ചുംബന സമരത്തിന്‍െറ ബാക്കിപത്രം

സദാചാര പൊലീസിങിനെതിരെ 2014 നവംബര്‍ രണ്ടിന് കൊച്ചിയില്‍ നടന്ന ചുംബന സമരം (Kiss of Love) ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രധാന സംഘാടകര്‍ ലൈംഗിക വ്യാപാരത്തിന്‍െറ പേരില്‍ അറസ്റ്റിലാവുന്നത് യാദൃശ്ചികമാവാം, നിയോഗമാവാം, ലക്ഷ്യബോധമില്ലാത്ത സമരത്തിന്‍െറ സ്വാഭാവിക പരിണിതിയാവാം, മുഖ്യ പ്രായോജകരുടെ ഗൂഢ ലക്ഷ്യങ്ങളാവാം. അതിന്‍്റെ കാര്യ കാരണങ്ങളിലേക്കുള്ള പ്രയാണമല്ലിത്. പുതുമയാര്‍ന്ന ആ വിയോജിപ്പ് ഉയര്‍ത്തിയ രണ്ട് ചോദ്യങ്ങളാണ് ഇപ്പോഴും പ്രസക്തമായിട്ടുള്ളത്.

പാരമ്പര്യവും വിശ്വാസങ്ങളും കുടുംബ ബന്ധങ്ങളും ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കേരളത്തില്‍ വ്യക്തി മാഹാത്മ്യ സിദ്ധാന്ത (ഇന്‍ഡിവിജ്വലിസം)ത്തിന്‍െറ സാധ്യതകളാണ് ഈ സമരം മുന്നോട്ടുവെച്ച ചോദ്യങ്ങളിലൊന്ന്. കൊച്ചിയിലെ സമരത്തിന്‍െറ തുടര്‍ച്ചയായി എന്‍െറ ഉടല്‍ എന്‍േറത് എന്ന മുദ്രാവാക്യമുയര്‍ത്തി സമാനമായ പ്രതിഷേധങ്ങള്‍ ചിലയിടങ്ങളില്‍ നടക്കുകയുണ്ടായി. ഈയിടെ പൊലീസിന്‍െറ പിടിയിലായ ചുംബന സമര നായിക ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയ കാര്യവും ഇതായിരുന്നു. എന്‍െറ ശരീരം എന്‍േറതാണ്, അതെങ്ങിനെ ഉപയോഗിക്കണമെന്ന് ഞാന്‍ തീരുമാനിക്കും എന്ന രീതിയിലായിരുന്നുവത്രെ അവരുടെ മൊഴി. വ്യക്തി സ്വാതന്ത്ര്യത്തിന്‍െറ അതിരുകള്‍ എവിടെയെന്ന് കൃത്യമായി ഇനിയും നാം നിശ്ചയിച്ചിട്ടില്ല. അത് സമൂഹത്തില്‍ നിലനില്‍ക്കുന്ന അംഗീകൃത രീതികളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടു കിടക്കുകയാണ്.

എന്നാല്‍,  ഒരു പ്രത്യേക സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളും (agreed reality) സാര്‍വ്വ ലൗകികമായി അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളുമുണ്ട് (universally agreed reality). മറ്റുള്ളവരുടെ അവകാശത്തെ ബാധിക്കുന്നതും അനിയന്ത്രിതവുമായ ലൈംഗിക സ്വാതന്ത്ര്യം ഒരു സമൂഹവും അംഗീകരിക്കുന്നില്ല. പണത്തിനു വേണ്ടിയുള്ള ലൈംഗിക വ്യാപാരം ഒട്ടും അംഗീകരിക്കുന്നില്ല. ഇതൊരു ആഗോള യാഥാര്‍ഥ്യമാണ്.

ചില യൂറോപ്യന്‍ നാടുകളില്‍ നിലനില്‍ക്കുന്ന വ്യക്തി സ്വാതന്ത്ര്യം അതേപടി ഇന്ത്യയിലും വരണമെന്ന് ആഗ്രഹിക്കുന്നത് കുറ്റകരമല്ല. ഒരളവോളം അതുപോലെ ജീവിക്കാനും സാധിക്കും. സദാചാര വിരട്ടലിനെതിരെ നടന്ന സംഘടിത പ്രതിരോധമായിരുന്നു കിസ്സ് ഓഫ് ലവ് എങ്കിലും അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചുവടുവെപ്പായി അതിനെ വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല. അത് സാമൂഹ്യ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. വ്യക്തിമാഹാത്മ്യ വാദവും സാമൂഹ്യ വിലക്കുകള്‍ അതിരു നിശ്ചയിച്ച കേരളീയ സംസ്കാരവും ഒരുമിച്ചുപോവില്ല . എന്നാല്‍, അതിന്‍െറ സ്വാധീനത്തില്‍ നിന്ന് കേരളീയ സമൂഹവും മുക്തമല്ല. അതേസമയം, അത്തരമൊരു സ്വാതന്ത്ര്യത്തിനുവേണ്ടി ചെറിയ വിഭാഗമെങ്കിലും പ്രത്യക്ഷമായി രംഗത്തിറങ്ങിയത് ആദ്യത്തെ അനുഭവമാണ്.
 

അറുപതുകളുടെ മധ്യത്തില്‍ അമേരിക്കയില്‍ വ്യാപകമായ ഹിപ്പി സംസ്കാരത്തിന്‍െറ അനുരണനം ഇന്ത്യയിലും നമ്മുടെ കൊച്ചുകേരളത്തിലും എത്തിയിരുന്നെങ്കിലും ലൈംഗിക സ്വാതന്ത്ര്യത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും കേരളത്തിലെ ഹിപ്പികള്‍ സമരം നടത്തിയതായി അറിയില്ല. പരിമിതമായ തോതില്‍ മയക്കുമരുന്ന് നിയമ വിധേയമാക്കിയ രാജ്യമാണ് നെതര്‍ലാന്‍റ്സ്. ആംസ്റ്റര്‍ഡാമിലെ കഫേകളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നത് കാണാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, ഈ ‘ആനുകൂല്യം’ ഇന്ത്യയിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് മയക്കുമരുന്ന് ഉപയോക്താക്കള്‍ രംഗത്ത് വന്നതായി ഓര്‍മയില്ല. ഇവിടെ ഏറ്റവും രഹസ്യമായി നടക്കുന്ന ഏര്‍പാടാണ് മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും. പാരീസിലേയും ആംസ്റ്റര്‍ഡാമിലേയും ചുവന്നതെരുവുകളില്‍ മനുഷ്യര്‍ നേരിട്ട് ഇണചേരുന്നതിന്‍െറ തല്‍സമയ പ്രദര്‍ശനമുണ്ട്. അത്തരമൊരു വ്യാപാരത്തിനുള്ള വ്യക്തി സ്വാതന്ത്ര്യം ഇന്ത്യയിലും കേരളത്തിലും വേണമെന്ന് ഇതു വരെ ആരൂം സംഘടിതരായി ആവശ്യപ്പെട്ടതായി അറിവില്ല.

അമേരിക്കയിലേയും ചില യൂറോപ്യന്‍ നാടുകളിലേയും വ്യക്തി സ്വാതന്ത്ര്യവും ഇന്ത്യയിലെ പരിമിതമായ സ്വാതന്ത്ര്യവും ഏറ്റുമുട്ടുന്നത് ഇവിടെയാണ്. ഇവിടെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളുടെ പൊളിച്ചെഴുത്ത് സാധ്യമാവണമെങ്കില്‍ ആദ്യം വേണ്ടത് ആത്മാര്‍ഥതയാണ്. വികസ്വര, അവികസിത രാജ്യത്തെ ഏറ്റവും വലിയ യാഥാര്‍ഥ്യം പണമാണ്. ഏതു പ്രതിഷേധവും മുന്നേറ്റവും പണത്തിനു മുന്നില്‍ കാലിടറുന്നു. സ്വന്തം ശരീരം എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന ചുംബന സമര നായിക പണത്തിനു വേണ്ടി അതുപയോഗിക്കുന്നിടത്താണ് വ്യക്തിസ്വാതന്ത്ര്യ സമരം പരാജയപ്പെടുന്നത്.

അസഹിഷ്ണുതക്കെതിരായ പ്രതിരോധം എന്ന നിലയിലും ചുംബന സമരം പ്രസക്തമായിരുന്നു. പ്രത്യേകിച്ച് രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരുന്ന സാഹചര്യത്തില്‍. എന്നാല്‍, ആരോഗ്യകരമായ സ്ത്രീ പുരുഷ ഇടപെടലിനും അതിനു തടസ്സം നില്‍ക്കുന്ന സദാചാര പൊലീസിനുമെതിരെ സമരം നടത്തിയവരോ അതിന് അഭിവാദം  അര്‍പ്പിച്ച സാംസ്കാരിക നായകരോ രാജ്യത്തെ മത സഹിഷ്ണുതക്കു വേണ്ടി ഇത്ര ശക്തമായി രംഗത്ത് വന്നില്ല എന്നതാണ് വൈരുധ്യം. രണ്ടും ഒരര്‍ഥത്തില്‍ അസഹിഷ്ണുത തന്നെ. ഉഭയകഷി സമ്മത പ്രകാരം രണ്ടു പേര്‍ പരസ്യമായി ചുംബിക്കുന്നത് സഹിക്കാനാവാതെ അവരെ നേരിടുന്നത് അസഹിഷ്ണുതയല്ലാതെ മറ്റെന്താണ്. ഹിന്ദുത്വത്തേയോ ഹിന്ദുത്വ ശക്തികള്‍ നിരാകരിക്കുന്ന ആശയത്തേയോ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തി അടിച്ചൊതുക്കുന്നതും അസഹിഷ്ണുതയുടെ മറ്റൊരു പതിപ്പ്. വ്യക്തി സ്വാതന്ത്ര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് അസഹിഷ്ണുതയാണ്. എന്നാല്‍, ഒരു ഭാഗത്ത് വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തവര്‍ രാജ്യത്തെ അസഹിഷ്ണുതക്കെതിരെ സംഘടിതമായി പ്രതികരിക്കുന്നതില്‍ നിന്ന് പിന്നാക്കം പോവുന്നു. അംഗീകാരങ്ങള്‍ തിരിച്ചു നല്‍കി ചിലര്‍  നടത്തിയ പ്രതിഷേധം കാണാതിരിക്കുന്നില്ല. എന്നാല്‍,  അസഹിഷ്ണുതക്കെതിരെ സംഘടിതമായ പ്രതിരോധം നടന്നില്ല എന്നു തന്നെ പറയാം.

അസഹിഷ്ണുതക്കെതിരായ ചെറുത്തുനില്‍പ് പരിഷ്കൃത സമൂഹത്തിന്‍െറ ആവശ്യമാണ്. അക്രമത്തിനെതിരെ പ്രതിഷേധിക്കേണ്ടിടത്ത് മൗനം പാലിക്കുന്നത് ഭീരുത്വമാണെന്ന അബ്രഹാം ലിങ്കന്‍െറ വാക്കുകള്‍ ഏറെ പ്രസക്തമാണ്. എന്നാല്‍, അതിനെ സ്ഥാപിത താല്‍പര്യങ്ങള്‍ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കരുതെന്ന് മാത്രം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.