അ​ഴി​മ​തി​​ക്കെ​തി​രെ വേ​ണ്ട​ത്​ ഉ​റ​ച്ച ന​ട​പ​ടി

സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ നടക്കുന്ന അഴിമതി സംബന്ധിച്ച് വിജിലൻസ് പുറത്തുവിട്ട കണക്ക് സാക്ഷരകേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മുന്നണികൾ മാറി ഭരിച്ചാലും പ്രകടനപത്രികയിലും തെരഞ്ഞെടുപ്പിനു മുമ്പും പിമ്പുമുള്ള പ്രഖ്യാപനങ്ങളിലും ഒതുങ്ങുന്നതാണ് അഴിമതിവിരുദ്ധ പോരാട്ടമെന്നും പ്രയോഗത്തിൽ അതിപ്പോഴും കയറൂരിവിട്ട നിലയിലാണെന്നും സംസ്ഥാന വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ വിഭാഗം തയാറാക്കിയ അഴിമതിവിരുദ്ധ സൂചിക തെളിയിക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലാണ് അഴിമതി ഏറ്റവും കൂടുതൽ.

രണ്ടാം സ്ഥാനത്ത് റവന്യൂവകുപ്പാണ്. പൊതുമരാമത്ത്, ആരോഗ്യം, ഗതാഗതം, പൊതുവിദ്യാഭ്യാസം, ജലവിഭവം, ഭക്ഷ്യം, എക്സൈസ്, ഖനനം, വാണിജ്യനികുതി തുടങ്ങി ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കേണ്ടി വരുന്ന വിഭാഗങ്ങളിലെല്ലാം അഴിമതി മൂക്കറ്റമാണെന്നു സൂചിക പറയുന്നു. അതിരൂക്ഷം, രൂക്ഷം, ഇടത്തരം, താരതമ്യേന കുറവ്, തീരെക്കുറവ് എന്നിങ്ങനെ രൂക്ഷതയുടെ അടിസ്ഥാനത്തിൽ അഞ്ചായി തിരിച്ച അഴിമതിമാപിനിയിൽ മേൽപറഞ്ഞ വകുപ്പുകളെല്ലാം അതിരൂക്ഷഗണത്തിലാണ്. െഎ.ടി, ശാസ്ത്ര സാേങ്കതികം, ഇൻഫർമേഷൻ തുടങ്ങിയ വകുപ്പുകളിലാണ് ഏറ്റവും കുറവ്. അഴിമതി സൂചിക തയാറാക്കിയ വിജിലൻസിലുമുണ്ട് 0.33 ശതമാനം അഴിമതിക്കറ. സൂചികയുടെ റാങ്കിങ്ങിൽ ഇത് 57ാം സ്ഥാനത്തു വരും.

മൂന്നു മാസം നീണ്ട പരിശോധനയിലൂടെ 61 സർക്കാർ വകുപ്പുകളിലെ അഴിമതി പരിശോധിച്ച് രൂക്ഷതയുടെ അടിസ്ഥാനത്തിൽ അഞ്ചായി തിരിച്ച് സൂചിക പുറത്തിറക്കുന്ന പരിപാടിക്ക് ഇടതുസർക്കാർ കഴിഞ്ഞ നവംബറിലാണ് തുടക്കം കുറിച്ചത്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 10,770 പേരിൽ നിന്നായി സ്വീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസിനു കീഴിലുള്ള ഗവേഷണ പഠനവിഭാഗത്തിലെ 130 വിദഗ്ധർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. വെബ്സൈറ്റിൽ സൂചിക പ്രസിദ്ധീകരിക്കുന്നതോടെ പൊതുജനങ്ങൾക്കു ഇതു സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കും. വിവിധ മേഖലകളിലെ അഴിമതി കണ്ടെത്തി അതിേന്മൽ സ്വീകരിക്കുന്ന പരിഹാരനടപടികളുമടക്കം പ്രസിദ്ധപ്പെടുത്തുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവിട്ട സൂചികയിൽ അഴിമതി വിവരങ്ങൾ മാത്രമേയുള്ളൂ.

രാജ്യത്തും സംസ്ഥാനത്തും അഴിമതി പുതുമയുള്ള കാര്യമല്ല. അഴിമതിക്കെതിരെ പരാതിെപ്പടാൻ പ്രത്യേക സെല്ലും അതുസംബന്ധിച്ച വിവരങ്ങളറിയാൻ വിവരാവകാശ നിയമവുമൊക്കെയുണ്ട്. അതിനു പുറമെയാണ് വിവിധ കക്ഷികളും മുന്നണികളും ഭരണത്തിലേറുേമ്പാൾ വലിയ വായിലെ അഴിമതിവിരുദ്ധ പ്രഖ്യാപനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കാൻ പുതിയ സംവിധാനങ്ങളുണ്ടാക്കുന്നത്. ‘എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യവുമായി അധികാരത്തിൽ വന്ന ഇടതുപക്ഷ മുന്നണി ഗവൺമെൻറ് വിജിലൻസ് ഡയറക്ടറുടെ സഹായത്തോടെ അഴിമതി സൂചിക പുറത്തിറക്കാൻ തീരുമാനിച്ചതും ഇതുപോലൊരു ശ്രമമായിരുന്നു. ആരംഭശൂരത്വമായോ സർക്കാറിെൻറ വെറുമൊരു മുറയായോ ഇത് അവസാനിക്കാതിരിക്കണമെങ്കിൽ വെളിച്ചത്തുവരുന്ന വസ്തുതകളെ യഥോചിതം കൈകാര്യം ചെയ്ത് അഴിമതിക്കു മൂക്കുകയറിടാനുള്ള നീക്കമുണ്ടാകണം.

അതിനു ഇച്ഛാശക്തിയില്ലെങ്കിൽ കൊല്ലത്തിൽ മൂന്നോ നാലോ വട്ടം മാധ്യമവാർത്തക്കു വഴിയൊരുക്കാം എന്നല്ലാതെ മറ്റൊരു മെച്ചവും ഇൗ സൂചികകൾക്കുണ്ടാവില്ലെന്നു കട്ടായം. സംസ്ഥാന ഭരണത്തിെൻറ നാളിതുവരെയുള്ള പ്രകടനം നോക്കിയാൽ ഇക്കാര്യത്തിൽ പ്രതീക്ഷക്കുള്ള വഴിയല്ല കാണുന്നത് എന്നു പറയേണ്ടിവരും. ദിനം ദിനേ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിൽ ഇടതുസർക്കാർ പരാജയപ്പെടുക മാത്രമല്ല, വിവിധ വകുപ്പുകളിൽനിന്നായി ഉയരുന്ന വിവാദങ്ങളിൽനിന്നു സംസ്ഥാന ഭരണകൂടത്തിന് ഒഴിഞ്ഞുനിൽക്കാനുമാവുന്നില്ല. അഴിമതിയെക്കുറിച്ച ഇൗ വിജിലൻസ് റിപ്പോർട്ട് പുറത്തുവരുന്നതിെൻറ പിറകെയാണ് ഗവൺമെൻറിെന പ്രതിക്കൂട്ടിൽ കയറ്റുന്ന പുതിയ ആരോപണം വാർത്തകളിലിടം പിടിച്ചിരിക്കുന്നത്. സംസ്ഥാനപ്പിറവിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ദീർഘകാലമായി തടവിൽകഴിയുന്നവർക്ക് നൽകുന്ന ശിക്ഷാ ഇളവിന് സുപ്രീംകോടതി മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ജയിൽ വകുപ്പ് സർക്കാറിന് സമർപ്പിച്ച പട്ടിക വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ടി.പി വധം, തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിെൻറ കൊലപാതകം, കല്ലുവാതുക്കൽ മദ്യദുരന്തം, കാരണവർ കൊലപാതകം തുടങ്ങി സംസ്ഥാനത്തെ ഞെട്ടിച്ച സംഭവങ്ങളിലെ പ്രതികളായ കൊടുംക്രിമിനലുകളെ ശിക്ഷാ ഇളവിൽ ഉൾപ്പെടുത്തി മോചിപ്പിക്കാൻ ജയിൽ വകുപ്പ് ശിപാർശ ചെയ്തതാണ് വിവരാവകാശനിയമം വഴി പുറത്തുവന്നത്. സംസ്ഥാന സർക്കാർ ഗവർണർക്ക് സമർപ്പിച്ചിരുന്ന പട്ടിക തള്ളിയിരിക്കെ പുറത്തുവന്ന പുതിയ വിവരം ഗവൺമെൻറിെൻറ പ്രതിച്ഛായെയ ബാധിക്കുമെന്നതിൽ സംശയമില്ല. സർക്കാർ ഇൗ പട്ടിക അംഗീകരിച്ച് ഗവർണറുടെ നടപടിക്കായി മുന്നോട്ടു നീക്കിയോ എന്ന കാര്യത്തിൽ ഒൗദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

രാജ്യത്ത് ഇതാദ്യമായി ഇത്തരമൊരു സൂചിക പദ്ധതി തയാറാക്കിയത് അഭിനന്ദനാർഹം തന്നെ. ഏതാണ്ടെല്ലാ വകുപ്പുകളെയും ബാധിച്ച അഴിമതിക്ക് തടയിടാനുള്ള ചില നിർദേശങ്ങളും സൂചികയിലുണ്ട്. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാവുന്ന സുതാര്യമായ സംവിധാനമായി ഏർപ്പെടുത്തിയ ഇ^ഗവേണൻസ് സംവിധാനം ഫലപ്രദമായി നടപ്പാക്കുക, പുതിയ ജീവനക്കാർക്ക് അഴിമതിവിരുദ്ധ പ്രതിരോധത്തിനുള്ള പരിശീലനം നൽകുക, ഭരണത്തിൽ സമ്പൂർണമായ സുതാര്യതയും വിവിധ വകുപ്പുകളിൽ ഉത്തരവാദിത്തബോധത്തോടെയുള്ള തൊഴിൽസംസ്കാരവും വളർത്തിയെടുക്കുക തുടങ്ങിയ നിർദേശങ്ങളാണ് വിജിലൻസ് സമർപ്പിച്ചിരിക്കുന്നത്. നിർദേശങ്ങളില്ലാത്തതല്ല, അത് നടപ്പാക്കാൻ ഭരണകൂടത്തിന് ആർജവമില്ലാത്തതാണ് മോന്തായം പിന്നെയും വളഞ്ഞിരിക്കാനുള്ള കാരണം. ഇതു മനസ്സിലാക്കിയുള്ള ചില പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിലേറിയ ആദ്യനാളുകളിൽതന്നെ നടത്തിയിരുന്നു. ഭരണത്തിന് ഒരു വർഷം തികയുേമ്പാഴും ആ വഴിക്കുള്ള നീക്കങ്ങൾക്കു കാത്തിരിക്കുകയാണ് കേരളം. അഴിമതി വിവരം പുറത്തുവിട്ടുകൊണ്ടല്ല, അഴിമതിക്കാരെ അഴിയെണ്ണിക്കാനും ഭരണത്തിെൻറ ആനുകൂല്യങ്ങൾ ജനത്തിന് തടയപ്പെടാതിരിക്കാനുമുള്ള നടപടികളിലൂടെ അവരുടെ പ്രതീക്ഷകൾ നിറവേറ്റി സർക്കാർ മികവ് തെളിയിക്കെട്ട.

Tags:    
News Summary - strict action against correption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.