രാഹുൽവേട്ടയിൽ അവസാനിക്കുന്നില്ല

വിമർശനങ്ങളുടെയും വിമതസ്വരങ്ങളുടെയും ഇലയനക്കത്തോടുപോലും അസഹിഷ്ണുത പുലർത്തുന്നവരാണ് കഴിഞ്ഞ ഒമ്പതു വർഷത്തോളമായി നമ്മുടെ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് പലകുറി തെളിയിക്കപ്പെട്ട വസ്തുതയും അനുഭവവുമാണ്. തുടക്കത്തിൽ, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർത്ത അക്കാദമിക പണ്ഡിതരെയും വിദ്യാർഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമെല്ലാം അർബൻ നക്സലുകളെന്നും രാജ്യദ്രോഹികളെന്നും ചാപ്പയടിച്ച് തുറുങ്കിലടക്കുകയായിരുന്നു. അതിപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർബാധം തുടരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പോസ്റ്റർ പതിച്ചവരെ കസ്റ്റഡിയിലെടുത്തത് കഴിഞ്ഞദിവസമാണ്. അതിന് തൊട്ടുതലേന്നാൾ, ഹിന്ദുത്വക്കെതിരെ ട്വിറ്ററിൽ പോസ്റ്റിട്ടതിന്‍റെ പേരിൽ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതൻ കുമാറും അറസ്റ്റിലായി. ‘നുണകളുടെ മുകളിലാണ് ഹിന്ദുത്വ കെട്ടിയുയർത്തിയത്’ എന്ന അദ്ദേഹത്തിന്റെ ട്വീറ്റാണ് സംഘ്പരിവാർ കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. അദ്ദേഹമിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

രാജ്യത്ത് ഒരുതരത്തിലുള്ള വിമതശബ്ദവും അനുവദിക്കില്ലെന്ന ഫാഷിസ്റ്റ് സമീപനം അടുത്തകാലത്തായി മുഖ്യധാരാ രാഷ്ട്രീയകേന്ദ്രങ്ങളോടും പ്രത്യക്ഷത്തിൽതന്നെ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. കേന്ദ്രത്തിന്റെ അന്വേഷണ ഏജൻസികളെയും മറ്റും ഉപയോഗപ്പെടുത്തി ‘പ്രതിപക്ഷ പാർട്ടി’കളോടുള്ള മർദനമുറക്ക് പുതിയ രൂപവും ഭാവവും കൈവന്നിരിക്കുകയാണെന്നും പറയാം. ഏതാനും ദിവസങ്ങൾക്കുമുമ്പ്, ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ അനിഷേധ്യ നേതാവുമായ മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത് അത്ര നിഷ്കളങ്കമല്ലെന്ന് എല്ലാവർക്കുമറിയാം. പട്ടിക തയാറാക്കി കേന്ദ്രം പ്രതിപക്ഷനേതാക്കളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ഏജൻസികൾ സിസോദിയക്കെതിരെ തിരിഞ്ഞപ്പോഴേ, ‘ആപ്’ നേതാവ് അരവിന്ദ് കെജ്രിവാൾ പ്രസ്താവിച്ചിരുന്നു. ഈ പട്ടികയിൽ ഒന്നാമൻ തീർച്ചയായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിതന്നെയാണ്. ഇത്രമേൽ, കേന്ദ്രഭരണകൂടത്തെയും സംഘ്പരിവാറിനെയും ഇക്കാലത്ത് വിമർശിച്ച മറ്റൊരു മുഖ്യധാരാ പാർട്ടി നേതാവില്ല. ഭാരത് ജോഡോ യാത്രക്കുശേഷം, അദ്ദേഹത്തിനുനേരെ സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്നുണ്ടായ വിദ്വേഷവാക്കുകൾ ഈ നിഗമനത്തെ സാധൂകരിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ, വർഷങ്ങൾക്കുമുമ്പ് കാവിപ്പടയൊരുക്കിയ കെണിയിലകപ്പെട്ട് അദ്ദേഹത്തിനിപ്പോൾ ലോക്സഭാംഗത്വം വരെ നഷ്ടമായിരിക്കുന്നു.

2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് കഴിഞ്ഞദിവസം രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചതാണ് അദ്ദേഹം അയോഗ്യനാക്കപ്പെടുന്നതിന് കാരണമായത്. പ്രസംഗത്തിൽ ‘എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എന്തുകൊണ്ട് വന്നു?’ എന്ന പരാമർശത്തിനെതിരെ ഗുജറാത്തിലെ മുൻമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ പൂർണേഷ് മോദി യാണ് കേസ് കൊടുത്തത്. പരാമർശത്തിൽ മാപ്പുപറയാൻ തയാറാകാതിരുന്ന രാഹുലിന് പരമാവധി ശിക്ഷതന്നെ കോടതി നൽകി. വിധി വന്ന് 24 മണിക്കൂർ തികയുംമുമ്പേ, ലോക്സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

കേവലം സ്വാഭാവിക നടപടിക്രമമായി ഇതു കാണാനാവില്ല; അതിൽ കൃത്യമായി രാഷ്ട്രീയമുണ്ടെന്നുതന്നെ കരുതണം. വാസ്തവത്തിൽ, രാഹുലിനെ പാർലമെന്റിൽനിന്ന് പുറത്താക്കാൻ നേരത്തേതന്നെ ഭരണപക്ഷം ശ്രമം തുടങ്ങിയിരുന്നു. നടപ്പു സഭാസമ്മേളനം പലതവണ അതിനു സാക്ഷിയായി. ആഴ്ചകൾക്കുമുമ്പ്, ഇന്ത്യൻ ജനാധിപത്യത്തെയും പാർലമെന്റിനെയുംകുറിച്ച് രാഹുൽ ലണ്ടനിൽ നടത്തിയ പ്രഭാഷണം രാജ്യത്തെ അപമാനിക്കുംവിധമായിരുന്നുവെന്ന് ആരോപിച്ച് ഭരണപക്ഷം രാഹുലിനെതിരെ തിരിഞ്ഞിരുന്നു. വിഷയത്തിൽ, തന്റെ ഭാഗം വിശദീകരിക്കാൻ പോലും രാഹുലിനെ അവർ സമ്മതിച്ചില്ല. എന്നല്ല, ഇതിന്റെ പേരിൽ അദ്ദേഹത്തെ സഭയിൽനിന്ന് പുറത്താക്കാനുള്ള നീക്കവും നടത്തി. രാഹുൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധനീക്കങ്ങൾ പലകുറി വാഗ്വാദത്തിൽ കലാശിച്ചു. അതിനുശേഷം, രാഹുലിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കാനുള്ള നടപടിക്രമത്തിന് തുടക്കമിടാൻ പ്രത്യേക പാർലമെന്ററി സമിതി രൂപവത്കരിക്കണമെന്ന് ബി.ജെ.പി നേതാക്കൾ സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകുകയും ചെയ്തു. ഈ കത്ത് പരിഗണനയിലിരിക്കെയാണ്, സൂറത്ത് കോടതിയുടെ വിധി വന്നതും തൊട്ടടുത്ത ദിവസം രാഹുൽ അയോഗ്യനാക്കപ്പെടുന്നതും.

രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയനേതാവിന്റെ ശബ്ദവും സാന്നിധ്യവും ഒഴിവാക്കാൻ ഭരണകൂടം പാർലമെന്റിനകത്തും പുറത്തും നടത്തിയ കുത്സിത നീക്കങ്ങളുടെ ഫലമാണിതൊക്കെയെന്ന് തിരിച്ചറിയാവുന്നതേയുള്ളൂ. ഇതുകൊണ്ട് അവർക്ക് രാഹുലിനെ ഒഴിവാക്കാനായി എന്നു മാത്രമല്ല, അദാനി വിഷയത്തിലും സാമ്പത്തിക തകർച്ചയിലും ന്യൂനപക്ഷവേട്ടയിലുമെല്ലാം അമ്പേ പ്രതിരോധത്തിലായിരുന്ന ഭരണപക്ഷത്തിന് സഭ സമ്മേളിക്കുമ്പോൾ അതിനെയെല്ലാം മറച്ചുപിടിക്കുംവിധം മറ്റൊരു അജണ്ടയിലേക്കു കടക്കാനും സാധിച്ചു. പ്രതിപക്ഷമില്ലാത്ത ഒരു പാർലമെന്റ് സ്വപ്നംകാണുന്ന വിഭാഗത്തിൽനിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കുന്നതിലും അർഥമില്ല. അവർ പ്രതിപക്ഷത്തെ ഭയപ്പെടുന്നുണ്ട് എന്നുകൂടി ഇതിൽനിന്ന് വ്യക്തം. ഒരർഥത്തിൽ, അടുത്ത തെരഞ്ഞെടുപ്പിനുള്ള സംഘ്പരിവാറിന്‍റെ ഒരുക്കമായിട്ടാണ് ഈ ‘ജനാധിപത്യവേട്ട’യെ വിലയിരുത്തേണ്ടത്. അക്കാര്യം പ്രതിപക്ഷം വേണ്ടതുപോലെ തിരിച്ചറിയുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Tags:    
News Summary - Madhyamam editorial on rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.