമൊരു വർഗീയസംഘർഷം താങ്ങാനാവില്ലെന്നത് ജനങ്ങൾക്ക് നന്നായറിയാം.

ജമാഅത്തുകൾ സംഘടിച്ച് തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ മുന്നോട്ടുവന്നു. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നവരെ സമുദായം ഒറ്റപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് നിലവിൽ. കാർ സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിന്‍റെ മൃതദേഹം പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്യാൻ രണ്ട് ജമാഅത്തുകൾ വിസമ്മതിച്ചത് അതിന്‍റെ ഭാഗമായിരുന്നു.

പിന്നീട് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പൂമാർക്കറ്റ് ജമാഅത്ത് അനുമതി നൽകിയെങ്കിലും ജമേഷ മുബിന്‍റെ കുടുംബാംഗങ്ങൾ ഒഴികെ ഉക്കടം, കോൈട്ടമേട്, കരിമ്പുക്കട ഭാഗങ്ങളിൽനിന്നുള്ള ആരും സംസ്കാരചടങ്ങിലും മയ്യിത്ത് നമസ്കാരത്തിലും പങ്കെടുത്തില്ല.

കോൈട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിൽ '98ലെ സ്ഫോടനപരമ്പരക്കുശേഷം മുടങ്ങിയ രഥോത്സവം ഈയിടെയാണ് പുനരാരംഭിച്ചത്. ജില്ല ഭരണകൂടവും പൊലീസും ചേർന്ന് ഇരു മതവിഭാഗങ്ങളുടെയും പ്രതിനിധികളെ വിളിച്ചുകൂട്ടിയാണ് ക്ഷേത്രോത്സവം നടത്താൻ ധാരണയായത്.

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വിവിധ മുസ്ലിം സംഘടനകളും ജമാഅത്തുകളും സർക്കാറിന്‍റെ വികസന പരിപാടികളിലും ക്ഷേമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടവുമായും പൊലീസ് സംവിധാനവുമായും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

കാർ സ്ഫോടനം ഉണ്ടായ ഉടൻ മുസ്ലിം സംഘടന - ജമാഅത്ത് പ്രതിനിധികൾ ജില്ല കലക്ടറെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും കണ്ട് അന്വേഷണനടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജമാഅത്ത് പ്രതിനിധികൾ കോൈട്ട സംഗമേശ്വരർ കോവിൽ സന്ദർശിച്ച് സൗഹൃദം പുനഃസ്ഥാപിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു തീപ്പൊരി മതി കലാപമായി ആളിപ്പടരാൻ. തമിഴ്നാട്ടിൽ മുമ്പ് സംഭവിച്ചതും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതു തന്നെയാണ്. വർഗീയ സംഘർഷങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന് വിശ്വാസികളും സർക്കാറും തീരുമാനിച്ചാൽ എത്രവലിയ കലാപത്തീയും ആളിക്കത്താതെ തടയാനാവും. കോയമ്പത്തൂർ മേഖലയിലെ ജമാഅത്ത് -മുസ്ലിം സംഘടന കൂട്ടായ്മകളുടെയും ക്ഷേത്രഭാരവാഹികളുടെയും തമിഴ്നാട് സർക്കാറിന്റെയും നിലപാടുകളിൽ നിന്ന് രാജ്യം പഠിക്കേണ്ടതും സൗഹാർദത്തിന്റെ ഈ ബാലപാഠമാണ്.

Tags:    
News Summary - communalism-Communal hatred-coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.