ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയും ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ ബിഹാറുകാരൻ ശർജീൽ ഇമാം ജയിലിലടക്കപ്പെട്ടിട്ട് അഞ്ചുവർഷം പിന്നിട്ടിരിക്കുന്നു. 2020ലെ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധങ്ങളിലെ സജീവ പങ്കാളിത്തമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇന്ത്യൻ ഭരണകൂടത്തിന്‍റെയും സംസ്ഥാന സർക്കാറുകളുടെയും നിലപാടിന്‍റെയും ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ നിസ്സഹായതയുടെയും പ്രതീകമാണ് ഇമാമിന്‍റെ അറസ്റ്റും ജയിൽവാസവും. പ്രധാനമായും 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട പ്രസംഗങ്ങളാണ് ഈ യുവാവിനെതിരെ ആരോപിക്കപ്പെട്ടത്. ഡൽഹിക്ക് പുറമെ അസം, ഉത്തർപ്രദേശ്, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇദ്ദേഹത്തിനെതിരെ കേസുകളുണ്ട്. ഒരു ഭരണകൂടം ഒരാളെ ജയിലിന് പുറത്ത് കടക്കാൻ അനുവദിക്കരുതെന്ന് തീരുമാനിച്ചാൽ പിന്നെ അത് മറികടക്കുക അതീവ ദുഷ്കരമാണ് എന്നതാണ് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ വർത്തമാനമുഖം. തടവിൽ നാലുവർഷം പിന്നിട്ടപ്പോൾ-അഥവാ ആരോപിക്കപ്പെട്ട കുറ്റത്തിന്‍റെ പരമാവധി ശിക്ഷയായ ഏഴുവർഷത്തെ തടവിന്‍റെ പകുതിയിലധികം അനുഭവിച്ച ഒരാൾക്ക് സ്റ്റാറ്റ്യൂട്ടറി ജാമ്യം നൽകാമെന്ന തത്ത്വം പരിഗണിച്ച് ശർജീലിന് 2024 മേയ് 29ന് ജാമ്യം അനുവദിച്ചിരുന്നു. എങ്കിലെന്ത്, ഡൽഹിയിൽതന്നെ ഫയൽ ചെയ്യപ്പെട്ട മറ്റു കേസുകളിൽ അറസ്റ്റ് നിലനിൽക്കുന്നതിനാൽ ജയിലിനുള്ളിൽ തുടരാനാണ് വിധി.
ഭരണകൂടങ്ങൾക്കും ഹിന്ദുത്വ രാഷ്ട്രീയ സ്ഥാപനങ്ങൾക്കുമെതിരെ സംസാരിക്കുന്നവർക്കുള്ള ഇടം ജയിലാണെന്ന മുന്നറിയിപ്പ് നൽകാനാണ് ഹിന്ദുത്വയുടെ രാഷ്ട്രീയ സംവിധാനം എല്ലായിടത്തും ജാഗ്രതയോടെ നടപടികളെടുക്കുന്നത്. അതിൽ ഒരുവശത്ത് കേന്ദ്ര ഭരണകൂടമാണെങ്കിൽ, മറുവശത്ത് ചെറുപതിപ്പുകളായ സംസ്ഥാന സർക്കാറുകളാണ്. ഡൽഹി ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ ഇതുവരെ ശർജീലിനെ ചാർജ് ചെയ്ത കുറ്റങ്ങളിൽ അറസ്റ്റ് ചെയ്തു കഴിഞ്ഞിട്ടില്ല. മിക്കപ്പോഴും രാഷ്ട്രീയകാരണങ്ങളാൽ അറസ്റ്റ് ചെയ്യുന്നവർക്ക് അറസ്റ്റും കേസും തന്നെ ശിക്ഷയായി മാറുന്ന ഇന്ത്യൻ വ്യവസ്ഥ ഇവിടെയും നടപ്പിലാകുന്നുവെന്നു മാത്രം. മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് കേസിലെ ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളുമായ വരവര റാവു, ഗൗതം നവ്‌ലാഖ, റോണാ വിൽസൺ, പ്രഫ. ഹാനി ബാബു, അന്തരിച്ച സ്റ്റാൻ സ്വാമി തുടങ്ങിയവരുടെ കാര്യത്തിലെന്നപോലെ വിമർശകരെ നിശ്ശബ്ദരാക്കുക എന്നത് തന്നെയാണ് സർക്കാർ ലക്ഷ്യം.
ചെറുപ്പം മുതലേ അസാധാരണ പ്രതിഭയുടെ ലക്ഷണങ്ങൾ കാണിച്ച ശർജീൽ ബോംബെ ഐ.ഐ.ടിയിലെ ബി.ടെക്കിനുശേഷം ഉയർന്ന ശമ്പളമുള്ള ജോലികൾ ലഭിച്ചെങ്കിലും അവയിലൊന്നും ആകൃഷ്ടനാകാതെ ഇന്ത്യയിൽതന്നെ ജോലി സ്വീകരിക്കുകയും തുടർന്ന് എൻജിനീയറിങ് ഉപേക്ഷിച്ച് ജെ.എൻ.യുവിൽ മാനവിക വിഷയത്തിൽ ഗവേഷണപഠനത്തിന് ചേരുകയും ചെയ്തു. അതിനിടയിലാണ് പൊതുജന പ്രക്ഷോഭമായി മാറിയ പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിന്‍റെയും അതിനായുള്ള ശാഹീൻ ബാഗ് ഇരിപ്പു സമരത്തിന്‍റെയും മുൻനിരയിൽ എത്തുന്നത്. യു.എ.പി.എക്ക് പുറമെ ജനങ്ങളെ ഇളക്കി വിടുന്ന വിധത്തിൽ പ്രസംഗിച്ചു, രാജ്യദ്രോഹം തുടങ്ങി ഗുരുതരവകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രസംഗം പരിശോധിച്ച നിഷ്പക്ഷരാരും അത്തരം നടപടികൾക്ക് അർഹമായ കുറ്റങ്ങളായി അതിനെയൊന്നും ഗണിക്കുന്നില്ല. മിക്ക പൗരാവകാശവേദികളും ജനാധിപത്യവക്താക്കളും ശക്തമായി അറസ്റ്റിനെതിരെ രംഗത്തുവന്നതും അതുകൊണ്ടാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനായ ആംനസ്റ്റി ഇന്‍റർനാഷണൽമുതൽ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു വരെയും ജെ.എൻ.യു, ഡൽഹി, അലീഗഢ്, ജാമിഅ മില്ലിയ്യ സർവകലാശാലകളിലെയും വിവിധ ഐ.ഐ.ടികളിലെയും അധ്യാപക-വിദ്യാർഥി, പൂർവ വിദ്യാർഥി വേദികളടക്കം പ്രക്ഷോഭത്തിനിറങ്ങി.
ഡൽഹിയിലെ ശാഹീൻബാഗ് സമരം സമാധാനപരമായി നടന്ന പ്രതിഷേധമായിരുന്നു. സമരം മൂലമുണ്ടായ ഗതാഗത തടസ്സം സംബന്ധിച്ച് ഹരജികൾ വന്നപ്പോൾ അനുഭാവപൂർവമായ സമീപനമാണ് പരമോന്നത കോടതിപോലും സ്വീകരിച്ചത്. അഭിപ്രായ-പ്രതിഷേധ പ്രകടനങ്ങൾക്കുള്ള സ്വാതന്ത്ര്യം ഹനിക്കാതെയും ദൈനംദിന ജീവിതവും സഞ്ചാര സ്വാതന്ത്ര്യവും തടയപ്പെടാതെയും നോക്കാൻ കോടതി സമിതിയെ നിയമിച്ചു, അവിടെ തടിച്ചുകൂടിയ സ്ത്രീകളോട് സംസാരിച്ചു പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ, അതിനിടയിൽ കോവിഡ് നിയന്ത്രണങ്ങൾ ബലത്തിൽ വരികയും സമരപ്പന്തൽ പൊളിച്ചുനീക്കുകയും ചെയ്തു. സമാന്തരമായി പ്രതിഷേധക്കാർക്കുനേരെ ബി.ജെ.പി പിന്തുണയിൽ വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്തു. അതിനിടെ, പ്രതിഷേധിക്കുന്നവരെ കേസിൽ കുടുക്കി നിശ്ശബ്ദരാക്കാനാണ് സർക്കാർ ശ്രമിച്ചത്. കലാപം ഉണ്ടാക്കിയത് ഒരുവിഭാഗവും കേസിലെ കുറ്റാരോപിതർ നിരപരാധികളായ മറുപക്ഷവും എന്നതാണ് പിന്നീട് കണ്ടത്. ഇന്നും അത്തരത്തിലുള്ള കലാപകേസുകൾ തുടരുന്നു. ഡൽഹി ഹൈകോടതി നൽകിയ ജാമ്യത്തിന്‍റെ ഗുണഫലം അനുഭവിക്കാനാവാതെ ശർജീൽ ഇമാം ഇന്നും അഴികൾക്കുള്ളിൽ പുസ്തകങ്ങൾ വായിച്ച് കഴിയുന്നു. ആ തടവ് അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരജനങ്ങൾക്ക് കാവലും കരുതലും നൽകേണ്ട ഭരണകൂടത്തിനും ഇതെല്ലാം വീഴ്ചപറ്റാതെ നിലനിൽക്കുന്നു എന്നു ഉറപ്പുവരുത്തേണ്ട നിയമപീഠത്തിനും നേരെ ചോദ്യങ്ങളുയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.