തുറമുഖ നിർമാണത്തിന്റെ ഫലമായി തീരം ഇല്ലാതായ ശംഖുംമുഖം കടൽതീരം, റോഡിൽനിന്നാണ് സന്ദർശകർ ഇപ്പോൾ കടൽ കാണുന്നത്

മു​ഖ്യ​മ​ന്ത്രി​യു​​ടെ പ​ശു​വി​ന്റെ വി​ല​പോ​ലു​മി​ല്ലേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ ജീ​വ​ന് ?

വിഴിഞ്ഞം തീരത്തിന് തീപിടിക്കുന്നു - ഭാഗം രണ്ട്

വിഴിഞ്ഞം പദ്ധതിക്കെതിരെ ഒരു സുപ്രഭാതത്തിൽ കൊടിയുമായി സമരത്തിനിറങ്ങിയതല്ല തീരവാസികൾ.2015ൽ വിഴിഞ്ഞത്ത് വാണിജ്യ തുറമുഖ നിർമാണം തുടങ്ങിയശേഷം അനുഭവിച്ചുവരുന്ന ഗുരുതരമായ സാമൂഹിക- പാരിസ്ഥിതിക പ്രശ്നങ്ങളാണ് അവരെ സമരത്തിനിറങ്ങാൻ നിർബന്ധിതരാക്കിയത്. പടത്തി പ്രദേശത്തിന്റെ തെക്കുവശത്ത് ഓരോ വർഷവും കൂടുതൽ വീടുകൾ കടലേറ്റത്തിൽ തകരുന്നു.

പനത്തുറ മുതൽ വേളി വരെ നിരവധി കുടുംബങ്ങളാണ് അഭയാർഥികളായി സ്‌കൂൾ വരാന്തകളിലും ഗോഡൗണുകളിലും ജീവിക്കുന്നത്. ഏറെ സുരക്ഷിതമെന്നു കരുതിയിരുന്ന വിഴിഞ്ഞം ഫിഷിങ് ഹാർബറിൽ വള്ളങ്ങൾ തകരുകയും മത്സ്യത്തൊഴിലാളികൾ മരിക്കുകയും ചെയ്യുന്നു. പോർട്ട് നിർമാണവും കടൽ തുരക്കലും ( ഡ്രെഡ്ജിങ്) മൂലം സമീപ തീരങ്ങളും നഷ്ടമാകുമെന്ന് ശാസ്ത്രീയ പഠനങ്ങൾ ഉദ്ധരിച്ച് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു.

വിഴിഞ്ഞം തുറമുഖത്തിനുള്ള ബ്രേക്ക് വാട്ടർ നിർമാണം ഇതിനകം1810 മീറ്റർ പിന്നിട്ടു. മൂന്നു കിലോമീറ്ററിലധികം നീളത്തിൽ, എൽ ഷെയ്പ്പിലുള്ള ബ്രേക്ക് വാട്ടർ നിർമാണം പുരോഗമിക്കുന്നതിനിടെ നിരവധി തവണ കടലേറ്റത്തിൽ തകർന്നുതരിപ്പണമായിരുന്നു. കടൽ നികത്തിയാണ് ബെർത്തുകൾ പണിയുന്നത്. ഇതിനായി കടൽ തുരന്ന് മണ്ണും കല്ലുമെല്ലാം എടുത്ത് ഒരു വലിയ കടൽപ്രദേശം നികത്തി. മണ്ണ് അടിഞ്ഞുകൂടി കടൽ കലങ്ങുകയും മത്സ്യക്കൂട്ടങ്ങൾ തീരം വിടുകയും ചെയ്തു.

ഇവിടെ പാറക്കൂട്ടങ്ങളിൽ അധിവസിച്ചിരുന്ന ചിപ്പിയും കടലാമകളും ലോബ്സ്റ്ററുമെല്ലാം നശിപ്പിക്കപ്പെട്ടു, ഓരോ മേഖലയിലും പണിയെടുത്തിരുന്ന മത്സ്യത്തൊഴിലാളികൾ തൊഴിലില്ലാതെ വഴിയാധാരമായി. പൈലിങ് നടന്ന സമയത്തു മാത്രം പദ്ധതി പ്രദേശത്തോടു ചേർന്നുകിടക്കുന്ന കോട്ടപ്പുറം ഗ്രാമത്തിൽ 243 വീടുകളാണ് തകർന്നത്. ഈ വീടുകൾക്കായി 11 ലക്ഷം രൂപ സർക്കാർ വകയിരുത്തിയെന്നാണ് തുറമുഖ മന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയത്.

ഉത്തരേന്ത്യൻ മുഖ്യമന്ത്രിമാരുടെ മാതൃക പിൻപറ്റി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയിൽ നിർമിക്കുന്ന കാലിത്തൊഴുത്തിന് 41 ലക്ഷം രൂപ വകയിരുത്തിയെന്നു കൂടി ഓർക്കണം. കേരളത്തിന്റെ ചരിത്രത്തിൽ പ്രധാനമായ വലിയ തുറ കടൽപാലം ഏതു നിമിഷവും തകർന്നുവീഴാമെന്ന നിലയിലാണ്. ഏഴു വരികളിലായി അഞ്ഞൂറോളം വീടുകൾ തകർന്നുവീണു. ഒരിക്കലും നശിക്കില്ല എന്ന് അവകാശപ്പെട്ടിരുന്ന കോവളം ബീച്ച് നാമാവശേഷമായി. ടൂറിസവുമായി ബന്ധപ്പെട്ടു ജീവിച്ചിരുന്ന ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായി.

ഏറെ ചരിത്ര പ്രസിദ്ധിയുള്ള ശംഖുംമുഖം ബീച്ച് നിലവിൽ ഒരു റോഡ് മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഓരോ ചുഴലിക്കാറ്റും കരയിലേക്ക് കൊണ്ടുവരുന്ന പ്രത്യാഘാതം വലുതായി അനുഭവപ്പെടുന്നതിൽ ഈ മനുഷ്യനിർമിതികൾക്കു വലിയ പങ്കുണ്ട്. തിരയുടെ ശക്തികുറക്കാൻ മണൽത്തീരം വേണം. എന്നാൽ, ഇപ്പോൾ മണൽത്തീരമില്ല. മൺസൂണിൽ മൂന്നു മാസം കടൽ തെക്കോട്ട് അതിശക്തമായി ഒഴുകും. ബാക്കി ഒമ്പതു മാസം കടൽ വളരെ സാവധാനം വടക്കോട്ട് ഒഴുകും. അതിശക്തമായി കടൽ മണലെടുത്തുകൊണ്ടു പോകും, വളരെ സാവധാനം ഇതേ മണൽ തിരികെ കൊണ്ടു പോകും.

'തിരുവനന്തപുരം തീരപ്രദേശത്ത് നേരത്തേയും മണ്ണൊലിപ്പ് ഉണ്ടായിട്ടുണ്ട്. മഴക്കാലത്ത് കടൽ തെക്കോട്ട് ഒഴുകുകയും മണൽ കൊണ്ടുപോകുകയും ചെയ്യുന്നു. ശേഷിക്കുന്ന ഒമ്പതു മാസങ്ങളിൽ അത് വടക്കോട്ട് ഒഴുകുന്നു, തെക്കോട്ട് എടുത്ത മണൽ വീണ്ടും നിക്ഷേപിക്കുന്നു. ഇതൊരു ചാക്രിക പ്രക്രിയയായിരുന്നു, എന്നാൽ ഇപ്പോൾ ഇത് തടസ്സപ്പെട്ടു' -സമുദ്ര ശാസ്ത്രജ്ഞനായ ഡോ. കെ.വി. തോമസ് പറയുന്നു. വിഴിഞ്ഞത്ത് കടലിനുള്ളില്‍ ആഴത്തില്‍ നടത്തുന്ന ഡ്രഡ്‌ജിങ്ങാണ് ഇപ്പോള്‍ ജില്ലയിലെ കടൽത്തീരങ്ങള്‍ നഷ്ടമാകാന്‍ പ്രധാന കാരണം.

രാജ്യത്തെ തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടുതലുള്ള തീരങ്ങളില്‍ ഒരിക്കലും തുറമുഖങ്ങള്‍ നിർമിക്കാന്‍ അനുവാദമില്ല. ഇത്തരം പ്രദേശങ്ങളില്‍ തുറമുഖങ്ങള്‍ നിർമിച്ചാല്‍ സമീപപ്രദേശങ്ങളിലെ തീരങ്ങള്‍ പതിയെ ഇല്ലാതാകുമെന്നും വിഴിഞ്ഞം വളരെയധികം ലോലപ്രദേശമാെണന്നും വലിയ രീതിയില്‍ മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശമാെണന്നും അവിടെ ഒരു തരത്തിലുള്ള നിർമാണ പ്രവര്‍ത്തനങ്ങളും പാടിെല്ലന്നും മുമ്പ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായി നിഷ്കർഷിച്ചിരുന്നു. ഇങ്ങനെ കരയും കടലും തകർന്നതോടെ ഗതിമുട്ടിയാണ് മത്സ്യത്തൊഴിലാളികൾ സമരത്തിന് ഇറങ്ങിയത്.

(തുടരും)

Tags:    
News Summary - Chief minister's cow is not even worth The life of a Fisherman?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.