‘‘കിണറ്റിൽ നിന്നും വെള്ളം കോരിയെടുക്കാനോ സവർണർക്കൊപ്പം ഇടപഴകാനോ എന്നെ അനുവദിച്ചിരുന്നില്ല. ഒരു തണുപ്പുകാലത്ത് ഞാൻ അമ്പലത്തിൽ തീ കായാൻ ഇരിക്കുകയായിരുന്നു. എ​​​​​​െൻറ അടുത്ത് ഒരു ഉയർന്ന ജാതിക്കാരനായ ഇസവ്യ എന്ന ആളും തീകായാനായി ഇരുന്നു. അറിയാതെ എ​​​​​​െൻറ കൈ അയാളുടെ ദേഹത്തിൽ തട്ടി. അയാളുടെ കൈയിൽ ഒരു പിച്ചള പാത്രം ഉണ്ടായിരുന്നു. അയാൾ പെട്ടെന്ന് പറഞ്ഞു, - ‘എടാ, ലക്ഷ്മണാ നീയെ​​​​​​െൻറ പാത്രം തൊട്ട് ആശുദ്ധമാക്കി-...’ ഇങ്ങനെ പറഞ്ഞ് അയാൾ എന്ന് ശപിക്കുകയും ശകാരിക്കുകയും ചെയ്തു. ഞാൻ കത്തിച്ചിരുന്ന തീയിലേക്ക് അയാൾ ആ പാത്രം വലിച്ചെറിഞ്ഞു. പിന്നീട്, അത് തോണ്ടിയെടുത്ത്, ഞാൻ തൊട്ടതുമൂലമുള്ള അശുദ്ധി തീയിൽ എരിഞ്ഞുപോയി എന്ന വിശ്വാസത്തോടെ അയാൾ വീട്ടിലേക്ക് നടന്നു. ഇത്തരം അവസരങ്ങളിൽ എനിക്ക് വല്ലാത്ത അപമാനവും ദുഃവും തോന്നിയിരുന്നു.’’
ലക്ഷ്മൺ ഗായക്വാഡ് (ഉചല്യ) 

പാലക്കാടിനടുത്തെ ഗോവിന്ദാപുരം അംബേദ്കർ  കോളനിയിലെ ശിവരാജൻ എന്ന ചെറുപ്പക്കാരൻ ലക്ഷ്മൺ ഗെയ്​ക്​വാദി​​​​​​െൻറ ‘ഉചല്യ’ എന്ന ആത്്മകഥ വായിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാൽ, ഒന്നറിയാം ശിവരാജ​​​​​​െൻറയും ലക്ഷ്മൺ ഗെയ്​കവാദി​​​​​​െൻറയ​ും ജീവിതങ്ങൾ തമ്മിൽ വലിയ സമാനതകളുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂർ താലൂക്കിലെ ധനേഗാവ് എന്ന ഗ്രാമത്തിൽ ആട്ടിയോടിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും നിരന്തരം അപമാനിക്കപ്പെടുകയും ചെയ്യുന്ന ‘ഉചല്യ’ എന്ന ഗോത്രത്തിലാണ് ലക്ഷ്മൺ പിറന്നത്​. കേരളത്തിൽ ഗോവിന്ദാപുരത്ത് അംബേദ്കർ കോളനിയിൽ അയിത്തം കൽപ്പിച്ച് മാറ്റിനിർത്തപ്പെടുകയും അടിച്ചും തൊഴിച്ചും തുപ്പിയും അപമാനിക്കപ്പെടുകയും മാടുകണക്കെ അടിച്ചമർത്തപ്പെടുകയും ചെയ്ത ‘ചക്​ലിയൻ’ എന്ന ജാതിയിലാണ് ശിവരാജൻ ജനിച്ചതും ജീവിച്ചുകൊണ്ടിരിക്കുന്നതും. മഹാരാഷ്ട്രയിലെ ധനേഗാവ് അന്നും ഇന്നും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ്. എന്നാൽ കേരളമോ? പ്രബുദ്ധമാണ്, നവോത്ഥാനം സംഭവിച്ചതായി അവകാശപ്പെടുന്ന ജനതയാണ്​. കമ്മ്യൂണിസ്റ്റ് കാർഷിക കലാപങ്ങളും പോരാട്ടങ്ങളും സംഭവിച്ച ഇടമാണ്. നൂറുനൂറ് സമര നായകർ നടന്നുകയറിയ പാതയാണ്​. ഏഴുകടലും കടന്ന് കീർത്തിപ്പെട്ടതാണ് ‘കേരളാ മോഡൽ’ സാമൂഹ്യ മുന്നേറ്റം. അപ്പോൾ പിന്നെ ഗോവിന്ദാപുരത്തുനിന്ന് വരുന്ന അയിത്തത്തി​​​​​​െൻറയും സവർണാക്രമണങ്ങളുടേയും വാർത്തകൾ എന്താണ് പറയുന്നത്? ഒരു കൂട്ടം  മനുഷ്യർക്ക് മാട് എന്ന് അർത്ഥം കൽപിക്കാൻ ഒരു വിഭാഗം പേർക്ക് ആരാണ് അധികാരവും അവകാശവും കൊടുത്തത്, അരാണ് അവരെ സംരക്ഷിക്കുന്നത്? 
അറിയണം, അധികാരികളും സാംസ്​കാരിക വിപ്ലവത്തി​​​​​​െൻറ പഴമ്പുരാണം  അയവെട്ടി കഴിയുന്നവരും ഇന്നും ദുരിതപ്പെടുന്ന ചക്​ലിയ​​​​​​െൻറ ജീവിതം. 

മാടുകണക്ക്​ കുറെ മനുഷ്യർ
ഗോവിന്ദാപുരം പാലക്കാട് പട്ടണത്തിൽ നിന്നും 40 കിലോമീറ്റർ കിഴക്കുള്ള അതിർത്തി ഗ്രാമം. കൊല്ലങ്കോട്ടു നിന്നും ഗോവിന്ദാപുരത്തേക്കുള്ള വഴിയിൽ കുറച്ചങ്ങ് ചെല്ലുമ്പോൾ വലത്തോട്ടൊരു കയറ്റം കയറി ചെന്നാൽ വെളിപ്പെടും അംബേദ്കർ കോളനി. മാടിനെപ്പോലെ തന്നെയാണ് ഇവിടെ കുറെ മനുഷ്യരും. ചക്​ലിയർ എന്ന്​ അവരെ വിളിക്കും. പാരമ്പര്യമായി പട്ടിണിയും ഭീതിയും മാത്രം കൈമുതൽ. സവർണ്ണ ഭൂപ്രഭുക്കളുടെ ചാട്ടവാറൊച്ചയിൽ നടുങ്ങി അടിമകളെപ്പോലെ ജീവിച്ച വന്നവരുടെ പമ്പര ഇന്നും അവരുടെ കൊടിയ പീഡനങ്ങൾക്ക് ഇരയാവുകയാണിവിടെ. വർഗ, വർണ, കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ രാഷ്ട്രീയവും ഭരണകൂടവും ഒരു കൂട്ടം മനുഷ്യർക്ക്  എതിരു നിൽക്കുന്ന കാഴ്ചകൾ കൂടിയാണ് ഗോവിന്ദാപുരം നിരത്തിവെക്കുന്നത്​.

വേപ്പുമരത്തിലെ അപ്പ
ഓർമയിൽ നിന്നും മാഞ്ഞുപോകുന്നില്ല ഇപ്പോഴും അവിടെ അവിചാരിതമായി കണ്ടുമുട്ടിയ പഴനിയെന്ന വൃദ്ധ​​​​​​െൻറ മുഖം. ഏതാണ്ട് 13 വർഷം മുമ്പായിരുന്നു അത്. ചക്​ലിയനായിരുന്നു പഴനി. മലയാളത്തി​​​​​​െൻറ നിഴൽ വീണുകിടക്കുന്ന അതിർത്തി ഗ്രാമത്തിലെ ഒരു പതിവ് മുഖം. എന്നാൽ, കഥകൾ പറഞ്ഞു വന്നപ്പോൾ കൊല്ലങ്കോട്ടെ കരിമ്പനകളുടെ നിഴൽ നിറത്തിലേക്ക് വലിഞ്ഞ് മുറുകി പഴനിയുടെ ചുളിഞ്ഞ മുഖം. ഗോവിന്ദാപുരത്തെ കൗണ്ടർ സമുദായക്കാരുടെ കടുത്ത പീഡനത്തിനും അപമാനിക്കലിനും നിരന്തരമായി ഇരയാകേണ്ടി വന്നിട്ടുണ്ട് തനിക്കും കുടുംബത്തിനും എന്നാണ്​ അന്ന് പഴനി പറഞ്ഞത്. പഴനിയുടെ അപ്പ​​​​​​െൻറ മരണം പോലും അങ്ങനെ ഒരു പീഡനത്തി​​​​​​െൻറ ഫലമായിരുന്നു. 
‘‘ഒരു പൊങ്കൽക്കാലത്ത്, പനി പിടിച്ചതിനാൽ പണിക്ക് പോകാതെ കിടപ്പായിരുന്നു അപ്പ. കൗണ്ടറുടെ ആളുകൾ വന്ന് പണിക്കിറങ്ങാൻ കൂക്കി വിളിച്ചു. അപ്പ പോയില്ല.  വൈകീട്ട് അഞ്ചാറുപേരു വന്ന് അപ്പയെ പിടിച്ചോണ്ട് പോയി വേപ്പുമരത്തിൽ കെട്ടിയിട്ട് തല്ലി. കുറച്ചു ദിവസം കഴിഞ്ഞപ്പോ അപ്പ ചത്തുപോയി, ചൊമയായിരുന്നു,’’ പഴനിയുടെ  പിന്നീടുണ്ടായ മൗനം ഇന്നും ഉള്ളിൽ കത്തുന്നുണ്ട്​.

അതിലും ഞെട്ടിപ്പിക്കുന്നതായിരുന്നു അന്ന് അയ്യപ്പൻ എന്ന ചെറുപ്പക്കാരൻ പറഞ്ഞ കഥ. അവന് പന്ത്രണ്ടു വയസായിരുന്നു അന്ന് പ്രായം. ഗോവിന്ദാപുരം ബസ്​ സ്​റ്റോപ്പിലെ ഒരു ചായക്കടയിലിരുന്ന് അവൻ ചായ കുടിക്കുകയായിരുന്നു.  അറിയാതെ കാലിന്മേൽ കാൽ കയറ്റി വെച്ചുപോയി. അതിന് കൗണ്ടർ സമുദായക്കാർ അവനെ റോഡിലിട്ട് തല്ലിച്ചതച്ചു... അത്​ പറയു​േമ്പാഴും ‘‘ഞാൻ ചെയ്ത കുറ്റം എന്താണ്?’’ എന്ന് അയ്യപ്പൻ സ്വയം  സംശയിക്കുന്നുണ്ടായിരുന്നു. 
ഗോവിന്ദാപുരത്തി​​​​​​െൻറ അലിഖിതമായ സവർണ നിയമത്തിൽ കൗണ്ടർ സമുദായക്കാർക്കു മുന്നിൽ ചക്​ലിയനായ അയ്യപ്പൻ കാലിന്മേൽ കാൽ കയറ്റിയിരുന്നത്​ മഹാ അപരാധമാകുന്നു. അവിടെ ചക്​ലിയൻ മനുഷ്യനല്ല. സവർണ​​​​​​െൻറ അടിമയാണ്​. 
 

ഗോവിന്ദാപുരം അംബേദ്​കർ കോളനിയിലെ കുടിലുകളിലൊന്ന്​
 


ചായക്കടയിൽ അയിത്തം 
കാര്യങ്ങൾ ഇപ്പോഴും ഏറെയൊന്നും മാറിയിട്ടില്ലെന്ന്​ ഗോവിന്ദാപുരത്തുനിന്നുള്ള പുതിയ വാർത്തകൾ പറയുന്നു. പുതിയ രൂപത്തിലും പഴയ ഭാവത്തിലും അയിത്തം ഇപ്പോഴും അവിടെ ശകതമായി നിലനിൽക്കുന്നു എന്നാണ് അന്വേഷണത്തിൽ അറിയാനാകുന്നത്. പരിമിതമായ ജീവിത സാഹചര്യങ്ങൾക്കിടയിൽ ഈ അയിത്തം കൂടിയാകുമ്പോൾ ഗോവിന്ദാപുരത്തെ ചക്​ലിയരുടെ ജീവിതം നരകമാകുകയാണ്​.

സവർണർ എന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ടവരെ കാണുമ്പോൾ അവർ അവർണർ എന്ന് അടയാളപ്പെടുത്തിയിരുന്നവർ നിശ്ചിത അടി അകലത്തിൽ മാറി നിൽക്കണം, വായ പൊത്തി ഓഛാനിക്കണം, ചിലർ ഓടി കാട്ടുപൊന്തകളിൽ ഒളിക്കണം പോലുള്ള ജാത്യാചാരങ്ങൾ നിലനിന്ന നാടാണ്​ ​േകരളം. ആ പഴയ കേരളത്തി​​​​​​െൻറ തുടർച്ചയിൽ തന്നെയാണ് ഗോവിന്ദാപുരം ഇന്നും.

പൊതു സ്​ഥലങ്ങളിലും പൊതു ചടങ്ങുകളിലുമെല്ലാം ചക്​ലിയൻ പാലിക്കേണ്ട ജാതി മര്യാദകൾ(?) ഉണ്ടെത്ര. 
തൊട്ടുതീണ്ടാൻ പാടില്ല എന്നതു തന്നെ ഒന്നാം നിയമം. ചായക്കടകളിൽ രണ്ട് തരം ഗ്ലാസുകൾ പോലും വേർതിരിച്ച് തമ്മിൽ തൊടാതെ വെച്ചിട്ടുണ്ട്. മേൽജാതിക്കാർക്ക് സ്റ്റീൽ ഗ്ലാസും, ചക്​ലിയർക്ക് ചില്ലുഗ്ലാസും എന്നതാണ് നടപ്പ് നിയമം. അവിടെ രണ്ട് ചായക്കടകളുള്ളതിൽ ഒന്നിലാണ് ഈ വിവേചനം, മറ്റേതിൽ വിവേചനമില്ല, കാരണം അവിടെ കൗണ്ടർ ജാതിക്കാർ കയറാറില്ല. 

‘‘ അല്ല, അത് നല്ലതല്ലെ, ചില്ലുഗ്ലാസിൽ ചായ കുടിക്കുന്നതല്ലെ കൂടുതൽ സുഖം?’’ എന്ന് ചോദിച്ചപ്പോൾ പലരുടേയും മുഖം വിവർണമായി, അവർ തലതാഴ്ത്തി. കൂടെ വന്നയാൾ പറഞ്ഞു തന്നു- സ്റ്റീൽ ഗ്ലാസ്​ അവർക്ക് അഭിമാനത്തി​​​​​​െൻറ പ്രശ്നമാണ്. 
തൊട്ടുപുറകെ അത് വ്യകതമാക്കിക്കൊണ്ട് ഒരു സ്​റ്റീൽ തളികയിൽ ചായനിറച്ച ചെറിയ ചെറിയ ഗ്ലാസുകളുമായി ആ വീട്ടുകാരി ഉമ്മറത്തേക്ക് വന്നു. ചില വിചാരങ്ങൾ സംസ്​കാരമായി മാറുന്നത് അങ്ങനെയാണ്. ആര്യഭവനിലേയും ന്യൂമുരുകാ കഫേയിലേയും പല ബ്രാഹ്​മിൺസ്​ ഹോട്ടലുകളിലേയും കൈപൊള്ളിക്കുന്ന സ്റ്റീൽ ഗ്ലാസുകൾക്ക് പിന്നിലെ  രഹസ്യം അപ്പോൾ ബോധ്യമായി. നഗരബാധയുള്ള ബോധത്തിന് എളുപ്പത്തിൽ പിടിക്കിട്ടില്ല ഇമ്മാതിരി സാംസ്​കാരിക നിർമിതികൾ. 

ചായ ഗ്ലാസ്​, സ്റ്റീലോ ചില്ലോ എന്നതില്ല ഒരു ചായക്കടയിൽ രണ്ട് തരം ഗ്ലാസുകൾ ബോധപൂർവം തരം തിരിച്ച് വെച്ചിരിക്കുന്നു എന്നിടത്താണ് ചക്​ലിയ​​​​​​െൻറ റ ആത്്മാഭിമാനത്തിന് മുറിവേൽക്കുന്നത്. കാരണം ഇത് കാലം 2017 ആണ്, ഇപ്പോൾ കേരളം ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാരാണ്.

അളവെടുക്കാത്ത ടെയ്​ലർ മുടിമുറിക്കാത്ത ബാർബർ
ചക്​ലിയനും മനുഷ്യനാണെന്ന് ബാർബർക്കും തയ്യൽക്കാരനും അറിയാം. എങ്കിലും മേൽ ജാതിക്കാർ അത് അംഗീകരിക്കാത്തതിനാൽ ചക്​ലിയന് അയിത്തം കല്പിക്കാൻ അവരും നിർബന്ധിതരാകുകയാണെന്ന് അംബേദ്കർ കോളനിയിലെ യുവാക്കൾ പറയുന്നു. ചക്​ലിയനെ തൊട്ടവ​​​​​​െൻറ കടയിൽ പിന്നെ മേൽജാതിക്കാർ കയറില്ല.  അതിനാൽ  തയ്യൽക്കടകളിൽ വസ്​ത്രം തുന്നാൽ കൊടുക്കുമ്പോൾ ടെയ്​ലർ ചക്​ലിയ​​​​​​െൻറ അളവെടുക്കില്ല​​െത്ര. അയാൾ തുന്നുന്നത് അയാൾക്ക് ബോധിച്ച അളവിലായിരിക്കും. അത് ഉപയോഗിക്കാൻ ചക്​ലിയൻ വിധിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അപഹാസ്യമാം വിധം പാകമല്ലാത്ത വസ്​ത്രം ധരിച്ചാണ് കുട്ടികൾ പലരും സ്​കൂളിൽ പോകുന്നതെന്ന് വഴിയിൽ നിന്ന് കണ്ടറിഞ്ഞു. ഇതുകൊണ്ട് പലരും പൊള്ളാച്ചി ചന്തയിൽ നിന്ന് പഴയ വസ്​ത്രം വാങ്ങി ഉപയോഗിക്കുന്നതായി കോളനിയിലുള്ളവർ പറഞ്ഞു. 
 
മധ്യേന്ത്യയിലെ സെമീന്ദാരി, ജാതി സമ്പ്രദായങ്ങൾ നിലനിൽക്കുന്ന പല ഗ്രാമങ്ങളിലും ഞാൻ താമസിച്ചിട്ടുണ്ട്, ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലും  പോയിട്ടുമുണ്ട്. പക്ഷേ, ഇവിടെ കേരളത്തിൽ ഇങ്ങനെ ഒരു ജീവിത സാഹചര്യത്തെ അഭിമുഖീകരിച്ചപ്പോൾ ഞാൻ അണിഞ്ഞിരുന്ന ‘ഞാൻ മലയാളി’യെന്ന സാംസ്​കാരിക മൂടുപടം കീറി താഴെ വീണുപോയി. അപരിഷ്കൃതനായി. അവരെ അഭിമുഖീകരിക്കാനാകാതെ എ​​​​​​െൻറ തല താഴ്ന്നുപോയി. ഗോവിന്ദാപുരം കേരളത്തിനുള്ളിൽ തന്നെയെന്ന് സമ്മതിക്കാൻ പാടുപെടേണ്ടിവന്നു.

ബാർബർ ഷോപ്പിലും ഇതുതന്നെയായിരുന്നു സ്​ഥിതി. ഗോവിന്ദാപുരത്തെ ബാർബർ ഷോപ്പുകളിൽ ചക്​ലിയന് പ്രവേശനം ഇല്ലായിരുന്നു.  തയ്യൽകടയുടെ കാര്യത്തിലെന്ന പോലെ തന്നെ - ചക്​ലിയനെ തൊട്ടവൻ കൗണ്ടറെ തൊട്ടാൽ കൗണ്ടർക്ക് അയിത്തമാകും. അതിനാൽ ചക്​ലിയ​​​​​​െൻറ മുടി മുറിച്ചാൽ പിന്നെ കൗണ്ടർ ആ കടയിൽ കയറില്ല എന്നതാണ് ബാർബർ അതിന് ഇതിനു പറഞ്ഞ ന്യായം. 
കോളനിയിലെ ചെറുപ്പക്കാരോട് ചോദിച്ചു - നിങ്ങളിൽ ഒരാൾക്ക് മുടി മുറിക്കാൻ പഠിച്ച് ഈ തൊഴിൽ ചെയ്തുകൂടെ? 
‘‘അത് കൂടുതൽ പ്രശ്നമാകും’’ അവൻ പറഞ്ഞു. 
ചക്​ലിയൻ ചക്​ലിയ​​​​​​െൻറ മുടി മുറിച്ചാൽ കൗണ്ടർക്ക്​ എന്താ പ്രശ്നം? 
‘‘അതുതന്നെയാണ് സർ ഞങ്ങളും ചോദിക്കുന്നത്. ചക്​ലിയൻ  നല്ല വസ്​ത്രമിട്ടാൽ, ചക്​ലിയൻ പഠിച്ചാൽ, കൗണ്ടറുടെ മുന്നിൽ ഇരുന്നാൽ കൗണ്ടർക്കെന്താ?’’ അവർ ചോദിച്ചു. അതി​​​​​​െൻറ ഉത്തരമാണ് ഗോവിന്ദാപുരത്തി​​​​​​െൻറ പ്രശ്നം.

13വർഷം മുമ്പ് ഈ വിഷയത്തിൽ വലിയൊരു സംഘർഷാവസ്​ഥ ഗോവിന്ദാപുരത്ത് രൂപപ്പെട്ടിരുന്നു. അന്ന് ആദിത്തമിഴർ വിടുതലൈ മുന്നണി നേതാവ് കെ.മാരിമുത്തുവി​​​​​​െൻറ നേതൃത്വത്തിൽ ആറ് ചക്​ലിയ യുവാക്കൾ ഒരു ബാർബർഷോപ്പിൽ കയറിച്ചെന്ന് ബാർബറെ ഭീഷണിപ്പെടുത്തി തങ്ങളിലൊരാളുടെ മുടി മുറിപ്പിച്ചു. സവർണർ ഇളകി. ഉൗരു കൂട്ടങ്ങളിൽ ചർച്ചയായി. ഗോവിന്ദാപുരം പുകഞ്ഞു. എന്നിട്ടും ആ ഉത്തരം ഉണ്ടായില്ല, ഇപ്പോളിതാ അംബേദ്കർ കോളനി പിന്നെയും പുകഞ്ഞ് തുടങ്ങിയിരിക്കുന്നു. കുടിവെള്ളത്തി​​​​​​െൻറ പേരിലെ അയിത്തം വീണ്ടുമൊരു പ്രക്ഷോഭത്തിന് തിരികൊളുത്തിയിരിക്കുന്നു.

സവർണ​​​​​​െൻറ കിണറും മേൽജാതി ടാപ്പും
അംബേദ്കർ കോളനിയിലെ ദലിത് ജീവിതങ്ങൾ വേഴാമ്പലുകളാണെന്ന് പറയാം. മഴവരുമ്പോഴാണ് അവർക്കും വേണ്ടത്ര വെള്ളം കിട്ടുക. വല്ലപ്പോഴും മാത്രം വെള്ളം കിട്ടുന്ന മനുഷ്യർ. കുന്നിൻ മുകളിലെ കോളനിയിൽ കുടിവെള്ളം എന്നും പ്രശ്നം തന്നെയായിരുന്നു. കോളനിയിൽ പൊതു കിണറോ കുളമോ ഇല്ല. ചക്​ലിയന് കുടിവെള്ളത്തിനായി ആശ്രയിക്കാനുള്ളത് കൗണ്ടറുടെ കിണറുകളാണ്. പക്ഷേ, ചക്​ലിയൻ തൊട്ടാൽ കിണർ അശുദ്ധമാകും എന്ന് പറഞ്ഞ്​ സവർണർ അവരെ കിണറ്റിൽ നിന്നും തീണ്ടാപ്പാടകലെ നിർത്തുന്നു. സവർണർ അവർക്ക് ആവശ്യമായ വെള്ളം ശേഖരിച്ച ശേഷം അവരുടെ സവർണരായ വേലക്കാർ ചക്​ലിയർക്ക് പരമാവധി  രണ്ട് കുടം വെള്ളം കോരി ഒഴിച്ച് കൊടുക്കുകയായിരുന്നു പതിവ്. കുറച്ചു കാലം മുമ്പ് കുടിവെള്ള ടാപ്പുകൾ സ്​ഥാപിച്ചു. പക്ഷേ, വെള്ളമെത്തിയിരുന്നത് അപൂർവ്വമായി മാത്രം. ആദ്യം വെള്ളം ഒഴുകിയെത്തുന്നതും വെള്ളം കൂടുതലായി ഒഴുകിചെല്ലുന്നതും സവർണജാതിക്കാരുടെ ഭാഗങ്ങളിലെ ടാപ്പുകളിലാണ്. അങ്ങനെയാണ് ഭൂമിയുടെ കിടപ്പ്. കോളനിയുടെ കിഴക്ക് ദിക്കിൽ ചരിഞ്ഞ ഭാഗത്താണ് കൗണ്ടർമാരുടേയും മറ്റ് മേൽജാതിക്കാരുടേയും വീടുകൾ. ദളിതുകൾക്കുള്ള കോളനിക്കായി സർക്കാർ സ്​ഥലം കണ്ടെത്തിയത് അടിയിൽ വെള്ളമില്ലാത്ത ഉയർന്ന പാറപ്രദേശമാണ്. കോളനി ഭാഗത്തെ ടാപ്പുകളിൽ വെള്ളം കിട്ടാതെ വരുമ്പോൾ ഈ ‘മേൽജാതി’ ഭാഗത്തെ ടാപ്പുകളിൽ നിന്ന് കുടിവെള്ളമെടുക്കാൻ ചെന്നാൽ ‘മേൽജാതി’ക്കാരുടെ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന കുടം മാറ്റിവെച്ച് വെള്ളം പിടിക്കാൻ ചക്​ലിയന് അവകാശമില്ല. സവർണർ പാത്രം എടുത്ത് മാറ്റും വരെ അവർ നോക്കിനിൽക്കണമായിരുന്നു. പാത്രം നിറയാൻ വെച്ചിട്ട് വീടിനകത്ത് സംസാരിച്ചിരിക്കുന്നവരെ ചെന്നു വിളിക്കാനും ഇവർക്കാവില്ല. വീട്ടിൽ കയറിയാൽ തീണ്ടലാകുമല്ലോ. അങ്ങനെ തൊണ്ടനനയാൽ ഇറ്റ് വെള്ളമില്ലാത്ത പാലക്കാടൻ വേനലിലും കുടിവെള്ളമിങ്ങനെ ഒഴുകിപ്പോകുന്നത്​ സങ്കടത്തോടെ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ടെന്നും കുടം മാറ്റിവെയ്ക്കാൻ ശ്രമിച്ചവർക്ക് നേരെ ശകാരങ്ങളും കയ്യേറ്റങ്ങളും ഉണ്ടായിട്ടുണ്ടെന്നും അവരുടെ കുടം ഉടച്ചു കളയുകപോലും ചെയ്തിട്ടുണ്ടെന്നും  കോളനിയിലെ സ്​ത്രീകൾ ആവലാതി പറഞ്ഞു.

കോളനിയിലെ പ്ര​വർത്തന ശൂന്യമായ ഹാൻറ്​ പൈപ്പ്​
 

മാടിനും മനുഷ്യനും ഒരു പാത്രം
മുതലമട പഞ്ചായത്തിലെ ഇതേ വാർഡിൽ തന്നെയുള്ള നീലിപ്പാറയിലെ ദലിതരുടെ ജീവിതം ഇതിലും ഏറെ സങ്കടകരമായിരുന്നു. 20 ചക്​ലിയ കുടുംബങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്.  അവിടെ പശുക്കൾക്ക് വെള്ളം കുടിക്കാൻ കെട്ടിയിട്ടിരിക്കുന്ന ടാങ്കുകളിൽ നിന്നു വേണമായിരുന്നു ചക്​ലിയർ കുടിവെള്ളം ശേഖരിക്കേണ്ടത്. പശു കുടിച്ചതി​​​​​​​െൻറ ബാക്കി ദളിതന്. ആ മാടി​​​​​​െൻറ എച്ചിൽ വെള്ളം കിട്ടണമെങ്കിൽ തന്നെ സവർണരുടെ  
പറമ്പുകളിൽ പുലർച്ചെ മുതൽ അന്തിയോളം കഠിനമായി പണിയെടുക്കുകയും  കൊടുക്കുന്ന കൂലി പരാതികളില്ലാതെ വാങ്ങിപ്പോരുകയും വേണമെന്ന് നീലിപ്പാറ ഉൗരിലെ ചക്​ലിയ സമുദായക്കാരൻ കണ്ണപ്പൻ പറഞ്ഞു.

പറമ്പുകളിൽ പണിക്ക് ചെല്ലുന്ന ചക്​ലിയർക്ക് കഞ്ഞിയോ വെള്ളമോ കുടിക്കാൻ പ്രത്യേക പാത്രം ഉണ്ട്. അത് മറ്റെവിടെയും തൊടുവിക്കാൻ പാടില്ലെന്ന് ഉത്തരവുണ്ട​െത്ര. അത് കഴുകി സൂക്ഷിക്കേണ്ടത് മാട് തൊഴുത്തിൽ കഴുക്കോലിന് അടിയിലായിരിക്കണം എന്നും കൽപന ഉണ്ടായിരുന്നു. അങ്ങനെ ചക്​ലിയൻ പശുത്തൊട്ടിയിൽ നിന്ന് കുടിവെള്ളമെടുക്കണം, അവ​​​​​​െൻറ പാനപാത്രം കാലിത്തൊഴുത്തിൽ കഴുക്കോലിനിടയിൽ സൂക്ഷിക്കുകയും വേണം. 
 
ഈ അവസ്​ഥയിലാണ് അടുത്ത കാലത്തായി മുതലമട പഞ്ചായത്ത് അംബേദ്കർ കോളനി ഭാഗത്ത് കുടിവെള്ള കിയോസ്​ക് സ്​ഥാപിച്ചത്. എന്നാൽ ആ കിയോസ്​കിലെ എല്ലാ ടാപ്പുകളിൽ നിന്നും വെള്ളമെടുക്കാൻ ചക്​ലിയർക്ക് അവകാശമില്ലെന്ന് ‘മേൽജാതി’ക്കാർ വിധിച്ചു. അവർ ചക്​ലിയരെ ഭീഷണിപ്പെടുത്തി. ‘സവർണ്ണ’ ടാപ്പുകളിൽ തൊട്ടുപോകരുതെന്ന് വിധിച്ചു! അതിനാൽ  കോളനിയിലെ ദളിതർ ഇപ്പോൾ കുടിവെള്ളമെടുക്കുന്നത് സ്​ഥലത്ത് ഒരു സ്വകാര്യ മാംസ സംസ്​കരണ ശാല  സ്​ഥാപിച്ചിരിക്കുന്ന കുടിവെള്ള സംഭരണിയിൽ നിന്നാണ്. 

കേരളം എന്ന ദേശത്ത്...
ഇത് ഏതാണ് ദേശം എന്ന് സംശയിേക്കണ്ട, കേരളം തന്നെയാണ്​. മാന്തോട്ടങ്ങൾക്ക്​് പേരുകേട്ട മുതലമട പഞ്ചായത്തിലാണ്​ ഗോവിന്ദാപുരം അംബേദ്കർ കോളനി. 13 വർഷം മുമ്പ് ചെല്ലു​േമ്പാൾ മുതലമട പഞ്ചായത്ത്​ ഭരിച്ചിരുന്നത്​ സി.പി.എം ആണ്. അംബേദ്കർ കോളനിയിലെ ദലിതുകൾ അയിത്തം അന​ുഭവിക്കുന്നുണ്ടെന്ന്​ സമ്മതിക്കാൻ അന്ന് പഞ്ചായത്ത്​ ഭരണ സമിതി തയാറായില്ല. അന്നത്തെ സ്​ഥലം എം.എൽ.എയ​ും കോൺഗ്രസ്​ എ ഗ്രൂപ്പുകാരനുമായിരുന്ന കെ. ചന്ദ്രനെ കണ്ടു സംസാരിക്കാൻ കഴിഞ്ഞിരുന്നു.  അദ്ദേഹവും  പറഞ്ഞത്​ അയിത്തം ഇല്ല എന്നു തന്നെയാണ്​. ഇന്നത്തെ എം.എൽ.എ കെ. ബാബു അവിടെ അയിത്തം ഉണ്ട് എന്ന് സമ്മിതിക്കാൻ ഈ കുറിപ്പെഴുതുന്നതുവരെ തയ്യാറായിട്ടില്ല. 

കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെ എന്നർത്ഥം. ഭരണക്കാർ മാറിയെങ്കിലും നിലപാടുകൾ മാറിയില്ല അയിത്തവും മാറിയില്ല. ഇരുഭാഗത്തും എതിർപ്പുകൾ കൂടി വന്നു എന്ന് മാത്രം. പോലീസ്​ എപ്പോഴും സവർണരുടെ കൂടെ നിൽക്കുകയാണ് എന്ന് ദലിതർ പരാതിപ്പെടുന്നു. ചക്​ലിയർക്കും ആദിവാസികൾക്കും നേരെയുള്ള സവർണരുടെ ആക്രമണങ്ങളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുന്നതിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കാലങ്ങളായി പോലീസ്​ ബോധപൂർവം വീഴ്ച വരുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഇവർ പറയുന്നത്.  മുടിവെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോൾ സ്​ഥലം എസ്​. ഐ നാരായണൻ പരാതിയുമായി ചെന്ന ദലിത് യുവാക്കളോട് പറഞ്ഞതാണ്​ വിചിത്രം. ‘‘-ഈ വക കുണ്ടാമണ്ടിക്കൊന്നും നിൽക്കണ്ട, എല്ലാവരും ഒരോ ചെസ്​ ബോർഡ് വാങ്ങി വീട്ടിനകത്തിരുന്ന് കളിക്ക്, ഞാൻ മൂന്നാലെണ്ണം വാങ്ങിത്തരാം’’  - എന്നായിരുന്നുവരെത അദ്ദേഹത്തി​​​​​​െൻറ ഉപദേശം. അന്ന് ഈ ലേഖകൻ കൊല്ലങ്കോട് പോലീസ്​ സ്റ്റേഷനിൽ ചെന്ന് എസ്​. ഐ   നാരായണനെ കണ്ട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്-  ‘‘ ചെസ്​ കളിച്ചാൽ ബുദ്ധി വർദ്ധിക്കും. അതുകൊണ്ട് ഞാൻ ചെസ്​ കളിക്കാൻ പറഞ്ഞു’’ എന്നാണ്. മുക്കാൽപ്പട്ടിണിക്കാരായ ദലിതർക്ക് ബുദ്ധി വർദ്ധിക്കാൻ ഏമാൻ ആരോഗ്യപാനീയങ്ങളൊന്നും കുറിപ്പടിയാക്കി കൊടുത്തില്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം. 
ഇതായിരുന്നു മിക്കവാറും എല്ലാ കാലത്തും ഗോവിന്ദാപുരം ഭരിക്കുന്ന പോലീസ്​ എന്ന് കോളനിക്കാർ പറയുന്നു. ഇപ്പോളിതാ അംബേദ്കർ കോളനിയിൽ നിരീക്ഷണകേന്ദ്രം സ്​ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എസ്​.പി പ്രതീഷ്കുമാർ. അതിൽ നിന്നും വല്ലതും പ്രതീക്ഷിക്കാമോ എന്തോ? കോളനിയിൽ ഒരു സി.സി.ടി.വി ക്യാമറ സ്​ഥാപിക്കുമെന്നും ദലിതരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കോളനിയിലെ ദലിതരുടെ ക്ഷേത്രം
 

60 വർഷത്തെ നായാട്ട് 
അറുപത് വർഷത്തിലേറെ പഴക്കമുണ്ട് കേരളത്തിൽ ചക്​ലിയ സമുദായം അനുഭവിക്കുന്ന അയിത്തത്തിനും അടിച്ചമർത്തലിനും. തോട്ടം ഉടമകളായ തമിഴ്നാടൻ സവർണ ഭൂപ്രഭുക്കൾ 1950 കളിൽ അവരുടെ തോട്ടപ്പണിക്കായി കൊണ്ടുവന്ന് താമസിപ്പിച്ചവരാണ് പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം, എം.പുതൂർ, മീങ്കര, നീലിപ്പാറ പ്രദേശങ്ങളിലെ ചക്​ലിയ സമുദായക്കാർ. തമിഴ്നാടൻ ഗ്രാമങ്ങളിൽ നിന്നായിരുന്നു ഇവരുടെ പറിച്ചു നടൽ. ഓരോ തോട്ടത്തിലും പത്തിരുപത് കുടുംബങ്ങൾ പാർത്തിരുന്നു എന്ന് പഴമക്കാർ പറയുന്നു. പിന്നീട് തോട്ടങ്ങളുടെ എണ്ണവും വിസ്​തൃതിയും കുറഞ്ഞപ്പോൾ പണിക്കാരുടെ എണ്ണവും കുറഞ്ഞു, കുടുംബങ്ങൾ ചിതറി, ചിലർ തമിഴ്നാട്ടിലേക്ക് തന്നെ തിരിച്ചു പോയി. ഇവിടെ തങ്ങിയ ബാക്കിയുള്ളവരാണ് കൗണ്ടർ, ചെട്ടിയാർ, നാടാർ, നായ്ക്കർ എന്നീ മേൽജാതിക്കാരെന്ന് അവകാശപ്പെടുന്ന സമുദായങ്ങളാൽ ആട്ടിയോടിക്കപ്പെടുകയും മാനസികമായും പലപ്പോഴും ശാരീരികമായി തന്നെയും നായാടപ്പെടുകയും ചെയ്യുന്നത്.  ഗോവിന്ദാപുരത്തെ അംബേദ്കർ കോളനിയിലിപ്പോൾ 400 ഓളം കുടുംബങ്ങളിലായി നാലായിരത്തോളം ആളുകൾ ഉണ്ടെന്നാണ് കണക്ക്. അതിൽ 70 കുടുംബങ്ങൾ ഇറവാളർ, മനസർ തുടങ്ങിയ പട്ടികവർഗ സമുദായക്കാരുടേതും ബാക്കിയുള്ളവ ചക്​ലിയരുടേതുമാണ്.   

പലരും വന്ന് ഭരിച്ച് മടങ്ങി
കഴിഞ്ഞ ദിവസം കോൺഗ്രസി​​​​​​െൻറ യുവ പോരാളി ബൽറാം അംബേദ്കർ കോളനിയിൽ പോയി പന്തീഭോജനം നടത്തി, അവിടെ ദലിതർ അയിത്തം അനുഭവിക്കുന്നു എന്ന് മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. നല്ലതുതന്നെ. അങ്ങനെ ഈ വിഷയം വീണ്ടും പുറംലോകത്തേക്ക് എത്തി. ബൽറാം ഇതറിഞ്ഞത് ഇപ്പോഴായിരിക്കാം. പക്ഷെ, കഴിഞ്ഞ അഞ്ചുവർഷം കേരളം ഭരിച്ചത് ബൽറാമി​​​​​​െൻറ പാർട്ടി നേതൃത്വം കൊടുത്ത സർക്കാരായിരുന്നെന്ന കാര്യം ഓർക്കണം, അപ്പോഴും ഗോവിന്ദാപുരത്ത് അയിത്തമുണ്ടായിരുന്നു. അതിന് മുമ്പ് അച്യുതാനന്ദൻ നേതൃത്വം കൊടുത്ത ഇടതു സർക്കാർ ഭരിച്ചപ്പോഴും അതിന് മുമ്പ് എ.കെ ആൻ്റണിയും ഉമ്മൻചാണ്ടിയും മാറി മാറി ഭരിച്ചപ്പോഴും അവിടെ അയിത്തം നിലനിന്നിരുന്നു. ഇപ്പോൾ വീണ്ടും ഇടത് സർക്കാർ. അപ്പോഴും ഗോവിന്ദാപുരത്തെ ദലിതുകളുടെ ജീവിതം മാടുക​െളപ്പോലെ തന്നെ.  

ഗോവിന്ദാപുരത്തെ അംബേദ്​കർ കോളനിയിൽ എത്തിയ വി.ടി. ബൽറാം എം.എൽ.എയോട്​ പരാതിപറയുന്ന കോളനിവാസികൾ
 

പ്രശ്നത്തിൽ ഫലപ്രദമായി ഇടപെടേണ്ടിയിരുന്ന രാഷ്ട്രീയ പാർട്ടികളും സമുദായ, സാമൂഹ്യ സംഘടനകളും പ്രാദേശിക, സംസ്​ഥാന, ദേശീയ ഭരണ സംവിധാനങ്ങളും അതിന് തയ്യാറായില്ല എന്നതാണ് ഗോവിന്ദാപുരത്തെ വീണ്ടും തീ പിടിപ്പിക്കുന്നതിൽ നിന്നും വ്യകതമാകുന്നത്​. പലരും മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്തു. സംഘടനാ ബലം വർദ്ധിപ്പിക്കാനോ വാർത്തകളിൽ ഇടം പിടിച്ച് പേരെടുക്കാനോ ഉള്ള സൂത്രപ്പണി മാത്രമായിരുന്നു ചിലർക്കെങ്കിലും അംബേദ്കർ കോളനിയിലെ അയിത്ത പ്രശ്നത്തിലെ ഇടപെടൽ. 

ഒന്ന​ും ശരിയായില്ല
13 വർഷം മുമ്പ്​ ‘മാധ്യമം’ ആഴ്​ചപ്പതിപ്പിൽ ഗോവിന്ദാപുരത്തെ ചക്​ലിയർ അനുഭവിക്കുന്ന അയിത്തത്തി​​​​​​െൻറ വാർത്ത റിപ്പോർട്ട്​ ചെയ്​പ്പോൾ നിരവധി - വ്യകതികളും സംഘടനകളും -വിശദാംശങ്ങൾ ചോദിച്ച്​ ഈ ലേഖകനെ വിളിച്ചിരുന്നു. പലരും അംബേദ്കർ കോളനിയിലെ അയിത്ത പ്രശ്നം തങ്ങൾ ഏറ്റെടുക്കാൻ പോകുകയാണെന്നും വൻ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണെന്നും പറഞ്ഞിരുന്നു. എന്നിട്ടിപ്പോൾ 13 വർഷം കഴഞ്ഞു, ഒന്നും സംഭവിച്ചില്ല. അവിടെ ദലിതർ ഇപ്പോഴും അകറ്റി നിർത്തപ്പെടുന്നുവെന്ന്, ആട്ടിയോടിക്കപ്പെടുന്നു എന്ന് വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. 
 

Tags:    
News Summary - Chakliyar govindhrapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.