?????? ?????? ???????? ???????????

'നീറ്റ്' ഫലം: ചോദ്യങ്ങള്‍ ബാക്കി

മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സ് പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശ പരിക്ഷയുടെ (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-'നീറ്റ്') വിധി പുറത്തുവന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമായില്ല. നീറ്റ് ഫല പ്രഖ്യാപനത്തിന്‍റെ തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാര്‍ ചില കാര്യങ്ങളില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ഫല പ്രഖ്യാപനം വളരെ വൈകി എന്നതിനു പുറമെ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തിന് അര്‍ഹത നേടിയവര്‍ ഉത്തരം തേടുന്ന ചില ചോദ്യങ്ങളുണ്ട്.

സുപ്രീംകോടതി വിധിയനുസരിച്ച് ഈ വര്‍ഷം ഡീംഡ് യൂനിവേഴ്സിറ്റി അടക്കമുള്ള എല്ലാ സ്വകാര്യ, പ്രഫഷനല്‍ കോളജുകളിലേക്കും  അഡ്മിഷന്‍ നീറ്റിലൂടെ മാത്രമേ നടത്തുവാന്‍ പാടുള്ളൂ. 1956ലെ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരവും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ അഡ്മിഷന്‍ സര്‍ക്കാര്‍ നടത്തുന്ന യോഗ്യതാ പരീക്ഷയിലൂടെ മാത്രമേ ആകാവൂ.

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി
 

യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിക്കുന്നവരാണ് മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തിന് അര്‍ഹത നേടുന്നത്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ അഡ്മിഷന്‍ കൊടുക്കാന്‍ പാടുള്ളൂ എന്ന് കോടതിയും സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 50 ശതമാനത്തില്‍ കുടുതല്‍ മാര്‍ക്ക് നേടിയവരെ സ്വകാര്യ പ്രൊഫഷനല്‍ കോളജുകള്‍ക്ക് തോന്നിയ പോലെ മെഡിക്കല്‍ കോഴ്സുകള്‍ക്ക് ചേര്‍ക്കുവാന്‍ സാധിക്കുമോ എന്നതാണ് ആദ്യത്തെ ചോദ്യം. 50 ശതമാനം സീറ്റ് സര്‍ക്കാറിനും ബാക്കി 50 ശതമാനം സീറ്റ് സ്വകാര്യ മാനേജ്മെന്‍റിനും എന്നതാണ് സ്വാശ്രയ മാനേജ്മെന്‍റുകള്‍ പറയുന്നത്. അതിന് ഉതകുന്ന രീതിയില്‍ ഏജന്‍റുമാരെ ഇറക്കി നാട്ടിലുടനീളം ഇവര്‍ ക്യാപയിന്‍ നടത്തുന്നുണ്ട്. നീറ്റ് ക്വാളിഫൈ ചെയ്തവരെ ഏജന്‍റുമാര്‍ ഇതിനകം സമീപിച്ചു കഴിഞ്ഞിട്ടുണ്ട്.

മെഡിക്കല്‍, ഡെന്‍റല്‍ അഡ്മിഷന്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ നടത്താവൂ എന്നാണ് ജെയിംസ് കമ്മിറ്റിയുടെ നിര്‍ദേശം. അതായത് 50 ശതമാനം മാര്‍ക് നേടിയെന്നിരിക്കിലും 51 ശതമാനം മാര്‍ക്ക് കിട്ടിയ വ്യക്തിക്ക് സീറ്റ് നിഷേധിക്കപ്പെടരുത് എന്നതിനാലാണ് ഓണ്‍ലൈന്‍ അപേക്ഷ കൊണ്ടുവന്നത്. 51 ശതമാനം ലഭിച്ച വിദ്യാര്‍ഥി സീറ്റ് വേണ്ട എന്നു വെക്കുകയാണെങ്കില്‍ മാത്രമേ 50 ശതമാനം മാര്‍ക്ക് കിട്ടി ക്വാളിഫൈ ചെയ്ത ഒരാള്‍ക്ക് സീറ്റ് കൊടുക്കുവാന്‍ പടുള്ളൂ എന്നതാണ് കോടതി വിധിയുടെ താൽപര്യം. ആ വിധി ജയിംസ് കമ്മിറ്റി ഉയര്‍ത്തിപ്പിടിക്കുന്നുമുണ്ട്. എന്നാല്‍, നീറ്റ് ക്വാളിഫൈ ചെയ്ത ആരെ വേണമെങ്കിലും തങ്ങളുടെ ഹിതം പോലെ അഡ്മിറ്റ് ചെയ്യാം എന്നുള്ള രീതിയിലാണ് പ്രചാരണം. ആ രീതിയില്‍ പണം വാങ്ങി സ്വകാര്യമാനേജ്മെന്‍റ് പലര്‍ക്കും അഡ്മിഷന്‍ കൊടുക്കുന്നുമുണ്ട്.

ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ നീറ്റില്‍ ക്വാളിഫൈ ചെയ്തിട്ടുണ്ട്. അവരില്‍ നിന്ന് റാങ്കിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ അഡ്മിഷന്‍ നടത്താന്‍ പാടുള്ളൂ എന്നുള്ളതാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജെയിംസ് കമ്മിറ്റിയും സര്‍ക്കാരും കോടതിയും പറഞ്ഞിട്ടുള്ളത്. എന്നാല്‍, ജെയിംസ് കമ്മിറ്റി നിര്‍ദേശങ്ങളൊക്കെ കാറ്റില്‍ പറത്തിയതായാണ് കഴിഞ്ഞ കാല അനുഭവം. നേരത്തെ മുഹമ്മദ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി കണ്‍സോഷ്യവും സ്വന്തം യൂനിയനുകളും സ്ഥാപിച്ച് മാനേജ്മെന്‍റ് അഡ്മിഷന്‍ നടത്തിയ ചരിത്രം നമുക്കുണ്ട്. കേരളത്തില്‍ 100 ശതമാനം സീറ്റിലേക്കും സ്വാശ്രയ മാനേജ്മെന്‍റ്  ഏതാനുംവര്‍ഷമായി അഡ്മിഷന്‍ നടത്തുന്നുണ്ട്. സര്‍ക്കാറിനേയും നിയമങ്ങളേയും നോക്കുകുത്തിയാക്കിയാണ് ഈ തന്നിഷ്ടം. ഈയവസരത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ സംശയം തീര്‍ക്കുന്ന രീതിയില്‍ മുന്നോട്ട് വരേണ്ടതുണ്ട്.

സ്വാശ്രയ മാനേജ്മെന്‍റുകള്‍ സംഘടിച്ച് 50 ശതമാനം സീറ്റുകളിലേക്ക് കോഴ വാങ്ങി അഡ്മിഷന്‍ നടത്തുന്നത് തടയാന്‍ നടപടി ആവശ്യമാണ്. 50 ശതമാനം സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങി കുട്ടികളെ ചേര്‍ക്കാമെന്നും ബാക്കി 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കണമെന്നുമുള്ളതാണ് കോടതി വിധിയുടെ ഉദ്ദേശ്യവും നിര്‍ദേശവും. എന്നാല്‍, അധികരിച്ച ഫീസിന് പുറമെ ക്യാപിറ്റേഷന്‍ ഫീസ് പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ ചെവിക്കകം പരിശോധനക്ക് വിധേയമാക്കുന്നു. ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍നിന്നുള്ള ദൃശ്യം
 

തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡീംഡ് യൂനിവേഴ്സിറ്റിയുടെ പേരിലാണ് കേരളത്തിലെ രണ്ട് പ്രഫഷനല്‍ കോളജുകള്‍. ഈ ഡീംഡ് യൂനിവേഴ്സിറ്റിയിലേക്ക് ആര് എങ്ങനെയാണ് കുട്ടികളെ ചേര്‍ക്കുന്നത് എന്നതിനെകുറിച്ച് വ്യക്തമായ ചിത്രം ഇതുവരെ വന്നിട്ടില്ല. ഈ രണ്ട് കോളജുകളും തങ്ങള്‍ക്ക് ആവശ്യമുള്ളവരെ പണം വാങ്ങി ചേര്‍ക്കുകയാണ്. ഇവിടെ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെന്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയെ നന്നാക്കാനുദ്ദേശിക്കുന്ന കോടതി വിധി ഫലത്തില്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥായാണ് സംജാതമായിരിക്കുന്നത്. നീറ്റ് ഫലം  പ്രഖ്യാപിച്ച അവസരത്തിലെങ്കിലും തുടര്‍നടപടികള്‍ എന്ത് എന്ന് രക്ഷകര്‍ത്താക്കള്‍ക്ക് അറിയുന്ന വിധത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതുണ്ട്.

(കോഴിക്കോട്ടെ പ്രമുഖ ദന്തരോഗ വിദഗ്ധനാണ് ലേഖകൻ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.