‘നീറ്റ്’ മെറിറ്റില്‍ നീറ്റ്

മെഡിക്കല്‍ പ്രവേശത്തിന്   നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) നല്ലതാണോ എന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. മുന്നറിയിപ്പ്  ഇല്ലാതെയും ആരൂം ആവശ്യപ്പെടാതെയും തിടുക്കപ്പെട്ടാണ് സുപ്രീംകോടതി നീറ്റ് ഏര്‍പ്പെടുത്തിത്. ജഡ്ജിമാര്‍ തമ്മിലുള്ള ഈഗോ പ്രശ്നത്തിന്‍െറ  തുടര്‍ച്ചയാണ് ഈ വിധി. മുമ്പ് അല്‍ത്തമാസ് കബീറിന്‍െറ ഉള്‍പ്പെട്ട ബഞ്ചില്‍ ഭിന്നാഭിപ്രായം കുറിച്ച ജഡ്ജ് തന്‍െറ വീക്ഷണം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണ്. നീറ്റ് ഒരു പരീക്ഷണമാണ്.  പുതിയ സംവിധാനം നടപ്പാക്കുകയകണെങ്കില്‍ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോ ആവശ്യപ്പെടാതെയാണ്്  നീറ്റ് നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.  മെയ് ഒന്നിന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷ ഒന്നാംഘട്ടമായി നടത്താനും രണ്ടാം ഘട്ടം ജൂലൈ 24 ന് നടത്താനുമാണ് ഉത്തരവ്. രണ്ട് ഘട്ടം എന്നതിന് പകരം രണ്ട് പരീക്ഷയാണ് നടക്കുക. വ്യത്യസ്ത ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം എഴുതുന്നവരില്‍ നിന്ന് ഒരു മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത് തൃപ്തികരമാവില്ല.

എന്താണ് നീറ്റ്

നിലവില്‍ സംസ്ഥാന സര്‍ക്കാറുകളാണ് അതത് സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ പ്രവേശപരീക്ഷ നടത്തുന്നത്. കൂടാതെ സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷനുകളും കല്‍പിത സര്‍വകലാശലകളും വെവ്വേറെ പ്രവേശ പരീക്ഷ നടത്തുന്നുണ്ട്. ഒരു കോഴ്സിലേക്ക് പ്രവേശം ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ വ്യത്യസ്ത പരീക്ഷ എഴുതേണ്ടി വരുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ 2012 ലാണ് ഏകീകൃത പരീക്ഷ എന്ന ആവശ്യമുയര്‍ന്നത്. ഒരു വര്‍ഷത്തിന് ശേഷം 2013 മെയില്‍ എംബിബിഎസ്, ബിഡിഎസ്, മെഡിക്കല്‍ പിജി കോഴ്സുകളിലെ പ്രവേശത്തിന് നീറ്റ് ഏര്‍പ്പെടുത്തി.

എന്നാല്‍  മെഡിക്കല്‍ കൗണ്‍സിലിന് ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടി 2013 ജൂലൈ 18 ന് സുപ്രീംകോടതി  ‘നീറ്റ്’ റദ്ദാക്കി. ദേശീയ തലത്തില്‍ ഏകീകൃത പ്രവേശ പരീക്ഷ നടത്തുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വിധിച്ചു. ഏകീകൃത പരീക്ഷ സാമുദായിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ്  ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചിന്‍െറ ഉത്തരവ്. മൂന്നംഗ ബെഞ്ചില്‍ അല്‍ത്തമാസ് കബീറും ജസ്റ്റിസ് വിക്രമജിത് സിങ്ങും നീറ്റ് റദ്ദാക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ നിയമപരവും പ്രായോഗികവും സമൂഹത്തിന്‍െറ ആവശ്യവുമാണെന്ന് ഭിന്നവിധിയില്‍ അന്ന് ജസ്റ്റിസ് അനില്‍ ആര്‍. ദവെ അഭിപ്രായപ്പെട്ടിരുന്നു.

2013 ജൂലൈ 18ന്‍്റെ സുപ്രീംകോടതി വിധി റദ്ദാക്കിക്കൊണ്ട്  2016 ഏപ്രില്‍ 11ന്  സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് ‘നീറ്റ്’ പുന:സ്ഥാപിച്ചു. സങ്കല്‍പ്പ് ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിയ ഹരജി പരിഗണിച്ചാണ് നേരത്തെ ഭിന്നവിധി രേഖപ്പെടുത്തിയ ജസ്റ്റിസ് അനില്‍ ആര്‍. ദവെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. കേസിലെ തുടര്‍ വാദത്തിനിടെ ഈ വര്‍ഷം മുതല്‍
 ‘നീറ്റ്’ നടത്താന്‍ ഏപ്രില്‍ 28 നാണ്  സുപ്രീംകോടതി ഉത്തരവിട്ടത്.

സംസ്ഥാന എന്‍ട്രന്‍സ് പട്ടികയുടെ അടിസ്ഥാനത്തില്‍ മിക്ക മെഡിക്കല്‍ കോളജുകളിലും മെയ് മാസത്തില്‍ തന്നെ അഡ്മിഷന്‍ നടപടികള്‍ പല ഘട്ടത്തിലത്തെും. നീറ്റ് ഏര്‍പ്പെടുത്തുന്നതോടെ ഈ നടപടികള്‍ വീണ്ടും ആദ്യം  മുതല്‍ ചെയ്യേണ്ടിവരും. കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശം ആഗ്രഹിച്ചാണ് വിദ്യാര്‍ഥികള്‍ സംസ്ഥാനം നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്. നീറ്റ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാന എന്‍ട്രന്‍സ് യോഗ്യത നേടുന്നവരുടെ കാര്യം അനിശ്ചിതത്വത്തിലാവും.

പ്രൈവറ്റ് മെഡിക്കല്‍ കോളജുകള്‍ക്ക് നിലവാരമില്ല എന്നുള്ളതാണ് വാദം. മെറിറ്റിനെപ്പറ്റി ആശങ്കയുണ്ടെങ്കില്‍ എന്തിനാണ് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നത്. മെറിറ്റ് താഴോട്ട് പോകുന്നതിനാല്‍ ഏകീകൃത പരീക്ഷ നടത്തണമെന്ന്  വാദിക്കുകയും അതേസമയം തന്നെ സ്വകാര്യ കോളജുകള്‍ അനുവദിക്കുകയും ചെയ്യുന്നു. മെറിറ്റ് ഇല്ലാത്തതിനാല്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുന്നവര്‍ക്ക് നീറ്റ് നടത്തിയിട്ടും കാര്യമില്ല. ദേശീയ തലത്തില്‍ 54 ശതമാനം സ്വകാര്യ മെഡിക്കല്‍ കോളജുകളാണ് ഉള്ളത്. ഇവിടെ സംവരണം പാലിക്കുന്നില്ല, പണം മാത്രമാണ് മാനദണ്ഡം. ഇനി സ്വകാര്യ മെഡിക്കല്‍  കോളജുകള്‍ അനുവദിക്കാതിരുന്നാല്‍ മെറിറ്റ് സംരക്ഷിക്കപ്പെടും.

നീറ്റ് സിലബസുമായി ബന്ധപ്പെട്ടും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. നഗരങ്ങളിലെ വിദ്യാര്‍ഥികളും ഗ്രാമീണ വിദ്യാര്‍ഥികളും തമ്മില്‍  വിദ്യാഭ്യാസ നിലവാരത്തില്‍ നിലനില്‍ക്കുന്ന അന്തരം ദേശീയ തലത്തില്‍ ഏകീകൃത പരീക്ഷ നടത്തുമ്പോള്‍ ബാധിക്കും. ഡല്‍ഹിയിലെ സി.ബി.എസ്.ഇ വിദ്യാര്‍ഥിയും ഛത്തീസ്ഗഡിലെ ഗ്രാമീണ വിദ്യാര്‍ഥിയും തമ്മിലാണ് മത്സരിക്കേണ്ടത്. പരീക്ഷ കഠിനമായാല്‍ നഗരങ്ങളില്‍ താമസിക്കുന്ന സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കാണ് ജനറല്‍ മെറിറ്റില്‍ യോഗ്യത നേടാനാവുക. സംവരണ, ട്രൈബല്‍ മേഖലകളിലുള്ള വിദ്യാര്‍ഥികള്‍  പിന്നോട്ട് പോകും. അതത് സംസ്ഥാനങ്ങള്‍ പ്രവേശ പരീക്ഷ നടത്തുമ്പോള്‍ സിലബസ് അവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായിരിക്കും. നിലവില്‍ യോഗ്യത നേടുന്നതിന് നിര്‍ണിത ശതമാനം മാര്‍ക്ക് എന്നതാണ് വ്യവസ്ഥ. ശതമാനക്കണക്കില്‍ കട്ട് ഓഫ് നിര്‍ണയിക്കുന്നതിന് പകരം ഒരോ സംവരണ വിഭാഗത്തിനും പെര്‍സന്‍ൈറല്‍ രീതിയില്‍ (ഒരു വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ശരാശരി മാര്‍ക്ക് കണക്കാക്കി പ്രവേശം നല്‍കുന്ന രീതി) കട്ട് ഓഫ് തീരുമാനിച്ച് സാമൂഹിക സന്തുലിതാവസ്ഥയും സംവരണവും ഉറപ്പാക്കാം.  

സിബിഎസ്ഇ വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സില്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്.  കേരളത്തില്‍ തന്നെ  സിബിഎസ്ഇ വിദ്യാര്‍ഥികളുടെയും സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികളുടെയും മാര്‍ക്കില്‍ അന്തരം നിലനില്‍ക്കുന്നുണ്ടെ്. ഇതിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ എല്ലാവര്‍ഷവും എന്‍ട്രന്‍സ് പ്രവേശ നടപടികളുടെ സമയത്ത് ഉയര്‍ന്നു വരാറുണ്ട്. സംസ്ഥാന സിലബസില്‍ പഠിക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കിയാണ് സര്‍ക്കാര്‍ ഇത് പരിഹരിക്കാറ്. കേരളം പോലെ വിദ്യാഭ്യാസ നിലവാരമുള്ള സംസ്ഥാനത്ത് സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാര്‍ഥികളുടെയും പ്രകടനം തമ്മില്‍ അന്തരമുണ്ടെങ്കില്‍ അത്  ദേശീയ തലത്തില്‍ എങ്ങനെയായിരിക്കും ബാധിക്കുക? ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാതെയാണ് നീറ്റുമായി മുന്നോട്ട് പോകുന്നത്.  നീറ്റ് രണ്ടോ മൂന്നോ തവണ നടന്നാല്‍ മാത്രമേ സാമൂഹിക നീതി സംരഷിക്കപ്പെടുന്നുണ്ടോ എന്ന് പറയാന്‍ കഴിയൂ.

ന്യൂനപക്ഷങ്ങളുടെ അവസരം
ന്യൂനപക്ഷ അവകാശങ്ങള്‍  ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ന്യുനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും ദേശീയ തലത്തില്‍ ഏകീകൃത കട്ട് ഓഫ് നിലനില്‍ക്കുന്നത് കാരണം  നീറ്റ് യോഗ്യത നേടുന്ന ന്യൂനപക്ഷ , ദലിത് വിദ്യാര്‍ഥികളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ട്.  ന്യൂനപക്ഷങ്ങളുടെ സ്ഥിതി പരിതാപകരമായ സംസ്ഥാനങ്ങളിലാവും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. രാജ്യത്തെ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില   ന്യുനപക്ഷ കോളജുകളില്‍ നീറ്റ് യോഗ്യത നേടിയ  അതത് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇല്ലാതാകും. ന്യൂനപക്ഷങ്ങള്‍ക്ക്  മെച്ചപ്പെട്ട സാഹചര്യമുള്ള കേരളത്തില്‍  മെഡിക്കല്‍ പ്രവേശത്തിന് ഏറ്റവും നല്ല രീതി നീറ്റ് ആകൂം.

 ഇന്ത്യയുടെ   സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ച് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കും ഗ്രാമീണ വിദ്യാര്‍ഥികള്‍ക്കും കോട്ടം തട്ടാത്ത രീതിയിലും ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലും നീറ്റ് ഏര്‍പ്പെടുത്തുന്നത് നല്ലതാണ്. ശാസ്ത്രീയ പഠനം നടത്തിയാണ് നീറ്റ് നടപ്പാക്കേണ്ടത്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെയാണ് നീറ്റ് തിടുക്കത്തില്‍ നടപ്പിലാക്കുന്നത്.  മൊത്തത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍െ നിലവാരം കൂട്ടാനും അഴിമതി കുറക്കാനും ഏകീകൃത സ്വഭാവം കൊണ്ടുവരാനും നീറ്റ് കാരണമാവും. സ്വകാര്യ മാനേജ്മെന്‍റുകളും ഡീംഡ് സര്‍വകലാശാലകളും  സ്വന്തം ഇഷ്ടപ്രകാരം എന്‍ട്രന്‍സും അഡ്മിഷനും നടത്തുന്നത് ഒഴിവാക്കാന്‍ പൊതു പരീക്ഷ ഉപയോഗപ്പെടും.

 

തയാറാക്കിയത്: അൻവർ. ജെ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.