അമിത്​ ഷാ തൊടു​േമ്പാൾ ദലിതുകൾ ലജ്ജിക്കണം

സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍  രാഷ്ട്രീയം ആത്മീയതയുമായി ഇഴുകിചേര്‍ന്നാണ് നിലനിന്നിരുന്നത്​. ഗാന്ധിയന്‍ രാഷ്ട്രീയവും ആത്മീയതയും ഇതിനുള്ള ഒന്നാംതരം ഉദാഹരണം. ഗാന്ധിയന്‍ രാഷ്ട്രീയത്തിന്‍റെ കേന്ദ്രം തന്നെ അദ്ദേഹത്തിന്‍റെ ആശ്രമങ്ങള്‍ ആയിരുന്നുവല്ലോ. കേവലം ആശ്രമം ഉണ്ടായാല്‍  മാത്രം അത് പുരോഗമനാത്മകമായ ആത്മീയതയായി  അന്ന്  പരിഗണിച്ചിരുന്നില്ല. അക്കാലത്ത്  ആത്മീയത ആധുനികവും, പുരോഗാമിയും മാനവികത വഴിയുന്നതും  ആകണമെങ്കില്‍ ആശ്രമത്തില്‍ ചുരുങ്ങിയത് ഒരു ദലിത് കുടുംബം എങ്കിലും ഉണ്ടായിരിക്കണമായിരുന്നു. ആ തത്വം കൃത്യമായി പാലിച്ച ആളായിരുന്നു ഗാന്ധി .  ഗാന്ധിയുടെ രാഷ്ട്രീയം അടുത്തറിയുന്ന ആരും പറയില്ല അദ്ദേഹം ജീവിതത്തില്‍ ഒരിക്കലെങ്കിലും ദലിതരുടെ രാഷ്ട്രീയ സാമൂഹ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി  ചെറുവിരലെങ്കിലും അനക്കിയിരുന്നുവെന്ന്‍ . എന്നാല്‍, തന്‍റെ എഴുത്തിലൂടെ പ്രസംഗങ്ങളിലൂടെ തന്നെ തന്നെ സ്വയം ഒരു തോട്ടിയായി ചിത്രീകരിക്കുകയും, ഒരു നല്ല തോട്ടിക്കുണ്ടാകേണ്ട ഗുണങ്ങളെപറ്റി വാചാലനാകുകയും, ഒരു നല്ല തോട്ടിയായി ദലിതര്‍ ആത്മാഭിമാനത്തോടെ ജീവിക്കേണ്ടതിന്‍റെ ആവശ്യകതയെപറ്റി, ദലിതരും ഹിന്ദുക്കളും തമ്മിലുണ്ടാകേണ്ട  ജൈവികമായ ബന്ധത്തെപ്പറ്റി, അതുവഴി ഹിന്ദുമതത്തിലുണ്ടാകേണ്ട  ഐക്യത്തെപ്പറ്റി വാതോരാതെ പറഞ്ഞ പൊള്ളയായ വാക്കുകള്‍ക്കു പുറകില്‍ സമര്‍ത്ഥമായി ഒളിപ്പിച്ചുവെച്ച, ദലിത് വിരുദ്ധതയെ, ഗാന്ധിയന്‍ കാപട്യത്തെ, ഗാന്ധിയുടെ മഹാത്മാ പട്ടം വലിച്ചു കീറിയാല്‍ ആര്‍ക്കും കാണാവുന്നതേയുള്ളൂ.

ഗാന്ധിയുടെ ദലിത് പ്രേമം സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഒരു കുറുക്കുവഴിയായിരുന്നു. അതില്‍ സത്യസന്ധതയുടെ ഒരു നേര്‍ത്ത കണിക പോലുമുണ്ടായിരുന്നില്ല. തറവാടായാല്‍ മുറ്റത്ത് ഒരാനയും അകത്തൊരു സംബന്ധവും ഉണ്ടായിരിക്കണം എന്ന നവോത്ഥാന പൂര്‍വ്വ കേരളത്തിന്‍റെ അടയാളം പോലെയായിരുന്നു ഗാന്ധിക്കൊരാശ്രമവും  അതിനുള്ളിലെ  ദലിത് കുടുംബവും.   ആശ്രമത്തിനു വെളിയില്‍ ദലിതര്‍ അനുഭവിച്ച അയിത്തത്തിനെതിരെയും അസ്​പൃശ്യതക്കെതിരെയ​​ും, വിഭവരഹിത പുറമ്പോക്കുകളില്‍ അവര്‍ തളച്ചിടപ്പെട്ടതിനെതിരെയ​ും ഒരക്ഷരം പോലും പറയാനോ രാഷ്ട്രീയമായി ആ പ്രശ്നങ്ങളെ കാണാനോ ഗാന്ധി തയ്യാറായിരുന്നില്ല. ഗാന്ധിയുടെ കണ്ണില്‍ അയിത്തം ഒരു രാഷ്ട്രീയ പ്രശ്നമേ ആയിരുന്നില്ല. മറിച്ച്, സവർണ ഹിന്ദുക്കളില്‍ മാനസാന്തരം ഉണ്ടായാല്‍ മാത്രം പരിഹരിക്കാന്‍ കഴിയുന്ന ഒരു സാമൂഹ്യപ്രശ്നം മാത്രമായിരുന്നു.  ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എഴുപത്തിയേഴു വര്‍ഷം കഴിഞ്ഞിട്ടും അമിത് ഷാക്കും, ​െയദിയൂരപ്പയ്ക്കും  പുരോഗമനപരമായ കാര്യം ചെയ്യണമെങ്കില്‍  ദലിതരുടെ വീട്ടില്‍ പോയി  മൂക്കും കണ്ണും പൊത്തി എന്തെങ്കിലും തിന്നെന്നു ഭാവിച്ചാലേ മതിയാകൂ എന്നത് ഗാന്ധിയുടെ പ്രേതം അവരിലൂടെ പുനരവതരിക്കുന്നു എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത് . 

അമിത് ഷാ ഒരു ബ്രാഹ്​മണ​​​​െൻറയോ, നായരുടെയോ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ അവരും അവരുടെ അനുയായികളും അവര്‍ക്ക് കുഴലൂതുന്ന മാധ്യമങ്ങളും കൊട്ടിഘോഷിക്കുമോ...?  ഒരിക്കലുമില്ല. പിന്നെന്തുകൊണ്ടാണ്‌ ദലിതരുടെ വീട്ടില്‍ നിന്നും കഴിക്കുമ്പോള്‍ മാത്രം അതൊരു വാര്‍ത്തയാകുന്നത്...? 

അതിന്‍റെ കാരണം ഇപ്പോഴും ദലിതരെ പൊതുസമൂഹം മനുഷ്യരായി കാണുന്നില്ല എന്നത് മാത്രമാണ്.  ഒരു മനുഷ്യന്‍റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു എന്നത് ഒരാശ്ചര്യകരമായ ത്യാഗമായോ, മഹമനസ്കതയായോ  പറയേണ്ടതില്ലല്ലോ.   ദലിതരെ മനുഷ്യരായി കാണാതിരിക്കുമ്പോള്‍ മാത്രമാണ് അവരുടെ ഭക്ഷണം കഴിക്കുമ്പോള്‍ അതൊരു വാര്‍ത്തയും ത്യാഗവും ആയി മാറുന്നത് . അങ്ങനെ പറയാന്‍  ലജ്ജയില്ലാത്ത രാഷ്ട്രീയ പാപ്പരത്വത്തെയും സാംസ്കാരിക ആഭാസത്തെയും അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമ്പോള്‍ തന്നെ  അത്തരം രാഷ്ട്രീയാശ്ലീലത്തിന്‍റെ പുറകിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ കാണാപ്പുറങ്ങളും കാണേണ്ടിയിരിക്കുന്നു. 

അമിത് ഷാ തിരുവനന്തപുരത്ത് കേരള നേതാക്കള്‍ക്കൊപ്പം
 

ബ്രാഹ്മണ ഹിന്ദുത്വത്തിന്‍റെ രാഷ്ട്രീയാജണ്ട ഉറപ്പിച്ചിരിക്കുന്നത് പ്രധാനമായും രണ്ടു തൂണുകളിലാണ്​. ബ്രാഹ്മണ ദേശീയതയും ബ്രാഹ്മണ മുതലാളിത്തവുമാണ് ആ തൂണുകൾ. ബ്രാഹ്മണ ദേശീയതയ്ക്കകത്തേക്ക് ദലിതരെയും ആദിവാസികളെയ​ും നവഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ വക്താക്കള്‍ സ്വാഗതം ചെയ്യുമ്പോള്‍ ബ്രാഹ്മണ മുതലാളിത്തത്തിന്‍റെ വികസന പരിപ്രേക്ഷ്യത്തില്‍ നിന്നും ബോധപൂര്‍വ്വം അവരെ മാറ്റിനിര്‍ത്തുന്നു. സ്വാതന്ത്ര്യാനന്തര കാലം മുതല്‍ക്കേ ഇന്ത്യയുടെ വികസന ശ്രമങ്ങളുടെ, അത് നെഹ്​റുവിയൻ സോഷ്യലിസത്തിലൂടെ ആയാലും, നവലിബറല്‍ ബ്രാഹ്മണ മുതലാളിത്തത്തിലൂടെ ആയാലും, ബലിയാടുകള്‍ ദലിതരും ആദിവാസികളും ആയിരുന്നു. ഇന്ത്യയിലെ ഡാമുകള്‍ക്ക് വേണ്ടിയും, കനാലുകൾക്കു വേണ്ടിയും, ജലവൈദ്യുത പദ്ധതികള്‍ക്കു വേണ്ടിയും, അണുനിലയങ്ങള്‍ക്കു വേണ്ടിയും, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ക്കു വേണ്ടിയും കിടപ്പാടവും  ജീവിതായോധന ഉപാധികളും നഷ്ടപ്പെടുത്തിയത് ഈ രാജ്യത്തെ ദലിതര്‍ മാത്രമായിരുന്നു. സവര്‍ണ്ണരുടെ വികസനത്തിനായി ദലിതര്‍ സഹിച്ചുകൊണ്ടിരിക്കുന്ന ത്യാഗങ്ങള്‍ ഇന്നും തുടരുന്നു.  ഹിന്ദുത്വ ഭരണകൂടം അതിന്‍റെ ബലപ്രയോഗങ്ങളിലൂടെ ദലിത് ആദിവാസി സമൂഹങ്ങളെ ഇല്ലാതാക്കുകയോ രാഷ്ട്രീയമായി നിശബ്ദരാക്കുകയോ ചെയ്യുന്നു. വടക്കേയിന്ത്യയിലെ കല്‍ക്കരി പാടങ്ങള്‍ നമ്മോട് പറയുന്നത് ആ ബലപ്രയോഗത്തിന്‍റെ കഥകളാണ്. 

കർണാടകയിലെ ബി.ജെ.പി നേതാവ്​ യെദിയൂരപ്പ ദലിത്​ കുടുംബത്തിൽനിന്ന്​ പ്രാതൽ കഴിക്കുന്നു
 

ബ്രാഹ്മണ മുതലാളിത്തത്തില്‍ നിന്നും ബലമായി അകറ്റി നിര്‍ത്തുമ്പോള്‍ തന്നെ ബ്രാഹ്മണ ഹിന്ദുത്വ  ദേശീയതയിലേക്ക് ആദിവാസി ദലിത് ജനവിഭാഗങ്ങളെ പ്രവേശിപ്പിക്കുവാനും അവരെ മുസ്​ലിംകൾക്കെതിരെ നിര്‍ത്താനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഹിന്ദുത്വരാഷ്ട്രീയം പയറ്റുന്നുമുണ്ട്. അതില്‍ ഒരു പരിധിവരെ അവര്‍ വിജയിക്കുന്നുമുണ്ട്. ഒരു കൈ കൊണ്ട് തലോടുകയും മറുകൈ കൊണ്ട് തല്ലുകയും ചെയ്യുന്ന കാപട്യമാണ്  നവഹിന്ദുത്വരാഷ്ട്രീയം ദലിത് ആദിവാസി സമൂഹങ്ങളോട് ചെയ്യുന്നത്. ദലിത്​ കുടുംബത്തില്‍ പോയി ഭക്ഷണം കഴിക്കുന്ന അമിത് ഷായുടെ നടപടി വ്യാജ തലോടല്‍ അല്ലാതെ മറ്റൊന്നുമല്ല . അമിത ഷായുടെ സ്പര്‍ശം ഒരു തൊടല്‍ മാത്രമാണ്, അതില്‍ താദാത്മ്യത്തിന്‍റെ ഒരംശം  പോലുമില്ല. ആ സ്പര്‍ശത്തില്‍  ദലിതര്‍ക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് മാത്രമല്ല അപമാനം തോന്നാന്‍ ഏറെയുണ്ട് താനും . നൂറ്റാണ്ടുകളോളം  തങ്ങളെ ജാതീയമായി അപമാനിക്കുകയും  കൊടിയ  പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും,  ഹിന്ദു ഗ്രാമങ്ങള്‍ക്ക് വെളിയില്‍ അടിമകളെപ്പോലെ തടവിലിടുകയും   ചെയ്ത സവര്‍ണ്ണ ഹിന്ദുക്കളോട് ഐക്യപ്പെടാന്‍ പറ്റുന്ന ഒരിടവും ദലിതര്‍ക്കില്ലെന്ന് അവര്‍ തിരിച്ചറിയുമ്പോള്‍ മാത്രമേ അമിത് ഷായുടെ സ്പര്‍ശവും പന്തീഭോജനവും എത്രമേല്‍ രാഷ്ട്രീയാപമാനവും സാംസ്കാരികാശ്ലീലവും, കാപട്യവുമാണെന്ന്  ദലിതര്‍ക്ക് തിരിച്ചറിയാന്‍ കഴിയൂ . ആതിരിച്ചറിവില്‍ നിന്നുമാത്രമേ നവ ദലിത് രാഷ്ട്രീയം ഉരുവം കൊള്ളുകയുള്ളൂ .

Tags:    
News Summary - BJP PRESIDENT AMIT SHAH EATS AT DALIT'S HOUSE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.