കത്തിച്ചാലെന്ത്, കത്തിച്ചില്ലെങ്കിലെന്ത്?

ഒന്ന്

2011-12 വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍െറ ഉദ്ഘാടനം കോഴിക്കോട് ലോ കോളജിലായിരുന്നു നടന്നത്. നിലവിളക്ക് കൊളുത്തുന്നതിനു പകരം അപ്രാവശ്യം പ്രാവിനെ പറത്തിച്ചാണ് ഡോ.കെ.എന്‍. പണിക്കര്‍ യൂനിയന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങ് തീരുന്നതുവരെ, സ്റ്റേജിനുപിറകുവശം കെട്ടിയ ആ കര്‍ട്ടനു മുകളില്‍ ആ വെള്ളപ്രാവ്, സര്‍വതും ശ്രദ്ധിക്കുംവിധം അനങ്ങാതിരിക്കുകയായിരുന്നു. അതെങ്ങാനും അവ്വിധം ഇരിക്കാതെ ചുമ്മാ തെക്കും വടക്കും പറന്നുകളിച്ചിരുന്നെങ്കില്‍, ഉദ്ഘാടനചടങ്ങിന്‍െറ പൊലിമ കുറഞ്ഞുപോകുമായിരുന്നു. ആ വിളക്ക് കത്തിച്ചിരുന്നെങ്കില്‍ എന്നു പറയാന്‍ ചിലര്‍ക്കെങ്കിലും അവസരം കിട്ടുമായിരുന്നു. എന്നാല്‍, സന്ദര്‍ഭഗൗരവം ഉള്‍ക്കൊണ്ടിട്ടെന്നോണം ആ പ്രാവ് പ്രകടിപ്പിച്ച ഒൗചിത്യബോധം(!) ഉദ്ഘാടനത്തിന് നല്‍കിയത് വേറിട്ടൊരു ഉള്ളടക്കമാണ്.

കൈയക്ഷരം നന്നാക്കാന്‍ കുട്ടികളോട് ‘‘നാനാത്വത്തില്‍ ഏകത്വം’’ എന്നൊക്കെ പറയുമെങ്കിലും, ‘ഏകത്വത്തെ’ നാനാവിധത്തില്‍ ദൃഢപ്പെടുത്തുംവിധമാണ് നമ്മുടെ ‘ദേശീയത’ മുന്നേറുന്നത്! കൈയക്ഷരവും! അതുകൊണ്ടാണ് നാടമുറിക്കല്‍, മെഴുകുതിരി കത്തിക്കല്‍, ബള്‍ബിടല്‍, ഉദ്ഘാടനം ചെയ്യുന്നു എന്നു പറയല്‍, പുസ്തകം തുറന്ന് വായിക്കല്‍ തുടങ്ങിയ അനുഷ്ഠാനം ഉദ്ഘാടനവേദികളില്‍ അരങ്ങേറാറുണ്ടെങ്കിലും, ദൃശ്യപ്പൊലിമക്കും സാംസ്കാരികപ്പൊലിമക്കും പാരമ്പര്യ സംരക്ഷണത്തിനും അത്യുത്തമം വിളക്കായതിനാലും, വെളിച്ചം അറിവായതിനാലും നിലവിളക്കാണ് പൊതുവില്‍ ഉദ്ഘാടനവേദികളില്‍ ‘ആഢ്യപദവി’ അലങ്കരിക്കാറുള്ളത്. എന്നാല്‍ ‘വെളിച്ചം’ എന്ന ഗുണം നിലവിളക്കിന് മാത്രമല്ല, മെഴുകുതിരിക്കും വൈദ്യുതിബള്‍ബിനുംകൂടി അവകാശപ്പെട്ടതാണ്. കൂടുതല്‍ വെളിച്ചം കൂടുതല്‍ അറിവാകുമെങ്കില്‍ ട്യൂബ് ലൈറ്റിനാണ് ഉദ്ഘാടനവേളയില്‍ പ്രഥമപരിഗണന നല്‍കേണ്ടത്! എന്നാല്‍, കക്ഷി ഭാരതീയനല്ല, വരുത്തനാണ് എന്നൊരു പ്രശ്നമുണ്ട്. അതുകൊണ്ടാവണം ഉദ്ഘാടനവേദിയില്‍, നിലവിളക്കുതന്നെ നിവര്‍ന്നുനില്‍ക്കുന്നത്. ഉദ്ഘാടനം നിലവിളക്ക് കത്തിച്ചോ സാര്‍വദേശീയഗാനം പാടിയോ ചുമ്മാ ഉദ്ഘാടനം ചെയ്തുവെന്ന് പറഞ്ഞോ, ഇനി ഇതിലൊന്നും പെടാത്ത വേറൊരു ചടങ്ങ് കണ്ടത്തെിയോ നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍, ‘പാരമ്പര്യസംരക്ഷണം’ കൂടി ഉദ്ഘാടനത്തില്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ‘വിളക്കു കത്തിക്കല്‍’ ഇപ്പോഴുള്ളവിധം പോരെന്നാണ്, നിരവധി ഉദ്ഘാടനങ്ങളില്‍ വിളക്ക് കത്തിച്ചുള്ള അനുഭവത്തില്‍നിന്ന് എനിക്ക് തോന്നുന്നത്. നാലുതരം ‘കത്തിക്കല്‍ രീതികളാണ്’ പൊതുവില്‍ ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. ഒന്നാമത്തേത്, ചെരിപ്പഴിച്ചുവെച്ച്, ഭക്തിപൂര്‍വം, ആവശ്യാനുസരണം കുനിഞ്ഞ് ‘ഭദ്രദീപം’ കൊളുത്തലാണ്. രണ്ടാമത്തേത്, ഇപ്പോള്‍ പൊട്ടിത്തെറിക്കുമോ എന്ന് പേടിച്ച് പടക്കത്തിന് തീകൊളുത്തുംപോലെ നിവര്‍ന്നുനിന്ന് കൈനീട്ടിയുള്ള വല്ലാത്തൊരു കത്തിക്കലാണ്. ഇതിലും ഭേദം ‘പടക്കം പൊട്ടിച്ച്’ ഉദ്ഘാടനം നടത്തുന്നതാണെന്ന്, ഇത് കണ്ടാലാര്‍ക്കും തോന്നിപ്പോകും. മൂന്നാമത്തേത്, ഇത് രണ്ടിനുമിടയിലുള്ള ഒരു പതുങ്ങിനില്‍പാണ്. പരിചയക്കുറവുകൊണ്ട് സംഭവിക്കുന്നതാണെന്നതിനാല്‍ ഇത് പൊറുക്കാം. നാലാമത്തേത്, മൊബൈല്‍ ചെവിട്ടില്‍വെച്ച് ഒരുമാതിരി പോസ്റ്റ് മോഡേണ്‍ ടൈപ്പ് കത്തിക്കലാണ്. ഇതിലും നല്ലത് ‘‘കത്തിച്ചുവെച്ച വിളക്ക് ഊതിക്കെടുത്തി’’ പുതിയ മോഡല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണെന്ന് തോന്നിപ്പോകും.

ഏകദേശം ഒരു വര്‍ഷം മുമ്പ്, കാസര്‍കോട്ടുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ്, റിപ്പോര്‍ട്ടര്‍ ചാനലിന്‍െറ  ‘നിലവിളക്ക്’ സംവാദത്തില്‍, പങ്കെടുക്കാനൊരവസരം കിട്ടിയത്. നിലവിളക്ക് കത്തിച്ചും കത്തിക്കാതെയും കേരളത്തില്‍ ഉദ്ഘാടനങ്ങള്‍ നന്നായി നടക്കുമെന്നതിനാല്‍ ‘നിലവിളക്ക് വിവാദം’ അത്ര ഗൗരവമാര്‍ന്നൊരു വിഷയമായി തോന്നിയിട്ടേയില്ലായിരുന്നു. ഒരു സാംസ്കാരിക പ്രവര്‍ത്തകനെന്നനിലയില്‍, നിലവിളക്ക് കത്തിച്ചുള്ള ഉദ്ഘാടനത്തിലും കത്തിക്കാതെയുള്ള ഉദ്ഘാടനത്തിലും പങ്കെടുക്കാനെനിക്ക് അവസരം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. രണ്ടും തമ്മില്‍ മൗലികമായി ഒരു വ്യത്യാസവും നാളിതുവരെ അനുഭവപ്പെട്ടിട്ടില്ല. കത്തിക്കുന്നവര്‍ക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യാനും കത്തിക്കാത്തവര്‍ക്ക് കത്തിക്കാതെ, ‘‘ഉദ്ഘാടനം ചെയ്യുന്നു’’ എന്നുമാത്രം പറഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. വിളക്ക് കൊളുത്തിയില്ളെങ്കില്‍, മതേതരത്വം മോഹാലസ്യപ്പെട്ട് വീഴും എന്ന തരത്തിലുള്ള നാടുവാഴിത്ത തമാശകള്‍ ഈ ആധുനികകാലത്തും മതേതരവാദികള്‍ ആവര്‍ത്തിക്കരുത്. വിളക്കിന് അനുകൂലമായ സിന്ദാബാദ് വിളികള്‍ കേള്‍ക്കുമ്പോള്‍ ആവേശഭരിതരാവുകയും അതിനെതിരായ മൂര്‍ദാബാദ് വിളികളുയരുമ്പോള്‍, പ്രകോപിതരാവുകയും ചെയ്യേണ്ട കാര്യമില്ല. ഓരോരുത്തരും സ്വന്തം ഭാഷ ഉച്ചത്തില്‍ പറയുന്നതോടൊപ്പം, മറ്റുള്ളവരുടെ ഭാഷ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും വേണം. ഒരൊറ്റ ‘പാരമ്പര്യം’  മാത്രം എന്ന കടുംപിടിത്തത്തെക്കാള്‍, ‘ഭിന്ന പാരമ്പര്യങ്ങള്‍’ എന്ന കാഴ്ചപ്പാടാണ് മതനിരപേക്ഷത മുന്നോട്ട് വെക്കേണ്ടത്. പന്തം കത്തിച്ചും തുടികൊട്ടിയും നാടമുറിച്ചും പ്രാവിനെ പറത്തിയും നിലവിളക്ക് കത്തിച്ചും ദഫ് മുട്ടിയും പുസ്തകം നിവര്‍ത്തിയും സാര്‍വദേശീയ ഗാനം ചൊല്ലിയും സൗകര്യാനുസരണം മറ്റെന്ത് ചടങ്ങ് സ്വീകരിച്ചും ഒന്നും സ്വീകരിക്കാതെയും ചെയ്യാവുന്നൊരു കാര്യത്തെക്കുറിച്ച്, ചുമ്മാ തര്‍ക്കിക്കുന്നതിലര്‍ഥമില്ല.‘നാനാത്വത്തിലെ ഏകത്വ’ത്തെക്കുറിച്ച് പറയുന്നവര്‍ വെറും വിളക്കിന്‍െറ  മാത്രം വെളിച്ചത്തില്‍ സ്തബ്ധരാവരുത്.

‘‘നിലവിളക്ക് കാര്‍ഷികജീവിതത്തെ പ്രതിനിധാനംചെയ്യുന്നു’’ എന്ന വാദം, വാദത്തിനുവേണ്ടി അംഗീകരിച്ചാലും, ഒരുപാട് പ്രശ്നങ്ങള്‍ നമ്മെ അസ്വസ്ഥപ്പെടുത്തും. കലപ്പ, അരിവാള്‍, കൊടുവാള്‍, കട്ടമുട്ടി, നുരികൊത്തി തുടങ്ങിയ കാര്‍ഷികോപകരണങ്ങള്‍ക്കൊന്നുമില്ലാത്ത എന്ത് കാര്‍ഷികതയാണ് വിളക്കിലുള്ളതെന്ന് അന്വേഷിക്കേണ്ടിവരും. മറ്റൊരു വാദം ‘വിളക്ക്’ വെളിച്ചമാണ്, അറിവാണ്, പുരോഗതിയാണ് എന്ന നിലയിലുള്ളതാണ്. അത് ശരിയാണെങ്കില്‍ അക്കൂട്ടത്തില്‍, നിലവിളക്കിനോടൊപ്പമുള്ള ‘മണ്ണെണ്ണ വിളക്കിനെയും’ അതിനുശേഷം വന്ന ബള്‍ബ്, ട്യൂബ് തുടങ്ങിയ വൈദ്യുതി വിളക്കുകളെയും ഉള്‍പ്പെടുത്തേണ്ടിവരും. സൗരവെളിച്ചത്തിനും സ്വാഗതം പറയേണ്ടിവരും. പിന്നെ പറയാവുന്നത്, ‘ദീപാരാധന’നമ്മുടെ സംസ്കാരത്തിന്‍െറ ഭാഗമാണ് എന്നാണ്. അത് ശരിയുമാണ്. എന്നാല്‍, ‘ആ നമ്മള്‍’ എന്നു പറയുന്നതില്‍ ഉള്‍പ്പെടുന്നത്, അത്തരം വിശ്വാസമുള്ളവര്‍ മാത്രമാണ്. അതിലുള്‍പ്പെടാത്ത ‘നമ്മളുകളും’ ഉണ്ടെന്നും, അവര്‍ക്ക് കത്തിക്കുകയോ കത്തിക്കാതിരിക്കുകയോ ചെയ്യാവുന്നതാണെന്നും, കത്തിക്കലിന് അനുകൂലമെന്നപോലെ അതിനെതിരായ ന്യായങ്ങളും അവതരിപ്പിക്കാവുന്നതാണെന്നും, ഇതിലുള്‍പ്പെടുന്നവരും ബാക്കിവരുന്നവരുമായ, ‘നമ്മളും’ അംഗീകരിക്കണം. അങ്ങനെവന്നാല്‍ വിളക്കിനെ മുന്‍നിര്‍ത്തിയ  സ്നേഹസംവാദം സാധ്യമാകും. അതിനുപകരം ഇപ്പോള്‍ ചിലയിടങ്ങളിലെങ്കിലും ‘ദുര്‍ബലമായ’ വിധത്തില്‍ സംഭവിക്കുന്നത്, ‘‘വിളക്ക് കൊളുത്തല്‍ മതേതരം’’, ‘‘വിളക്ക് കെടുത്തല്‍ മതഭ്രാന്ത്’’ എന്ന മട്ടിലുള്ള ഒരേറ്റുമുട്ടലാണ്! ഇത് മതങ്ങള്‍ക്കോ മതസഹിത-മതരഹിത മതേതര തത്ത്വങ്ങള്‍ക്കോ മനുഷ്യനോ എന്തെങ്കിലും നന്മ ചെയ്യുമെന്ന് തോന്നുന്നില്ല.

വിളക്ക് വാദത്തിലുപരി ആലോചനകള്‍ക്ക് പരിഗണിക്കാവുന്ന/അവഗണിക്കാവുന്ന പരസ്പരബന്ധമുള്ള/ ഇല്ലാത്ത അഭിപ്രായങ്ങള്‍ പ്രതികരണങ്ങള്‍ക്ക് കാതോര്‍ത്ത് താഴെ ചേര്‍ക്കുന്നു.

‘‘The left, the party of hope sees, our countries moral identity as still to be achieved, rather than as needing to be preserved. The right thinks that our country already has a moral identity and hopes to keep that identity intact (Richard Rotty).
‘Hindus needed to stay true to their faith in order to be secular. To make India more secular meant making it more Hindu’’(1996- ജെ.എസ്.  വര്‍മ, സുപ്രീംകോടതി ജസ്റ്റിസ്)

രണ്ട്

ഞങ്ങളൊക്കെ വായിച്ചുതുടങ്ങിയത് മണ്ണെണ്ണവിളക്കിന്‍െറ തെളിഞ്ഞ വെളിച്ചത്തിലായിരുന്നു. ആ മണ്ണെണ്ണവിളക്ക് ഞങ്ങള്‍ക്കുമുന്നില്‍ ‘മങ്ങിയത്’ അപൂര്‍വമായി മാത്രം കത്തിക്കാറുണ്ടായിരുന്ന ‘പെട്രോമാക്സ്’ എന്ന ഗ്യാസ്ലൈറ്റ് വന്നപ്പോഴാണ്. അന്ന് കല്യാണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ‘പെട്രോമാക്സ്’ ഒരനിവാര്യ ഇനമായിരുന്നു. പെട്രോമാക്സ് കൈയില്‍ തൂക്കിവരുന്നതുതന്നെ അന്നൊരു പത്രാസായിരുന്നു. എവിടെയോ കാര്യമായി എന്തോ ഒന്ന് നടക്കാന്‍ പോവുന്നുണ്ടെന്നായിരുന്നു അന്നതിനര്‍ഥം!

പെട്രോമാക്സ് കത്തിക്കുന്നത് എത്രയോ തവണ ഞങ്ങള്‍ കൗതുകത്തോടെ നോക്കിനിന്നു. പെട്രോമാക്സ് കഴിഞ്ഞാല്‍ പിന്നെയേറെ കൊതിപ്പിച്ചത് ‘റാന്തല്‍’ വിളക്കാണ്. കുട്ടിക്കാലത്ത് അതിന്‍െറ ചില്ല് തുടക്കുന്നതുതന്നെ വലിയൊരു ഗമയായിരുന്നു. എന്നാല്‍, പിന്നെയും ഏറെക്കാലം കഴിഞ്ഞ്, സാംസ്കാരിക പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ചില അല്ലറ ചില്ലറ സമ്മേളനം ഉദ്ഘാടനം ചെയ്യാനവസരം കിട്ടയപ്പോഴാണ്, ഇപ്പോളിടക്കിടക്ക് ബഹളം സൃഷ്ടിക്കുന്ന സാക്ഷാല്‍ ‘നിലവിളക്ക്’ പൂര്‍ണരൂപത്തില്‍ കാണുന്നത്. വൈദ്യുതിവെളിച്ചം വന്നതോടെ ഏറക്കുറെ, നിലവിളക്കൊഴിച്ച് മറ്റെല്ലാ വിളക്കുകളും ഇരുട്ടിലായി. കറന്‍റ് പോയാല്‍പോലും, മെഴുകുതിരിയല്ലാതെ, പൊതുവില്‍ വിളക്ക് കത്തിക്കുന്ന പതിവില്ല. എന്നാല്‍ ‘നിലവിളക്ക്’ വൈദ്യുതിവിളക്കിനെ വെല്ലുവിളിച്ച് നില്‍ക്കുന്നത്, അതിന്‍െറ ‘വെളിച്ചമൂല്യം’കൊണ്ടല്ല. മറിച്ച് ‘പ്രതീകമൂല്യം’കൊണ്ടാണ്. ഒരു മണ്ണെണ്ണവിളക്ക് പഴയ ശംബൂകനെപ്പോലെ തലകുത്തിനിന്ന് തപസ്സ് ചെയ്താലും, ലഭിക്കാനിടയില്ലാത്ത അതുല്യ മൂല്യപദവി ‘നിലവിളക്കിന്’ ലഭിച്ചുവെങ്കില്‍, അത് വെറുതെ, എങ്ങോനിന്ന് ഒഴുകിവന്നതാവില്ല! അവിടെയാണ് ‘വിശ്വാസം’, ‘പാരമ്പര്യം’ എന്നിവ പ്രസക്തമാവുന്നത്.

എന്തുകൊണ്ട് തെക്കുനിന്നുള്ള ദീപം ദര്‍ശിക്കണം, നിലവിളക്ക് എന്തിന് എള്ളെണ്ണയൊഴിച്ച് കത്തിക്കണം, വറുത്ത എണ്ണകൊണ്ട് വിളക്ക് കത്തിക്കാമോ, നിലവിളക്കില്‍ എത്ര തിരിയിട്ട് കത്തിക്കണം, ഓട്ടുവിളക്കിലെ അഗ്നി എങ്ങനെയാണ്  രാത്രിയുടെ കാവല്‍ക്കാരനായത്, എന്തിനാണ് സന്ധ്യക്ക് ഒരു നാഴികമുമ്പ് ദീപം കത്തിക്കുന്നത് തുടങ്ങി നിലവിളക്ക് സംബന്ധമായ ‘താത്ത്വിക കാര്യങ്ങള്‍’ ‘താളിയോല ഹൈന്ദവ ആചാര-വിശ്വാസ രഹസ്യങ്ങള്‍’ എന്ന ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍െറ ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ‘ഹൈന്ദവാചാര രഹസ്യങ്ങള്‍’ എന്ന ശ്രീമദ് ഹരിസ്വാമികളുടെ ഗ്രന്ഥത്തിലും, നിലവിളക്കിന്‍െറ പ്രാധാന്യം പ്രതിപാദിക്കുന്നുണ്ട്. സ്വാമികള്‍ വിളക്കിനെ ‘‘സര്‍വൈശ്വര്യ പ്രതീകമായ ഭഗവദ് സ്വരൂപ’’മായാണ് കാണുന്നത്. മതേതര സമൂഹത്തില്‍ ‘ദീപാരാധന’യില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനും ഒരേപോലെ സ്വാതന്ത്ര്യമുണ്ടായിരിക്കണം.

മൂന്ന്

‘‘കേരളത്തിലെ പലയിടങ്ങളിലൂടെയും യാത്രചെയ്യുമ്പോള്‍ എന്നെ ആകര്‍ഷിക്കുന്ന ഒരു കാര്യമുണ്ട്. സന്ധ്യാനേരത്ത് പ്രത്യേകിച്ചും   ക്ഷേത്രങ്ങളിലെ ദീപാരാധനാ സമയം. ദീപങ്ങള്‍ എരിഞ്ഞ് കത്തുന്നത് കാണുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആത്മീയാനുഭൂതി ഉയരും. കോഴിക്കോട്ട് എരഞ്ഞിപ്പാലത്ത് ഞാന്‍ താമസിക്കുന്ന ഫ്ളാറ്റിനടുത്ത് ചെറിയൊരമ്പലമുണ്ട്. ഈ പ്രാവശ്യം ഞാന്‍ നാട്ടിലത്തെിയത് കര്‍ക്കടകത്തിലായിരുന്നു. മുനിഞ്ഞുകത്തുന്ന വിളക്കു കണ്ടപ്പോള്‍ ഗംഗാനദിയിലും ഭോജ്പുരിയിലും പങ്കെടുത്ത ആരതികളുടെ ഓര്‍മവന്നു. ഇന്ന് നിലവിളക്കും യോഗയുമെല്ലാം കേരളത്തില്‍ തര്‍ക്കവിഷയങ്ങളാണ്. എനിക്കിതെല്ലാം എന്‍െറ സങ്കരസംസ്കാരത്തിന്‍െറ ഭാഗമാണ്. ഞാന്‍ യോഗയും ചെയ്യാറുണ്ട്. അവസരമുള്ളപ്പോള്‍ നിലവിളക്ക് കത്തിക്കുകയും ചെയ്യും’’ (ഞാനെന്ന ഭാരതീയന്‍: കെ.കെ. മുഹമ്മദ്). ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭനായ പുരാവസ്തുശാസ്ത്രജ്ഞനാണ് കെ.കെ. മുഹമ്മദ്.

ഇന്ത്യ സെക്കുലര്‍ ജനാധിപത്യ രാജ്യമാണെന്ന് ഭരണഘടനയില്‍ പറയുന്നു. ഇന്ത്യയിലെ വിവിധ മതസമൂഹങ്ങള്‍ പരസ്പരം ബഹുമാനിച്ചും തന്നെപ്പോലെ തന്‍െറ അയല്‍ക്കാരനും ഇന്ത്യ ഒരുപോലെ അവകാശപ്പെട്ടതാണെന്നും അംഗീകരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് വരുത്തുന്നു. പക്ഷേ, കുറേക്കാലമായി നമ്മള്‍ കണ്ടുവരുന്നത് സര്‍ക്കാര്‍ പരിപാടികളിലും അതുപോലെതന്നെ സാമൂഹികമായ അംഗീകാരങ്ങളുള്ള വന്‍ പരിപാടികളിലും ഉദ്ഘാടനം നടക്കണമെങ്കില്‍ നിലവിളക്ക് കൊളുത്തിയിരിക്കണമെന്നാണ്. ഇതിനെയൊക്കെ അനുകരിച്ച് നടത്തുന്ന ചെറുകിട പരിപാടികളിലും നിലവിളക്ക് കൊളുത്തുക എന്നത് പതിവായി കഴിഞ്ഞു.

‘‘വര്‍ഷങ്ങളായി ഞാനും പല പരിപാടികളും ഉദ്ഘാടനം ചെയ്യാന്‍ പോവാറുണ്ട്. പരിപാടിക്ക് വേദിയിലത്തെുമ്പോഴായിരിക്കും, വലിയൊരു നിലവിളക്ക് കൊളുത്താന്‍ റെഡിയായി സ്റ്റേജില്‍ കാണുക. അപ്പോള്‍തന്നെ സംഘാടകരെ വിളിച്ച് ഇതെനിക്ക് കൊളുത്താന്‍വയ്യ, ഞാനിത് കൊളുത്തില്ല, നിങ്ങള്‍ക്കിത് വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വേദിയില്‍ ഇരിക്കുന്ന മറ്റുള്ളവരെക്കൊണ്ട് കൊളുത്തിക്കുന്നതായിരിക്കും നല്ലതെന്ന് ഞാന്‍ പറയേണ്ടിവന്ന സന്ദര്‍ഭങ്ങള്‍ ഏറെയാണ്. അപ്പോഴൊക്കെ ‘‘കുഞ്ഞാലിക്കുട്ടിയും ഇതേ നിലപാടാണെ’’ന്ന് പറഞ്ഞ് ചിലരൊക്കെ എന്നെ കളിയാക്കിയിട്ടുണ്ട്. ഇതെന്താ, ലീഗിന്‍െറ മുസ്ലിം സംഘാടകരുടെ മാത്രം പ്രശ്നമാണോ? മതനിരപേക്ഷതയെന്ന തത്ത്വം അംഗീകരിക്കുന്ന സര്‍ക്കാറിന് എങ്ങനെ ഒരു പ്രത്യേക മതവിഭാഗത്തിന്‍െറ, ആധിപത്യമതത്തിന്‍െറ ഒരു ചടങ്ങ് സ്വീകരിച്ച് പ്രസ്തുതപരിപാടിക്ക് നേരിട്ടോ അല്ലാതെയോ ഒരു ഹിന്ദുത്വ പരിവേഷം നല്‍കാന്‍ കഴിയുന്നു?...ഇത്ര ദശകങ്ങള്‍ ഇന്ത്യ സ്വതന്ത്രയായിട്ടും ഒരു മതനിരപേക്ഷമായ, ജനാധിപത്യസന്ദേശങ്ങള്‍ നല്‍കുന്ന ഒരു ചടങ്ങ് കണ്ടുപിടിക്കാനുള്ള ഒരു ശ്രമവും നമ്മുടെ സര്‍ക്കാറിന്‍െറയോ സാംസ്കാരികനായകരുടെയോ ഭാഗത്തുനിന്നുണ്ടായില്ല എന്നത് അപഹാസ്യം തന്നെ’’(നിലവിളക്ക് ഞാന്‍ കത്തിക്കാറില്ല. ‘സംഘടിത’ മാസികയിലെ-സെപ്റ്റം.9, 2015- സ്വന്തം ‘പെണ്‍പക്ഷം’ കോളത്തില്‍ കെ. അജിത).  സാമൂഹികപ്രവര്‍ത്തകയായ അജിത, ഈ വിഷയത്തില്‍ ഇടതുപക്ഷത്തെയും നിസ്സഹായരായി നോക്കിനില്‍ക്കുന്ന യുക്തിവാദികളെയും വിമര്‍ശിക്കുന്നു. സത്യത്തില്‍ വിളക്ക് കൊളുത്തുന്നവരും കൊളുത്താത്തവരും യഥാര്‍ഥ ജനകീയ ദേശീയതക്ക് പരിക്കേല്‍പിക്കുംവിധം, വളരുന്ന മേല്‍ക്കോയ്മാ ദേശീയതക്ക് ഊര്‍ജം പകരുംവിധം നിലവിളക്കടക്കമുള്ള ചില അനുഷ്ഠാനങ്ങള്‍ക്ക് എങ്ങനെ മാറാന്‍ കഴിഞ്ഞുവെന്നാണ് ആലോചിക്കേണ്ടത്. തുമ്പയില്‍നിന്ന് റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുമ്പ് തേങ്ങയുടയ്ക്കുന്നത് മുതല്‍ ഭരണരംഗത്ത് വ്യാപിക്കുന്ന സവര്‍ണാനുഷ്ഠാനങ്ങളുടെ ഒരു പട്ടിക നിരത്താനാവും.

വീട്ടില്‍വെച്ച് ഇതൊക്കെ ചെയ്യുമ്പോള്‍ അതൊരാളുടെ വിശ്വാസമെന്ന നിലയില്‍ നില്‍ക്കും. എന്നാല്‍, അതേകാര്യം ഒരു മതേതര രാഷ്ട്രത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നിര്‍വഹിക്കുമ്പോള്‍ അത് ഇതരവിശ്വാസങ്ങളോടുള്ള വെല്ലുവിളി എന്നതിനെക്കാള്‍, മതനിരപേക്ഷതയുടെ നിഷേധമാവും. ‘‘നമസ്തേയും ഹലോയും ആദാബും ഒരേപോലെ പറയാന്‍ കഴിയുന്ന ഒരു കംഫര്‍ട്ട് ഇന്നെനിക്കുണ്ട്. എന്നാല്‍ വിളക്ക്കൊളുത്തി ഉദ്ഘാടനം നടത്തുന്ന രീതി അത്ര ലളിതമല്ല. അത് ഹിന്ദുപൂജകളുടെ മതാചാരത്തിന്‍െറ ഒരു ഭാഗമാണ്. ഇത് സംസ്കാരത്തിന്‍െറ ഭാഗമായി പൊതുഇടത്ത് ഇന്ന് അടിച്ചേല്‍പിക്കപ്പെടുന്നു. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്സണ്‍ ആയിരുന്ന സമയത്ത് മതരഹിതമായ ഉദ്ഘാടന ശീലങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. ചിത്രം വരച്ചും പട്ടങ്ങള്‍ പറത്തിയും ഒക്കെ’’(നന്ദിതാദാസ്: മാധ്യമം വാര്‍ഷികപതിപ്പ് 2015).

നാല്

‘‘ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍, ക്ഷണമെഴുന്നേല്‍പ്പിന്‍, അനീതിയോടെതിര്‍പ്പിന്‍’’ എന്ന് ആഹ്വാനം ചെയ്ത, നവോത്ഥാന നായകനായ വാഗ്ഭടാനന്ദഗുരുവാണ്, ഗാര്‍ഹിക പശ്ചാത്തലത്തില്‍പോലും, ‘വിളക്ക്വെക്കലടക്കമുള്ള’ ‘കര്‍മ’ങ്ങള്‍ക്കെതിരെ നിലപാടെടുത്തത്. എന്നാലിപ്പോള്‍ ‘പൊതുവേദിയിലെ’ വിളക്ക്പ്രശ്നംപോലും ചര്‍ച്ചചെയ്യപ്പെടുന്നത് ‘നവോത്ഥാന’ കാഴ്ചപ്പാടിന്‍െറ ഭാഗമായേയല്ല. ഒന്നുകില്‍ അതൊരു ഹിന്ദു -മുസ്ലിം പ്രശ്നം. അതനുസരിച്ച് ഹിന്ദുക്കളെല്ലാം ‘വിളക്ക്’കത്തിക്കാതെ ‘ഉദ്ഘാടനം’ നടക്കില്ളെന്ന് കരുതുന്നവരും മുസ്ലിംകളടക്കമുള്ളവര്‍ അങ്ങനെയൊരു ഉദ്ഘാടനം നടത്താന്‍ അനുവദിക്കുകയില്ളെന്ന് കരുതുന്നവരുമാണെന്ന വ്യാജപ്രതീതി പരത്താനാണ് ഫാഷിസ്റ്റ് പ്രതിലോമശക്തികള്‍ ശ്രമിക്കുന്നത്. വിളക്ക് കത്തിക്കാന്‍ ജാതിമതവ്യത്യാസമില്ലാതെ ആളുകള്‍ അണിനിരക്കുന്നതുപോലെ കത്തിക്കാതിരിക്കുന്നവരിലും വ്യത്യസ്ത മത ജാതികളില്‍പെട്ടവരെ കാണുന്നതിനാല്‍ ആ വാദം പ്രത്യക്ഷത്തില്‍ പൊളിയും. എന്നാല്‍, കത്തിക്കുന്നവര്‍ സെക്കുലറിസ്റ്റ് ദേശസ്നേഹികളും കത്തിക്കാത്തവര്‍ മതഭ്രാന്ത ദേശദ്രോഹികളുമാണെന്ന മറ്റൊരു കാഴ്ചപ്പാടും അപ്പുറത്തുനിന്നും കൊമ്പുകുലുക്കുന്നത് അലസമായി കാണാനാവില്ല. ഇത്തരമൊരവസ്ഥ ശരിക്കും മനസ്സിലാക്കിയാണ് പുരോഗമന കലാസാഹിത്യസംഘം ‘ദേശീയത’യില്‍നിന്ന് ആ ദേശത്തിലെ ജനതയെ അന്യവത്കരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. ഒരു ദേശത്തെ എല്ലാ ഉത്സവങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഒരേപോലെ ദേശീയപദവിക്ക് അര്‍ഹതയുണ്ടെന്ന് പു.ക.സയുടെ കൊല്ലം നയരേഖ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മൂന്നു വര്‍ഷത്തിനുശേഷം 2013ല്‍ പാലക്കാട്ട് ചേര്‍ന്ന പു.ക .സയുടെ പത്താം സമ്മേളനം, ‘ആശയസമരങ്ങളുടെ പ്രാധാന്യം’ എന്ന ഖണ്ഡികയില്‍, ഇക്കാര്യത്തില്‍ ആശിച്ചവിധം മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ളെന്ന് തുറന്ന് സമ്മതിക്കുന്നു. ‘‘കഴിഞ്ഞ നയരേഖ അടിസ്ഥാനപരമായി ഉന്നയിച്ച ചില പ്രധാന ആഹ്വാനങ്ങളുടെ കാര്യത്തില്‍ നമുക്ക് വേണ്ടത്ര മുന്നോട്ട് പോകാനായിട്ടില്ല. എല്ലാ ജനവിഭാഗങ്ങളുടെ ഉത്സവങ്ങള്‍ക്കും ദേശീയോത്സവപദവി നല്‍കണം എന്ന ആശയത്തിന് പൊതുസമ്മതി നേടിയെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല’’(പാലക്കാട് നയരേഖ).

‘സാമാന്യബോധ’ത്തിനു മുന്നിലാണ് സംവാദങ്ങള്‍ നിസ്സഹായമാകുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍, ‘സാമാന്യബോധ’നിര്‍മിതിയുടെ പ്രധാന സ്രോതസ്സ് സവര്‍ണസംസ്കാരമാണ്. ദേശീയതയായി എളുപ്പം വേഷംമാറാന്‍ അതിനോളം ഇന്ത്യയില്‍ ഇന്ന് മറ്റൊന്നിനും കഴിയില്ല. ഗ്രാംഷി ‘‘ഭരണവര്‍ഗ തത്ത്വചിന്തയുടെ നാട്ടാചാരരൂപം’’ എന്ന് വിശേഷിപ്പിച്ച സാമാന്യബോധത്തിന് ഒരദൃശ്യ അധികാരശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയും. അതുകൊണ്ടാണ് ഇന്ത്യയില്‍ വലതുപക്ഷം രാഷ്ട്രീയമായി തോല്‍ക്കുമ്പോഴും സാംസ്കാരികമായി വിജയിക്കുന്നത്. ജനനേതാവായ ജി. സുധാകരന്‍, അദ്ദേഹം വ്യക്തമാക്കിയപോലെ വിളക്കുകൊളുത്തിയതിനു ശേഷമാണ്, ഒരു മതേതരപരിപാടിയില്‍ ഇതൊരനിവാര്യതയല്ളെന്ന്, നിലവിളക്ക് കൊളുത്തേണ്ടതില്ളെന്ന് തുറന്നുപറഞ്ഞത്. ആരും നിലവിളക്ക് കൊളുത്താന്‍ പാടില്ളെന്നല്ല, ഞാന്‍ കൊളുത്തുകയില്ല എന്നുപോലുമല്ല, മറിച്ച് ഒരു മതേതര പരിപാടിയില്‍ ഇത് കൊളുത്തേണ്ടതുണ്ടോ എന്നൊരു ധീരമായ ചോദ്യമാണ് അദ്ദേഹം വിനയപൂര്‍വം ‘പൊതുബോധ‘ത്തിനുമുന്നില്‍ സമര്‍പ്പിച്ചത്. ആ ചോദ്യം ശരിയാംവിധം അഭിമുഖീകരിക്കപ്പെടാതെ, നമുക്കിടയില്‍വെച്ച് അലസിപ്പോവാന്‍ അനുവദിക്കപ്പെട്ടാല്‍, അത് ജനാധിപത്യത്തെ അപകടപ്പെടുത്തും. സംഘ്പരിവാര്‍ അടിയില്‍നിന്ന് കല്ലിനുമുകളില്‍ കല്ല് വെച്ച് അനുഷ്ഠാനങ്ങളും ആഘോഷങ്ങളും വഴികെട്ടിപ്പൊക്കുന്ന ‘മേല്‍ക്കോയ്മാദേശീയത’, യഥാര്‍ഥ ദേശീയതയായി സ്വയം പരസ്യപ്പെടുത്തും. ആ മേല്‍ക്കോയ്മക്കെതിരെ അനുകരണങ്ങള്‍കൊണ്ട് താല്‍ക്കാലിക പ്രതിരോധമൊരുക്കാനാവുമോ എന്ന് പരീക്ഷിക്കുമ്പോഴും ജനകീയബദലുകളാണ്, അനുകരണങ്ങളല്ല അവക്ക് പരിഹാരമെന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

1990കളില്‍ ഇതുപോലൊരു ‘നിലവിളക്ക്’ സംവാദം ഉയര്‍ന്നുവന്നപ്പോള്‍ ഇ.എം.എസ് എഴുതി:  ‘‘രാഷ്ട്രം മതകാര്യങ്ങളിലോ മതം രാഷ്ട്രീയ കാര്യങ്ങളിലോ ഇടപെടാതിരിക്കുക എന്ന തത്ത്വം ഭരണകക്ഷിയായ കോണ്‍ഗ്രസ്(ഐ)യും ബി.ജെ.പിയെപ്പോലെ വര്‍ഗീയതയെ പ്രതിനിധാനം ചെയ്യുന്നവയൊഴിച്ചുള്ള പ്രതിപക്ഷ കക്ഷികളും അംഗീകരിച്ചിട്ടുണ്ടല്ളോ. അതിന്‍െറ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ കാര്യങ്ങളെ മതവിമുക്തമാക്കാനുള്ള രണ്ട് ബില്ലുകള്‍ നരസിംഹറാവു ഗവണ്‍മെന്‍റ് തയാറാക്കിയത്. അവക്ക് മതനിരപേക്ഷ പ്രതിപക്ഷ കക്ഷികള്‍ പൊതുപിന്തുണ നല്‍കിയിട്ടുമുണ്ട്. ഈ ബില്ലിന്‍െറ ആദ്യത്തെ കരട് പകര്‍പ്പില്‍ എല്ലാ മതങ്ങളോടും സമഭാവനയാണ് മതനിരപേക്ഷതയെന്ന് നിര്‍വചിച്ചിരിക്കുന്നു. പാര്‍ലമെന്‍റിലും സെലക്ട് കമ്മിറ്റിയിലും നടന്ന ചര്‍ച്ചയുടെ ഫലമായി രാഷ്ട്രം മതവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുകയില്ളെന്ന് കൂട്ടിച്ചേര്‍ത്തു. ഈ നിര്‍വചനമനുസരിച്ച് ഏത് ചടങ്ങ് നടത്തുമ്പോഴും സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ കല്ലിടല്‍, ഉദ്ഘാടനം മുതലായവ സംഘടിപ്പിക്കുമ്പോള്‍ മതസ്വഭാവമുള്ള ഒരു മതപരിപാടിയും ഉണ്ടായിക്കൂടാ. ഉദ്ഘാടനചടങ്ങിന്‍െറ ഭാഗമായി വിളക്ക് കത്തിക്കുക എന്ന നടപടിയില്‍ താന്‍ പങ്കുകൊള്ളുകയില്ളെന്ന പരസ്യനിലപാടെടുത്ത ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സമീപനം ഇനി മറ്റു മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അംഗീകരിക്കേണ്ടിവരും’’ (അവധി ദിവസങ്ങളും മതനിരപേക്ഷതയും: ഇ.എം.എസിന്‍െറ ഡയറി. 1993 ഒക്ടോ. 10).

‘‘ജാതിഭേദം, അനാചാരങ്ങള്‍, അയിത്തം തുടങ്ങി മനുഷ്യത്വത്തെ പരസ്യമായി അപമാനിക്കുന്ന എല്ലാ പ്രവണതകളെയും എതിര്‍ക്കുക എന്നതായിരുന്നു, ആത്മവിദ്യാസംഘത്തിന്‍െറ ലക്ഷ്യം. ജനനം, വിവാഹം, ഗൃഹപ്രവേശം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ കര്‍മങ്ങളെയും സംഘം ബഹിഷ്കരിച്ചു’’ (ഇന്ത്യ: ഇരുളും വെളിച്ചവും- പി. ഹരീന്ദ്രനാഥ്). ‘വടകരയുടെ സാമൂഹികനവോത്ഥാനത്തില്‍ ആത്മവിദ്യാ സംഘത്തിന്‍െറ സംഭാവനകള്‍’ എന്ന പ്രബന്ധത്തില്‍, പി. ഹരീന്ദ്രനാഥ് കണ്ടത്തെിയ വിവരങ്ങള്‍, ഇന്ന് കാര്യമറിയാതെ നിലവിളക്കിനെക്കുറിച്ച് കലഹിക്കുന്നവരെയും അതിനെയോര്‍ത്ത് നിഷ്കളങ്കമായി കരയുന്നവരെയും ഒരേപോലെ ആഴത്തില്‍ ചിന്തിപ്പിക്കും. പാലേരി കേളനും ഇരിങ്ങല്ലൂരിലെ ഉണക്കന്‍ വൈദ്യരുടെ മകളും തമ്മില്‍ നടന്ന വിവാഹം, അര നൂറ്റാണ്ടിനും മുമ്പ്, ‘‘നാടിനെ നടുക്കിയ ഒരു വിവാഹമായി’’ മാറിയത്, ആ വിവാഹത്തില്‍ ‘നിറപറയും നിലവിളക്കും’ വെക്കാത്തതുകൊണ്ടായിരുന്നു. എന്നാല്‍, ഇതിനെക്കാള്‍ ക്ഷോഭജനകമായൊരു സംഭവമാണ് മടപ്പള്ളിയില്‍ നടന്നത്. ബാങ്ക് കണാരന്‍െറ മകന്‍ ഭാസ്കരന്‍ മാഷിന്‍െറ സഹോദരി സരോജിനിയും ഒളവിലം സ്വദേശിയും എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനുമായ താനിക്കല്‍ നാണുവും തമ്മിലുള്ള വിവാഹസമയത്താണ് വധുവിന്‍െറ  കക്ഷിക്കാര്‍, നിലവിളക്ക് കൊളുത്തിയതിന്‍െറ മാത്രം പേരില്‍ വരന്‍െറ പാര്‍ട്ടിക്കാരായ മടപ്പള്ളിക്കാര്‍ ഒന്നടങ്കം വിവാഹച്ചടങ്ങ് ബഹിഷ്കരിച്ചത്.

നമ്മുടെ നിലവിളക്ക് വിവാദം വീര്യമാര്‍ജിക്കുന്നത് നവോത്ഥാന ചരിത്രത്തില്‍നിന്നല്ല, ‘‘അപരവിദ്വേഷത്തില്‍നിന്നാണ്’’. അതുകൊണ്ടാവണം, ബദല്‍ മതേതര അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണംപോലും നമുക്കിടയില്‍ നടക്കാതെപോവുന്നത്; നിലവിളക്കിനെ പ്രശംസിക്കുന്നതിനു പകരം ‘പ്രശ്നവത്കരിക്കുന്നവരൊക്കെ’ പ്രാഥമികാന്വേഷണംപോലും നടക്കുംമുമ്പെ പ്രതികളാവുന്നത്. നിങ്ങളുടെ പേര് ഏതെങ്കിലും കാരണത്താല്‍ നവഫാഷിസ്റ്റുകള്‍ സൃഷ്ടിച്ച ‘അപര’ത്തില്‍ പെട്ടാല്‍, പിന്നെ പറയേണ്ട, ‘ദേശവിരുദ്ധത’യിലേക്ക് ഏറെ ദൂരമുണ്ടാവില്ല. പിന്നെ ഒരു തമാശയായി തോന്നിയത്, ഒരേയൊരു മതേതര അനുഷ്ഠാനമായി നിലവിളക്കുതന്നെ നിര്‍ബന്ധപൂര്‍വം നിലനിര്‍ത്തണമെന്ന് വാദിക്കുന്നവരില്‍ ചില പണ്ഡിതര്‍, എവിടെയൊക്കെ വെളിച്ചമുണ്ടോ, അവിടെയൊക്കെയൊരു നിലവിളക്കുണ്ടെന്നൊരു നിലപാട് സ്വീകരിക്കുന്നതായി കാണുന്നതാണ്. എന്നാല്‍, വിളക്കില്ലാതെ വെളിച്ചമുണ്ടാവുന്നതാണ് ‘വിസ്മയം’.  മതഗ്രന്ഥങ്ങളിലൊക്കെ പൊതുവില്‍ ആവര്‍ത്തിക്കുന്ന ‘പ്രകാശത്തിന്’ നമ്മുടെ ‘നിലവിളക്കുമായി’ ഒരു ബന്ധവുമില്ല! അതെല്ലാം ആവിഷ്കരിക്കുന്നത് ‘വിളക്കില്ലാതെ’ വെളിച്ചമുണ്ടാവുമെന്ന ആത്മാന്വേഷണത്തിന്‍െറ നിര്‍വൃതിയാണ്.

ഇനി ഉദ്ഘാടനത്തിന്, ഏതെങ്കിലുമൊരു, വെളിച്ച പരാമര്‍ശം അത്ര നിര്‍ബന്ധമാണെങ്കില്‍, അക്കാര്യത്തിനും മുമ്പേ വ്യക്തമാക്കിയ യുജീന്‍ പോത്തിയറുടെ പ്രശസ്തമായ ആ സാര്‍വദേശീയ ഗാനത്തില്‍ സ്കോപ്പുണ്ട്: ‘‘നമ്മളെ കടിച്ചു കാര്‍ന്നു ചീര്‍ത്ത കൂട്ടരെത്രപേര്‍/ എങ്കിലും വരും പ്രഭാതമൊന്നു, വാനില്‍ നിന്നും/അന്നകന്നു പോകു-/മിന്നു ചോരയൂറ്റീടുന്ന കഴുകുകള്‍/ അന്നതൊട്ടുദാരമാം വെളിച്ചമാണ് ഭൂമിയില്‍!’’ ഉദാരമാം ആ വെളിച്ചത്തോളം വരുമോ നമ്മുടെ ഉപ്പിലിട്ടത്?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.