ഇന്ത്യ കണ്ട ഏറ്റവും മഹാനായ സംഗീതജ്ഞനാണ് ഡോ. ബാലമുരളീകൃഷ്ണ എന്ന് നിസ്സംശയം പറയാം. ക്ളാസിക്കല്‍ സംഗീതജ്ഞ നിരയില്‍ മഹത്തായ പാരമ്പര്യവും സംഗീത വൈവിധ്യവുംകൊണ്ട് ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ക്കാണ് പണ്ടു മുതലേ നമ്മുടെ രാജ്യത്ത് ഉന്നത പദവി ലഭിച്ചുപോന്നത്. വൈവിധ്യവും ലോകത്തെ വിവിധ സംഗീത ശാഖകളുടെ സംഗമവുംകൊണ്ട് ഹിന്ദുസ്ഥാനിക്ക് സ്വതവേയുള്ള സ്വീകാര്യതയാണ് അതില്‍ മുഖ്യം. എന്നാല്‍, ആ പാരമ്പര്യത്തിന്‍െറ പ്രണേതാക്കളുടെ സംഗീത മണ്ഡപത്തിലേക്ക് ജുഗല്‍ബന്ദിയെന്ന സംഗീത പരീക്ഷണവുമായി ഉത്തരേന്ത്യയിലേക്ക് ആദ്യമായി പ്രവേശിക്കുന്നത് ബാലമുരളീകൃഷ്ണ എന്ന ഇതിഹാസമായിരുന്നു.

ഇന്ത്യന്‍ സംഗീതത്തില്‍തന്നെ പരീക്ഷണത്തിന്‍െറ പുതുകാലത്തെ നിശ്ചയിച്ചത് ജുഗല്‍ബന്ദികളായിരുന്നു. പാരമ്പര്യവാദികളായ മഹാന്മാരായ പല കര്‍ണാടക സംഗീതജ്ഞരും ഈയൊരു ഉദ്യമത്തോട് മുഖംതിരിഞ്ഞ് നിന്നപ്പോള്‍ സംഗീതവഴിയില്‍ വേറിട്ടുസഞ്ചരിച്ച ബാലമുരളീകൃഷ്ണ തന്‍െറ സംഗീത ജീവിതത്തിലെ മറ്റൊരു ഇതിഹാസം അങ്ങനെ എഴുതി ചേര്‍ക്കുകയായിരുന്നു. അന്ന് കിശേതി സമേഖര്‍നെ പോലുള്ള ഒരു വലിയ സംഗീതജ്ഞ വേദിയില്‍നിന്ന് ഇറങ്ങിപ്പോയ ചരിത്രമുണ്ടായിട്ടുണ്ട് ജുഗല്‍ബന്ദിയില്‍. അന്നവര്‍ പറഞ്ഞത് ബാലമുരളീകൃഷ്ണ ഗിമ്മിക്ക് കാട്ടുന്നു എന്നായിരുന്നു. എന്നാല്‍, ഭീംസണ്‍ ജോഷിയെ പോലുള്ള സംഗീതജ്ഞര്‍ക്ക് അതായിരുന്നില്ല അഭിപ്രായം. അങ്ങനെ ചിലരുടെ അഭിപ്രായം കൊണ്ടല്ല ബാലമുരളീകൃഷ്ണയെ വിലയിരുത്തേണ്ടത്. പല സംഗീതജ്ഞരും അദ്ഭുത ജന്മമെന്നും  ഇങ്ങനെ ഒരാളെ സംഗീതത്തിനായി ദൈവം സൃഷ്ടിച്ചുവെന്നും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിന് നിരവധി ഉദാഹരണങ്ങള്‍ ബാലമുരളീകൃഷ്ണയുടെ സംഗീത ജീവിതം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നാലാം വയസ്സില്‍ അച്ഛന്‍ വീട്ടില്‍ സംഗീതം പഠിപ്പിക്കുമ്പോള്‍ കുട്ടികളെ തിരുത്തുമായിരുന്നു അദ്ദേഹം. അങ്ങനെ പ്രതിഭാധനനായ ഒരു കുട്ടി എട്ടാം വയസ്സില്‍ ഒരു മുഴുനീള കച്ചേരി അവതരിപ്പിച്ചു. വിജയവാഡയിലെ സംഗീത മഹത്തുക്കളെ വിസ്മയിപ്പിച്ചതിലും അദ്ഭുതപ്പെടാനില്ല. എന്നാല്‍, അതിലും വലിയ അദ്ഭുതമായി സംഗീത ലോകം കരുതുന്നത് 15ാം വയസ്സില്‍ എഴുപത്തിരണ്ട് മേളകര്‍ത്താ രാഗങ്ങളിലും പ്രാവീണ്യം നേടുകയും കൃതികള്‍ രചിക്കുകയും ചെയ്തു എന്നതിലാണ്. സംഗീതജ്ഞന്‍ എന്ന നിലയില്‍ ബാലമുരളി പണ്ടേ കണ്ടത്തെിയത് വേറിട്ട വഴിയായിരുന്നു. അന്നുമുതലേ പാരമ്പര്യ വാദികള്‍ മനസ്സിലാക്കിയിരുന്നു ഈ സംഗീതജ്ഞന്‍ പാരമ്പര്യത്തെ വെല്ലുവിളിക്കുകയാണെന്ന്. അന്ന് ഒരു പക്ഷേ, സംഗീത ലോകം അത് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പലപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും മഹാവേദികളില്‍ വെല്ലുവിളിച്ച് ബാലമുരളീകൃഷ്ണ തന്‍െറ സംഗീതം ജനകീയമാക്കി. ഒരു കീര്‍ത്തനം അതിന്‍െറ പല്ലവിയില്‍നിന്നുതന്നെ തുടങ്ങണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. കച്ചേരി സമ്പ്രദായം കൊണ്ടുവന്ന അരിയക്കുടി രാമാനുജ അയ്യങ്കാരെ കേട്ടുവളര്‍ന്ന അദ്ദേഹത്തിന് അതൊരു പരീക്ഷണ വിജയമായിരുന്നു. മൃദംഗവും വയലിനും വിയോളയും വീണയും എല്ലാം വേദികളില്‍ ഒരുപോലെ കൈകാര്യം ചെയ്യുന്ന ബാലമുരളി ആ രംഗത്തും വിസ്മയങ്ങള്‍ തീര്‍ത്തു. എം.എസ്. സുബ്ബലക്ഷ്മി അടക്കമുള്ള മഹാസംഗീതജ്ഞര്‍ നില്‍ക്കുന്ന വേദികളില്‍ സങ്കീര്‍ണ താളങ്ങളില്‍ പാടി അവരുടെ താളബോധത്തെ ചോദ്യം ചെയ്തിട്ടുണ്ട് അദ്ദേഹം. ഇത് പുറത്തധികം ചര്‍ച്ച ചെയ്തിട്ടുണ്ടാകില്ല. എന്നാല്‍, ആരെയും വെല്ലുവിളിക്കാനല്ല, തന്‍െറ പ്രധാനമായ സംഗീതബോധമാണ് അദ്ദേഹത്തെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്. വീട്ടിലിരുന്ന് സാധകം ചെയ്യുന്ന സ്വഭാവംപോലും അദ്ദേഹത്തിനില്ളെന്ന് അടുത്തറിഞ്ഞവര്‍ പറയാറുണ്ട്. ഇത് വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമുണ്ടാകും.

ബാലമുരളിയുടെ സ്വരപ്രസ്ഥാരവും താളവും എന്നും പ്രസിദ്ധമാണ്. കാരണം, കണക്കുകളുടെ അദ്്ഭുത പ്രപഞ്ചമാണ് അദ്ദേഹം സ്വരങ്ങളിലും താളങ്ങളിലും സൃഷ്ടിക്കാറുള്ളത്. ഇത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന് കരുതുമ്പോഴും ബാലമുരളിയുടെ ജനപ്രിയത അതിന് ഒരു മറുചോദ്യമാണ്. തന്‍െറ സംഗീതം കണക്കുകളാണെങ്കിലും ആറാം ക്ളാസില്‍ പഠനം നിര്‍ത്തിയ തനിക്ക് കണക്കിന് സ്കൂളില്‍ കിട്ടിയത് വട്ടപ്പൂജ്യമാണെന്ന് അദ്ദേഹം പറയാറുണ്ട്. കീര്‍ത്തനങ്ങളും തില്ലാനകളും ജാവളികളും മറ്റുമായി ആയിരക്കണക്കിന് രചനകള്‍ നടത്തിയിട്ടുള്ള അദ്ദേഹം വാഗേയകാരന്‍ എന്ന നിലയിലും പേരെടുത്തു. എല്ലാ കാലത്തും ഇന്ത്യന്‍ സംഗീതത്തിന്‍െറ വിസ്മയ മുഖമായിരുന്നു ബാലമുരളീകൃഷ്ണ.

Tags:    
News Summary - Balamuralikrishna: Veteran Carnatic musician

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.