ഈ മരണങ്ങൾക്ക് സർക്കാർ മറുപടി പറയണം

സംസ്ഥാനത്ത് ഒരുകുട്ടി കൂടി പേവിഷബാധയേറ്റ് ചികിത്സയിലിരിക്കേ മരണമടഞ്ഞിരിക്കുന്നു. ഒരാഴ്ചക്കിടയിൽ ഇത്തരത്തിലെ നാലാമത്തെ മരണം. പ്രാഥമിക ചികിത്സകളും മൂന്നുതവണ വാക്സിനും എടുത്ത് ചികിത്സയിൽ തുടരവേ മരണപ്പെട്ട ഈ കുഞ്ഞിനും തെരുവുനായ്ക്കളുടെ കടിയേറ്റതാണ്. ഈ വർഷം പിറന്ന ശേഷം 14 പേരാണ് നായ് കടിയേറ്റു മരിച്ചിരിക്കുന്നത്.

ചികിത്സ തേടിയിട്ടും കുട്ടികളടക്കമുള്ളവർ മരണത്തിന് കീഴടങ്ങേണ്ടിവരുന്നത് വലിയ വെല്ലുവിളിയാണ്. കൊല്ലത്ത് മരിച്ച കുട്ടിക്ക് പ്രാഥമികചികിത്സയും തുടർചികിത്സയുമെല്ലാം ലഭിച്ചിരുന്നു. കടിയേറ്റ ഉടനെ മുറിവ് നന്നായി കഴുകി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു കുത്തിവെപ്പ് എടുത്തു. അന്നുതന്നെ ആന്‍റി റാബിസ് സിറവും നൽകി. പക്ഷേ, രക്ഷിക്കാനായില്ല. അതേസമയം കുട്ടിയുടെ കൈയിലെ മുറിവ് ആഴത്തിലുള്ളതായിരുന്നുവെന്നും മുറിവിലെ ഞരമ്പിലൂടെ തലച്ചോറിലേക്ക് പേവിഷം എത്തിയെന്നുമാണ് ഡോക്ടർമാരുടെ നിഗമനം.

2024ൽ സംസ്ഥാനത്ത് 26 പേരാണ് പേവിഷബാധയേറ്റു മരിച്ചത്. 2023ൽ 17 പേരും. 2023ലെ എട്ടു മരണങ്ങൾ സംശയ നിഴലിലാണ്. കണക്കിൽപെടാതെ പോകുന്ന മരണങ്ങളുടെയും തെരുവുനായ് ആക്രമണത്തെത്തുടർന്ന് മരണതുല്യ ജീവിതം നയിക്കുന്നവരുടെയും കാര്യം പറഞ്ഞാൽ അവസാനിക്കില്ല.

ദിവസവും ആയിരത്തിലധികം പേരാണ് തെരുവുനായ് ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടുന്നത്. സംസ്ഥാനത്ത് നാലുലക്ഷത്തോളം തെരുവുനായ്ക്കളുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, അനൗദ്യോഗികമായി 15 ലക്ഷത്തിലധികം വരും. രാത്രിയും പകലുമില്ലാതെ ഗ്രാമ-നഗരവീഥികൾ കൈയടക്കുന്നു അവർ. തെരുവുനായ് കുറുകെ ചാടി വാഹനത്തിന് നിയന്ത്രണം വിട്ടുണ്ടാവുന്ന അപകടങ്ങൾ നൂറുകണക്കിനാണ്. വാഹനങ്ങളിടിച്ചാണ് ഈ തെരുവു ജീവികളിൽ പലതിനും ജീവൻ നഷ്ടമാവുന്നതും. തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പിനും ജനന നിയന്ത്രണത്തിനും വമ്പൻ പദ്ധതികൾ മുമ്പുണ്ടായിരുന്നു. മുൻകാലങ്ങളിൽ ഊർജിത പരിപാടികൾ നടപ്പാക്കിയിരുന്ന തദ്ദേശ സ്ഥാപനങ്ങളും ഇപ്പോൾ തെരുവുനായ് നിയന്ത്രണം കൈയൊഴിഞ്ഞ മട്ടാണ്.

മാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും പ്രായവും രോഗവും ബാധിച്ച വളർത്തുനായ്ക്കളെ പുറന്തള്ളുന്നതുമെല്ലാം തെരുവു നായ്ക്കളുടെ വർധനവിന് കാരണമാകുന്നുണ്ട്. ഏതൊരു ജീവിയോടുമെന്നതുപോലെ അനുതാപപൂർവമായ സമീപനം നായ്ക്കളോട്​ മനുഷ്യർ സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ, കുഞ്ഞുങ്ങളും വയോധികരുമടങ്ങുന്ന മനുഷ്യർക്കുനേരെ കുരച്ചുചാടി കടിച്ചുകീറുന്ന നായ്ക്കൾ തെരുവുകളിലും പറമ്പുകളിലും വിഹരിക്കുന്ന സ്ഥിതി അനുവദിക്കാനോ അംഗീകരിക്കാനോ കഴിയില്ല. അവയെ നിയന്ത്രിക്കാനും കടിയേൽക്കുന്നവർക്ക്​ ചികിത്സയും പരിചരണവും നൽകാനുമുള്ള ഉത്തരവാദിത്തം പ്രാദേശിക-സംസ്ഥാന ഭരണകൂടങ്ങൾക്കുണ്ട്. നിർഭാഗ്യവശാൽ അവർ ഇക്കാര്യത്തിൽ അമ്പേ പരാജയമാണ്.

പേവിഷബാധ മരണങ്ങൾ വാക്സിൻ ഫലത്തെക്കുറിച്ചും ആശങ്കകളുയർത്തുന്നുണ്ട്. വാക്സിൻ സുരക്ഷിതമാണോ, ചികിത്സ ഫലപ്രദമാണോ എന്ന സംശയം കുറച്ചുനാളായി ഉയരുന്നു. സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമാണ്. പലയിടത്തും ലഭ്യമല്ലെങ്കിലും മെഡിക്കൽ കോളജുകളിലും ജില്ല ആശുപത്രികളിലും സംഭരിച്ചിട്ടുണ്ട്. അതേ സമയം വാക്സിൻ കൈകാര്യം ചെയ്യുന്ന രീതി, ഗുണനിലവാരം, സംഭരണം എന്നിവയിൽ പാളിച്ചകളുണ്ടോ എന്ന സംശയം വ്യാപകമാണ്.

വാക്സിൻ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനങ്ങൾ പലപ്പോഴും വൈദ്യുതി തകരാർ മൂലം പ്രവർത്ത രഹിതമാവുന്നത് വാക്സിന്റെ പ്രതിരോധശേഷിയെ സംശയ മുനയിൽ നിർത്തുന്നതായി ആരോഗ്യ പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു. മൂന്നുമുതൽ എട്ട് ഡിഗ്രിവരെ സെൽഷ്യസിൽ സൂക്ഷിക്കേണ്ടവയാണ് വാക്സിനുകൾ. വൈദ്യുതി തകരാറിനിടയിൽ ഇതു പാലിക്കുക എളുപ്പമല്ല. പ്രത്യേക പരിശീലനം ലഭിച്ചവരാണ് തൊലിപ്പുറത്ത് വാക്സിനുകൾ നൽകുന്നത്. ചിലപ്പോഴെങ്കിലും ഇതിലും പാളിച്ചവരുന്നു. സംഭരിച്ച വാക്സിനിലെ ആന്‍റിബോഡികളുടെ ശേഷി ഇടക്ക് വിലയിരു​ത്തേണ്ടതും ആവശ്യമാണ്. ഇത്തരം പാളിച്ചകൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ഇതുസംബന്ധിച്ച എല്ലാ സംശയങ്ങൾക്കും നിവാരണം വരുത്തേണ്ടതും സംസ്ഥാന ആരോഗ്യ വകുപ്പാണ്. നിർഭാഗ്യവശാൽ അത്തരം നടപടികൾ ഉണ്ടാകുന്നില്ല എന്നു മാത്രമല്ല വാക്സിൻ സംബന്ധിച്ച ബോധവത്കരണം പോലും നാമമാത്രമായൊതുങ്ങുന്നു.

രാജ്യത്ത് പേവിഷബാധ മൂലമുള്ള മരണം 2030 ഓടുകൂടി പൂജ്യത്തിലെത്തിക്കുക ദേശീയാരോഗ്യ ദൗത്യത്തിന്‍റെ മുൻഗണനകളിലൊന്നാണ്. ഇതിന്‍റെ ചുവടുപിടിച്ച് 2030ഓടെ സംസ്ഥാനം പേവിഷ മുക്തമാക്കുമെന്ന്​ സംസ്ഥാന ആരോഗ്യ വകുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്​. പക്ഷേ, പുതിയ സ്ഥിതിവിശേഷങ്ങൾ ഇതിന് വലിയ വെല്ലുവിളിയാണ്. ആരോഗ്യ രംഗത്ത് നമ്പർ വൺ ആണെന്ന് ദിവസം മൂന്നുനേരം പറഞ്ഞാൽ പോരാ. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ടു വേണം ആ അവകാശവാദം സ്ഥാപിച്ചെടുക്കാൻ.

Tags:    
News Summary - The government must answer for dog bite deaths in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.