ജാതിക്കയ്പ്പ് നിറഞ്ഞ മിഠായി ഭരണികൾ

സാമൂഹിക പരിഷ്കർത്താവായ ഇ.വി. രാമസാമിയെന്ന പെരിയോർ യുക്തിചിന്തകളും ജാതിവിരുദ്ധ സമരങ്ങളുമായി ഉഴുതുമറിച്ച തമിഴകമണ്ണിൽ ദലിത് മക്കൾക്കെതിരായ ജാതിക്രൂരതകൾ അന്തമില്ലാതെ തുടരുന്നു. മാറിമാറി അധികാരത്തിലേറിയ ദ്രാവിഡകക്ഷികൾക്കും ചെറുത്തുനിൽപ്പിന്‍റെ ഭാഗമായി പൊട്ടിമുളച്ച ദലിത് സംഘടനകൾക്കും നൂറ്റാണ്ടുകളായി രൂപപ്പെട്ട ജാതിവ്യവസ്ഥക്ക് കാതലായ മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോഴും നിലനിൽക്കുന്ന വിവേചനാചാരങ്ങൾ തെളിയിക്കുന്നത്.

ദലിത് കുഞ്ഞുങ്ങൾക്ക് മിഠായി വിൽക്കാൻ പോലും തയാറാവാത്തത്ര ഹീനമായിരിക്കുന്നു ജാതിചിന്തകൾ എന്നറിയുക. അത്തരമൊരു സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് തെങ്കാശിയിൽ കടയുടമ ശങ്കരൻകോവിൽ പാഞ്ചാകുളം എസ്. മഹേശ്വരൻ(40), ഗ്രാമമുഖ്യൻ കെ. രാമചന്ദ്രമൂർത്തി (22) എന്നിവർ കഴിഞ്ഞ ദിവസം എസ്.സി-എസ്.ടി നിയമപ്രകാരം അറസ്റ്റിലായിരുന്നു. മിഠായി വിലക്കിയ സാഹചര്യം കൂടി എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. 'അഗ്നിപഥ്' സൈനിക റിക്രൂട്ട്മെന്‍റ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ട് 'രാജ്യസേവനത്തിനായി' ഒരുങ്ങിനിന്നയാളാണ് രാമചന്ദ്രമൂർത്തി. രണ്ടു വർഷം മുമ്പ് ജാതിസംഘട്ടനത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയായതിനാൽ ഇയാൾക്ക് ജോലിയിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. കേസ് പിൻവലിക്കണമെന്നഭ്യർഥിച്ച് ദലിത് വിഭാഗത്തെ സമീപിച്ചെങ്കിലും അവർ തയാറായില്ല. അതിന്റെ പേരിൽ പ്രദേശത്തെ കടകളിൽ ദലിത് വിഭാഗക്കാർക്ക് സാധനങ്ങൾ വിൽക്കരുതെന്ന് ഗ്രാമത്തിലെ മേൽജാതിക്കാർ യോഗം ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു. ഭക്ഷ്യോൽപന്നങ്ങളുൾപ്പെടെ അവശ്യസാധനങ്ങൾ തടഞ്ഞ് പ്രദേശത്തെ ദലിത് കുടുംബങ്ങളെ പ്രയാസപ്പെടുത്തുക എന്നതുതന്നെയായിരുന്നു ലക്ഷ്യം. അതിനിടെയാണ് പാഞ്ചാകുളം ഗ്രാമത്തിലെ പെട്ടിക്കടയിലെത്തിയ യൂനിഫോമണിഞ്ഞ ദലിത് സ്കൂൾ വിദ്യാർഥികൾക്ക് മഹേശ്വരൻ മിഠായി നൽകാൻ വിസമ്മതിച്ചത്. ഇനിമുതൽ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വരരുതെന്നും ഗ്രാമമുഖ്യർ പങ്കെടുത്ത യോഗത്തിലെ തീരുമാനപ്രകാരമാണിതെന്ന് വീട്ടിൽ ചെന്നുപറയണമെന്നും ആട്ടിവിട്ട മഹേശ്വരൻ തന്നെയാണ് വിഡിയോ എടുത്ത് പ്രചരിപ്പിച്ചത്.

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലെ ഉൾഗ്രാമങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിലും പഞ്ചായത്ത് ഓഫിസുകളിലും സ്വാതന്ത്ര്യ-റിപ്പബ്ലിക് ദിന ചടങ്ങുകളിൽ ദലിത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് ദേശീയപതാക ഉയർത്തുന്നതിന് വിലക്കുണ്ട്.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ കള്ളക്കുറിച്ചി ജില്ലയിലെ എടുത്തവൈനത്തം ഗ്രാമ പഞ്ചായത്തിന്റെ വനിത പ്രസിഡന്‍റ് വി. സുധ പൊലീസിൽ പരാതി നൽകിയാണ് ഈ അവകാശം നേടിയത്. സർക്കാർ സ്കൂളിൽ ദേശീയ പതാക ഉയർത്തുന്നതിന് ഇവരെ വിലക്കിയ രക്ഷാകർതൃ അധ്യാപക സംഘടന(പി.ടി.എ)ക്കെതിരെയായിരുന്നു പരാതി.

റിപ്പബ്ലിക് ദിനാഘോഷത്തിൽ പട്ടികജാതി സ്ത്രീ പതാക ഉയർത്തുന്നത് അനുവദിക്കാനാവില്ലെന്ന് മേൽജാതിക്കാരായ സ്കൂൾ പി.ടി.എ പ്രസിഡന്‍റ് അരുൾകുമാറും വൈസ് പ്രസിഡന്‍റ് കണ്ണനും കട്ടായം പറയുകയായിരുന്നു. ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ ഇപ്പോഴും ദലിത് വിഭാഗക്കാർക്ക് പ്രവേശനം നിഷേധിക്കുന്നതായും സുധ പരാതിപ്പെട്ടിരുന്നു. പിന്നീട് ഗ്രാമമുഖ്യർ ഇടപെട്ട് സുധയെയും ഭർത്താവിനെയും പി.ടി.എ ഭാരവാഹികളെയും വിളിപ്പിച്ച് പൊലീസ് സാന്നിധ്യത്തിൽ ഒത്തുത്തീർപ്പുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്. ആദിവാസി വനിതയെ രാജ്യത്തിന്റെ പ്രസിഡന്റാക്കി എന്ന് അഭിമാനം കൊള്ളുന്ന കാലത്താണിതെല്ലാമെന്നോർക്കണം.

ജയ് ഭീമും 'പുഴുവും' വെറും സിനിമക്കഥകളല്ല

ജാതിമാറി വിവാഹം ചെയ്ത സഹോദരിയെയും ഭർത്താവിനെയും വിരുന്നിന് വിളിച്ച് അടിച്ചു കൊല്ലുന്ന ദൃശ്യങ്ങളുമായി 'പുഴു' എന്ന സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു വരവേ തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്ത് ഒരു വീട്ടിൽ അത് യഥാർഥ ജീവിതത്തിൽ ആവർത്തിക്കപ്പെടുന്നുണ്ടായിരുന്നു.

മിശ്ര വിവാഹിത ദമ്പതികളെ വിരുന്നിന് ക്ഷണിച്ചാണ് വധുവിന്‍റെ സഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ചെന്നൈയിൽ നഴ്സായി ജോലി ചെയ്തിരുന്ന കുംഭകോണം തുലുക്കവെളി ശേഖറിന്റെ മകൾ എസ്. ശരണ്യ (24), തിരുവണ്ണാമല പൊന്നൂർ വി. മോഹൻ (31) എന്നിവരാണ് കൊല്ലപ്പെട്ടത്. ശരണ്യ ദലിത്(നായ്ക്കർ) വിഭാഗക്കാരിയും മോഹൻ പട്ടികജാതിക്കാരനുമാണ്.

ശരണ്യയുടെ സഹോദരൻ ശക്തിവേൽ (31), ഭാര്യാ സഹോദരൻ രഞ്ജിത് (28) എന്നിവരാണ് പ്രതികൾ. ശരണ്യയെ രഞ്ജിത്തിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ പദ്ധതി. അസുഖബാധിതയായ മാതാവിനെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയപ്പോൾ പരിചയപ്പെട്ട മോഹനനെ വിവാഹം ചെയ്ത ശരണ്യ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചു. വിവാഹം തങ്ങൾ അംഗീകരിച്ചതായി ഉറപ്പു നൽകി വിരുന്നിന് ക്ഷണിച്ചു സഹോദരൻ. ജൂൺ 13ന് കുംഭകോണത്തെ വീട്ടിൽ വന്ന് വിരുന്ന് കഴിച്ച് ഇറങ്ങുമ്പോഴാണ് ശക്തിവേലും രഞ്ജിത്തും ചേർന്ന് കൊല നടത്തിയത്.

തമിഴകത്തെ ഇരുന്നൂറിലധികം ഗ്രാമങ്ങളില്‍ ഇപ്പോഴും ജാതി അതിക്രമങ്ങളും ജാതി വിവേചനാചാരങ്ങളും നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. തെക്കൻ തമിഴക ജില്ലകളിൽ തൊട്ടുകൂടായ്മാചാരങ്ങൾ പലവിധമാണ്. ബാര്‍ബര്‍ഷോപ്പില്‍ ദലിതര്‍ക്ക് മുടിവെട്ടാന്‍ അനുവാദമില്ല, കടകളില്‍ ദലിതര്‍ക്ക് ഇരിക്കാൻ പ്രത്യേക ബെഞ്ചുകളും പ്രത്യേക ഗ്ലാസും പ്ലേറ്റുമുണ്ട്. ദലിത് ഊരുകളെ വേർതിരിക്കുന്ന ജാതിമതിലുകളും നിരവധി.

ബ്രാഹ്മണർക്ക് പുറമെ മധ്യജാതികളായ വണ്ണിയര്‍, തേവര്‍, കൗണ്ടര്‍, ചെട്ടിയാര്‍, നായിഡു, കള്ളര്‍ മുതലായ വിഭാഗങ്ങളും ദലിതുകൾക്കുനേരെ ക്രൂരതകള്‍ അഴിച്ചുവിടും.

തമിഴ് രാഷ്ട്രീയത്തില്‍ ജാതിസംഘടനകളുടെ സ്വാധീനം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ജാതിസംഘടനകള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളില്‍നിന്ന് നടപടി ഉണ്ടാകാറില്ല. ജാതി അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പരാതിയുമായെത്തുന്ന ദലിതരെ അനുരഞ്ജനത്തിന് നിർബന്ധിക്കുകയാണ് പൊലീസ് രീതി. പൊലീസിനെ സ്വാധീനിച്ച് മേൽജാതിക്കാർ കൊലപാതക കേസുകൾ പോലും അട്ടിമറിക്കും. ഈ വർഷം പുറത്തിറങ്ങിയ ജയ്ഭീം, റൈറ്റർ എന്നീ തമിഴ് സിനിമകൾ പൊലീസ് നടത്തുന്ന അതി നികൃഷ്ഠമായ ജാതിക്രൂരതകൾ ചർച്ച ചെയ്തിരുന്നു.

തമിഴ്നാട്ടിൽ അഞ്ച് വർഷത്തിനിടെ 300ലധികം പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങളിൽപെട്ടവരാണ് കൊല്ലപ്പെട്ടത്. ഇതിൽ 13 കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 30 കേസുകളിൽ പ്രതികളെ വെറുതെവിട്ടു. മറ്റു കേസുകളിൽ പൊലീസ് അന്വേഷണം - കോടതി വിചാരണ നടപടികൾ അനിശ്ചിതമായി നീളുകയാണ്.

മധുര 'എവിഡൻസ്' എന്ന മനുഷ്യാവകാശ -സന്നദ്ധ സംഘടന 2016 ജനുവരി മുതൽ 2020 ഡിസംബർ വരെ നടന്ന തമിഴ്‌നാട്ടിലെ ജാതി കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരാവകാശ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

സംസ്ഥാനത്തെ 38 ജില്ലകളിൽ 35 ജില്ലകളിൽ നിന്നാണ് വിവരാവകാശ രേഖകൾ ലഭ്യമായത്. 300 പട്ടികജാതി /പട്ടികവർഗക്കാർ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 229 കേസുകളിൽ കോടതി വിചാരണ നടക്കുന്നു. 28 കേസുകളിൽ പൊലീസ് അന്വേഷണം പൂർത്തിയായിട്ടില്ല. അഞ്ച് വർഷകാലയളവിൽ 13 കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 30 കേസുകളിൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടു. അരിയല്ലൂർ, ചെന്നൈ, കന്യാകുമാരി, തിരുപ്പൂർ, മയിലാടുതുറൈ ജില്ലകളിൽനിന്നു കൂടി വിവരാവകാശ രേഖ ലഭ്യമായിരുന്നുവെങ്കിൽ മൊത്തം കൊലപാതകങ്ങളുടെ കണക്ക് 340 മുതൽ 350 വരെയാകുമെന്ന് റിപ്പോർട്ട് പറയുന്നു.

ഏറ്റവും കൂടുതൽ കൊലപാതകങ്ങളുള്ള പട്ടികയിൽ തൂത്തുക്കുടി ജില്ലയാണ് മുന്നിൽ (29). ഇതിൽ 22 എണ്ണം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. നാല് കേസുകളിൽ പ്രതികളെ വെറുതെ വിട്ടു. മധുര (28), കള്ളക്കുറിച്ചി (24), നാഗപട്ടണം (19) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പിന്നാക്ക വിഭാഗക്കാരുടെ കൊലപാതക കേസുകളുടെ എണ്ണം.

2016 മുതൽ 2020 വരെ എല്ലാ മാസവും ശരാശരി അഞ്ച് മുതൽ ആറ് വരെ പട്ടികജാതി /വർഗക്കാരുടെ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കുറ്റവിമുക്തരാക്കപ്പെട്ട കേസുകളിൽ സംസ്ഥാന ഭരണകൂടം കൃത്യസമയത്ത് വിധിക്കെതിരെ അപ്പീൽ നൽകുന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഗുരുതര കൃത്യനിർവഹണ വീഴ്ചയാണ് ഉണ്ടാവുന്നതെന്നും 'എവിഡൻസ്' സ്ഥാപക നേതാവ് എ. കതിർ ആരോപിക്കുന്നു.●  

Tags:    
News Summary - Caste Politics and Institutions of Power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.